എന്തൊക്കെ സത്യങ്ങൾ പറയാതെയുള്ള വാർത്തകളുടെ ബാക്കി ഭാഗം ആണ് നമ്മൾ അറിയുന്നത്?
മണിപ്പൂരിൽ നിന്ന് ഈയിടെ പുറത്തുവന്ന ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ചതായി ഇന്ന് വാർത്തകൾ വന്നിരുന്നു. ഇരയായ സ്ത്രീകൾ അടങ്ങുന്ന, ഇത്രയും കാലം മെയ്തെയ് ഹിന്ദുത്വ സമൂഹത്തിന്റെ ക്രൂരതകൾ സഹിച്ച, ഭൂരിഭാഗം പേരും ക്രിസ്ത്യൻസ് ആയ കുക്കി സമുദായത്തിന്റെ പ്രതിഷേധവും പ്രതികാരവും ആയാണ് ഞാൻ അതിനെപ്പറ്റി കണ്ട വാർത്തകൾ തോന്നിപ്പിച്ചതും പറഞ്ഞതും. സത്യാവസ്ഥ എന്തെന്നാൽ അറസ്റ്റിലായ പ്രതി ഹുറേം ഹെറോദാസ് സിംഗിന്റെ വീട് കത്തിച്ചത് അവന്റെ തന്നെ മെയ്തേയ് സമുദായത്തിലെ സ്ത്രീകളാണ്. അവരുടെ സമുദായത്തിലെ സ്ത്രീകൾ അവൻ ചെയ്ത പ്രവൃത്തിയെ പിന്തുണക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട്, സ്ത്രീകളുടെ സംഘമാണ് അത് ചെയ്തത്.
അധികം പേരും വിചാരിച്ച പോലെ കുക്കി സമുദായത്തിന്റെ പ്രതികാരം ആയിരുന്നില്ല അത്. സ്വന്തം വീട്ടുകാരെയും കൂട്ടുകാരെയും കൊല്ലുന്നത് കണ്ടുനിൽക്കേണ്ടി വന്ന, ഇതുവരെ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട, ക്രൂരതകളുടെ ബാക്കി പത്രം ശരീരത്തിൽ പേറുന്ന അവരിൽ ഏറെപേരും മനസ്സ് തകർന്നടിഞ്ഞ അവസ്ഥയിലാണ്. ഉള്ളിലെ സങ്കടം പേറി ഒന്ന് പള്ളിയിൽ പോകാൻ, പള്ളിയോ പട്ടക്കാരോ ഇല്ലാത്ത അവസ്ഥ. എന്നാണ് ഇനി അവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മാറാൻ കഴിയുക? അവരുടെ മക്കളുടെ തുടർവിദ്യാഭ്യാസത്തിന്റെ കാര്യം നിക്കട്ടെ, സ്ഥിതിഗതികൾ ശാന്തമായി എന്ന് എന്നാണ് ആശ്വസിക്കാൻ പറ്റുക. ഗോത്രവിഭാഗം എന്ന് കേൾക്കുമ്പോൾ പലരും വിചാരിക്കുന്ന പോലെ അവരൊക്കെ വിദ്യാഭ്യാസമില്ലാത്ത, ദരിദ്രമനുഷ്യർ അല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരുന്ന, നല്ല ജോലികൾ ഉണ്ടായിരുന്ന, നല്ല നിലയിൽ ജീവിച്ചിരുന്ന മനുഷ്യർ ആണ് കൂടുതലും. എന്നാണ് ഇനി അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകുക.
80 ദിവസത്തിൽ അധികം നീണ്ട കലാപത്തെ അടിച്ചമർത്താനുള്ള യാതൊരു നടപടിയും സർക്കാർ എടുക്കുന്നത് കാണാതെ, തലപ്പത്തുള്ളവരുടെ മൌനത്തിൽ ചങ്കുപൊട്ടി കരയുന്ന വീഡിയോകൾ ആണ് അവിടെ നിന്ന് വന്നിരുന്നത്. ആ കണ്ണീർതുള്ളികൾ ഓരോന്നും പൊള്ളിക്കും, ചെയ്യേണ്ട ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി നടന്നിരുന്നവരെ. നിസ്സംഗരായി ഇരുന്നിരുന്നവരെ. മണിപ്പൂർ കത്തുന്നു എന്ന് കേട്ടിട്ടും ഗോത്രകലാപം എന്ന ഓമനപ്പേരിട്ട് ന്യായീകരിച്ചിരുന്നവരെ. ഒന്നോർത്തോളൂ. ഇതുപോലൊക്കെ നമ്മുടെ നാട്ടിൽ നടന്നാലും ഇന്റർനെറ്റ് വിഛേദിക്കുന്നതിൽ കൂടുതൽ നടപടി ഒന്നും ആരും പ്രതീക്ഷിക്കണ്ട. അതാണല്ലോ മെയിൻ.
ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ് പുറത്തു വന്ന വീഡിയോ. കൂടുതൽ പേരും പറയും പോലെ, ആ വീഡിയോ കണ്ടപ്പോൾ ഇന്ത്യയുടെ മനസാക്ഷി ലജ്ജിക്കുകയല്ല ചെയ്തിട്ടുണ്ടാകുക. ഇനിയെങ്കിലും എന്റെ മക്കൾക്ക് നീതി കിട്ടുമല്ലോ എന്ന ആശ്വാസമായിരിക്കും പ്രിയരേ. ലജ്ജിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരുന്നു. ലജ്ജിക്കാൻ ഇപ്പോൾ മാനമോ കരയാൻ കണ്ണുനീരോ ഇനി ബാക്കിയില്ല…നിർവികാരത മാത്രം… മണിപ്പൂരിലെ ആ പാവങ്ങൾക്കും.
ജിൽസ ജോയ് ![]()



Leave a comment