👣👣👣 യാത്ര 👣👣👣
“ഇതൊരു ആരംഭം മാത്രം… എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള ഒരു യാത്ര…” 🪄🪄🪄
ക്രിസ്തു എന്ന മഹാസാഗരത്തിൻ മുൻപിൽ ഞാൻ എന്ന ചെറു മണൽതരി അവന്റെ കണ്ണുകളിൽ നോക്കി നിന്നു… നിറഞ്ഞ സ്നേഹത്തോടെ അവനെന്നെ നോക്കി പുഞ്ചിരിച്ചു. പിന്നീട് സ്നേഹപൂർവ്വം ആ മുറിവേറ്റ കൈകളിലേക്ക് എന്നെ സംവഹിച്ചു… അതൊരു യാത്രയായിരുന്നു എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള യാത്ര… എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപരിയായി അവന്റെ സ്വപ്നങ്ങളിലേക്കും അവന്റെ ആഗ്രഹങ്ങളിലേക്കും ഒരു യാത്ര.
ക്രിസ്തു സാനിധ്യത്തിൽ ആയിരിക്കുക എന്നാൽ ക്രിസ്തുവിൽ ആയിരിക്കുക എന്ന് തന്നെ ആണ്. രാജാക്കന്മാരുടെ പുസ്തകത്തിൽ ഏലിയ പ്രവാചകൻ പറയുന്നത് പോലെ ” ദൈവമായ കർത്താവിനെ പ്രതിയുള്ള തീഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്” (1kings 19.10). ക്രിസ്തു നിറഞ്ഞവനും ക്രിസ്തുവിൽ നിറഞ്ഞവനും പിന്നീട് വെറുതെ ഇരിക്കാൻ കഴിഞ്ഞില്ല… എന്നാൽ ലോകം അവരെ ഭോഷൻമാർ എന്നും ഭ്രാന്തൻമാർ എന്നുമെല്ലാം മുദ്ര കുത്തി… പക്ഷെ ക്രിസ്തു സ്നേഹം അവരെ ഒന്നിലും നിരാശരാക്കിയില്ല. ഞാൻ ദൈവത്തെ സ്നേഹിച്ചോ എന്നല്ല ഞാൻ മറന്നപ്പോളും എന്നെ സ്നേഹിക്കുന്നതിൽ ദൈവം മറന്നിട്ടില്ല എന്നതാണ് ദൈവ സ്നേഹം.
ഒരിക്കൽ എങ്കിലും ക്രിസ്തുവിനെ അറിഞ്ഞവർക്ക് മാത്രമേ അവനെ അപരന് പകർന്നുകൊടുക്കാൻ കഴിയുകയുള്ളു. കാരണം അറിവും അനുഭവവും ഒന്നാകുമ്പോൾ അത് സാക്ഷ്യമായി മാറുന്നു. ഇതിന്റെ പുനരവതരണമാണ് ഓരോ വിശുദ്ധ കുർബാനയും… അറിവിൽ നിന്നും അനുഭവത്തിലേക്കുള്ള യാത്ര… എന്നിലെ കുറവുകളെ നിറവുകൾ ആക്കാൻ… എന്നിലെ മുറിവുകളെ തിരു മുറിവുകൾ ആക്കാൻ… എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള യാത്ര…
ക്രിസ്തു, അവൻ എന്നെ വീണ്ടും അത്ഭുതപെടുത്തി… ദൈവമായിരുന്നിട്ടും കാലിത്തൊഴുത്തിലെ ദാരിദ്ര്യത്തിൽ ജനനം… തച്ചന്റെ മകനായി വളർന്നു… ‘ഇപ്പോഴെല്ലാം സമ്മതിക്കുക; അങ്ങനെ സർവ്വ നീതിയും പൂർത്തിയാക്കുക’ എന്ന് പറഞ്ഞുകൊണ്ട് സ്നാപകനിൽ നിന്നും സ്നാനം ഏൽക്കുക…. പാദത്തോളം താഴ്ന്ന് എളിമയുടെ മാതൃക നൽകി… എന്നും കൂടെ ആയിരിക്കാൻ സ്വയം ഒരു ഗോതമ്പപ്പത്തോളം ചെറുതായി…
ഒടുവിൽ കാൽവരിയുടെ നെറുകയിൽ മൂന്നാണികളിൽ എല്ലാം പൂർത്തിയാക്കിയവൻ… എങ്കിലും മരണത്തിനു തോറ്റു കൊടുക്കാതെ മൂന്നാംനാൾ അവൻ ഉയിർത്തു. ആ ക്രിസ്തു എന്നെ ഈ ചിന്തകൾക്കിടയിലും എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു… കാരണം എനിക്കുമുൻപേ എന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവൻ അറിഞ്ഞിരുന്നു. എങ്കിലും അവൻ കാത്തിരുന്നു എന്റെ തിരിച്ചു വരവിനായി എന്റെ വരവിൽ അവന്റെ സന്തോഷം ധൂർത്ത പുത്രന്റെ വരവിൽ സന്തോഷിക്കുന്ന പിതാവിനെ പോലെയും, കാണാതായ തന്റെ പ്രിയപ്പെട്ട കുഞ്ഞാടിനെ കണ്ടു കിട്ടിയ ഇടയനെ പോലെയും ആയിരുന്നു…
ഓ, എന്റെ സ്നേഹമേ നിന്നിലേക്ക് വളരാനുള്ള ഈ യാത്രയിൽ ഞാൻ ഇനിയും എത്രമാത്രം ചെറുതാകേണ്ടിയിരിക്കുന്നു. 🪄🪻💐



Leave a comment