ദിവ്യകാരുണ്യ വിചാരങ്ങൾ 28

ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ അഥവാ ജെ. ആർ. ആർ. റ്റോൾകീൻ ഒരു ഇംഗ്ലീഷ് ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു. ദ് ഹോബിറ്റ്, ലോർഡ് ഓഫ് ദ് റിങ്സ് എന്നീ കൃതികളുടെ രചിതാവ് എന്ന നിലയിൽ ലോക പ്രശസ്തനാണ് റ്റോൾകീൻ. അമ്മയുടെ മരണശേഷം അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതന്റെ മേൽനോട്ടത്തിലാണ് അദ്ദേഹം വളർന്നത്.ഒന്നാം ലോക മഹായുദ്ധകാലത്ത് സൈനിക സേവനം നടത്തിയ റ്റോൾകിൻ 1925 മുതൽ 1945 വരെ ഒക്സ്ഫോർഡ് സർ‌വ്വകലാശാലയിലെ ആംഗ്ലോ-സാക്സൺ ഭാഷ അധ്യാപകൻ ആയിരുന്നു. ഒരു ഉറച്ച കത്തോലിക്ക വിശ്വാസിയായിരുന്ന റ്റോൾകീൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സി.എസ്. ലൂയിസ് .

ജെ.ആർ.ആർ. ടോൾകീന്റെ ആത്മീയ പതിവുകൾ ലളിതമായിരുന്നു: കുർബാനയ്ക്ക് മുമ്പ് കുമ്പസാരക്കുക, എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, കിടക്കുന്നതിന് മുമ്പ് ജപമാല അർപ്പിക്കുക. അദ്ദേഹത്തിന്റെ ഭക്തിയുടെ കേന്ദ്രം വിശുദ്ധ കുർബാനയായിരുന്നു .

1941-ൽ അദ്ദേഹം തന്റെ മകൻ മൈക്കിളിന് എഴുതിയ ഹൃദയസ്പർശിയായ ഒരു കത്തിന്റെ ഉപസംഹാരം ഇതാണ്: ”എന്റെ ജീവിതത്തിന്റെ ഇരുട്ടിൽ നിന്ന്, വളരെ നിരാശനായ ഞാൻ ഭൂമിയിൽ സ്നേഹിക്കേണ്ട ഒരു മഹത്തായ കാര്യം നിൻ്റെ മുൻപിൽ തരുന്നു: വിശുദ്ധ കുർബാന… അവിടെ നീ പ്രേമവും, മഹത്വവും ബഹുമാനവും, വിശ്വസ്തതയും, ഭൂമിയിലെ നിൻ്റ എല്ലാ സ്നേഹങ്ങളുടെയും യഥാർത്ഥ വഴിയും കണ്ടെത്തും…” (ജെ.ആർ.ആർ. ടോൾകീന്റെ കത്തുകൾ, നമ്പർ 43)

22 വർഷങ്ങൾക്ക് ശേഷം അതേ മകന് എഴുതിയ ഹൃദയസ്പർശിയായ മറ്റൊരു കത്തിൽ ടോൾകീൻ ഇങ്ങനെ എഴുതി: ”ഞാൻ ആദ്യം മുതൽ വാഴ്ത്തപ്പെട്ട കൂദാശയുമായി സ്നേഹത്തിലായി – ദൈവത്തിന്റെ കാരുണ്യത്താൽ പിന്നീടൊരിക്കലും വീണുപോയിട്ട: പക്ഷേ കഷ്ടം! തീർച്ചയായും ഞാൻ അതിനനുസരിച്ച് ജീവിച്ചില്ല… ദുഷ്ടതയും അലസതയും കാരണം ഞാൻ എന്റെ മതം അനുശാസിക്കുന്നത് ജീവിക്കുന്നത് ഏതാണ്ട് അവസാനിപ്പിച്ച പോലയായിരുന്നു. – പ്രത്യേകിച്ച് ലീഡ്സിലും 22 നോർത്ത്മൂർ റോഡിലും താമസിച്ച സമയം… ആ ദിനങ്ങളെയോർത്തു ഞാൻ കഠിനമായി ഖേദിക്കുന്നു. കാരണം ഞാൻ ഒരു പിതാവെന്ന നിലയിൽ പരാജയപ്പെട്ടു.

ഇപ്പോൾ ഞാൻ നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു, ആ സൗഖ്യദായകൻ എന്റെ വൈകല്യങ്ങൾ സുഖപ്പെടുത്തട്ടെ, കൂടാതെ നമ്മൾ കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്ന പ്രാർത്ഥന ഒരിക്കലും അവസാനിപ്പിക്കരുത്.”

ഈ കാലഘട്ടത്തിൽ വിശുദ്ധിയിൽ പുരോഗമിക്കാൻ ഏറ്റവും എളുപ്പമായ വഴി വിശുദ്ധ കുർബാനയുമായി പ്രണയത്തിലാവുക എന്നതുമാത്രമാണ്.

ടോൾകീൻ്റെ ജീവിതവും ഉപദേശവും നമ്മെ പഠിപ്പിക്കുന്ന ജീവിത യാഥാർത്ഥ്യമാണ് അത്.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment