ദിവ്യകാരുണ്യ വിചാരങ്ങൾ 27

പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ (1877 – 1952) സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്.

1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ സിസ്റ്റര്‍ ഏവുപ്രാസ്യ എന്ന നാമം സ്വീകരിക്കുകയും 1898 ൽ സന്യാസവസ്ത്രം സ്വീകരിക്കുകയും ചെയ്തു.രോഗങ്ങളും, യാതനകളും അലട്ടിയപ്പോൾ പരിശുദ്ധ മാതാവിന്റെ സഹായം തേടിയിരുന്നു ഏവുപ്രാസ്യയാമ്മ.

1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ്‌ മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ. ഈ മഠമായിരുന്നു 45 വർഷത്തോളം അമ്മയുടെ പ്രവർത്തന മേഖല. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്ന എവുപ്രാസ്യായെ മറ്റു സഹോദരിമാർ വിളിച്ചിരുന്നത് ‘സഞ്ചരിക്കുന്ന സക്രാരി’ എന്നായിരുന്നു . “എന്റെ ഈശോ, അങ്ങയുടെ പാര്‍പ്പിടം എന്റെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മാറ്റരുതെ, ഒരു നിമിഷത്തേക്ക് പോലും” എന്നത് അമ്മയുടെ എന്നത്തെയും പ്രാർത്ഥനായിരുന്നു.

മറ്റൊരിക്കൽ, “എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല” എന്നു വിശുദ്ധ എവുപ്രാസ്യമ്മ ഈശോയോടു വാഗ്ദാനം ചെയ്തിരുന്നതായി ജീവചരിത്രത്തിൽ കാണുന്നു.

ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 നു ദൈവസന്നിധിയിലേക്ക് യാത്രയായി.

2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

വിശുദ്ധ എവുപ്രാസ്യമ്മയേ, ഈ കാലഘട്ടത്തിലെ സഞ്ചരിക്കുന്ന സക്രാരികളും ഈശോയ്ക്കു പാര്‍പ്പിടം ഒരുക്കുന്നവരുമായി ഞങ്ങളെ മാറ്റണമേ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment