നിന്നിൽ നിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും എന്നെ അനുവദിക്കരുതേ.
“എല്ലായിടത്തും തന്നോട് പ്രാർത്ഥിക്കുന്നവരുടെ യാചനകൾ ദൈവം കൃപയോടെ കേൾക്കുന്നു. “ചോദിക്കുക, നിങ്ങൾക്ക് ലഭിക്കും” എന്ന് ഈശോ വാഗ്ദാനം ചെയ്തതട്ടുണ്ടെങ്കിലും ഏറ്റവും പരിശുദ്ധ കൂദാശയിൽ തന്നെ സന്ദർശിക്കുന്നവർക്ക് ഈശോ തൻ്റെ കൃപകൾ കൂടുതൽ സമൃദ്ധമായി വിതരണം ചെയ്യുന്നുവെന്ന് ശിഷ്യൻ നമ്മോടു പറയുന്നു. “
പരിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വാക്കുകളാണിവ.
ഇറ്റലിയിലെ നേപ്പിൾസിലെ ഒരു കുലീന കുടുംബത്തിൽ 1696 സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി ഏഴ് മക്കളിൽ മൂത്തവനായി അൽഫോൻസ് ലിഗോരി ജനിച്ചു. പതിനാറാം വയസ്സിൽ നിയമവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം കേൾവികേട്ട ഒരു വക്കീലായി . വളരെ നാളത്തെ പ്രാർത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം, പിതാവിൻ്റെ ആഗ്രഹത്തിനു വിരുദ്ധമായി തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിക്കുകയും സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. 1726 ഡിസംബർ 21-ാം തീയതി തന്റെ 30മത്തെ വയസ്സിൽ പുരോഹിതനായി അഭിഷിക്തനായി. നേപ്പിൾസിലെ ഭവനരഹിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ യുവാക്കൾക്കൊപ്പമാണ് പൗരോഹിത്യ ജീവിതത്തിൻ്റെ ആദ്യവർഷങ്ങൾ അൽഫോൻസ് ചെലവഴിച്ചത്. യുവജനങ്ങൾക്കായി “സായാഹ്ന ചാപ്പലുകൾ” സ്ഥാപിച്ച അദ്ദേഹം ചെറുപ്പക്കാർക്കൊപ്പം ധാരാള സമയം പ്രാർത്ഥനയിൽ ചെലവഴിച്ചിരുന്നു. അൽഫോൻസ് മരിക്കുമ്പോൾ സജീവമായ ഇത്തരം 72 ചാപ്പലുകളും പതിനായിരക്കണക്കിനു അംഗങ്ങളും ഉണ്ടായിരുന്നു. 1732-ൽ അൽഫോൻസ് ദിവ്യരക്ഷക സഭ (C.S.S.R., റിഡംപ്റ്ററിസ്റ്റു സഭ ) സ്ഥാപിച്ചു. നഗരങ്ങളിലെയും മറ്റ് ദരിദ്ര സ്ഥലങ്ങളിലെയും ചേരികളിൽ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുക എന്നതായിരുന്നു സഭയുടെ പ്രധാന ലക്ഷ്യം. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിച്ചിരുന്ന, അനാവശ്യമായ കുറ്റബോധം വിശ്വാസികളിൽ സൃഷ്ടിച്ചിരുന്ന ആത്മീയതയുടെ വളരെ നിഷേധാത്മകമായ രൂപമായ ജാൻസെനിസത്തിനെതിരായി പോരാടിയ അൽഫോൻസ് പരിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനുമുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രസംഗങ്ങളും പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. 1787 ഓഗസ്റ്റ് ഒന്നാം തീയതി അദ്ദേഹം അന്തരിച്ചു.
അരൂപിക്കടുത്ത വിശുദ്ധ കുർബാന സ്വീകരിക്കാൻ നമ്മെ സഹായിക്കുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഒരു പ്രാർത്ഥന നമുക്കു ഹൃദ്യസ്ഥമാക്കാം.
“എന്റെ ഈശോയെ, അങ്ങ് ഏറ്റവും വാഴ്ത്തപ്പെട്ട ഈ കൂദാശയിൽ യഥാർത്ഥത്തിൽ നീ സന്നിഹിതനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാറ്റിനുമുപരിയായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിൽ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ കൂദാശയായി സ്വീകരിക്കാൻ എനിക്ക് ഇപ്പോൾ സാധിക്കാത്തതിനാൽ ആത്മീയമായെങ്കിലും എന്റെ ഹൃദയത്തിലേക്ക് വരൂ. നി ഇതിനകം ഇവിടെയുണ്ട് എന്ന വിശ്വാസത്തിൽ ഞാൻൻ നിന്നെ ആശ്ലേഷിക്കുന്നു. നിന്നോട് പൂർണ്ണമായും ഒന്നാകാൻ ഞാൻ ആഗ്രഹിക്കുന്നു നിന്നിൽ നിന്ന് വേർപിരിയാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.”
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment