‘ജീവിതാന്ത്യത്തിൽ മനുഷ്യന്റെ യഥാർത്ഥസ്വഭാവം വെളിപ്പെടും. മരിക്കും മുൻപ് ആരെയും ഭാഗ്യവാനെന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക’ ( പ്രഭാ.11:27-28)
ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹി ആരാണെന്ന് പൂർണ്ണമായി അറിയാൻ ബാക്കിയുണ്ടായിരുന്നവർ കൂടി മരണത്തിലൂടെ അദ്ദേഹത്തെ ശരിക്കും അറിഞ്ഞു. ഇത്രയേറെ ജനലക്ഷങ്ങളുടെ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ട് അവസാനയാത്രയിലായിരിക്കുന്ന, ആ നല്ല മനുഷ്യൻ മരിക്കാതെ ജനഹൃദയങ്ങളുടെ ഔന്നത്യത്തിൽ എന്നും ഉണ്ടാകും. ആ നന്മകൾ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ, വീഡിയോകൾ കാണുമ്പോൾ നിറയുന്ന കണ്ണുകൾ അതിന് തെളിവാണ്.
KSRTC ജീവനക്കാർക്ക് ശമ്പളം മുടങ്ങാത്ത കേരളത്തിന്റെ ഖജനാവ് കാലിയാവാത്ത , ഓവർഡ്രാഫ്റ്റ് ആവാത്ത, തേടിവരുന്നവരെയൊക്കെ കൈവിടാതെ ചേർത്തുപിടിച്ച് ജനസേവനത്തിനായി ഓടിനടന്ന, ആ നല്ല നാളുകൾ ഓർമ്മകളിൽ ബാക്കി.
ഒരു ഭരണാധിപൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചുകൊടുത്ത്, പ്രതിയോഗികളായിരുന്നവരുടെ പോലും ആദരവേറ്റുവാങ്ങി യാത്രയാകുമ്പോൾ എത്രയെത്ര ബൈബിൾ വാക്യങ്ങളാണ് അന്വർത്ഥമാക്കിയത്. ‘ഈ ചെറിയവർക്ക് ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തു തന്നത് ‘എന്ന് പറയുന്ന ഈശോനാഥൻ കണ്മുൻപിൽ എപ്പോഴും ഉണ്ടായിരുന്നിരിക്കണം. ‘ആവശ്യക്കാരെ കാത്തിരുത്തി വിഷമിപ്പിക്കരുത്’ എന്ന ആർജ്ജവത്തിൽ, ഉടനടിയുള്ള പരിഹാരങ്ങൾ.
എന്തുമാത്രം നന്മകളാണ് ഈ ഭൂമിയിൽ നിന്ന് യാത്രയാകുമ്പോൾ കൂടെ പോയിട്ടുണ്ടാവുക ! പതിനായിരങ്ങൾക്ക് സാന്ത്വനമായ, കുട്ടികൾ പോലും അഭിമാനത്തോടെ അനുകരിച്ചിരുന്ന ആ ശബ്ദം ഭൂമിയിൽ നിലച്ചപ്പോൾ, എണ്ണമറ്റ ആളുകളുടെ ആവലാതികൾക്ക് പരിഹാരം കണ്ട്, തോളിൽ മുറുക്കിപ്പിടിച്ച ആ കൈകൾ നിശ്ചലമായപ്പോൾ…നല്ല ഓട്ടം ഓടിയെന്ന് പറഞ്ഞ് തോളിൽ തട്ടി, നാഥൻ പ്രതിസമ്മാനം നൽകിയെന്ന് വിചാരിക്കട്ടെ.
കുഞ്ഞൂഞ്ഞെന്ന, ഓസിയെന്ന ഉമ്മൻ ചാണ്ടി സർന് സ്നേഹത്തോടെ, ആദരവോടെ വിട… ഒരായിരം നന്ദി… ചെയ്ത നന്മകൾക്ക് ![]()
ജിൽസ ജോയ് ![]()



Leave a comment