മുപ്പിരിചരട് വേഗം പൊട്ടുകയില്ല

ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ ആളെ തന്നെ വിവാഹം കഴിച്ചു.. അങ്ങനങ്ങനെ പോകും ചിന്തകൾ.

പക്ഷെ ചിലർ ചിന്തകളിൽ ഏറെദൂരം ഇനിയും മുന്നോട്ട് പോയി ഡിവോഴ്‌സിന്റെ വക്കിൽ ആയിരിക്കും. എന്തിന് ജീവിതകാലം മുഴുവൻ ഞാൻ ഇയാളെ ചുമക്കണം. ജീവിതം ഒന്നല്ലേയുള്ളൂ. അല്ലേ.

ഒരു പാസ്റ്ററിന്റെയും ഭാര്യയുടെയും ജീവിതത്തിൽ നടന്ന സംഭവം പറയട്ടെ. ഈ പാസ്റ്ററുടെ അപ്പനപ്പൂപ്പന്മാരും പാസ്റ്റർമാർ ആയിരുന്നു കേട്ടോ. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഏറെക്കാലം പ്രണയിച്ചാണ്.

അവരിലൊരാൾ ‘yes’ പറയുന്ന വരെ കുറേക്കാലം പിന്നാലെ നടന്നിട്ടാണ് അത് സാധ്യമായത് തന്നെ.

അങ്ങനെ, വിവാഹത്തിന് ശേഷം ആദ്യമൊക്കെ നന്നായി പോയി. കുറച്ചു കാലത്തിന് ശേഷം പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി. ഒട്ടും പൊരുത്തപ്പെടാനാവാത്ത, യോജിക്കാൻ പറ്റാത്ത അവസ്ഥകളായി, ജോലിയും ആടിയുലയുന്ന ദാമ്പത്യവും ഒന്നിച്ചു കൊണ്ടുപോവാൻ പാടായി. അവസാനം പിരിയാൻ തീരുമാനിച്ചു. ഈ സമയത്തെല്ലാം ആയിരക്കണക്കിന് അംഗങ്ങളുള്ള കൂട്ടായ്മയെ നയിച്ചു കൊണ്ടിരിക്കുന്നുണ്ട് കേട്ടോ, പാസ്റ്റർ എന്ന നിലയിൽ.

അങ്ങനെ ഈ മനുഷ്യൻ ദൈവത്തോട് സംസാരിക്കാൻ തീരുമാനിച്ചു. അയാൾ പറഞ്ഞു, “ദൈവമേ, സഹിക്കാവുന്നതിന്റെ എല്ലാ പരിധിയും കഴിഞ്ഞു, ഇനി വയ്യ “. തനിക്ക് പൊരുത്തപ്പെടാൻ വയ്യാത്ത മേഖലകളും കാരണങ്ങളും എല്ലാം അയാൾ നിരത്തി വച്ചു. ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു, “കർത്താവേ, ഇതിൽ തന്നെ തുടരാനുള്ള ‘ഒരു’ കാരണം പോലും എനിക്ക് കണ്ടെത്താൻ പറ്റുന്നില്ല”.

നീണ്ട ഒരു മൗനത്തിന് ശേഷം ദൈവം പ്രതികരിച്ചു, “ആൻഡ്രു, നിനക്ക് ഇതിൽ തന്നെ നിൽക്കാനുള്ള കാരണമായി ‘ഞാൻ’ പോരെ?” ആ നിമിഷത്തിൽ എന്താണ് തന്റെ മനസ്സിൽ സ്പർശിച്ചതെന്ന് അവന് അറിയില്ല. ദൈവത്തിന്റെ ചോദ്യം വീണ്ടും വീണ്ടും അവന്റെ ചെവിയിൽ മുഴങ്ങി. അവസാനം അവൻ പറഞ്ഞു, “അതേ കർത്താവേ, ഞാൻ ഇതിൽ നിൽക്കാൻ നീയെന്ന കാരണം മാത്രം മതി. ഞാൻ നിന്റെ കൂടെ നിൽക്കും “.

അതേ ദാമ്പത്യത്തിൽ തുടരാനുള്ള തീരുമാനം അവൻ എടുത്തു. അവന് തോന്നിയ അതേ കാരണത്താൽ അവന്റെ പങ്കാളിയും അതുപോലെ തന്നെ തീരുമാനിച്ചു. ദൈവത്തിന്റെ കൂടെ ഒന്നിച്ചു നിൽക്കാനുള്ള തീരുമാനം അവർ എടുത്തു കഴിഞ്ഞപ്പോൾ, അവരുടെ പൊരുത്തക്കേടുകളിലും പ്രശ്നങ്ങളിലും ദൈവം ഇടപെടാനും തുടങ്ങി. സമാധാനം കടന്നുവരാൻ തുടങ്ങി.

തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളോട് ഇത്രയും പറഞ്ഞിട്ട് ആ പാസ്റ്റർ പറഞ്ഞു, ” ഒരു ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമല്ലെന്നത് മറക്കാൻ നമുക്ക് വളരെ എളുപ്പമാണ്. ഒരു ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും ദൈവവും തമ്മിലാണ്. ദൈവവും ഒരു പങ്കാളി ആണെന്നത് നമ്മൾ എളുപ്പം മറക്കുന്നു എന്നതിനാൽ ഒരു വിവാഹമോചനത്തെ പറ്റി നമ്മൾ ചിന്തിക്കുമ്പോൾ അവനുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയോ ആലോചന ചോദിക്കുകയോ ചെയ്യുന്നതേയില്ല”.

ദൈവം കൂടെയില്ലാതെ വിവാഹം ദുസ്സഹമാണ്. അവൻ കൂടെയുണ്ടെങ്കിലോ പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും എളുപ്പമാണ്.

ചിലപ്പോൾ നമ്മൾ കേൾക്കാറുണ്ട് ‘എന്റെ കൊച്ചുങ്ങളെ ഓർത്ത് മാത്രമാണ് ഞാൻ പോവാത്തത് ‘ എന്ന് ( children’s sake). പക്ഷേ ‘ദൈവത്തെ പ്രതി’ ( God’s sake) വിവാഹത്തിൽ നിലനിൽക്കുക എന്നത് ചിന്തിക്കാറില്ല മിക്കവരും .

അസാധ്യം, ദുസ്സഹം എന്ന് ഇപ്പോൾ തോന്നുന്ന വിവാഹജീവിതത്തിൽ തുടരാൻ ‘ദൈവം’ എന്നത് മതിയായ കാരണം ആയി നിങ്ങൾ എടുക്കുമോ? ഡിവോഴ്‌സ് എന്ന കച്ചിത്തുരുമ്പിൽ ഏറെദൂരം പോയവർക്ക് അതിന് കഴിയുമോ? അറിയില്ല. പക്ഷേ, ഒന്നോ രണ്ടോ ദമ്പതികൾക്കെങ്കിലും അതിന് കഴിഞ്ഞാൽ അത്രയുമായില്ലേ.

മലാക്കിയുടെ പുസ്തകം രണ്ടാം അധ്യായത്തിൽ ദൈവം പറയുന്നു ഭാര്യയും ഭർത്താവും തമ്മിലുള്ള ഉടമ്പടിക്ക് ദൈവം സാക്ഷിയാണെന്ന്. വിവാഹമോചനത്തെ അവിടുന്ന് വെറുക്കുന്നെന്ന്. ഒന്ന് ചിന്തിക്കാം അതേപ്പറ്റി. അല്ലേ?

‘മുപ്പിരിചരട് വേഗം പൊട്ടുകയില്ല’ (സഭാപ്രസംഗകൻ 4:12)

ജിൽസ ജോയ് ✍️

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment