ജപമാല ആവർത്തന വിരസത ഉളവാക്കുന്നോ?

ജപമാല ആവർത്തനവിരസതയുളവാക്കുന്നെന്ന് പലരും പരാതി പറയാറുണ്ട് കാരണം നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയും ‘നന്മ നിറഞ്ഞ മറിയമേ’ യുമൊക്കെ കൂടെക്കൂടെ പറയുകയാണല്ലോ. അത് പറഞ്ഞപ്പോഴാണ്, ഒരു സായാഹ്നത്തിൽ എന്നെ കാണാൻ വന്ന ഒരു സ്ത്രീയെ ഓർമ്മ വരുന്നു. അവൾ പറഞ്ഞു,

“ഞാൻ ഒരിക്കലും ഒരു കത്തോലിക്കയാവില്ല. നിങ്ങൾ ജപമാലയിൽ, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു, ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നവരെ ഞാനെന്നല്ല, ദൈവം പോലും വിശ്വസിക്കില്ല”.

അവളുടെ കൂടെ വന്നിട്ടുള്ള മനുഷ്യൻ ആരാണെന്ന് ഞാനവളോട് ചോദിച്ചു. താൻ വിവാഹം കഴിക്കാൻ പോകുന്നയാളാണെന്നവള്‍ പറഞ്ഞു. ഞാൻ ചോദിച്ചു,
“അവനു നിന്നോട് സ്നേഹമൊക്കെ ഉണ്ടോ?”
“പിന്നില്ലാതെ”.
“അത് നിനക്കെങ്ങനെ അറിയാം?”
“അവൻ എന്നോട് പറഞ്ഞിട്ടുണ്ട്”.
“അവൻ എന്താണ് പറഞ്ഞത്?”
“അവൻ I love you എന്ന് പറഞ്ഞു”.
“എപ്പോഴാണവൻ അവസാനമായത് പറഞ്ഞത്?”
“അത്… ഒരു മണിക്കൂർ മുൻപ് “.
“അവൻ ഇതിനു മുൻപും അങ്ങനെ പറഞ്ഞിട്ടുണ്ടോ?”
“ഉവ്വ് , ഇന്നലെ രാത്രി”.
“എന്താ പറഞ്ഞെ?”
“I love you ന്ന്”.
“അതിനു മുൻപ് പറഞ്ഞിട്ടില്ല?”
“ഉവ്വെന്നേ, എല്ലാ രാത്രിയും അവൻ പറയാറുണ്ട്”.

അപ്പോൾ ഞാനവളോട് പറഞ്ഞു, “അവനെ വിശ്വസിക്കണ്ട കേട്ടോ. അവൻ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്ന കേട്ടില്ലേ? അവന് ആത്മാർഥത ഇല്ല!”.

മനോഹരമായ വസ്തുത എന്താണെന്നു വെച്ചാൽ “I love you” പറച്ചിലിൽ ആവർത്തനമൊന്നുമില്ല, കാരണം നമ്മൾ പറയുന്നത് ഓരോന്നും ഒരു പുതിയ നിമിഷത്തിലാണ്, മറ്റൊരു സന്ദർഭത്തിലും സമയത്തും; ആദ്യം പറഞ്ഞതുപോലെയല്ല വേറൊരു സമയത്തും സ്ഥലത്തും വെച്ചു പറയുമ്പോൾ. ഒരമ്മ അവളുടെ മകനോട് പറയുന്നു, “നീ ഒരു നല്ല കുട്ടിയാണ് ട്ടോ”. അതേ കാര്യം അവൾ അവനോട് ഒരു പതിനായിരം പ്രാവശ്യം അതിനു മുൻപ് പറഞ്ഞിട്ടുണ്ടാകാം, പക്ഷെ ഓരോ പ്രാവശ്യം പറയുമ്പോഴും അതിന് കുറച്ച് വ്യത്യാസമുണ്ട്. പുതിയ ഓരോരോ സന്ദർഭങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്ന വാത്സല്യ വിസ്‌ഫോടനത്തിൽ,
നമ്മുടെ മുഴുവൻ വ്യക്തിത്വവും പുതിയതാക്കപ്പെടുന്ന പ്രതീതിയാണ്. സ്നേഹം പ്രകടിപ്പിക്കപ്പെടുന്നത് ഒരേ രീതിയിൽ ആണെങ്കിൽ കൂടി പോലും അതൊരിക്കലും വിരസമാകുന്നില്ല.
മനസ്സിന്റെ ഭാഷ പരിധിയില്ലെന്ന പോലെ മാറിക്കൊണ്ടിരിക്കും, പക്ഷെ ഹൃദയത്തിന് അത് സാധിക്കില്ല. പ്രണയിനിയെ അഭിമുഖീകരിക്കുന്ന സമയത്ത് ഒരു കാമുകഹൃദയത്തിന്, തന്റെ സ്നേഹാധിക്യത്തെ പ്രകടിപ്പിക്കാൻ ശക്തമായ മറ്റൊരു വാക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ ആ ഹൃദയം അതിങ്ങനെ പ്രകടിപ്പിക്കുന്നു “I love You”, അതെത്ര തവണ പറഞ്ഞാലും ഒരു ആവർത്തനമാകുന്നില്ല.

നമ്മൾ ജപമാല ചൊല്ലുമ്പോൾ ഇതുതന്നെയാണ് ചെയ്യുന്നത്. ദൈവത്തോട്, ത്രിത്വൈക ദൈവത്തോട്, അവതരിച്ച രക്ഷകനോട്, പരിശുദ്ധ അമ്മയോട്… ഒക്കെ നമ്മൾ പറയുന്നു, ‘I Love You, I Love You, I Love You’. ഓരോ സമയത്തും അതിന്റെ അർത്ഥം മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമാണ്; കാരണം ഓരോ ജപമാലരഹസ്യത്തിലും, നമ്മുടെ രക്ഷകൻ നമ്മോടുള്ള സ്നേഹം പ്രകടിപ്പിച്ച ഓരോരോ സന്ദർഭങ്ങളിലേക്കാണ് നമ്മുടെ മനസ്സ് പോകുന്നത്. ഉദാഹരണം പറഞ്ഞാൽ, മനുഷ്യാവതാരത്തിലൂടെ നമ്മിലൊരാളായി തീരാനും മാത്രം അവനു നമ്മളോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആ വലിയ രഹസ്യത്തിൽ നിന്ന്, നമുക്ക് വേണ്ടി അവൻ സഹിച്ച സ്നേഹത്തിന്റെ രഹസ്യത്തിലേക്ക്, പിന്നെ നമുക്ക് വേണ്ടി സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കൽ മാധ്യസ്ഥം വഹിക്കാനും മാത്രമുള്ള അവന്റെ സ്നേഹത്തിന്റെ രഹസ്യത്തിലേക്ക്. നമ്മുടെ കർത്താവ് അവന്റെ കഠിനവ്യഥയുടെ സമയത്ത് ഒരു മണിക്കൂറിനുള്ളിൽ ഒരേ പ്രാർത്ഥന മൂന്നു പ്രാവശ്യം പറഞ്ഞെന്ന കാര്യം ആർക്കു മറക്കാൻ സാധിക്കും ?
മനസ്സിൽ വേറൊരു കാര്യം ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടക്കും നമ്മൾ ആളുകളോട് സംസാരിക്കാറുണ്ട്. പക്ഷെ ജപമാലയിൽ നമ്മൾ പ്രാർത്ഥനകൾ വെറുതെ ഉരുവിടുകയല്ല, അതെല്ലാം ധ്യാനിക്കുക കൂടെ ചെയ്യുന്നു. ബേദ്ലഹേം, ഗലീലി, നസറേത്ത്, ഗോല്ഗോഥ, കാൽവരി, ഒലിവുമല, സ്വർഗ്ഗം… പ്രാർത്ഥിച്ചുകൊണ്ടിരിക്കെ ഇതെല്ലാം നമ്മുടെ മനസ്സിന്റെ കണ്ണിലൂടെ നീങ്ങുന്നു. പള്ളിയിലെ നിറം മങ്ങിയ ചില്ലുജനാലകൾ ദൈവത്തെപ്പറ്റിയുള്ള ചിന്തകളിൽ ആയിരിക്കാൻ കണ്ണിനെ ക്ഷണിക്കുന്നു. ജപമാല നമ്മുടെ വിരലുകളെ, ചുണ്ടുകളെ, ഹൃദയത്തെ ഒക്കെ പ്രാർത്ഥനയുടെ അപാരമായ ഒരു സ്വരലയത്തിലേക്ക് ക്ഷണിക്കുന്നു, ആ ഒറ്റ കാരണം കൊണ്ട്, ഇത് വരെ രചിക്കപ്പെട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മഹത്തായ പ്രാർത്ഥന ആണിത്.

ജീവിതവ്യഗ്രതയുള്ളവർക്കും , അസന്തുഷ്ടരായവർക്കും ഉല്‍ക്കണ്ഠയുള്ളവർക്കും നിരാശയുള്ളവർക്കും ഒക്കെ ഏറ്റവും മികച്ച ചികിത്സയാണ് (Best therapy) ജപമാല. കാരണം, കൃത്യമായി പറഞ്ഞാൽ അതിൽ ഒരേസമയം മൂന്നു ശക്തികൾ അടങ്ങിയിരിക്കുന്നു: ഭൗതികം, വാചീയം, ആത്മീയം എന്നിവയാണവ. വിരലുകൾ ജപമണികളെ തൊടുമ്പോൾ ഈ ചെറിയ സാധനങ്ങള്‍ പ്രാർത്ഥനക്കു വേണ്ടി ഉപയോഗിക്കേണ്ടതാണെന്നു ഓർക്കുന്നു. ഇതാണ് പ്രാർത്ഥനയുടെ ഭൗതികവശം.
അധരങ്ങൾ വിരലുകളോട് ഐക്യപ്പെട്ടു ചലിക്കുന്നു. ഇതാണ് രണ്ടാമത്തെ, അതായത് വാചീയമായത്. സഭ, അറിവുള്ള ഒരു മനഃശാസ്ത്രജ്ഞയെ പോലെ ഊന്നിപ്പറയുന്നു… ജപമാല ചൊല്ലുമ്പോൾ വിരലുകൾക്കൊപ്പം അധരങ്ങളും ചലിക്കേണ്ടതാണ് കാരണം അവൾക്കറിയാം ശരീരത്തിന്റെ ഈ ബാഹ്യതാളത്തിന് ആത്മാവിലും താളലയമുണ്ടാക്കാൻ കഴിയും. വിരലുകളും അധരങ്ങളും ശരിയായി ചലിക്കുമ്പോൾ ആത്മീയ ഇച്ഛ വേഗം തന്നെ ഉണ്ടാവുകയും ആ പ്രാർത്ഥന ഒടുവിൽ ഹൃദയത്തിൽ അവസാനിക്കുകയും ചെയ്യും.

നമ്മൾ ശരിയായി ചെയ്താൽ, ഈ ഭൗതിക-മാനസിക വേല ഒന്നായി വർത്തിക്കും. മാനസിക പിരിമുറുക്കം ഉള്ളവർക്ക് പുറത്തുനിന്നു ഉള്ളിലേക്ക് ഒരു ഉത്തേജനം ആവശ്യമാണ്‌. എന്തൊക്കെയായാലും, ജപമാലയോട് വിശ്വസ്തരായിരുന്നാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും, അൽപ്പാൽപ്പമായി നിങ്ങളുടെ ആശങ്കകളിൽ നിന്നും ഭയത്തിൽ നിന്നും കരകയറുന്നത് കണ്ട്.. ജപമാലമണികളാൽ മുന്നേറി, സ്നേഹത്തിന്റെ ചങ്കായവന്റെ സിംഹാസനത്തിലേക്കായിരിക്കും നമ്മൾ നടന്നടുക്കുന്നത്.

Translated by Jilsa Joy

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment