വിശുദ്ധ കുർബാനയുടെ ശക്തിയാൽ മരിച്ചവനെ ഉയർപ്പിച്ച വി. ഡോമിനിക്.
ആഗസ്റ്റു മാസം എട്ടാം തീയതി വിശുദ്ധ ഡോമിനിക്കിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തും പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വിശുദ്ധ ഡോമിനിക് (1170- 1221) അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവ ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു.
ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരേയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ ഉറങ്ങുവാനോ ഈ സ്പാനിഷ് വൈദീകൻ തയ്യാറായിരുന്നില്ല. 1215 ൽ ഡോമിനിക്കൻ സന്യാസ സഭ( Order of Preachers) സ്ഥാപിച്ചു. വിശുദ്ധ ആഗ്സ്തിനോസിൻ്റെ നിയമമാണ് ദൈവ വചനത്തിൻ്റെ പ്രഘോഷണം മുഖ്യ കാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ സമർപ്പിത സമൂഹം പിൻതുടരുന്നത്. വിശുദ്ധ ഡോമിനിക്കു വഴിയായ സംഭവിച്ച ഒരു ദിവ്യകാരുണ്യ അത്ഭുഭുതമാണ് ഇന്നത്തെ ദിവ്യകാരുണ്യ വിചാരങ്ങളിലെ ഇതിവൃത്തം.
ഹോണോരിയൂസ് മൂന്നാമൻ മാർപാപ്പ (1216- 1227) ഡോമിനിക്കിനെ റോമിലെ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടന്നിരുന്ന എല്ലാ കന്യാസ്ത്രീകളെയും ഒരു ആശ്രമത്തിൽ ഒരുമിച്ചുകൂട്ടാൻ ചുമതലപ്പെടുത്തി. അതു പ്രകാരം വിശുദ്ധ സിക്സ്റ്റസിൻ്റെ മഠത്തിലെ അറ്റകുറ്റപ്പണികൾ നടത്തി കന്യാസ്ത്രീകളെ അവിടെ പാർപ്പിക്കാൻ ഡോമിനിക് തീരുമാനിച്ചു. ഈ മഹത്തായ ദൗത്യം നിർവ്വഹിക്കുന്നതിന്, തന്നെ സഹായിക്കാൻ തനിക്ക് അനുയോജ്യരായ മറ്റു ചിലരെ നിയോഗിക്കണമെന്ന് ഡൊമിനിക് മാർപാപ്പയോട് അഭ്യർത്ഥിച്ചു. അതനുസരിച്ച്, മാർപ്പാപ്പ ഡോമിനിക്കിനു സഹായികളായി പിന്നീട് 1227 ൽ ഗ്രിഗറി ഒൻപതാമൻ എന്ന മാർപാപ്പയായി തീർന്ന ഓസ്തിയയിലെ ബിഷപ്പ് ഉഗോലിനോയേയും കർദ്ദിനാന്മാരായ സ്റ്റീഫനെയും നിക്കോളാസിനെയും നിയമിച്ചു. കന്യാസ്ത്രീകളിൽ ഭൂരിഭാഗം പേരും ഏകീകരണ പദ്ധതിയെ എതിർക്കുകയും ഈ വിഷയത്തിൽ മാർപ്പാപ്പയെയും ഡോമിനിക്കിനെയും അനുസരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ ടെമ്പൂലോയിലെ പരിശുദ്ധ കന്യകാമറയത്തിൻ്റെ നാമത്തിലുള്ള മഠത്തിൻ്റെ മഠാധിപതിയും അവളുടെ കന്യാസ്ത്രീകളും മാർപാപ്പയ്ക്കും ഡോമിനിക്കിനും വിധേയപ്പെട്ട് അവരുടെ ആശ്രമത്തിന്റെ എല്ലാ സ്വത്തുക്കളും വരുമാനവും നൽകി.
ഡൊമിനിക്, തന്റെ സഹായികളായ കർദ്ദിനാൾമാരുടെ അംഗീകാരത്തോടെ, നോമ്പുകാലത്തിന്റെ ആദ്യ ദിവസം, ചാരം പൂശി സിറ്റേഴ്സിനെ വിശുദ്ധ സിക്സ്റ്റസിൻ്റെ മഠത്തിലേക്കു ക്ഷണിച്ചു .
ഡോമിനിക്കും കർദ്ദിനാൾമാരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു സിസ്റ്റേഴ്സിനോടു സംസാരിക്കുമ്പോൾ ഒരു മനുഷ്യൻ ഓടിക്കിതച്ചു പള്ളിയിലേക്കു വന്നു; കാരണം തിരക്കിയപ്പോൾ “കർദിനാൾ സ്റ്റീഫന്റെ അനന്തരവൻ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ചു. ” എന്ന ഒരു ദു:ഖ വാർത്താ അറിയിച്ചു. നെപ്പോളിയൻ എന്നായിരുന്നു ആ യുവാവിൻ്റെ പേര്. അമ്മാവനായ കർദ്ദിനാൾ ഇതു കേട്ടപ്പോൾ ബോധംകെട്ടു വീണു. ഉടനെ അവർ സംഭവസ്ഥലത്തേക്ക് പോയി. മരിച്ച യുവാവിൻ്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കാണാമായിരുന്നു. അടുത്തുള്ള ഒരു വീട്ടിലേക്ക് അവനെ കൊണ്ടുപോയി കിടത്താൻ നിർദേശിച്ച ഡോമിനിക് വിശുദ്ധ കുർബാനയ്ക്ക് തയ്യാറെടുക്കാൻ സഹോദരൻ ടാൻക്രെഡിനോടു പറഞ്ഞു. ഡോമിനിക്കും കർദിനാൾമാരും ഭയഭക്തിപൂർവ്വം കണ്ണീരോടെ വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. കുർബാന സ്ഥാപന വാക്യങ്ങൾ ഉച്ചരിക്കുന്ന സമയത്ത് ഡോമിനിക് തിരുവോസ്തി കൈകളിൽ ഉയർത്തുമ്പോൾ അദ്ദേഹം ഒരടി പൊക്കത്തിൽ ഉയർന്നിരിക്കുന്നത് മറ്റുള്ളവർ കണ്ടു. വിശുദ്ധ കുർബാന കഴിഞ്ഞപ്പോൾ, ഡോമിനിക്കും കർദ്ദിനാൾമാരും അവരുടെ കൂട്ടാളികളും മരിച്ച യുവാവിന്റെ ശരീരം സൂക്ഷിച്ചിരുന്ന വീട്ടിലേക്കു മടങ്ങി. ഡോമിനിക് ബലി അർപ്പിച്ച തൻ്റെ കൈകൾ കൊണ്ട് നെപ്പോളിയൻ്റെ ശിരസ്സ് മുതൽ പാദങ്ങൾ വരെ മുറിവേറ്റ എല്ലാ ഭാഗങ്ങളും സ്പർശിച്ചു. പിന്നിട് അവർ മൃതദേഹത്തിനു സമീപം മുട്ടുകുത്തി പ്രാർത്ഥിച്ചു. രണ്ടും മൂന്നും തവണ മുറിവേറ്റ മുഖവും ശരീരവും സ്പർശിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് ആവർത്തിച്ചു. മൃതദേഹത്തിൽ കുരിശടയാളം വരച്ച് ഡോമിനിക് കൈകൾ സ്വർഗത്തിലേക്ക് ഉയർത്തി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ” നെപ്പോളിയൻ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ, ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക.” പൊടുന്നനെ അവിടെ നിന്നവരെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ട് നെപ്പോളിയൻ ചാടിയെണീക്കുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു തുടർന്ന് ഡോമിനിക് അദ്ദേഹത്തിന് ഭക്ഷണവും പാനീയവും നൽകി.
ജീവൻ നൽകുന്ന കൂദാശയായ വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച വിശുദ്ധ ഡോമിനിക്കിനറിയാമായിരുന്നു മനുഷ്യ സഹജമായ അസാധ്യതകൾ സാധ്യതകളാക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാനയെന്ന്. അതിനാൽ പ്രിയ സുഹൃത്തിൻ്റെ ബന്ധുവിൻ്റെ മരണത്തിലും ഡോമിനിക്കിൻ്റെ മനസ്സു പോയതു വിശുദ്ധ ബലി അർപ്പണത്തിലാണ്. ആ വിശുദ്ധബലി അർപ്പണത്തിൻ്റെ യോഗ്യതയാലാണ് നെപ്പോളിയൻ എന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വന്നത്. നമ്മുടെ ജീവിതത്തിൻ്റെ അസാധ്യതകൾക്കു മുമ്പിൽ വിശുദ്ധ കുർബാനയിലേക്കു നമുക്കു തിരിയാം, അത്ഭുതങ്ങൾ ദൈവം നമ്മുടെ കൺമുമ്പിൽ അനുഭവവേദ്യമാക്കിത്തരും.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment