ദിവ്യകാരുണ്യ വിചാരങ്ങൾ 18

വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം പത്താം തീയതി പൗലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ചു. 1918 സെപ്തംബർ 20 -ാം തീയതി മുപ്പത്തി ഒന്നാമത്തെ വയസ്സിൽ ആദ്യമായി ശരീരത്തു പഞ്ചക്ഷതമുണ്ടായി. സഭാ ചരിത്രത്തിൽ പഞ്ചക്ഷതമുണ്ടാകാൻ ഭാഗ്യം ലഭിച്ച ആദ്യ വൈദീകനാണ് പിയോ അച്ചൻ. സാൻ ജിയോവാനി റോന്റോണ്ടോ ആശ്രമത്തിൽ 51 വർഷം ജീവിച്ച വി. പിയോ ഒരിക്കൽപ്പോലും അവധി എടുത്തട്ടില്ല. ഈശോ മറിയം നാമം ഉച്ചരിച്ചുകൊണ്ടു 1968 സെപ്തംബർ 23-ാം തിയതി 81-മത്തെ വയസ്സിൽ പാദ്രെ പിയോ സ്വർഗ്ഗത്തിലേക്കു യാത്രയായി. 1947 ൽ വൈദീകനായിരിക്കെ പിയോ അച്ചന്റെ അടുക്കൽ കുമ്പസാരിക്കാൻ പോളണ്ടിൽ നിന്നു വന്ന ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 2002 ജൂണ്‍ 16നു പിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ഈശോയോടു കൂടിയാണ് എന്നും ആരംഭിച്ചിരുന്നത്. രാവിലെ 2:30നു ഉണർന്നിരുന്ന ഫാ. പിയോ മണിക്കൂറുകൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് ബലിക്കു തയ്യാറായിരുന്നത്. പ്രഭാത ബലികൾ മണിക്കുറുകളോളം നീണ്ടിരുന്നു. വിശുദ്ധ കുർബാനയുടെ മഹത്വം തിരിച്ചറിഞ്ഞതുമൂലമുള്ള ആത്മ നിർവൃതിയിലും പഞ്ചക്ഷതങ്ങളുടെ തീവ്രമായ സഹനങ്ങളും മൂലമായിരുന്നു വിശുദ്ധ കുർബാന ദീർഘനേരം നീണ്ടു നിന്നിരുന്നത്. .

വിശുദ്ധ കുർബാനയില്ലാതെ ലോകത്തിനു നിലനിൽക്കാനാവില്ല എന്ന വി. പിയോയുടെ പ്രബോധനം ഭുവന പ്രസിദ്ധമാണ്. ലോകം മുഴുവനും അതിന്റെ നിലനിൽപ്പിനായി വിശുദ്ധ കുർബാനയെ ആശ്രയിക്കുന്നു. പരിശുദ്ധ കുർബാനയെക്കുറിച്ചു രണ്ടു കാര്യങ്ങളാണ് പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കാൻ കഴിയുന്നത്.

ഒന്നാമതായി വിശുദ്ധ കുർബാന ബലിയാണ് എന്ന യാഥാർത്ഥ്യം. വിശുദ്ധ കുർബാന നമ്മുടെ കർത്താവിന്റെ കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. ആത്മീയമായി ഓരോ ബലിയും ഈശോയുടെ പീഡാനുഭവം, മരണം ഉത്ഥാനം എന്നി പെസഹാ രഹസ്യങ്ങളിലേക്കു നമ്മളെ പ്രവേശിപ്പിക്കും.

രണ്ടാമതായി, വിശുദ്ധ കുർബാനയെ നമ്മൾ എപ്രകാരം സമീപിക്കണമെന്നു വി. പിയോ പഠിപ്പിക്കുന്നു. എത്രമാത്രം ഭയഭക്തിയോടും സ്നേഹത്തോടും കൂടി കർത്താവിന്റെ ബലിവേദിയെ നാം സമീപിക്കുന്നുവോ അത്രമാത്രം നമ്മൾ അതു വിലമതിക്കും, എത്രമാത്രം വിശുദ്ധ കുർബാനയെ നാം വിലമതിക്കുവോ അത്രമാത്രംമാത്രം വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും.

“നാഥാ എന്നോടൊത്തു വസിച്ചാലും ” എന്ന പ്രാർത്ഥന ദിവ്യകാരുണ്യ സ്വീകരണശേഷം വി. പാദ്രേ പീയോ ദിവസവും ചൊല്ലിയിരുന്നു.

നാഥാ എന്നോടൊത്തു വസിച്ചാലും…

നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.

നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ്

നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ ജീവനാണ് നിന്നെ കൂടാതെ എനിക്കു ഉത്സാഹമില്ല.

നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ പ്രകാശമാണ് ,നീ കൂടെയില്ലങ്കിൽ ഞാൻ അന്ധകാരത്തിലാണ്.

നിന്റെ ഹിതം കാണിച്ചു തരാൻ നാഥാ എന്നോടൊത്തു വസിച്ചാലും

നിന്റെ ശബ്ദം കേൾക്കുവാനും അവ അനുഗമിക്കാനും നാഥാ എന്നോടൊത്തു വസിച്ചാലും

നിന്നെ കൂടുതൽ സ്നേഹിക്കാനും എപ്പോഴും നിന്റെ സൗഹൃദത്തിൽ ആയിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു, നാഥാ എന്നോടൊത്തു വസിച്ചാലും.

ഞാൻ നിന്നോടു വിശ്വസ്തനായിരിക്കാൻ നീ ആഗ്രഹക്കുന്നെങ്കിൽ നാഥാ എന്നോടൊത്തു വസിച്ചാലും.

ദരിദ്രമായ എന്റെ ആത്മാവിൽ നാഥാ എന്നോടൊത്തു വസിച്ചാലും, നിനക്കു വേണ്ടി സ്വാന്തനത്തിന്റെ ഒരു സ്ഥലം, സ്നേഹത്തിന്റെ ഒരു കൂട് എനിക്കു വേണം.

ഈശോയെ എന്നോടൊത്തു വസിച്ചാലും, രാത്രി ആകാറയി, ദിവസം അസ്തമിക്കാറായി ജീവിതം കടന്നു പോകുന്നു, മരണവും വിധിയും നിത്യതയും എന്നെ സമീപിക്കുന്നു. വഴിയിൽ തളരാതിരിക്കാൻ എന്റെ ശക്തി നവീകരിക്കേണ്ട ആവശ്യമുണ്ട്, നാഥാ എനിക്കു നിന്നെ വേണം.

നാഥാ നേരം വൈകി, മരണം എന്നെ സമീപിക്കുന്നു. അന്ധകാരവും പ്രലോഭനങ്ങളും ആത്മ വരൾച്ചയും കുരിശുകളും ദു:ഖങ്ങളും ഞാൻ ഭയപ്പെടുന്നു. ഓ എന്റെ ഈശോയെ എത്രയോ അധികമായി വിപ്രവാസത്തിന്റെ ഈ രാത്രിയിൽ എനിക്കു നിന്നെ വേണം.

ഈശോയെ അപകടങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ എനിക്കു നിന്നെ വേണം . ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ.

അപ്പം മുറിച്ചപ്പോൾ നിന്റെ ശിഷ്യന്മാർ നിന്നെ തിരിച്ചറിഞ്ഞതു പോലെ നിന്നെ അറിയാൻ എന്നെ അനുവദിക്കണമേ, അങ്ങനെ ദിവ്യകാരുണ്യ സ്വീകരണം എന്നിലെ അന്ധകാരം മായ്ച്ചു കളയുന്ന പ്രകാശമായി , എന്നെ നിലനിർത്തുന്ന ശക്തിയായി, എന്റെ ഹൃദയത്തിലെ അതുല്യ ആനന്ദമായി മാറട്ടെ.

നാഥാ എന്നോടൊത്തു വസിച്ചാലും, എന്റെ മരണവിനാഴികയിൽ എനിക്കു നിന്നോടു ഐക്യപ്പെട്ടു നിൽക്കണം, ദിവ്യകാരുണ്യം സ്വീകരിക്കാൻ പറ്റിയില്ലങ്കിൽ കൃപയിലും സ്നേഹത്തിലുമെങ്കിലും എനിക്കു നിന്നോടു ചേർന്നു നിൽക്കണം.

ഈശോയെ എന്നോടൊത്തു വസിക്കണമേ. ദൈവീകമായ സ്വാന്തനത്തിനു ഞാൻ യാചിക്കുന്നില്ല, കാരണം അതിനു ഞാൻ അർഹനല്ല. പക്ഷേ നിന്റെ സാന്നിധ്യത്തിന്റെ സമ്മാനത്തിനായി ഞാൻ അപേക്ഷിക്കുന്നു.

നാഥാ എന്നോടൊത്തു വസിക്കണമേ, നിന്നെ , നിന്റെ സ്നേഹം, നിന്റെ കൃപ, നിന്റെ ഹിതം , നിന്റെ ഹൃദയം, നിന്റെ ആത്മാവ് ഞാൻ തേടുന്നത്. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കനല്ലാതെ മറ്റാരു പ്രതിഫലവും ഞാൻ യാചിക്കുന്നില്ല.

ഭൂമിയിൽ ആയിരിക്കുമ്പോൾ അടിയുറച്ച സ്നേഹത്തോടെ, എന്റെ പൂർണ്ണ ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കും; നിത്യതയിൽ പൂർണ്ണണമായി നിന്നെ ഞാൻ സ്നേഹിക്കുന്നതു തുടരും. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment