പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാലയും

“സ്വർഗ്ഗീയ അമ്മയുടെ അടുത്ത് എപ്പോഴും ആയിരിക്കുക, ആ അമ്മയെ സ്നേഹിക്കുക, ജപമാല ചൊല്ലി പ്രാർത്ഥിക്കുക, കാരണം ഈ കാലഘട്ടത്തിലെ ലോകത്തിന്റെ എല്ലാ തിന്മകൾക്കും എതിരായുള്ള ആയുധം ജപമാലയാണ്”. ദിവസവും 40നു അടുത്ത് ജപമാലകൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ആണിത് പറഞ്ഞത്.

വിശുദ്ധ ബ്രിജിറ്റിനു ലഭിച്ച ഒരു ദർശനത്തിൽ ഈശോ തൻറെ അമ്മയായ പരിശുദ്ധ മറിയത്തോടായി ഇങ്ങനെ പറയുന്നത് കേട്ടു. “ഓ എന്റെ അമ്മെ; ഞാൻ അങ്ങയെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് അങ്ങേക്കറിയാം… അപ്പോൾ പിന്നെ അങ്ങ് ആഗ്രഹിക്കുന്നതെന്തും എന്നോട് ചോദിക്കുക. എന്തെന്നാൽ അങ്ങയുടെ ഏതൊരാഗ്രഹവും ഞാൻ കാരുണ്യപൂർവ്വം ശ്രവിക്കും.” അവിടുന്ന് കൂട്ടിച്ചേർത്ത കാരണം മനോഹരമായിരുന്നു. “അമ്മെ, അങ്ങ് ഭൂമിയിലായിരുന്നപ്പോൾ എന്നോടുള്ള സ്നേഹത്തെപ്രതി അങ്ങ് ചെയ്യാൻ മടിച്ച യാതൊന്നുമില്ല. ഇപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്നതിനാൽ അങ്ങെന്നിൽ നിന്നും ചോദിക്കുന്ന യാതൊന്നും തന്നെ ഞാൻ നിരസിക്കുകയില്ലെന്നത് നീതിയാണ്”.

മറിയത്തിന്റെ ഒരു നെടുവീർപ്പിനു സകല വിശുദ്ധരുടെയും പ്രാർത്ഥനകൾ ഒന്നിപ്പിച്ചതിനേക്കാൾ ശക്തിയുണ്ട്. ഇക്കാര്യം വിശുദ്ധ ഡൊമിനിക്കിനോട് പിശാച് തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്. മനുഷ്യപ്രകൃതി ഈശോക്ക് ലഭിക്കാൻ കാരണമായ അവളുടെ സമ്മതത്താൽ അവിടുന്ന് അവളോട് കടപ്പെട്ടവനായി തീർന്നു. ആ കടപ്പാടിനാൽ ത്രിത്വൈകദൈവം അവളുടെ സകല അപേക്ഷകളും അനുവദിച്ചു കൊടുക്കുന്നു. ദൈവവചനത്തിനു മാംസം നൽകിയതു കൊണ്ടും നിത്യമരണത്തിൽ നിന്ന് നമ്മള്‍ മോചിതരാകേണ്ടതിന് രക്ഷാകരകർമ്മത്തിൽ സഹനത്തിലൂടെ പങ്കുചേർന്നതുകൊണ്ടും നമുക്ക് നിത്യരക്ഷ നേടിത്തരുന്നതിൽ അവൾ അതിശക്തയാണ്.

പക്ഷെ മറിയത്തിന്റെ മധ്യസ്ഥത ക്രിസ്തുവിന്റെ മധ്യസ്ഥതക്ക് തുല്യമോ പകരം വെക്കാവുന്നതോ അല്ല . “സൃഷ്ടിക്കപ്പെട്ട ഒന്നിനെയും യേശുവിനോട് തുല്യപദവിയിൽ കാണാൻ പാടില്ല. അതേസമയം രക്ഷകന്റെ മധ്യസ്ഥത സൃഷ്ടികളുടെ സഹകരണം ഒഴിവാക്കുന്നില്ല, മറിച്ചു് സൃഷ്ടികളിൽ നിന്ന് വിവിധങ്ങളായ സഹകരണം ആവശ്യപ്പെടുകയാണ്. അതാകട്ടെ ക്രിസ്തുവിന്റെ മധ്യസ്ഥതയിലുള്ള പങ്കുചേരലാണ് ” എന്ന് ജോൺപോൾ പാപ്പ പഠിപ്പിച്ചു . പരിശുദ്ധ അമ്മ ഒരേസമയം ദൈവമാതാവും മാനവകുലത്തിന്റെ മാതാവും സഭയുടെ മാതാവുമാണ്.

പരിശുദ്ധ അമ്മ സഭയുടെ ഏറ്റവും സുരക്ഷിതമായ അഭയസങ്കേതമായിരിക്കുന്നതു പോലെ നമ്മുടെ ഏറ്റവും ഉറപ്പുള്ള ആയുധമാണ് പരിശുദ്ധ ജപമാല. നിരവധിയായ പ്രതിസന്ധി ഘട്ടങ്ങളെ സഭ തരണം ചെയ്തത് ജപമാല പ്രാർത്ഥനയിൽ ആശ്രയിച്ചു കൊണ്ടാണെന്ന് നമുക്കറിയാം. കുടുംബവിശുദ്ധീകരണത്തിനും ഓരോ വ്യക്തിയുടെയും നിത്യജീവിതപ്രാപ്തിക്കും ഉറപ്പുള്ള സഹായവുമാണത്. ഈ പ്രാർത്ഥന ഭക്തിയോടും വിനയത്തോടും കൂടി ചൊല്ലുമ്പോൾ അത് പിശാചിനെ പലായനം ചെയ്യിക്കുന്ന ഒന്നാണ്, ഓരോ നന്മനിറഞ്ഞ മറിയവും അവന്റെ തലയിൽ കൂടം കൊണ്ട് ഇടിക്കുന്ന പോലെ ആണെന്ന് ചില ഭൂതോച്ചാടകരോട് പിശാച് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ക്രിസ്ത്യാനികളെല്ലാവരും ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞാൽ അതവന്റെ അന്ത്യമായിരിക്കുമെന്നാണവൻ പറഞ്ഞത്. അതുപോലെ കൊന്ത ചൊല്ലുന്ന പലരും ലുത്തിനിയ വിട്ടുകളയുന്നത് ആശ്വാസകരമാണവന്. ഒരു വഴിപാട് പോലെ ആകാതെ മനസ്സിരുത്തി ചൊല്ലിയാൽ അതിശക്തമാണ് ജപമാലയിലെ പ്രാർത്ഥന.

പല കുടുംബങ്ങളിലും കുടുംബപ്രാർത്ഥനയുടെ സമയം കഴിഞ്ഞു കയറിച്ചെല്ലുന്ന യുവാക്കളും കുടുംബനാഥന്മാരും ഉണ്ട്. സീരിയലിന്റെ സമയത്തിനനുസരിച്ചു കുടുംബപ്രാർത്ഥനയുടെ സമയം ക്രമീകരിക്കുന്ന അമ്മമാരുണ്ട്. പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഇങ്ങനെ പറഞ്ഞു,”വിശുദ്ധ ജപമാല ചൊല്ലുന്ന പതിവ് സർവ്വോപരി കുടുംബങ്ങളിലാണ് പരിപോഷിപ്പിക്കപ്പെടേണ്ടത്. പ്രതാപവതിയായ സ്വർഗറാണിയുടെ ബഹുമാനാർത്ഥമുള്ള സ്തുതിപ്പുകൾ ക്രൈസ്തവകുടുംബങ്ങളിൽ സായാഹ്നത്തിൽ ആവർത്തിച്ചാവർത്തിച്ചു മുഴങ്ങുന്നത് എത്ര മാധുര്യമേറിയ കാഴ്ചയാണ്. അപ്പോൾ പരിശുദ്ധ കന്യകാമറിയം സ്നേഹപൂർണ്ണയായ അമ്മയെപ്പോലെ തൻറെ മക്കളുടെ മധ്യേ സന്നിഹിതയായിരിക്കും. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങൾ ആ കുടുംബങ്ങളിൽ സമൃദ്ധമായി വർഷിച്ചുകൊണ്ട് മറിയം സന്നിഹിതയായിരിക്കും”.

“ദുഷ്ടശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ശക്തി പകർന്നുതന്ന് നമ്മെ വിജയത്തിലെത്തിക്കുന്നത് ജപമാലയാണ്”, ഫ്രാൻസിസ് പാപ്പ പറഞ്ഞു. “ഈ കാലഘട്ടം സഭയെ ഓരോ ദിവസവും എതിർക്കുകയും ഞെരുക്കുകയും ചെയ്യുന്നു. അതുകൊണ്ട് അസാധാരണമായ ദൈവിക സഹായം ആവശ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സഭയിൽ ദൈവാശ്രയത്വവും ജപമാലയുടെ മഹാകന്യകയോടുള്ള ഭക്തിയും സ്ഥിരമായിരിക്കുകയും ഒരിക്കലും ഇടമുറിയാത്തതായിരിക്കുകയും വേണമെന്നാഗ്രഹിക്കാൻ ഈ ചിന്തകൾ പ്രേരിപ്പിക്കുന്നു” ലെയോ പതിമൂന്നാമൻ പാപ്പയുടേതാണ് വാക്കുകൾ.

നമുക്ക് ജപമാല രാജ്ഞിയുടെ കൈ പിടിച്ചു മുന്നോട്ടു പോവാം. മുഖ്യദൂതന്മാർ പോലും താണുവണങ്ങി ആജ്ഞക്കായി കാത്തുനിക്കുന്ന സ്വർഗ്ഗീയനാഥ, പിശാചിനെതിരെ സൈന്യനിര പോലെ ഭയങ്കരിയായ മറിയം നമ്മുടെ സ്വന്തം അമ്മയാണ്. ജപമാലയിലൂടെ മിശിഹാരഹസ്യങ്ങളെ ധ്യാനിച്ച് കൊണ്ട് ഈശോയോടും പരിശുദ്ധ അമ്മയോടും സ്നേഹം പ്രകടിപ്പിക്കാം. നിത്യജീവനിലേക്ക്, സമുദ്രതാരമായ അവൾ കാണിക്കുന്ന വഴിയേ നമുക്ക് പോകാം…

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment