വിഷമസന്ധികളിൽ ഈശോയുടെ ദിവ്യകാരുണ്യ ഹൃദയത്തോടെയുള്ള പ്രാർത്ഥന

ഈശോയുടെ ദിവ്യഹൃദയമേ, ലോകം ഞങ്ങളെ പരിത്യജിക്കുകയും, ആശ്വാസം കണ്ടെത്തുന്നതിനായി എങ്ങോട്ടു തിരിയണമെന്നറിയാതെ ഞങ്ങൾ വലയുകയും ചെയ്യുമ്പോൾ അവിടുത്തെ വിശുദ്ധസാരി ഞങ്ങളുടെ ആശാകേന്ദ്രമാണെന്ന് ഞങ്ങളെ അനുസ്മരിപ്പിക്കണമെ. ഞങ്ങളുടെ മാതാപിതാക്കളും ഉറ്റമിത്രങ്ങളും ഞങ്ങളിൽ നിന്ന് വേർപെട്ടുപോകുകയും ഞങ്ങളെ സ്നേഹിക്കുവാനും ഞങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധപതിക്കുവാനും ആരും ഇല്ലാതാവുകയും, ഞങ്ങൾ ആശ്വാസരഹിതരായി ഭവിക്കുകയും ചെയ്യുമ്പോൾ, മരണമില്ലാത്ത ഒരു സ്നേഹിതൻ വിശുദ്ധ സക്രാരിയിലുണ്ടെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമെ. ക്ലേശങ്ങൾ വർദ്ധിക്കുകയും അവയുടെ ദുർവ്വഹഭാരത്താൽ ഞങ്ങൾ നിലംപതിക്കുകയും, ഞങ്ങളുടെ നിസ്സഹായാവസ്ഥയിൽ ആശ്വാസത്തിനായി നാലുപാടും കണ്ണുകൾ തിരിക്കുകയും ചെയ്യുമ്പോൾ അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്നവരെ, നിങ്ങളെല്ലാവരും എന്റെ പക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന് വിശുദ്ധ സക്രാരിയിൽ നിന്ന് അങ്ങ് അരുളിച്ചെയ്യുന്ന സ്നേഹമസ്രണമായ വാക്കുകൾ ഞങ്ങളുടെ കർണ്ണപുടങ്ങളിൽ മാറ്റൊലി കൊള്ളട്ടെ.
അങ്ങയുടെ ദയാമൃതം ഞങ്ങളുടെമേൽ വർഷിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന പരിശുദ്ധമായ ആനന്ദം വേണ്ടപോലെ ആസ്വദിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു.

ഞങ്ങൾ പീഡനങ്ങൾക്കും അവഹേളനങ്ങൾ ക്കും വിഷയമാകയും ഞങ്ങളുടെ ആശകളെല്ലാം അസ്തമിച്ച് മറ്റൊരാൾക്കും വെളിപ്പെടുത്തുവാൻ നിർവ്വാഹമില്ലാത്ത വേദനകളും യാതനകളും പരീക്ഷണങ്ങളും ഞങ്ങളെ മരണതുല്യമായ ദുഃഖത്തിലാഴ്ത്തുകയും ഞങ്ങളുടെ ആവശ്യങ്ങളും അവശതകളും ഗ്രഹിക്കുവാനും ഞങ്ങളോട് അനുകമ്പ പ്രദർശിപ്പിക്കുവാനും ലോകത്തിൽ ആരേയും ഞങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോൾ ഞങ്ങളോട് ഹാർദ്ദവമായി സഹതപിക്കുന്ന അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ തന്നെ സന്നിഹിതനാണെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമെ. ഞങ്ങളുടെ ദൈനംദിന ദുരിതങ്ങൾ നല്ലതുപോലെ അറിയുകയും ഞങ്ങളുടെ ഹൃദയത്തുടിപ്പുകൾ പോലും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അങ്ങ് ഞങ്ങളെ കനിഞ്ഞ് അനുഗ്രഹിക്കുകയും അങ്ങേ കൃപാവരം ഞങ്ങളിൽനിറയ്ക്കുകയും ചെയ്യണമെ.

കരുണസമ്പൂർണ്ണനായ ഈശോയെ, ഞങ്ങളുടെ ഹൃദയം അങ്ങയുടെ കാരുണ്യത്തിനുവേണ്ടി ദാഹിക്കുന്നു. മറ്റാരും സഹതപിക്കുവാനില്ലാതെ തനിച്ച് സഹിക്കുക എന്നതാണ് സഹനത്തിന്റെ പാരമ്യമെന്ന് ഞങ്ങളറിയുന്നു. അങ്ങേ
കൃപാവരത്താൽ ഭാരമേറിയ ഞങ്ങളുടെ കുരിശുകൾ അങ്ങയോടൊന്നിച്ച് വഹിക്കുന്നതിന് അതുവഴി കയ്പ്പേറിയ ഞങ്ങളുടെ ദുരിതങ്ങൾ മാധുര്യപൂർണ്ണമായി തീരുന്നതിനും ഇടയാക്കണമേ.

ഈശോയുടെ തിരുഹൃദയമേ, അങ്ങയുടെ വരപ്രസാദവും ആശീർവാദവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ. അങ്ങയുടെ സമാധാനം ഞങ്ങളെ വലയം ചെയ്യട്ടെ. അങ്ങയുടെ സ്നേഹം ഞങ്ങളുടെ ഹൃദയങ്ങളിൽ ഉജ്ജ്വലിക്കട്ടെ. അങ്ങയുടെ ദുഃഖങ്ങൾ ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെ തീക്ഷ്ണത ഞങ്ങളെ ഉത്തേജിപ്പിക്കട്ടെ. അങ്ങയുടെ സദ്ഗുണങ്ങൾ ഞങ്ങളുടെ വാക്കുകളിലും പ്രവത്തികളിലും പ്രതിഫലിക്കുകയും സ്വർഗ്ഗീയസൗഭാഗ്യം ഞങ്ങളുടെ നിത്യസമ്മാനമായിരിക്കുകയും ചെയ്യട്ടെ.

ആമ്മേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment