രണ്ട് വിശുദ്ധർ ജീവിച്ചിരുന്നപ്പോൾ അവരോട് ഇടപെട്ട, വത്തിക്കാനിലെ ഒരു സ്വിസ് ഗാർഡിന്റെ അനുഭവങ്ങൾ…
സ്വിസ് ഗാർഡ് ആയി ജോലി തുടങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ജോൺ പോൾ രണ്ടാമൻ പാപ്പയുമായി മാരിയോ ആദ്യമായി സംസാരിക്കുന്നത്.
പാപ്പ അപ്പസ്തോലിക് പാലസിലെ മുറിയിലേക്ക് വരുന്നുണ്ടെന്ന് കേട്ട് മാരിയോ അറ്റൻഷൻ ആയി നിന്നു. നടന്നുവന്ന പാപ്പ മാരിയോയെ കണ്ട് നിന്നു, എന്നിട്ട് പറഞ്ഞു, “നീ പുതിയ ആളായിരിക്കണമല്ലോ” മാരിയോക്ക് അത്, അവന് സംസാരിക്കാനുള്ള അനുവാദം ആയി തോന്നി. ആരെങ്കിലും സംസാരം തുടങ്ങാതെ ഒരു പട്ടാളക്കാരൻ ഇടിച്ചുകയറി ആദ്യമേ സംസാരിക്കാൻ പാടില്ലല്ലോ. അങ്ങനെ അവൻ അറ്റൻഷനിൽ നിന്ന് മാറി ഗ്ലോവ്സ് അഴിച്ചു്, പാപ്പക്ക് കൈ കൊടുത്തു.
പാപ്പ അവന്റെ കൈ മുറുക്കിപിടിച്ചു നിൽക്കുമ്പോൾ മാരിയോ സ്വയം പരിചയപ്പെടുത്തി. അത് കഴിഞ്ഞപ്പോൾ പാപ്പ കൈ വിടുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ മിഴിച്ചു നിൽക്കുമ്പോൾ തന്റെ മറ്റേ കൈ കൂടി ചേർത്തുവെച്ച് മാരിയോയുടെ കൈ അതിനിടയിലാക്കി അവന്റെ കണ്ണിൽ നോക്കിക്കൊണ്ട് പാപ്പ പറഞ്ഞു, “ശരി മാരിയോ, ശുശ്രൂഷകനായവനെ ശുശ്രൂഷിക്കാൻ വന്നതിന് നന്ദി “. എന്നിട്ട് കൈ എടുത്ത് നടന്നകന്നു. അന്ന് മാരിയോ തീരുമാനിച്ചു ആ മനുഷ്യനിലുള്ളത് തനിക്കും വേണം. അതെന്തൊക്കെ ആണെന്ന് അവന് അറിയുമായിരുന്നില്ല പക്ഷെ എന്തോ അവനെ ആകർഷിച്ചു.
സ്വിസ് ഗാർഡിന്റെ ജോലി ഒരു ബഹുമതിയാണ്, പക്ഷേ അത് ത്യാഗപൂർണ്ണവുമാണ്. ആഴ്ചയിലെ 168 മണിക്കൂറുകളിൽ നൂറ് മണിക്കൂർ ജോലിയിലായിരിക്കും ബാക്കി 68 മണിക്കൂർ ആണ് ഉറങ്ങാനും മറ്റെല്ലാറ്റിനും ലഭിക്കുന്നത്. പാപ്പ ഓരോ സ്വിസ് ഗാർഡിനേയും അടുത്തറിയാനും അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും ശ്രമിച്ചിരുന്നു.
ഒരു ദിവസം മാരിയോ അപ്പസ്തോലിക് പാലസിന്റെ മൂന്നാം നിലയിലായിരുന്നു. വളരെ ക്ഷീണിതനായിരുന്ന അവൻ പാപ്പ വരുന്നതറിഞ്ഞു അറ്റൻഷൻ ആയി നിന്നു. പാപ്പ കടന്നുപോകുമ്പോൾ ഒരു നിമിഷമെങ്കിലും നിന്ന് എന്തെങ്കിലും സംസാരിച്ചിട്ട് പോകുമെന്ന് അവൻ കരുതിയെങ്കിലും അതുണ്ടായില്ല, പാപ്പ നോക്കാതെ കടന്നുപോയി. ഒരു നിമിഷത്തേക്ക് തന്റെ കണ്ണുകൾ അടച്ച മാരിയോ കണ്ണ് തുറന്നപ്പോൾ നേരെ മുൻപിൽ നിൽക്കുന്ന പാപ്പയെ ആണ് കണ്ടത്.
6.4 അടി ഉയരമുള്ള അവന്റെ കണ്ണിൽ, തന്റെ നീലക്കണ്ണാൽ ( മറ്റാരിലും ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര തീക്ഷ്ണമായ നീലനിറം ) നോക്കിക്കൊണ്ട് മിണ്ടാതെ നിൽക്കുന്ന 5.10 അടി ഉയരമുള്ള പാപ്പ. അനന്തമായി ആ പട്ടാളക്കാരന് തോന്നിയ പത്ത് സെക്കന്റുകൾ കഴിഞ്ഞപ്പോൾ, തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്ന് പാപ്പ എന്തോ എടുക്കുന്നതായി അറ്റൻഷനിൽ നിൽക്കുന്ന മാരിയോ കൺകോണിലൂടെ ശ്രദ്ധിച്ചു.
അതൊരു ജപമാല ആയിരുന്നു. അവന്റെ മുൻപിലേക്ക് അത് നീട്ടിപ്പിടിച്ച് പാപ്പ പറഞ്ഞു, ” മാരിയോ, എനിക്ക് പ്രിയപ്പെട്ട പ്രാർത്ഥനയാണ് ജപമാല, ലാളിത്യം കൊണ്ടും ഗാംഭീര്യം കൊണ്ടും വിസ്മയിപ്പിക്കുന്നതാണത്. എന്റെ ജപമണികൾ നീ എടുത്തോളൂ”. അറ്റൻഷനിൽ ആയിരുന്ന മാരിയോ വേഗം കൈനീട്ടി. പാപ്പ അത് അവന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു, എന്നിട്ട് പറഞ്ഞു, ” ഇത് നിന്റെ ഏറ്റവും ശക്തിയുള്ള ആയുധം ആക്കി മാറ്റുക”.
മൂന്നടി നടന്നതിന് ശേഷം പാപ്പ വീണ്ടും പറഞ്ഞു, “പക്വതയിലേക്ക് സ്വാഗതം. എപ്പോഴും..നിരന്തരം..മറിയത്തെ വിളിച്ചപേക്ഷിക്കുക. കാരണം നീ ഭീരുവാണെങ്കിൽ അവൾ നിന്നെ ധൈര്യശാലി ആക്കി മാറ്റും. അവൾ എപ്പോഴും നിനക്ക് അവളുടെ പുത്രനിലേക്കുള്ള വഴി കാണിച്ചു തരും “, എന്നിട്ട് നടന്നു നീങ്ങി.
പാപ്പ ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്കറിയാമായിരുന്നു ജോൺ പോൾ രണ്ടാമൻ പാപ്പ ഒരു വിശുദ്ധനാണെന്ന് എന്നാണ് മാരിയോ പറയുന്നത്. ധൈര്യശാലിയായ ലീഡർ, പ്രാർത്ഥനയുടെ മനുഷ്യൻ, പൂന്തോട്ടത്തിൽ ഉലാത്തുന്നതിനിടക്ക് പെട്ടെന്ന് ധ്യാനനിരതനായി മുട്ടിൽ വീഴുന്ന പാപ്പ!
അത്ഭുതം നടക്കുന്നതിനും മാരിയോ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനറൽ ഓഡിയൻസിനായി ഒരു ബുധനാഴ്ച വന്ന ഊമയും ബധിരയുമായ ഒരു കൊച്ചു പെൺകുട്ടിയെ മാരിയോ ഓർക്കുന്നു. അവൾ വരച്ച ചിത്രം മാരിയോയുടെ കയ്യിൽ കൊടുത്ത് അവൾ എന്തോ പറഞ്ഞു. അത് പരിശുദ്ധ പിതാവിന് കൊടുക്കാനാണ് അവൾ പറയുന്നതെന്ന് അവളുടെ അമ്മ പറഞ്ഞു.
അന്ന് മാരിയോ ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ, കൂടെ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥർ അന്നത്തെ ജനറൽ ഓഡിയൻസിൽ അവർക്കുണ്ടായ സംഭ്രമജനകമായ ഒരു സാഹചര്യത്തെ പറ്റി സംസാരിക്കുന്നത് കേട്ടു. ആളുകളെ അഭിവാദനം ചെയ്തു കൊണ്ട്, മുകളിലേക്കുള്ള നടത്തം കഴിഞ്ഞ് താഴേക്ക് വന്നുകൊണ്ടിരുന്ന പാപ്പ പെട്ടെന്ന് നടത്തം നിർത്തി ഒരു പതിനഞ്ച് അടിയോളം പുറകിലോട്ട് പോയി. മുന്നോട്ട് നടന്നു പോയിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെ ആകെ പരിഭ്രമിപ്പിച്ച ഒരു നീക്കം ആയിരുന്നു അത്.
പാപ്പ പോയത് ബാരിക്കേഡിന്റെ അത്ര പോലും പൊക്കം ഇല്ലാത്ത ഒരു കുട്ടിയെ ആശിർവ്വദിക്കാൻ വേണ്ടി ആയിരുന്നു. അവളുടെ ചുണ്ടിലും ചെവിയിലും പാപ്പ കുരിശുവരച്ചു. മാരിയോയുടെ കയ്യിൽ പാപ്പക്ക് കൊടുക്കാനായി ചിത്രം ഏൽപ്പിച്ച അതേ പെൺകുട്ടി ആയിരുന്നു അത്. അവൾക്ക് അതോടെ സംസാരശേഷിയും കേൾവിശക്തിയും ലഭിച്ചു. പാപ്പയെ എന്തോ ആ കുട്ടിയിലേക്ക് വലിച്ചടുപ്പിച്ചു , ഒരു മനുഷ്യനും പറഞ്ഞുകൊടുക്കാതെ എന്താണ് ചെയ്യേണ്ടത് എന്ന് പാപ്പ അറിഞ്ഞു, അത് ചെയ്തു. അതുകൊണ്ടാണ് ജോൺ പോൾ രണ്ടാമൻ പാപ്പ ജീവിച്ചിരിക്കുമ്പോഴേ അദ്ദേഹം വിശുദ്ധനാണെന്ന് തനിക്കറിയാമായിരുന്നെന്ന് മാരിയോ പറഞ്ഞത്.
ഒരിക്കൽ സംസാരം കുറച്ചു കൂടിപ്പോയതിന്റെ ഫലമായി സൂപ്പ് കിച്ചണിൽ സഹായിക്കേണ്ടി വന്ന മാരിയോയുടെ കയ്യിൽ, കറുത്തിരുണ്ട പാത്രങ്ങൾ വൃത്തിയാക്കാനായി മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒരു സിസ്റ്റർ സ്പോഞ്ച് കൊടുത്തു. എല്ലാവരും ഒരേപോലെയുള്ള വസ്ത്രം ധരിച്ചിരുന്നത് കൊണ്ട് തന്റെ അടുത്ത് നിന്നിരുന്ന സിസ്റ്ററിനെ മാരിയോ തിരിച്ചറിഞ്ഞില്ല. കുറെ ശ്രമിച്ചിട്ടും കറുപ്പ് ഇളക്കാനാകാതെ വന്നപ്പോൾ പാത്രം ശക്തിയോടെ മാരിയോ സിങ്കിലേക്ക് എറിഞ്ഞു. വസ്ത്രത്തിലും ഷൂവിലുമൊക്കെ കുറേ വെള്ളം തെറിച്ചപ്പോൾ മാരിയോയുടെ വായിൽ നിന്ന് അത്ര നല്ലതല്ലാത്ത ഒരു വാക്ക് പുറത്തേക്ക് വന്നു.
അപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന സിസ്റ്ററിന്റെ കാര്യം മാരിയോക്ക് ഓർമ്മ വന്നത്. അത് മദർ തെരേസ ആയിരുന്നു. സിസ്റ്റർ തന്റെ ഷാൾ മാറ്റി, വസ്ത്രത്തിൽ കുത്തിവെച്ചിരുന്ന പരിശുദ്ധ അമ്മയുടെ അത്ഭുതമെഡൽ എടുത്തു കയ്യിൽ പിടിച്ചു. മാരിയോ വേഗം അത് ചാടിപ്പിടിച്ചു പോക്കറ്റിലിട്ടു. പക്ഷേ അത് പിന്നീട് എവിടെയോ അവന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയി.
കുറച്ചു മാസങ്ങൾക്ക് ശേഷം, പരിശുദ്ധ പിതാവ് മദർ തെരേസയെ കാണുന്നുണ്ടെന്ന് അപ്പസ്തോലിക് പാലസിൽ വെച്ച് മാരിയോ അറിഞ്ഞു. അവരുടെ കൂടിക്കാഴ്ച കഴിഞ്ഞ് എല്ലാവരും പുറത്തേക്ക് വന്നപ്പോൾ മാരിയോ മദർ തെരെസയെ തിരഞ്ഞു. അവസാനം മദറിനെ കണ്ട് അടുത്തേക്ക് ചെന്നപ്പോൾ മദർ അദ്ദേഹത്തെ പ്രതീക്ഷിച്ചെന്ന വണ്ണം ആളുടെ അടുത്തേക്ക് വന്നു. ഒരു പ്ലാസ്റ്റിക് ബാഗ് മദർ തെരേസയുടെ കയ്യിലുണ്ടായിരുന്നു. അത് താഴെ വെച്ചിട്ട് ദേഹത്തു ധരിച്ചിരുന്ന ഷാൾ മാറ്റി വസ്ത്രത്തിൽ പിൻ ചെയ്ത് വെച്ചിരുന്ന അത്ഭുതമെഡൽ എടുത്ത് മാരിയോക്ക് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു, ” ഇപ്രാവശ്യം ഇത് നഷ്ടപ്പെടുത്തരുത്!” എന്നിട്ട് നടന്നുപോയി. അത് അദ്ദേഹത്തെ സ്തബ്ദനാക്കി. ആറു മാസം മുൻപ് തനിക്ക് തന്ന മെഡൽ നഷ്ടപ്പെട്ടെന്ന് മദർ എങ്ങനെ മനസ്സിലാക്കി? എങ്ങനെയാണ് തന്റെ രൂപം മദറിന്റെ ഓർമ്മയിൽ നിന്നത്?
കുറച്ചു ആഴ്ചകൾക്ക് ശേഷം സൂപ്പ് കിച്ചണിൽ വെച്ച് മാരിയോക്ക് മദറുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി. അദ്ദേഹം ഇങ്ങനെ ചോദിച്ചു, “മദർ, എന്തിനാണ് എനിക്ക് എപ്പോഴും ആ മെഡലുകൾ തന്നു കൊണ്ടിരുന്നത്?” മദർ പറഞ്ഞു, “വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ അദ്ധ്യായം 28: വാക്യം 19.. ‘നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ ‘ അതുകൊണ്ടാണ് മദർ തെരേസ മാരിയോക്കും മറ്റുള്ളവർക്കും അത്ഭുതമെഡൽ കൊടുത്തിരുന്നത്, പോയി ശിഷ്യരെ ഉണ്ടാക്കാൻ, സത്യം എങ്ങും പരത്താൻ, മാമോദീസയിലെ ഉടമ്പടി പൂർത്തിയാക്കാൻ…
വോട്സാപ്പ് വീഡിയോ വിവർത്തനം : ജിൽസ ജോയ്
(വീഡിയോയുടെ translation പൂർണ്ണമല്ല. പ്രധാനപ്പെട്ട സംഭവങ്ങളേ പറഞ്ഞിട്ടുള്ളു.)


Leave a comment