Rev. Fr Eapen Kaplasseril (1914-1994)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

മലങ്കര സുറിയാനി കത്തോലിക്കാസഭയിലേക്ക് പുനരൈക്യപ്പെട്ട ഈപ്പൻ കപ്ലാശ്ശേരിൽ അച്ചൻ

Advertisements

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ വന്മഴിമുറിയിൽ കപ്ലാശ്ശേരിൽ വീട്ടിൽ എം എം സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ. പി. ഈപ്പന്റെ മക്കളിൽ മൂന്നാമനായി 1914 ജനുവരി 1ന് ബേബി എന്ന വിളിപ്പേരുള്ള ഈപ്പൻ ജനിച്ചു. 1923 മുതൽ 1931 വരെ നിരണത്ത് മാതൃഭവനമായ മട്ടക്കൽ ഭവനത്തിലായിരുന്നു വിദ്യാഭ്യാസം.

ബാല്യം മുതലേ ഈപ്പനിൽ വൈദികനാകണമെന്ന ആഗ്രഹം തീവ്രമായുണ്ടായിരുന്നു, കുടുംബ പശ്ചാത്തലവും അതിന് അനുകൂലമായിരുന്നു. മാതുലൻ മാർ തേവോദോസ്യോസ് തിരുമേനിയുടെയും വല്യപ്പൻ മൽപ്പാൻ മട്ടയ്ക്കൽ അലക്സന്ത്രയോസ് കത്തനാരുടെയും പിൻഗാമിയായി നിരണം പള്ളിയിൽ വെച്ച് 1931 ഫെബ്രുവരി 3ന് (1106 കുഭം 3 ഞായർ ദിവസം) കാതോലിക്കാ ബാവയിൽ നിന്ന് ശെമ്മാശ പട്ടം ലഭിച്ചു.

1933-34ൽ തിരുവല്ല എംജിഎം സ്കൂൾ ഹോസ്റ്റൽ വാർഡനായും 1934-37 ചെങ്ങന്നൂർ ഓർത്തഡോക്സ് വലിയ പള്ളിയിൽ സഹായിയായും സേവനം ചെയ്തു. 1936 ലെ മധ്യവേനൽ അവധിക്കാലത്ത് പെരുനാട് ദയറായിലും 1937ല്‍ പരുമല ദയറായിലും ശുശ്രൂഷകളിൽ സഹായിയായി. അണ്ടർ ഗ്രാജുവേറ്റ് പാസായതിനെ തുടർന്ന് 1938 -39ൽ അദ്ധ്യാപന ജോലിക്കായുള്ള ടി.ടി.സി പഠിച്ചു. പരീക്ഷ പാസായി 1939ൽ മാവേലിക്കര തഴക്കര എം എസ് ഇ എം സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 1940ൽ ഉള്ളന്നൂർ സ്കൂളിലും 1941- 42ൽ കുറുപ്പംപടിക്ക് അടുത്തുള്ള വേങ്ങൂർ എം. കെ. എം. എസ് സ്കൂളിലും 1942 -43ല്‍ വാളകം കിഴവള്ളൂർ സ്കൂളിലും 1943- 44 കൈപ്പട്ടൂർ സ്കൂളിലും 1944 -48 പുത്തൻകാവ് ഇ. എം സ്കൂൾ എന്നിവിടങ്ങളിലും പഠിപ്പിച്ചു.

സെമിനാരി പരിശീലനം പൂർത്തിയാക്കി 1943 മെയ് 2ന് (മേടം 19) വൈദിക പട്ടം സ്വീകരിച്ചു. ഓർത്തഡോക്സ് സഭയുടെ നടപടി ക്രമമനുസരിച്ച് അതിന് മുമ്പായി 1941 ധനുമാസം 26ന് പള്ളിപ്പാട് മാരൂകോയിക്കൽ വീട്ടിൽ എം. കെ ഈപ്പന്റെ മകൾ അന്നമ്മയെ (ബേബി ) വിവാഹം ചെയ്തു. ഈ ഭവനം ചേപ്പാട് പീലിപ്പോസ് റമ്പാച്ചന്റെ ബന്ധത്തിൽ പെട്ടതാണ്.

ഓർത്തഡോക്സ് സഭ ബോംബെയിൽ ശുശ്രൂഷകൾക്കായി നിയോഗിക്കുകയും അവിടെ ഒരു ഇടവക സ്ഥാപിക്കാനായി സാധിക്കുകയും ചെയ്തു. 1950ൽ തിരുവനന്തപുരം സെന്റ് ജോർജ് പള്ളിയിൽ വികാരിയായി 1953 വരെ അവിടെ ശുശ്രൂഷ ചെയ്തു. ഇതിനിടയിൽ മൂന്നാർ, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ ബഥേൽ, മംഗലം, ഓതറ, ഇടനാട്, ആറാട്ടുപുഴ, അയ്യമ്പള്ളി എന്നിവിടങ്ങളിലും 1953-55 കൂർത്തമല, 1955-58 മുണ്ടക്കയം, 1958-60 മേൽപ്പാടം, 1960-62 തിരുമൂലപുരം, വേങ്ങൽ, കല്ലുങ്കൽ കിഴക്ക്, 1962-65 ഉമയാറ്റുകര, തിരുവൻവണ്ടൂർ പള്ളികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദിവാൻ ആയിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ കപ്ളാശേരിൽ അച്ചൻ തന്റെ അമ്മയുടെ പിതൃ സഹോദരൻ മൽപ്പാൻ മട്ടയ്ക്കൽ അലക്സന്ത്രയോസ് കത്തനാരുടെ നിർബന്ധപ്രകാരം ഒരു പള്ളിക്ക് അപേക്ഷിക്കുകയും 1930 ഫെബ്രുവരി 15ന് ഒരു പള്ളിക്കും ശവക്കോട്ടക്കും അനുവാദം ലഭിക്കുകയും ചെയ്തു. അവിടെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു പള്ളി പണിയുകയും തലപ്പനങ്ങാട് സെന്റ് മേരീസ് പള്ളിയായി സ്ഥാപിക്കുകയും ചെയ്തു. പിതൃസ്വത്ത് ഭാഗം ചെയ്തപ്പോൾ ലഭിച്ച 58 സെന്റ് സ്ഥലവും പള്ളിയും അച്ചന് ലഭിച്ചു. അവിടെ വിശുദ്ധ കുർബാനയും മറ്റ് ശുശ്രൂഷകളും നടത്തി ഓഗസ്റ്റ് 15ന് ഇടവക തിരുനാളായി പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ (സ്വർഗ്ഗാരോപണ) പെരുന്നാൾ ദിനം ആചരിച്ചു.

മെത്രാൻ കക്ഷി, ബാവാകക്ഷി എന്ന പേരിൽ സഭ രണ്ടായി പിളർന്നതിനെ തുടർന്നുണ്ടായ വഴക്കുകളുടെ പിന്തുടർച്ചയായ സമുദായ കേസ് ഹൈക്കോടതിയിൽ പരിപൂർണ്ണ പരാജയമായപ്പോൾ തിരുവനന്തപുരം ഇടവക വികാരി എന്ന നിലയിൽ ജില്ലാ കോടതിയിൽ ഒന്നാം വാദിയായി വ്യവഹാരം ബോധിപ്പിക്കുകയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി മെത്രാൻ കക്ഷിക്ക് അനുകൂലമായ വിജയം നേടുകയും സുപ്രീംകോടതി ഇടവകവികാരി എന്ന നിലയിൽ അനുവദിച്ച അധികാരം കാതോലിക്കാബാവയുടെ താല്പര്യപ്രകാരം സഭക്കായി സ്വമേധയാ വിട്ടു നൽകി.

1964ൽ അച്ചന്റെ പേരിലുള്ള കുടുംബവക പള്ളിയും സ്ഥലവും സഭക്കായി നൽകണമെന്ന് തുമ്പമൺ ഭദ്രാസനാധിപനായ മാർ പീലക്സിനോസ് തിരുമേനിയും നിരണം ഭദ്രാസനാധിപനായ മാർ ദിവന്നാസിയോസ് തിരുമേനിയും നിർബന്‌ധം പിടിച്ചു. അതിന് വിധേയനാകാതെ വന്നതിനാൽ സഭയുമായി യോജിക്കാൻ ആകാതെ വന്നു.

1965 ജൂലൈ 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മാർ ഇവാനിയോസ് പിതാവിന്റെ ഓർമ്മത്തിരുന്നാൾ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു മലങ്കര കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. അന്നേദിവസം തന്നെ ചെങ്ങന്നൂർ പാണ്ടനാട് കീഴ് വൻമഴി സെന്റ് തേരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരിയായി നിയമിതനാകുകയും ജൂലൈ 18ന് ചുമതല ഏൽക്കുകയും ചെയ്തു.

1965ൽ പുനരൈക്യപ്പെടുന്നതിന് മുമ്പ് തന്നെ കാതോലികവും ശ്‌ളൈഹികവും ഏകവും വിശുദ്ധവുമായ സത്യസഭ പത്രോസിന്റെ പിൻഗാമിയായ റോമിലെ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയാണെന്ന് തിരിച്ചറിഞ്ഞിരുന്നതിനാൽ പുനരൈക്യപ്പെടുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. മട്ടയ്ക്കൽ എം ജെ ജോർജ്, കാഞ്ഞിരംതുണ്ടിൽ ഉമ്മൻചാണ്ടി, പുതുവന ജോർജ് സാർ എന്നിവരെല്ലാം ഇപ്രകാരം അച്ചന്റെ പുനരൈക്യത്തിന് മുമ്പേ മലങ്കര സുറിയാനി കത്തോലിക്കാസഭയിലേക്ക് കടന്നുവന്നവരാണ്.

പുനരൈക്യത്തിനു ശേഷം ചെങ്ങന്നൂർ ഇടവകയുടെയും ചെങ്ങന്നൂർ വൈദിക ജില്ലയുടെയും വികാരിയായിരുന്ന ജോർജ് പാലത്തുംപാട്ട് അച്ചനുമായി ചേർന്ന് പരമേശ്വരത്ത് നൈനാൻ ഇൻസ്പെക്ടർ, കല്ലിത്തറ, ഉഴത്തിൽ, മാന്താനത്ത്, ആശാരി പറമ്പിൽ, ഇടയാടിയിൽ തുടങ്ങിയ വീടുകളിലെ നിരവധി അംഗങ്ങളെ സഭയിലേക്കാനയിച്ചു. കീഴ് വൻമഴി പള്ളിയിൽ വികാരി എങ്കിലും പാലത്തും പാട്ട് അച്ചന്റെ നാല് പള്ളികളിലും സഹായിക്കാറുമുണ്ടായിരുന്നു അതേപോലെതന്നെ ചെങ്ങന്നൂരിലെ എല്ലാ കാര്യങ്ങളിലും.

കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടതിന് ശേഷം ചേപ്പാട് പീലിപ്പോസ് റമ്പാച്ചനുമായി അടുത്തിടപഴകാൻ കപ്ളാശ്ശേരിൽ അച്ചനായി. ശുശ്രൂഷകളിൽ പങ്കെടുക്കുകയും ലേഖന പരമ്പരകളെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്തത് നിമിത്തം സുറിയാനി ഭാഷയിലും മലയാളഭാഷയിലും അച്ചന് പ്രാവീണ്യം ഉണ്ടെന്ന് മനസ്സിലാക്കിയ റമ്പാച്ചൻ കഷ്ടാനുഭവ ആഴ്ചയിലെ ഗീതങ്ങൾ ഭാഷാന്തരം ചെയ്ത് ആരാധനയ്ക്ക് സഹായിക്കാനുള്ള ഒരു പുസ്തകം തയ്യാറാക്കുന്നതിനുള്ള തന്റെ ഉദ്യമത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും തദനുസരണം ഇരുവരും ചേർന്ന് മൂന്നുമാസം കൊണ്ട് കഷ്ടാനുഭവ ആഴ്ചയിലെ പ്രാർത്ഥന ക്രമം രൂപപ്പെടുത്തുകയും ചെയ്തു.

1963ല്‍ ചെങ്ങന്നൂരിൽ ഇന്ന് നാം കാണുന്ന പുതിയ പള്ളിക്ക് പണി ആരംഭിക്കുന്നു, പക്ഷേ കിഴക്കുവശത്ത് പ്രദക്ഷിണത്തിന് സ്ഥലമില്ല. തൊട്ടടുത്തുള്ള സി.എസ്. ഐ. ഇടവകയിൽ നിന്ന് സ്ഥലം പണം കൊടുത്താൽ ലഭിക്കും എന്ന വ്യാമോഹത്തിൽ ആയിരുന്നു പണി ആരംഭിച്ചത്. അടിത്തറ കെട്ടിയതോടെ എങ്ങും എത്താതെ പള്ളി പണിയും നിന്നു. എന്നാൽ ഇടവകയിലെ ശുശ്രൂഷകൾ മുടങ്ങാതെ നടന്നു. തോണ്ടുകുഴിയിൽ കുട്ടി എന്ന പള്ളിമൂപ്പന്റെ വശം “ഞാൻ ഒരിടം വരെ പോകുന്നു പള്ളിക്കാര്യം ശ്രദ്ധിക്കണം” എന്ന് കാണിച്ച് ഒരു കത്ത് ഫാ. ജോർജ് പാലത്തുംപാട്ട് ഈപ്പൻ അച്ചനായി കൊടുത്തയച്ചു. ജോഷ്വാ ചുട്ടിപ്പാറ അച്ചൻ വന്നു വികാരി സ്ഥാനം ഏൽക്കുന്നത് വരെ തുടർന്നുള്ള എല്ലാ കാര്യങ്ങളും കപ്ളാശേരിൽ അച്ചൻ നിർവ്വഹിച്ചു.

ചേപ്പാട്ട് പീലിപ്പോസ് റമ്പാൻ തന്റെ ആത്മകഥയായ പൂർവ്വകാല സ്മരണകളിൽ അന്നത്തെ കാര്യങ്ങൾ വിവരിക്കുന്നു.
“1967 നവംബറിൽ മൂന്നു റീത്തിൽ നിന്നും കുറേ ചെറുപ്പക്കാരച്ചൻമാർ കൂടി ലത്തീൻ റീത്തും അന്ത്യോക്യൻ റീത്തും കൽദായ റീത്തും നിറുത്തിക്കളയണമെന്നും ഭാരതത്തിന് ആകമാനമായി ഒരു റീത്തുണ്ടാക്കണമെന്നും പറഞ്ഞ് ഒരു പ്രചരണ വേല തുടങ്ങി… ചെങ്ങന്നൂർ പള്ളിയിൽ വികാരിയായിരുന്ന പാലത്തുംപാട്ട് അച്ചൻ ആരോടും ചോദിക്കാതെ അമേരിക്കയിലേക്കു പോയി. ഇദ്ദേഹം ഈ ഏകറീത്തനുകൂലിയായിരുന്നു”.

വിളയിൽ ജേക്കബച്ചൻ ചെങ്ങന്നൂർ ഇടവക വികാരിയായി ചുമതല ഏറ്റെടുക്കുകയും പള്ളി പണി ആരംഭിക്കുകയും ചെയ്തപ്പോൾ സി. എസ്. ഐ സഭയിലെ മല്ലാശ്ശേരി അച്ചനും കപ്ലാശ്ശേരിൽ അച്ചനും വിളയിൽ അച്ചനും ചേർന്ന് നടത്തിയ പരിശ്രമങ്ങളുടെ ഫലമായി പള്ളിയുടെ കിഴക്ക് വശത്ത് പ്രദക്ഷിണം നടത്താനാവശ്യമായ സ്ഥലം സി. എസ്. ഐ ഇടവക സൗജന്യമായി നൽകി. ഈ ദാനം ചെങ്ങന്നൂർ ഇടവകയ്ക്ക് ഒരിക്കലും മറക്കാനാവുന്നതല്ല.

ആലാ, ചെറിയനാട് , പുത്തൻകാവ്, കോടുകുളഞ്ഞി, കൊല്ലകടവ്, കുറിച്ചിമുട്ടം എന്നീ പള്ളികളിലെല്ലാം അച്ചൻ വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തു. ഇടവക ഭരണത്തിൽ നിന്ന് വിരമിച്ചതിനു ശേഷവും സമീപപ്രദേശങ്ങളിലെ വികാരിമാരെ ശുശ്രൂഷകളിൽ കപ്ളാശേരിൽ അച്ചൻ സഹായിച്ചു. ചെങ്ങന്നൂർ പള്ളിയിൽ ഞായറാഴ്ചകളിലെ രണ്ടാമത്തെ കുർബാനയും നടത്തിയിരുന്നു. ചെങ്ങന്നൂർ സെന്റ് ആൻസ് ബഥനി കോൺവെന്റിൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിച്ചിരുന്നതും അച്ചനായിരുന്നു. മുക്കത്ത് കുടുംബയോഗം പ്രസിഡന്റ് സ്ഥാനത്തുനിന്ന് തോമസ് ഇഞ്ചക്കലോടിയിൽ അച്ചൻ മാറിയതോടെ കപ്ലാശ്ശേരിൽ അച്ചൻ സ്ഥാനം ഏറ്റെടുത്തു.

തെക്കേടത്ത് ഏബ്രഹാം അച്ചനും കപ്ലാശ്ശേരിൽ അച്ചനും ചേർന്ന് ആറന്മുളയിൽ ഒരു മിഷൻ സ്ഥാപിക്കുകയും ഇപ്പോൾ അത് പത്തനംതിട്ട രൂപതയിലെ ഒരു ഇടവകയായി മാറുകയും ചെയ്തു. 1965 ജൂലൈ മുതൽ 1994 ജൂലൈ വരെ ചെങ്ങന്നൂർ പള്ളിയിലെ ഒരു കാര്യത്തിനും മുടക്കം വരുത്താതെ ആത്മാർത്ഥമായി
സേവനം ചെയ്ത ബഹുമാനപ്പെട്ട അച്ചൻ 50 വർഷം മുടങ്ങാതെ വൈദിക ശുശ്രൂഷ നടത്തി. സൈക്കിൾ ചവിട്ടിയും കാൽനടയായി യാത്ര ചെയ്തുമെല്ലാം ചെങ്ങന്നൂരും സമീപപ്രദേശങ്ങളിലും ശുശ്രൂഷകൾക്കായി പോയിരുന്ന അച്ചൻ തന്നാൽ കഴിയും വിധമെല്ലാം ഈ പള്ളികളിലെ വികാരി അച്ചൻമാരെ വിശുദ്ധ കുർബാനയിലും ശുശ്രൂഷകളിലും സഹായിച്ചിരുന്നു.

“മലങ്കര സുറിയാനി സഭക്കായി ഔദാര്യപൂർവ്വം സേവനം ചെയ്ത വൈദികൻ” എന്നാണ് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് ഈപ്പൻ അച്ചനെ വിശേഷിപ്പിച്ചത്. “എല്ലാവരോടും സ്നേഹത്തോടും സൗഹാർദ്ദത്തോടും ഇടപെട്ടിരുന്ന, തന്നാൽ കഴിയും വിധത്തിലുള്ള സഹായം ആർക്കും നൽകുന്നതിന് വൈമുഖ്യമില്ലാത്ത തികഞ്ഞ ശാന്ത സ്വഭാവക്കാരനായിരുന്ന വൈദികൻ”, മാവേലിക്കര ഭദ്രാസനാംഗമായ ഫാ. ഗീവർഗീസ് ചരുവിള തന്റെ കുമ്പസാരക്കാരനായിരുന്ന കപ്ളാശേരിൽ അച്ചനെ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്.

1994 ജൂലൈ മാസം പന്ത്രണ്ടാം തീയതി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ രോഗത്താൽ ഈപ്പനച്ചൻ കർതൃസന്നിധിയിലേക്ക് മടങ്ങി. രോഗപീഡകളാൽ ക്ളേശിതനായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ അസാന്നിദ്ധ്യത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അന്നത്തെ നാലു പിതാക്കന്മാരും ചേർന്ന് അച്ചന്റെ ഭൗതീകശരീരം ചെങ്ങന്നൂർ പള്ളിയിൽ ആചാര ബഹുമാനങ്ങളോടെ സംസ്കരിച്ചു. 2001 ഡിസംബർ 23ന് അച്ചന്റെ സഹധർമ്മിണി അന്നമ്മ ഈപ്പൻ മരണമടഞ്ഞു, ചെങ്ങന്നൂർ പള്ളിയിൽ സംസ്കരിച്ചു.

അച്ചന്റെ മക്കൾ മൂന്ന് പേരും – മറിയാമ്മ ഈപ്പൻ (മോളി), ഈപ്പൻ കെ. ഈപ്പൻ (ബോബൻ), ജോസഫ് ഈപ്പൻ (അബി) അവരുടെ തലമുറകളും പിതാവിന്റെ അനുഗ്രഹീത പാത പിന്തുടർന്ന് സഭയോട് ചേർന്ന് വിശ്വാസാധിഷ്ഠിതമായ ജീവിതം നയിക്കുന്നു.

കടപ്പാട്: ഈപ്പൻ കെ ഈപ്പൻ (ബോബൻ), കപ്ലാശ്ശേരിൽ അച്ചന്റെ മകൻ

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Rev. Fr Eapen Kaplasseril (1914-1994)
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment