വിശുദ്ധ കുർബാന ആത്മീയ ഉണർവിൻ്റെ താക്കോൽ
“അനേകം വ്യക്തികളെ ബാധിക്കുന്ന സാർവത്രികമായ നിസ്സംഗതയ്ക്ക് ഞാൻ എപ്പോഴും പ്രതിവിധി തേടിയിട്ടുണ്ട് ഉത്തരമായി ഒന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളു. വിശുദ്ധ കുർബാന, വിശുദ്ധ കുർബാനയിൽ ഈശോയോടുള്ള സ്നേഹം. വിശ്വാസം നഷ്ടപ്പെടുന്നത് സ്നേഹ നഷ്ടത്തിൽ നിന്നാണ്. “
ആഗസ്റ്റ് രണ്ടാം തീയതി തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡിൻ്റെ വാക്കുകളാണിവ. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യ ദശകങ്ങളിൽ യുറോപ്പിനെ ആത്മീയമായി ഉണർവുള്ളതാക്കി മാറ്റാൻ ശ്രമിച്ച ഫ്രഞ്ച് വൈദീകനായിരുന്നു പീറ്റർ ജൂലിയൻ എയ്മർഡ് (1811-1868)
വിശുദ്ധ കുർബാനയിൽ മാത്രമേ ക്രിസ്തീയ ജീവിതത്തെ നവീകരിക്കുന്നതിനും അൽമായ വിശ്വാസികളെയും സമർപ്പിതരെയും രൂപപ്പെടുത്തുന്നതിനുമുള്ള താക്കോൽ നമുക്കു കണ്ടെത്താൻ കഴിയൂ എന്നു ജൂലിയൻ അച്ചനു ബോധ്യപ്പെട്ടിരുന്നു.
പത്തു മക്കളിൽ ഇളയവനായിരുന്ന പീറ്റർ ജൂലിയൻ ഇരുപതാം വയസ്സിൽ സെമിനാരിയിൽ പ്രവേശിച്ചു. 1834 ൽ പുരോഹിതനായി. 1839 ൽ പുതിയതായി തുടങ്ങിയ മാരിസ്റ്റ് സന്യാസസമൂഹത്തിൽ അംഗമായി. വിശുദ്ധ കുർബാനയിൽ ദൈവസ്നേഹം ധ്യാനക്കുന്നതിൽ വിശുദ്ധൻ എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു.
1845 ലെ ഒരു ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കുചേർന്നതാണ് പീറ്ററച്ചൻ്റെ ആത്മീയ യാത്രയുടെ ഒരു നാഴികക്കല്ല്. ‘ റെയ്മണ്ട് ഡി കുറെയും പിറ്ററച്ചനും ചേർന്നു പരീസിൽ 1856 ൽ വിശുദ്ധ കുർബാന ഒരു സഭ ( Congregation of the Blessed Sacrament) സ്ഥാപിച്ചു. വിശുദ്ധ കുർബാനയോടും ദിവ്യകാരുണ്യ ആരാധനയോടുമുള്ള ഭക്തി പ്രചരിപ്പിക്കാൻ വൈദീകരുടെ ദിവ്യകാരുണ്യ ലീഗ് (Priests’ Eucharistic League) എന്ന സംഘടന സ്ഥാപിച്ചു.
ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൻ്റെ കേന്ദ്രവും അവരുടെ പ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനവും വിശുദ്ധ കുർബാനയുടെ ആഘോഷമായിരിക്കണമെന്ന് പീറ്റർ ജൂലിയാൻ അച്ചനു നിർബദ്ധമുണ്ടായിരുന്നു.
ദിവ്യകാരുണ്യത്തിൻ്റെ പുരോഹിതൻ അല്ലെങ്കിൽ അപ്പസ്തോലൻ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡ് 1868 ൽ അമ്പത്തിയേഴാം വയസ്സിൽ നിര്യാതനായി. 1962 ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയർത്തി.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment