ദിവ്യകാരുണ്യ വിചാരങ്ങൾ 26

വിശുദ്ധ കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയും ഐക്യത്തിൻ്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമായി തിരിച്ചറിഞ്ഞ കൃപയുടെ വേദപാരംഗതൻ (Doctor of grace) എന്നറിയപ്പെടുന്ന ഹിപ്പോയിലെ വിശുദ്ധ ആഗസ്തീനോസിൻ്റെ ഓർമ്മ ദിനമാണ് ആഗസ്റ്റ് മാസം 28.

എ.ഡി. 354-ൽ ഇന്നത്തെ അൾജീരിയയിലെ തഗസ്തയിൽ ഒരു ഉന്നതകുല ജാതനായി ജനിച്ച ആഗസ്തിനോസ് ലോകത്തിൻ്റെ വഴികളുടെ നശ്വരത മനസ്സിലാക്കി ദൈവത്തിലേക്കു തിരിഞ്ഞു.

387-ലെ ഈസ്റ്റര്‍ രാത്രിയില്‍ വിശുദ്ധ ആംബ്രോസിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചു. 391-ല്‍ ഹിപ്പോയില്‍ വെച്ച് പൗരോഹിത്യ പട്ടം സ്വീകരിച്ച അഗസ്തിനോസ് 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി സേവനമനുഷ്ഠിച്ചു. തൻ്റെ മാനസാന്തരത്തിനു പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം അഗസ്തിനോസ് എഴുതിയ ഏറ്റുപറച്ചിൽ ” (Confessions) എന്ന ആത്മകഥയിൽ “ദൈവവുമായി പ്രണയത്തിലാകുന്നതാണ് എല്ലാ പ്രണയങ്ങളിലും ഏറ്റവും മഹത്തരമായത്, അവനെ അന്വോഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത, അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം” എന്നു സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധ അഗസ്തീനോസ് വിശുദ്ധ കുർബാനയെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: “ദിവ്യകാരുണ്യത്തെക്കാൾ ശ്രേഷ്ഠമായി ദൈവത്തിനു അവൻ്റെ സർവ്വ ശക്തിയിലോ അവൻ്റെ ജ്ഞാനത്തിലോ അവൻ്റെ സമ്പത്തിലോ നമുക്കു നൽകാൻ യാതൊന്നുമില്ല.”

ദിവ്യകാരുണ്യത്തെ പ്രാണനു തുല്യ സ്നേഹിച്ച ആഗസ്തിനോസ് ദിവ്യകാരുണ്യ സ്വീകരണത്തിനണഞ്ഞിരുന്ന വിശ്വാസികളെ ഉദ്ബോധിപ്പിച്ചിരുന്നത് ഇപ്രകാരമാണ്: നിങ്ങൾ കാണുന്നത് വിശ്വസിക്കുക, നിങ്ങൾ വിശ്വസിക്കുന്നത് കാണുക, നിങ്ങൾ എന്താണോ അത് ആകുക: മിശിഹായുടെ ശരീരം. വിശുദ്ധ കുർബാന സ്വീകരണ സമയത്തു നമ്മൾ ആമ്മേൻ എന്നു പറയുമ്പോൾ ഇത് മിശിഹായുടെ ശരീരവും രക്തവുമാണെന്നും ഞാൻ ഏറ്റുപറയുകയും ഞാൻ മറ്റുള്ളവർക്ക് മിശിഹായുടെ ശരീരമാകുമെന്നും വിശ്വസിച്ചു ഏറ്റുപറയുകയാണ്.

സുവിശേഷത്തിൽ നമുക്കിഷ്ടമുള്ളതു വിശ്വസിക്കുകയും നമുക്കിഷ്ടമില്ലാത്തതു നിരസിക്കുകയും ചെയ്താൽ നമ്മൾ സുവിശേഷത്തിലല്ല നമ്മളിലാണ് വിശ്വസിക്കുന്നത് എന്ന വിശുദ്ധൻ്റെ ഓർമ്മപ്പെടുത്തലും ഇന്നേ ദിനം നമ്മെ നയിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment