💯💕❤ എന്റെ അപ്പാ… ❤💕💯
ഈ ഭൂമിയിൽ നമ്മെ വളർത്തുന്ന ഒരപ്പാ ഇല്ലേ… നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് നമുക്ക് വേണ്ടതെല്ലാം ചെയ്തു തരുന്ന ഒരപ്പ.. ചിലപ്പോഴൊക്കെ സ്നേഹ ശിക്ഷണങ്ങൾ നൽകി നമ്മെ വളർത്തുന്ന അപ്പ… അതുപോലെ… അല്ല അതിനേക്കാൾ ഏറെ നമ്മെ സ്നേഹിക്കുന്ന ഒരപ്പ സ്വർഗ്ഗത്തിലുണ്ട് കേട്ടോ…
ഒരു സംഭവമുണ്ട്… ഒരിക്കൽ ഒരു മനുഷ്യൻ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ രണ്ടുവശത്തും കയറുകൊണ്ട് കെട്ടി അതിലൂടെ നടന്നു അതിനെ മുറിച്ചു കടക്കുകയാണ്. അയാൾ ചോദിക്കുന്നുണ്ട്, ആരെങ്കിലും എന്റെ പുറത്തു കയറിയാൽ ഞാൻ അവരെ അപ്പുറം എത്തിക്കാം. ആരും മുന്നോട്ടു വന്നില്ല. ഒരു കുഞ്ഞു പയ്യൻ വന്നു ആ മനുഷ്യന്റെ തോളിൽ കയറി. അയാൾ കുട്ടിയെയും കൊണ്ട് വെള്ളച്ചാട്ടം മുറിച്ചു കടന്നു. ആളുകളൊക്കെ ഓടിക്കൂടി ആ കുട്ടിയോട് ചോദിച്ചു. നിനക്കെങ്ങനെയാ ഇത്രയും ധൈര്യം കിട്ടിയത്? ആ കുട്ടി പറഞ്ഞു. “ഇത് എന്റെ അപ്പനാണ്” അപ്പൻ തന്നെ കൈവിടില്ല എന്ന ഉറപ്പായ വിശ്വാസം ആ കുട്ടിക്കുണ്ടായിരുന്നു…
നമ്മളെ ഭൂമിയിൽ വളർത്തുന്ന ഒരപ്പനിൽ ഇത്രമാത്രം വിശ്വാസം അർപ്പിക്കാം എങ്കിൽ നമ്മളെ സൃഷ്ടിച്ചു നിരന്തരം പരിപാലിക്കുന്ന സ്വർഗ്ഗത്തിലെ നമ്മുടെ അപ്പനിൽ എന്തുകൊണ്ട് വിശ്വാസം അർപ്പിച്ചു കൂടാ…
1 യോഹന്നാന്‍ 3,1 വചനം പറയുന്നു.
“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.” ശരിയാണ്… ദൈവത്തിന്റെ പുത്രനും പുത്രിയും ആണ് എന്ന് പറയുമ്പോൾ നമുക്കതൊരു ബലമാണ്; ശക്തിയാണ്; അഭിമാനമാണ്…
വിശുദ്ധ കൊച്ചുത്രേസ്യ നവമാലികയിൽ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്. ഒരപ്പൻ തന്റെ കുഞ്ഞ് യാത്ര ചെയ്യുന്ന വഴിയിൽ മാർഗ്ഗ തടസ്സമായി ഒരു കല്ല് കാണുകയാണ്. ശ്രദ്ധയില്ലാതെ കുഞ്ഞ് ആ വഴി വന്നാൽ അവൻ അതിൽ തട്ടി വീഴുമല്ലോ എന്നോർത്ത് അപ്പൻ ആ കല്ലെടുത്ത് നേരത്തെ തന്നെ എടുത്തു മാറ്റി, കുഞ്ഞിനെ സുരക്ഷിതനാക്കി. ആ കുഞ്ഞ് അതറിഞ്ഞില്ല… എന്നാൽ ആ കുഞ്ഞ് ആ കല്ലിൽ തട്ടി വീണെന്നിരിക്കട്ടെ, കുഞ്ഞു കരയുന്ന സ്വരം കേട്ട് അപ്പൻ അവന്റെ അടുത്ത് ഓടി എത്തി അവനെ എഴുന്നേൽപ്പിച്ച്, ആശ്വസിപ്പിച്ച് മുറിവുകൾ വച്ചു കെട്ടുന്നു… അപ്പോൾ ആ കുഞ്ഞ് അപ്പന്റെ സ്നേഹം കണ്ട് അനുഭവിക്കുകയാണ്… രണ്ട് സാഹചര്യത്തിലും അപ്പന് കുഞ്ഞിനോടുള്ള സ്നേഹം പ്രകടമായിരുന്നു. എന്നാൽ ആദ്യ സന്ദർഭത്തിൽ കുഞ്ഞ് അത് അനുഭവിച്ച് അറിഞ്ഞില്ല.
ഇതുപോലെയാണ് നമ്മുടെ സ്വർഗ്ഗത്തിലെ അപ്പായും… നമ്മെ പരിപാലിച്ച് കൂടെ നടക്കുന്നുണ്ട്… നമുക്ക് വരാവുന്ന അപകടങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി നമുക്ക് നന്മയായ വഴിയെ നമ്മെ നടത്തുന്നുണ്ട്. ചിലപ്പോൾ അത് നമ്മുടെ ഇഷ്ടമനുസരിച്ചല്ലായിരിക്കാം… എങ്കിലും നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്ന ഒരു പദ്ധതിയുമായി അവിടുന്നു നമ്മോടു കൂടെയുണ്ട്..
അപ്പായുടെ സ്നേഹത്തെ എത്ര വർണ്ണിച്ചാലും തീരില്ല… ധൂർത്ത പുത്രനെ കരുണയോടെ വാരിപ്പുണർന്ന സ്വർഗീയ അപ്പാ എന്നെയും നിങ്ങളെയും സ്നേഹിക്കുന്നുണ്ട്… കരുതുന്നുണ്ട്… പരിപാലിക്കുന്നുണ്ട്… നമ്മുടെ സർവ്വ ആശ്രയത്വവും ആ അപ്പനിൽ അർപ്പിച്ച് ബോധപൂർവ്വം നമുക്ക് ഉരുവിടാം.. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… “
✍ Linu Sebastian



Leave a comment