നമ്മൾ ഈശോയെ സ്വീകരിക്കാൻ കൊതിക്കുന്നതിലും എത്രയോ ആഴത്തിൽ ഈശോ നമ്മിൽ വരാൻ കൊതിക്കുന്നു.
ഇത് എന്റെ ജീവിതത്തിൽ പലപ്രാവശ്യം മനസിലായിട്ടുണ്ട്.
ഈശോയെ സ്വീകരിക്കാൻ പറ്റുകയില്ല എന്ന് ഓർത്തിരുന്നപ്പോൾ പലപ്പോഴും അത്ഭുതകരമായി ഈശോ തന്നെ ഇടപെട്ടു ദിവ്യകാരുണ്യം സ്വീകരിക്കാൻ എന്നെ അനുവദിച്ച അവസരങ്ങൾ ഉണ്ട്.
എന്റെ ഒരു ചെറിയ ദൈവകാരുണ്യ അനുഭവം വിവരിക്കാം. Leena Elizabeth George യുടെ അനുഗ്രഹീത പോസ്റ്റ് വായിച്ചപ്പോൾ എന്റെ ഈ അനുഭവം ഓർമ്മ വന്ന് അതൊരു കമന്റ് ആയി ഇട്ടു. അപ്പോൾ പുള്ളിക്കാരി ആണ് പറഞ്ഞത് പോസ്റ്റായി ഇടാൻ. എന്നാൽ പിന്നെ അങ്ങനാവട്ടെ എന്ന് വെച്ചു.
വായിച്ചു കഴിഞ്ഞു നിങ്ങളുടെ അനുഭവങ്ങളും സാധിക്കുമെങ്കിൽ പങ്ക് വയ്ക്കാമോ?
ഇത് ഇവിടത്തെ പള്ളിയിൽ കുറേ കൊല്ലങ്ങൾക്ക് മുൻപ് നടന്നതാണെ. എന്റെ കുട്ടികൾക്ക് 5-6 വയസ്സ് കാണുമെന്ന് തോന്നുന്നു അപ്പോൾ. ഇവിടെ പള്ളിയിൽ കുർബാന നടന്നു കൊണ്ടിരിക്കുമ്പോൾ വേറെ അച്ചന്മാർ സൈഡിൽ തന്നെയുള്ള കുട്ടിറൂമിൽ ഇരുന്നു കുമ്പസാരിപ്പിക്കാറുണ്ട് ഇടക്കൊക്കെ.
അന്ന് ഞാൻ തീരുമാനിച്ചു, കുമ്പസാരിക്കാതെ ഇന്ന് കുർബ്ബാന സ്വീകരിക്കില്ല. പക്ഷെ കുർബാന സ്വീകരണത്തിന്റെ സമയം ആവാറായിട്ടും ഒരച്ചനും കുമ്പസാരിപ്പിക്കാൻ വന്നില്ല. എനിക്കാകെ സങ്കടായി.
‘എന്നാലും എന്നെക്കൊണ്ട് കുർബാന സ്വീകരിപ്പിച്ചില്ലല്ലോ ഈശോയേ’ എന്നൊക്കെ സെന്റി അടിച്ചു. ആകെ ശോകം.
കുർബ്ബാന കഴിഞ്ഞു. ന്തായാലും കുമ്പസാരിച്ചിട്ടേ പോകൂ എന്നും വെച്ച് അച്ചനോട് സങ്കീർത്തിയുടെ ഉള്ളിൽ ചെന്ന് പറഞ്ഞു കുമ്പസാരിക്കണം ന്ന്.
ഞാൻ മാത്രേ കുമ്പസാരിക്കാൻ ഉള്ളു. അച്ചൻ വരാൻ വൈകി. ജോയേട്ടനും പിള്ളേരുമൊക്കെ പള്ളിക്ക് പുറത്തു കാറിൽ എന്നെ വെയിറ്റ് ചെയ്യുന്നു. പള്ളിയുടെ ഉള്ളിൽ വിജനമായി. സാധാരണ അത്ര പെട്ടെന്നൊന്നും ആളുകൾ പോവാറില്ല, അന്ന് എന്താണ് അറിഞ്ഞൂടാ.
പള്ളിയിൽ ലൈറ്റ്സ് കെടുത്തി, മങ്ങിയ വെളിച്ചം ആയി. അച്ചൻ വന്നു. കുമ്പസാരിച്ചു. ചങ്കു പൊട്ടിയാണ് കുമ്പസാരിച്ചത്. കുർബ്ബാന സ്വീകരിക്കാൻ പറ്റാത്ത സങ്കടം ഉള്ളിലുണ്ട്.
കുമ്പസാരം കഴിഞ്ഞപ്പോൾ അച്ചൻ ചോദിച്ചു “ഇന്ന് കുർബാന സ്വീകരിച്ചിരുന്നോ?” ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… Normally അങ്ങനെ അച്ചന്മാർ ചോദിക്കാറില്ലല്ലോ. ‘ഇല്ല’ എന്ന് പറഞ്ഞു. കുമ്പസാരിക്കുമെന്ന് ഉറപ്പായിരുന്നെങ്കിൽ സ്വീകരിക്കാമായിരുന്നില്ലേ എന്ന് അച്ചൻ ചോദിച്ചു.
‘”വരൂ, ഞാൻ നോക്കട്ടെ തരാൻ പറ്റുമോന്ന്” എന്ന് അച്ചൻ! എനിക്ക് ആ അച്ചനെ അങ്ങനെ പരിചയം ഒന്നുമില്ലാർന്നു കേട്ടോ.
എനിക്ക് കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല. അങ്ങനെ ആ വൈദികൻ അൾത്താരയിൽ കയറി സക്രാരി തുറന്നു അപ്പമെടുത്തു കൊണ്ടു വന്നു.
കണ്ണീരൊഴുകുന്ന മിഴികളോടെ ഞാൻ അത് സ്വീകരിച്ചു. ഈശോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കള്ളച്ചിരി പോലെ…
‘ഇതൊക്കെ എന്ത് ?’
എന്റെ മനസ് നിറഞ്ഞു, ഹൃദയവും…
“അവര്‍ണനീയമായ ദാനത്തിനു ദൈവത്തിനു സ്‌തുതി!”
(2 കോറിന്തോസ് 9 : 15)
ജിൽസ ജോയ് ![]()



Leave a comment