😘 എന്റെ ഈശോയ്ക്കൊരു ചക്കര ഉമ്മ 😘
“ഈശോയെ സ്വന്തമാക്കിയവർക്കെല്ലാം അവൻ നൽകിയ ദാനം ആയിരുന്നു സഹിക്കാനുള്ള വരം…”
എന്റെ ഈശോയ്ക്കൊരു ചക്കര ഉമ്മ… ഒരുപാടു നാളുകൾക്ക് മുൻപ് കേൾക്കാൻ ഇടയായ വാക്കുകളാണിവ… എന്താകാം ഇത് അർത്ഥമാക്കുന്നത് എന്ന് ചിന്തിച്ചിരുന്ന നാളുകൾ… ക്രൂശിതനോടും കുരിശിനോടും ഒരുപാടു ഇഷ്ടം തോന്നിയപ്പോൾ ഈ പറഞ്ഞതിന്റെ അർത്ഥം വളരെ വേഗത്തിൽ മനസിലാക്കാൻ കഴിഞ്ഞു…
ആരും കൊള്ളില്ല എന്ന് പറയുന്ന കല്ലിൽ നിന്നും മനോഹരമായ ശില്പം നിർമിക്കുന്ന ശില്പിയെ പോലെ… മുളം തണ്ടിൽ നിന്നും മനോഹരമായ പുല്ലാം കുഴൽ ഉണ്ടാകുന്നപോലെ…. ക്രിസ്തുവിന്റെ സഹനങ്ങളുടെ നെരിപോടിൽ കൊത്തിയെടുത്ത മനോഹരമായ ഒരു ശില്പം ആണ് നീയും ഞാനും ഒക്കെ…
ഒത്തിരി സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ ആണ് ഈശോ അവന്റെ ഏറ്റവും ഇഷ്ടപെട്ട വ്യക്തിയായി നമ്മളെ തിരഞ്ഞെടുത്തത്…
എവിടെയോ വായിച്ചത് ഓർക്കുന്നു “മഹത്വത്തിന്റെ കിരീടം മോഹിച്ചവർക്ക് ക്രിസ്തു നീട്ടിയത് സഹനത്തിന്റെ കാസയായിരുന്നു… വലതും ഇടതും ഇരിക്കാൻ കൊതിച്ചവരെ ക്രിസ്തു ക്ഷണിച്ചത് കുരിശിൻചുവട്ടിൽ നിൽക്കാനാണ്”.
ഈശോയുടെ സഹനത്തിന്റെ കാസ കുടിക്കാനും കുരിശിൻ ചുവട്ടിൽ നിൽക്കാനും കഴിയണമെങ്കിൽ അവന്റെ ഹൃദയത്തോട് നിന്റെ ഹൃദയത്തെയും ചേർത്ത് നിർത്താൻ നിനക്ക് കഴിയണം.
നമ്മുടെയൊക്കെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ ആസ്വസ്ഥതകൾ കടന്നുവരുമ്പോൾ മുറിയപ്പെട്ട ഈശോയുടെ അരികിലേക്ക് ഓടി എത്താൻ നമ്മുക്ക് കഴിയുന്നുണ്ടോ…
കൂടെ ആകാൻ കുർബാനയോളം ചെറുതായ സ്നേഹമാണ് കാൽവരിയിലെ സ്നേഹം… ഒടുവിൽ ഉള്ളിന്റെ ഉള്ളിൽ വാഴാൻ ഒരുപാടു ആഗ്രഹത്തോടെ അവൻ വന്നപ്പോ കണ്ടത് അവനൊഴികെ ബാക്കി എല്ലാത്തിനും അവിടെ സ്ഥാനം ഉണ്ടായിരുന്നു എന്നതാണ്…
ഒന്നോർക്കുക, ഈ ലോകത്തിൽ മറ്റാരേക്കാളും മറ്റെന്തിനെകാളും നിന്നെ അറിഞ്ഞു സ്നേഹിക്കാൻ കഴിയുന്നവൻ അത് ഈ ക്രൂശിതൻ മാത്രം ആണ്… കുരിശിലെ അവന്റെ വേദനകൾ പോലും നീ അറിയാതെ നിന്നോട് പറയുന്നുണ്ട് അവൻ നിന്നെ ഒരുപാടു സ്നേഹിച്ചിരുന്നു…
മനംമുറിയുന്ന വേദനയോടെ എന്നാൽ അതിലേറെ സ്നേഹത്തോടെ അവൻ ദിവ്യകാരുണ്യമായപ്പോൾ ഒന്നുമാത്രം ആഗ്രഹിച്ചു; അവനോടൊപ്പം പറുദീസ പങ്കിടാൻ നീയും ഉണ്ടാകണം എന്ന്… 🥰 ഈ വലിയസ്നേഹത്തെ… ഈ വലിയ കാരുണ്യത്തെ മനസിലാക്കാൻ വൈകിയതാണ് പലപ്പോഴും നമുക്ക് സംഭവിച്ചത്…
കാൽവരിയിലെ മുറിവിൽ വിരിഞ്ഞ കനൽപൂവാണ് ക്രിസ്തു… സ്നേഹംകൊണ്ട് ലോകം കീഴടക്കിയവൻ…
ആ ക്രിസ്തുവിനു; എന്നെ സ്വന്തം ജീവൻ കൊടുത്ത് നേടിയെടുത്ത ആ സ്നേഹത്തിനു ഒരു ചക്കര ഉമ്മ. 😘
നന്ദി ഈശോയെ, മുറിപ്പാടിലും സ്നേഹം മാത്രം നിറക്കുന്ന നിന്റെ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിന്.
ഒന്നുമാത്രം ഈശോയെ… നന്ദി. കാരണം ഇവയെല്ലാം നിന്റെ സ്നേഹത്തിന്റെ സമ്മാനം ആണല്ലോ… 💐
✍🏻 Jismaria George ✍🏻




Leave a comment