എന്തിന് ഞാൻ ഇതനുഭവിക്കണം?

സഹനത്തിനിടയിലും പ്രാർത്ഥിക്കാൻ മറക്കരുത്, പ്രാർത്ഥന ഉപേക്ഷിക്കരുത് എന്നൊക്കെ കേൾക്കാറില്ലേ? ചിലപ്പോഴെങ്കിലും അതിന് പറ്റിയെന്നു വരില്ല. ഭയങ്കരമായി hurt ആയാൽ പലപ്പോഴും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ഒരു വാക്ക് പ്രാർത്ഥിക്കാൻ പറ്റാതെ മനസ്സിൽ കയ്പ്പ് നിറഞ്ഞ്, ഇരുന്നു പുകയാറുണ്ട്. കഠോരമായ ശരീരവേദന അനുഭവിക്കുമ്പോഴും മാറാരോഗത്താൽ വലയുമ്പോഴും ഇതുതന്നെ ആയിരിക്കാം അവസ്ഥ ചിലരുടെയൊക്കെ. സഹനത്തിന്റെ അർത്ഥമോ മഹത്വമോ ആ നിമിഷങ്ങളിൽ നമ്മൾ ഓർക്കണമെന്നില്ല. ‘എന്തിന് ഞാൻ ഇതനുഭവിക്കണം?’ എന്ന വേദനയും ദൈവത്തോട് പോലുമുള്ള ദേഷ്യവും ആകാം മനസ്സിൽ. Mind ആകെ blank ആയിപ്പോവും.

ക്ഷമിക്കാനോ പ്രാർത്ഥിക്കാനോ പറ്റുന്നില്ല എന്നതിൽ നിരാശ തോന്നേണ്ട കാര്യമില്ല. ദൈവത്തിൽ നിന്നകന്നു പോയി പാപം ചെയ്യാതിരുന്നാൽ മതി. നമ്മുടെ ആഗ്രഹമോ, പ്രയത്നമോ അല്ല കർത്താവിന്റെ കൃപക്ക് അടിസ്ഥാനമെന്ന ഒരു ഗുഡ് ന്യൂസ് ഉണ്ട്‌. ഒന്ന് ആഗ്രഹിക്കാൻ പോലും നമുക്കവന്റെ കൃപ വേണം. നമ്മളെ ശരിക്കും മനസ്സിലാക്കുന്നവനാണവൻ.

എത്ര ആത്മീയർ ആയാലും ചില സാഹചര്യങ്ങൾ നമ്മുടെ കയ്യീന്ന് പോയെന്ന് വരും. നമ്മുടെ ആത്മശക്തി മുഴുവനും തന്നെ സംഭരിച്ചാലും, ഒരു കൈ സഹായം, പ്രചോദനം, കിട്ടിയില്ലെങ്കിൽ കേറി വരാൻ പറ്റാതെ, നിലയില്ലാകയത്തിൽ നമ്മൾ പിടയുമെന്ന് കർത്താവിനറിയാം.

ഗദ്സെമെൻ തോട്ടത്തിൽ തീവ്രദുഖത്താൽ വലഞ്ഞ ഈശോയെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനുമായി പിതാവായ ദൈവം തന്റെ ദൂതനെ അയച്ചില്ലേ? തനിയെ ഒന്നിനും പറ്റാത്തപ്പോൾ കർത്താവ് കയ്യയച്ച് സഹായിച്ചിട്ടുള്ള അനുഭവങ്ങൾ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. നിങ്ങൾക്കെല്ലാം ഉണ്ടായിക്കാണുമെന്നു എനിക്കറിയാം. എന്റെ ഒരനുഭവം ഞാൻ പണ്ട് ഒരു പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. അത് ഇങ്ങനെ ആയിരുന്നേ…

നാട്ടിൽ ഒരു മാസത്തെ വെക്കേഷന് പോവുമ്പോൾ ഒരാഴ്ചത്തെ ധ്യാനം കൂടുന്ന പതിവുണ്ടായിരുന്നു എനിക്ക്. അങ്ങനെ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഒരു ദമ്പതിധ്യാനം ഒറ്റക്ക് കൂടുവായിരുന്നു (ആ, ഞാൻ couplesന് വേണ്ടി ഉള്ള ധ്യാനം ഒറ്റക്ക് കൂടിയിട്ടൊക്കെ ഉണ്ട്‌). കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണേ ഈ പറയുന്നത്. ഇംഗ്ലീഷ് ധ്യാനമാവുമ്പോൾ പ്രസംഗിക്കുന്നവരുടെയൊക്കെ ടോക്കിൽ joy… joy എന്ന് മുട്ടിന് മുട്ടിന് ഉണ്ടാവും. വീട്ടിൽ ന്ന് വഴക്കു കൂടി വല്ല മുറിവും ഒക്കെ വെച്ചോണ്ടാണ് ധ്യാനത്തിന് പോയതെങ്കിൽ പറയേം വേണ്ട .. find joy… seek joy… live joyfully… ഇങ്ങനെ ഇടയ്ക്കിടെ കേൾക്കേണ്ടി വരും. ( മലയാളം ധ്യാനവും കൂടാറുണ്ട്. അപ്പുറത്ത് മക്കൾ ഇന്റർനാഷണൽ യൂത്ത് റിട്രീറ്റ് കൂടുമ്പോൾ, ഒന്നിച്ച് ഒരു റൂമിൽ അവരോടൊപ്പം നിക്കാൻ വേണ്ടിയാണ് ഞാൻ ഇംഗ്ലീഷ്ധ്യാനത്തിൽ തന്നെ പങ്കെടുത്തത് രണ്ട് കൊല്ലം ).

അങ്ങനെ, ഒരു ദിവസം

Fr. Rob Galea ഗിറ്റാർ ഒക്കെയായി അടിപൊളി ക്ലാസ് എടുക്കുവാണ്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ, ഫലങ്ങൾ എന്നിവയെപ്പറ്റിയാണ്‌ ക്ലാസ്സ്‌. ഓരോ ദാനങ്ങൾ, ഫലങ്ങൾ ഒന്നിന് പുറകെ ഒന്നായി വലിയ സ്‌ക്രീനിൽ എഴുതി കാണിക്കുന്നു. ആൾ അതിനെപ്പറ്റി വിവരിക്കുന്നു. അങ്ങനിരിക്കുമ്പോ Joy എന്ന പരിശുദ്ധാത്മഫലം വന്നു. മറ്റു subtitles എല്ലാം വേഗം വേഗം സ്‌ക്രീനിൽ വന്നു മാറിപ്പോയി. ഈ JOY എന്ന വാക്ക് സ്‌ക്രീനിൽ വന്നതും ഒരു 20 minutes അങ്ങനെ തന്നെ നിന്നു. ഞാൻ ആണെങ്കിൽ ക്ഷമിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ആ ധ്യാനം കൂടുന്നത് തന്നെ. സ്‌ക്രീനിൽ വലിയ അക്ഷരത്തിൽ എഴുതിയിട്ടുള്ള Joy എന്ന വാക്ക് എന്റെ കണ്ണിൽ വന്നടിച്ചു …

ഞാൻ കരഞ്ഞുകൊണ്ട് കർത്താവിനോട് പറഞ്ഞു, ‘ഇതെന്നെ ഉദ്ദേശിച്ചാണ്… എന്നെ തന്നെ ഉദ്ദേശിച്ചാണ് ….എന്നെ മാത്രം ഉദ്ദേശിച്ചാണ്’. ഈശോ പറയുന്ന പോലെ തോന്നി. ‘അതേ, നിനക്ക് വേണ്ടി തന്നെയാണ്… അവനോട് ക്ഷമിച്ചേ പറ്റുള്ളൂ’. എന്നെ വ്യക്തിപരമായി ഇത്രയും സ്നേഹിക്കുന്ന, ഇത്രയും ആളുകൾക്കിടയിൽ ഇരിക്കുന്ന എന്റെ ചങ്കു തകർക്കാൻ വേണ്ടി ഇങ്ങനെ ഓരോ കുഞ്ഞു tricks കാണിക്കുന്ന ഈശോയുടെ സ്നേഹം ഓർത്തപ്പോൾ കണ്ണുനീരിന്റെ ഒരു പ്രവാഹമായിരുന്നു, ഈശോയെ പ്രതി വേഗം ക്ഷമിക്കാനും സാധിച്ചു. മുറിവേൽപ്പിച്ചാലെ നമ്മൾ രക്ഷപ്പെടുള്ളു എങ്കിൽ അതിനും (സഹനങ്ങളില്ലെങ്കിൽ, സുഭിക്ഷതയിൽ, ഒരുപക്ഷേ നമ്മൾ ദൈവത്തെ മറന്നുപോകും) മുറിവേറ്റത് വെച്ചുകെട്ടാനും എന്ത് ചെയ്യണമെന്ന് അവനറിയാം. ഹൃദയം തകർക്കാതെ, ഒരു സഹനവും ഇല്ലാതെ ആരാണ് ദൈവത്തോട് ചേർന്നു ഏറെക്കാലം നിന്നിട്ടുള്ളത്.

നിങ്ങൾ ഒന്ന് ഓർത്തു നോക്കിക്കേ, നമ്മൾ ഓരോരുത്തരെയും വ്യക്തിപരമായി, ചങ്കായി, ചങ്കു പറിച്ചു തന്ന് സ്നേഹിക്കുന്ന ഒരു ദൈവമല്ലേ നമ്മുടെ കൂടെയുള്ളത് ? ഒരു ധ്യാനഹോളിൽ തികച്ചും insignificant ആയി മിക്കവർക്കും തോന്നാവുന്ന ചില കാര്യങ്ങൾ കൊണ്ട് ചിലരെ തൻറെ സ്നേഹത്തിൽ പിടിക്കപെട്ടവനാക്കുന്ന, ഹൃദയം തകർത്ത് സാന്ത്വനമരുളുന്ന ഒരു ദൈവം. ചിലർക്ക് പ്രത്യേകിച്ചൊന്നും തോന്നാത്ത ബൈബിൾ വചനങ്ങൾ ചിലർക്ക് പാറയെ തകർക്കുന്ന കൂടം പോലെ ആയിരിക്കും. ഏതു വചനത്തിനാണ് നമ്മളെ എടുത്തെറിയാനുള്ള ശക്തി ഉള്ളതെന്ന് നന്നായി അറിയാവുന്ന നമ്മുടെ സ്വന്തം ദൈവം.

നിങ്ങൾക്ക് പ്രാർത്ഥിക്കാൻ പറ്റാത്തപ്പോഴും ക്ഷമിക്കാൻ പറ്റാത്തപ്പോഴുമൊക്കെ വിശുദ്ധ കുർബ്ബാന ഒരിക്കലും miss ആക്കരുത്. ഹൃദയം കഠിനമാണെങ്കിലും എത്ര കയ്പ്പ് നിറഞ്ഞിരിക്കുകയാണെങ്കിലും കുർബ്ബാനയിൽ സംബന്ധിക്കണം. നിങ്ങളെ എങ്ങനെ പിടിച്ചെടുക്കണം, സാന്ത്വനിപ്പിക്കണം എന്നറിയാവുന്ന കർത്താവ്‌ നിങ്ങൾക്ക് വേണ്ട ബൈബിൾ വാചകമോ, വൈദികന്റെ വചനസന്ദേശത്തിനിടയിൽ (homily) പറ്റിയ ഉപദേശമോ തന്നെന്നിരിക്കും. എനിക്ക് അനുഭവമുണ്ട്.

‘നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?’ (നിയമാവർത്തനം 4:7) ❤️

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment