പോളണ്ടിലെ കറുത്ത മാതാവിൻ്റെ ദൈവാലയം

ആഗസ്റ്റ് 26 ഔർ ലേഡി ഓഫ് ഷെസ്റ്റോചോവ (Our Lady of Czestochowa) എന്നറിയപ്പെടുന്ന പോളണ്ടിലെ കറുത്ത മാതാവിന്റെ തിരുനാൾ ദിനമാണ്. തദവസരത്തിൽ പോളണ്ടിലെ മാത്രമല്ല യൂറോപ്പിലുടനീളം വളരെ പ്രസിദ്ധമായ കറുത്തമാതാവിന്റെ ദൈവാലയത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്.

പോളണ്ടിലെ കറുത്ത മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് പോളണ്ടിലെ രാജ്ഞിയായ ഷെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിൻ്റെ ദൈവാലയം (Our Lady of Czestochowa Queen of Poland). വാർത്താ നദിയുടെ (Warta River) തീരത്തുള്ള ഷെസ്റ്റോചോവ നഗരത്തിലെ ഒരു കുന്നിലാണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ജസ്‌ന ഗോറ ( Jasna Gora) അഥവാ പ്രകാശത്തിൻ്റെ പർവ്വതം എന്നാണ് ഈ കുന്ന് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി രൂപത്തിനുമുമ്പിൽ കത്തിച്ച തിരിയുടെ കരിയും പുകയും ചേർന്നാണ് തിരുസ്വരൂപത്തിൻ്റെ നിറം കറുത്തതെന്നാണ് പൊതുവേ കരുതുന്നത്.

ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധ മറിയത്തിൻ്റെ ചിത്രം വിശുദ്ധ ലൂക്കാ വരച്ചതാണനാണ് പാരമ്പര്യം പറയുന്നു.

ജറുസലമിൽ തീർത്ഥാടനത്തിനെത്തിയ ഹെലാനാ രാജ്ഞിയാണ് ഈ ചിത്രം നാലാം നൂറ്റാണ്ടിൻ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടു വരുന്നത്.

സരസെൻസുമായുള്ള യുദ്ധത്തിനിടയിൽ കോൺസ്റ്റാന്റിനോപ്പിളിലെ നിവവാസികൾ പരിശുദ്ധ മറിയത്തിൻ്റെ ചിത്രവുമായി നഗരത്തിൻ്റെ മതിലിനു ചുറ്റം പ്രദിക്ഷണം നടത്തുകയും ഭയവിഹ്വലരായ ശത്രുസൈന്യം തിരിഞ്ഞോടുകയും ചെയ്തു. പരിശുദ്ധ മാതാവിൻ്റെ ഈ ചിത്രം ഹോളി റോമൻ ചക്രവർത്തിയായ ഷാർലെമാഗെയിന്റെ കൈയിൽ എത്തുകയും അദ്ദേഹം അത് ഹംഗറിയിലെ റുത്തേനിയായിലെ ലിയോ രാജാവിന് സമ്മാനിക്കുകയും ചെയ്തു. 11 ാം നൂറ്റാണ്ട് വരെ അതവിടെ സംരക്ഷിച്ചുപോന്നു. പിന്നീട് ഈ ചിത്രം റൂഥേനിയിൽ എത്തി.

1382 ൽ പോളണ്ടിലെ ലാഡിസ്ലാവ് രാജകുമാരൻ ഈ ചിത്രത്തിൻ്റെ ഉടമയായപ്പോൾ മുതൽ ഈ ചിത്രത്തിന്റെ ചരിത്രം കൂടുതൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഷം തന്നെ, ടാർട്ടാർമാർ ലാഡിസ്ലാവിൻ്റെ കൊട്ടാരം ആക്രമിച്ചപ്പോൾ ഒരു അമ്പടയാളം ചിത്രത്തിൽ മറിയത്തിൻ്റെ തൊണ്ടയിൽ ഏറ്റു . ചിത്രം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ലഡിസ്ലാവ് രാജകുമാരൻ താൻ ജനിച്ച പട്ടണമായ ഓപാലയിലേക്ക് ഐക്കൺ മാറ്റുമാൻ തീരുമാനിച്ചു. അവിടേക്കുള്ള യാത്രയിൽ അദ്ദേഹം സെസ്റ്റോചോവയിൽ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന്, യാത്ര തുടരാൻ തുടങ്ങിയപ്പോൾ, പരിശുദ്ധ അമ്മയുടെ നിർദ്ദേശപ്രകാശം ലഡിസ്ലാവ് രാജകുമാരൻ ഈ ചിത്രം ജസ്‌നാ ഗോറയിലെ പൗലോസിൻ്റെ അച്ചന്മാരുടെ ആശ്രമദേവാലയത്തിൽ പ്രതിഷ്ഠിച്ചു.

1430 ൽ ഹുസൈറ്റുകൾ ആശ്രമം ആക്രമിച്ചപ്പോൾ ഐക്കൺ വീണ്ടും ചെറിയ കേടുപാടുകൾ സംഭവിച്ചും ചിത്രത്തിൽ വന്ന കേടുപാടുകൾ നന്നാക്കാൻ ശ്രമിച്ചെങ്കിലും അതു ഇന്നും കാണാൻ കഴിയും.

നിരവധി അപകടങ്ങളിൽ നിന്നും പോളണ്ടിനെ രക്ഷിച്ചത് കറുത്ത മഡോണയാണെന്ന് പോളണ്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. 1655-ൽ സ്വീഡൻ പോളണ്ടിനെ ആക്രമിച്ചു, അവർ മറിയത്തിൻ്റെ പക്കൽ മദ്ധ്യസ്ഥം തേടി നാൽപതു ദിവസത്തെ യജ്ഞത്തിനുശേഷം സ്വീഡിഷ് പട്ടാളം പിന്മാറി.

1920 ൽ റഷ്യൻ സൈന്യം വാർസോ നഗരം ആക്രമിക്കുവാൻ പദ്ധതി തയ്യാറാക്കി കാത്തു നിൽക്കുമ്പോൾ ആകാശത്തു ഉണ്ണീശോയുമായി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു പടയാളികൾ ഭയന്നു പിന്മാറി.

രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ ജർമ്മൻ സൈന്യം ജസ്‌ന ഗോറയും മാതാവിന്റെ ചിത്രം നശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ഇന്നും നൂറുകണക്കിന് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിപ്പിച്ചുകൊണ്ട് കറുത്ത മാതാവ് പോളണ്ടുകാരുടെ പ്രത്യാശയുടെയും അതിജീവനത്തിൻ്റെയും അടയാളമായി നിലകൊള്ളുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment