എൻ്റെ ആത്മാവ് അങ്ങേയ്ക്കായി വിശക്കട്ടെ.
വിശുദ്ധ കുർബാനയുടെ ഭക്തനായിരുന്ന വിശുദ്ധ ബൊനവെന്തൂരാ അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ഈശോ വിശുദ്ധ കുർബാനയിൽ സന്നിഹിതനാണന്നു ഉറച്ചു വിശ്വസിച്ചിരുന്നു.
ഈശോയോട് തനിക്കുണ്ടായിരുന്ന തീക്ഷ്ണമായ സ്നേഹം പ്രകടിപ്പിക്കുന്ന “മാലാഖമാരുടെ അപ്പം” എന്ന മനോഹരമായ ഒരു പ്രാർത്ഥന കാവ്യാത്മകമായി അദ്ദേഹം രചിച്ചു. ഈശോയോട് ഒരു ആരാധകൻ നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പ്രാർത്ഥനയുടെ ഘടന.
ഓ, ഏറ്റവും മധുരമുള്ള കർത്താവായ ഈശോമിശിഹായെ, എൻ്റെ അന്തരാത്മാവിൽ നിൻ്റെ സ്നേഹത്തിന്റെ ഏറ്റവും സന്തോഷകരവും ആരോഗ്യകരവുമായ മുറിവുകൾ തുളച്ചുകയറട്ടെ. യഥാർത്ഥവും ശാന്തവും ഏറ്റവും വിശുദ്ധവുമായ ഉപവിയോടെ എന്റെ ഉള്ളിലെ ആത്മാവ് അങ്ങയോടുള്ള സ്നേഹത്താലും എപ്പോഴും തളരട്ടെ. അത് നിനക്കായി കൊതിക്കുകയും നിന്നോടുകൂടെ ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യട്ടെ.
മാലാഖമാരുടെ അപ്പവും, വിശുദ്ധാത്മാക്കളുടെ നവോന്മേഷവും ഞങ്ങൾക്കു അനുദിനമുള്ളതും അതിപ്രധാനവുമായ അപ്പമേ, എല്ലാ മാധുര്യവും സ്വാദും, രുചിയുടെ എല്ലാ ആനന്ദവും ഉള്ളവനായ അങ്ങേയ്ക്കായി എന്റെ ആത്മാവ് വിശക്കട്ടെ.
മാലാഖമാർ നോക്കാൻ ആഗ്രഹിക്കുന്ന അങ്ങയെ സ്വീകരിച്ച് എന്റെ ഹൃദയം എന്നും വിശപ്പടക്കട്ടെ, എന്റെ ഉള്ളം നിന്റെ ഹൃദതയുടെ മാധുര്യത്താൽ നിറയട്ടെ.
ജീവന്റെ ഉറവയും, ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവയും, നിത്യ പ്രകാശത്തിന്റെ നീരുറവയും, ആനന്ദത്തിന്റെ പ്രവാഹവും ദൈവഭവനത്തിന്റെ സമ്പന്നതയുമായ നിനക്കായി ഞാൻ എന്നും ദാഹിക്കട്ടെ.
എൻ്റെ ആത്മാവ് എപ്പോഴും നിന്നെ വലയം ചെയ്യട്ടെ, നിന്നെ അന്വേഷിക്കട്ടെ, നിന്നെ കണ്ടെത്തട്ടെ, നിന്റെ അടുക്കൽ ഓടിയെത്തട്ടെ, നിന്നെ പ്രാപിക്കട്ടെ, നിന്നെ ധ്യാനിക്കട്ടെ, നിന്നോട് സംസാരിക്കട്ടെ, എല്ലാ കാര്യങ്ങളും അങ്ങയുടെ വിശുദ്ധനാമത്തിന്റെ മഹത്വത്തിനും വിനയത്തോടെയും വിവേചനബോധത്തോടെയും സ്നേഹത്തോടെയും സന്തോഷത്തോടെയും സന്നദ്ധതയോടെയും വാത്സല്യത്തോടെയും അവസാനം വരെ സ്ഥിരോത്സാഹത്തോടെയും ചെയ്യട്ടെ.
എന്റെ പ്രത്യാശയും എന്റെ ആത്മവിശ്വാസവും, എന്റെ സമ്പത്തും, എന്റെ ആനന്ദവും, എന്റെ സന്തോഷവും, നീ മാത്രമായിരിക്കുക. എന്റെ വിശ്രമവും സമാധാനവും; എന്റെ മാധുര്യവും എന്റെ സൌരഭ്യവും; എന്റെ ഭക്ഷണവും ഉന്മേഷവും; എന്റെ സങ്കേതവും എന്റെ സഹായവും; എന്റെ ജ്ഞാനവും എന്റെ ഓഹരിയും, എന്റെ സ്വത്തും എന്റെ ഐശ്വരവും ഞാൻ ആരിലാണോ എന്റെ മനസ്സും എന്റെ ഹൃദയവും അചഞ്ചലമായി ഉറപ്പിച്ചിരിക്കുന്നത് അവനിൽ ആയിരിക്കട്ടെ. ആമ്മേൻ
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment