സകല മരിച്ചവരുടെയും ഓർമ്മ | November 2

പരിശുദ്ധ അമ്മ ഫാത്തിമയിൽ ലൂസി, ജസീന്ത, ഫ്രാൻസിസ്‌കോ എന്നീ കുട്ടികൾക്ക് 1917 മെയ് 13ന് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ. അതിൽ ലൂസി പരിശുദ്ധ അമ്മയോട് ചോദിച്ചിരുന്നു അവളുടെ കൂട്ടുകാരി അമേലിയ സ്വർഗ്ഗത്തിലാണോ എന്ന്. പരിശുദ്ധ അമ്മയുടെ മറുപടി ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൾ ശുദ്ധീകരണസ്ഥലത്ത് ആണെന്നതല്ല അമ്പരപ്പിക്കുന്ന കാര്യം, ലോകാവസാനത്തോളം അവൾ അവിടെ ആയിരിക്കും എന്നുള്ള അമ്മയുടെ വെളിപ്പെടുത്തൽ കുറച്ച് ഞെട്ടിക്കുന്നത് തന്നെ ആണല്ലേ? മുൻപേ അറിയാമായിരുന്ന കാര്യമാണെങ്കിലും, ഈയടുത്ത് ഒരു യൂട്യൂബ് വീഡിയോയിൽ കേട്ട ഈ ഓർമ്മപ്പെടുത്തൽ എനിക്ക് ഒരു ഉൾക്കിടിലം സമ്മാനിച്ചു.

മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെപ്പറ്റി ചിന്തിക്കുമ്പോൾ, നമ്മൾ ഒരിക്കൽ നേരിട്ട് അഭിമുഖീകരിക്കാനിരിക്കുന്നതിനെ ചിന്തിക്കുമ്പോൾ, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നെങ്കിൽ കൂടി ഇത്ര ഗൗരവമായ ഒരു വിധിയെ നമ്മൾ സങ്കൽപ്പിക്കാറുണ്ടോ? ഇനി, ശുദ്ധീകരണസ്ഥലത്തെ ഒരു ദിവസത്തെ പങ്കപ്പാട് എത്രയാണ്?

ഒരു ദിവസം വിശുദ്ധ ഫൗസ്റ്റീനക്ക് മുൻപിൽ വിധിയാളനായി വന്ന ഈശോ പറഞ്ഞു, ഒരു ദിവസത്തെ ശുദ്ധീകരസ്ഥലത്തെ പീഡകൾക്ക് അവൾ അർഹയാണെന്ന്. ഫൗസ്റ്റീനക്ക് അവൾ ചെയ്ത എല്ലാ പാപവും അപ്പോൾ കാണാൻ സാധിച്ചു, പാപമാണെന്ന് അവൾ ഒരിക്കലും ചിന്തിക്കാത്തത് ഉൾപ്പടെ. ശുദ്ധീകരണസ്ഥലത്ത് ഒരു ദിവസം കിടക്കുന്നില്ലെങ്കിൽ, ഭൂമിയിൽ മനുഷ്യരിൽ നിന്ന് ആശ്വാസവുമില്ലാതെ വലിയ സഹനത്തിൽ ചിലവഴിക്കേണ്ടി വരും. അങ്ങനെ ഈശോയുടെ ഹിതമനുസരിച്ച്, വിശുദ്ധ ഫൗസ്റ്റീന ശുദ്ധീകരണസ്ഥലത്തിന് പകരമായി ഭീകരസഹനങ്ങളിലൂടെ ഭൂമിയിൽ വെച്ച് പരിഹാരം ചെയ്യേണ്ടി വന്നത് ഒരു വർഷത്തോളമാണ്. അപ്പോൾ മനസ്സിലാക്കാമല്ലോ ഒരു ദിവസത്തെ അവിടത്തെ പീഡകളുടെ കാഠിന്യം! അതും ഈശോയോട് കണ്ട്, സംസാരിച്ച്, അവന്റെ നെഞ്ചിൽ തല ചായ്ക്കാൻ വരെ പറ്റിയിട്ടുള്ള വിശുദ്ധ ഫൗസ്റ്റീനയുടെ കാര്യം അങ്ങനെയാണെങ്കിൽ നമ്മുടേത് എങ്ങനെയാവുമെന്ന് നമുക്ക് തന്നെ ആലോചിക്കാം.

വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ 1 കഴിഞ്ഞു വരുന്ന സകല ആത്മാക്കളുടെ ദിവസം, ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ ഓർക്കാനും അവർക്കായി പ്രാർത്ഥിക്കാനും, സഭാമാതാവ് സമരസഭയിലുള്ള നമ്മെയെല്ലാം വിളിക്കുന്നു. അവർക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തതു കൊണ്ട് വിശുദ്ധ കുർബ്ബാന, പ്രാർത്ഥന, പ്രായശ്ചിത്ത പ്രവൃത്തികൾക്കായി നമ്മളോട് യാചിച്ചുകൊണ്ടിരിക്കുന്നു.

ഈ ലോകത്തിൽ ആയിരിക്കുന്നിടത്തോളം സമയം നമുക്ക് ദൈവകരുണ തേടാനും അവന്റെ കരുണയിൽ ആമഗ്നരാകാനും സാധിക്കും. നമ്മൾ ഈ ഭൂമിയിൽ നിന്ന് യാത്രയാകുന്ന നിമിഷം ദൈവത്തിന്റെ ദയയിലാണ്. ദൈവനീതിക്ക് മുൻപിലാണ്. മരിച്ചു എന്നത് യഥാർത്ഥ്യമാകുമ്പോഴേ തനതുവിധിയിലൂടെ നമുക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ( നമ്മുടെ പ്രവൃത്തികളിലൂടെ നമ്മൾ നേടിയെടുത്ത ) സ്ഥാനം ഏതാണോ അത് സ്വീകരിക്കുന്നു. സ്നേഹത്തിൽ പൂർണ്ണരായിരുന്നവർ സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചത്തോടു കൂടി ; ശിക്ഷിക്കപെട്ടവർ വെറുപ്പോടും നിരാശയോടും കൂടി ; അപൂർണ്ണതയുള്ളവർ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തോടുകൂടി ശുദ്ധീകരണ സ്ഥലത്തിലേക്ക്.

സിയന്നയിലെ വിശുദ്ധ കാതറിനോട് ഈശോ പറയുന്നുണ്ട് ” ഞാൻ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും സ്വയം ദുർബ്ബലരാവുകയും പിശാചിന് സ്വയം ഏൽപ്പിക്കുകയും ചെയ്യുന്നവരുടെ വിഡ്ഢിത്തം എത്ര വലുതാണ്! ഒരു കാര്യം നി അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ജീവിതകാലത്ത് തങ്ങളെ തന്നെ പിശാചിന് അടിമകളാക്കി. ബലപ്രയോഗം മൂലമല്ല, കാരണം അവരെ നിർബന്ധിക്കാനാവുകയില്ല, അവർ സ്വമനസ്സാ അവന്റെ കൈകളിൽ ഏൽപ്പിക്കുകയായിരുന്നു…അവർ പ്രത്യാശയില്ലാതെ നിത്യനാശത്തിലേക്ക് വരുന്നു. അവരുടെ മരണസമയത്ത് അവർ വെറുപ്പോടെ നരകം സ്വീകരിക്കുന്നു”

മരണമേയില്ല എന്നത് പോലെയാണ് നമ്മൾ മിക്കവരും ഇവിടെ ജീവിക്കുന്നത്. നമുക്ക് തോന്നുന്നത്, തോന്നുമ്പോഴൊക്കെ ചെയ്തുകൊണ്ട്. ഈ ദിവസം തന്നെ നമ്മൾ മരിക്കാനുള്ള സാധ്യത ഉണ്ടെന്നൊന്നും ഓർക്കുന്നതേയില്ല. ‘ പാപം ആവർത്തിക്കരുത് ; ആദ്യത്തേത് പോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല ‘ ( പ്രഭാ: 7:8) ഈ വചനമൊക്കെ നമ്മൾ കണക്കിലെടുക്കുന്നുണ്ടോ? അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടുവോളം പുറത്തു കടക്കാൻ പറ്റില്ലെന്ന് മത്തായി 5:26 ൽ ഈശോ ഓർമിപ്പിക്കുന്നു. ആ സാധ്യത ആണ് ശുദ്ധീകരണസ്ഥലം. വെളിപാട് 21:27 ൽ പറയുന്നു അശുദ്ധമായതൊന്നും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല. അവസാനത്തെ പാപക്കറയും കഴുകികളഞ്ഞേ നമുക്ക് അതിനുള്ള വഴി തെളിയൂ.

അപ്പോൾ പിന്നെ പാവപ്പെട്ട (ശുദ്ധീകരണ സ്ഥലത്തിലെ) ആത്മാക്കളെ ആരാണ് സഹായിക്കുന്നത്? എങ്ങനെയാണ് സഹായിക്കുന്നത്? നമ്മൾ തന്നെ അത് ചെയ്യണം. മരിച്ചവർക്കായി പ്രാർത്ഥിക്കുന്നത് ആദ്ധ്യാത്മിക കാരുണ്യപ്രവൃത്തിയിൽ പെട്ടതാണ്. എങ്ങനെയൊക്കെ അത് ചെയ്യാം?

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക് നമ്മുടെ വിശുദ്ധ കുർബ്ബാനയർപ്പണവും ജപമാല, കരുണക്കൊന്ത തുടങ്ങിയ പ്രാർത്ഥനകളും ഉപവാസവും അവർക്കായി നേടുന്ന ദണ്ഡവിമോചനങ്ങളും ദാനധർമ്മവുമെല്ലാം പ്രയോജനപ്പെടും. അവർക്ക് നമ്മുടെ പ്രാർത്ഥനകൾ ഉപകാരപ്പെടുമെന്നും ദൈവവുമായുള്ള അവരുടെ അകൽച്ചയുടെ തോത് അത് കുറക്കുമെന്നും ട്രെന്റ് സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “എന്നാൽ ഏറ്റവും പ്രധാനമായി അവർ സഹായിക്കപ്പെടുന്നത് അൾത്താരയിലെ സ്വീകാര്യമായ ബലി വഴിയാണെന്നും ഈ എക്യുമെനിക്കൽ സൂനഹദോസ് പ്രബോധനം നൽകുന്നു”. വിശുദ്ധ തോമസ് അക്വീനാസും അത് ആവർത്തിക്കുന്നു. “പരിശുദ്ധ കുർബ്ബാനയിലെ ബലിയേക്കാൾ കൂടുതലായി ശുദ്ധീകരണ സ്ഥലത്തുനിന്ന് ആത്മാക്കളെ മോചിപ്പിക്കാൻ ഉതകുന്നതായി മറ്റൊരു അർപ്പണവുമില്ല”.

നമ്മുടെ കുറേ നാളത്തെ പ്രാർത്ഥന- പരിഹാരപ്രവൃത്തികൾ മുഴുവൻ ചേർത്താലും ഒരു വിശുദ്ധ കുർബ്ബാനക്ക് തുല്യമാവില്ല. കാരണം പ്രാർത്ഥന – പരിഹാരപ്രവൃത്തികൾ മനുഷ്യന്റേതാണ്, വിശുദ്ധ കുർബ്ബാന ദൈവത്തിന്റെ പ്രവൃത്തിയാണ് എന്ന് വിശുദ്ധ ജോൺ മരിയ വിയാനി ഓർമിപ്പിക്കുന്നു.

ഗ്രിഗോരിയൻ കുർബ്ബാന തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചൊല്ലിക്കാൻ സാധിക്കുന്നവർ അത് ചെയ്‌താൽ വളരെ നന്നായിരിക്കും. ഒരു വൈദികൻ തുടർച്ചയായി 30 ദിവസം ഒരാൾക്കായി അർപ്പിക്കുന്ന ദിവ്യബലി ആണ് ഗ്രിഗോരിയൻ കുർബ്ബാന. മഹാനായ ഗ്രിഗറി പാപ്പയുടെ പേരിലാണ് അത് അറിയപ്പെടുന്നത്.

പക്ഷേ ജീവിച്ചിരിക്കുമ്പോൾ ഒരാൾ അർപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്ന ബലി, മരിച്ചതിനു ശേഷം അയാൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ബലിയേക്കാൾ കൂടുതൽ മൂല്യമുള്ളതാണ്. വിശുദ്ധ ആൻസലേം പറയുന്നത് ജീവിതകാലത്തെ ഒരു പരിശുദ്ധ കുർബ്ബാന മരണാനന്തരമുള്ള അനേകം പരിശുദ്ധ കുർബ്ബാനകൾക്ക് തുല്യമാണെന്നാണ്. അതും നമ്മൾ മറക്കരുത്.

30 മിനിറ്റ് നേരത്തെ ദിവ്യകാരുണ്യ ആരാധന, ഒറ്റക്കോ കൂട്ടമായോ പള്ളിയിലോ ചാപ്പലിലോ ജപമാല ചൊല്ലുന്നത്, കുരിശിന്റെ വഴി, ബൈബിൾ 30 മിനിറ്റ് നേരത്തേക്ക് വായിക്കുന്നത് ഒക്കെ ദണ്ഡവിമോചനം ലഭിക്കുന്ന വഴികളാണ്. പൂർണ്ണ ദണ്ഡവിമോചനം ലഭിക്കാൻ വേറെയും കുറേ കണ്ടീഷനുകൾ ഉണ്ട്‌. 1, അതിനു മുൻപോ അത് കഴിഞ്ഞു ഒരാഴ്ചക്കുള്ളിലോ കുമ്പസാരം, 2, ദിവ്യബലിയിൽ സംബന്ധിച്ച് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നത്, 3, പോപ്പിന്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിച്ച് 1 സ്വർഗ്ഗ, നന്മ, ത്രിത്വസ്തുതി. നാലാമത്തെ കണ്ടീഷൻ നമ്മിൽ പാപം അശേഷം ഉണ്ടായിരിക്കരുത് എന്നതാണ്. ഇത് പലപ്പോഴും സാധിക്കാത്തത് കൊണ്ട് ഭാഗികമായേ ദണ്ഡവിമോചനങ്ങൾ ലഭിക്കുന്നുള്ളു. ധ്യാനിച്ചു കുരിശുവരക്കുമ്പോൾ, ഒറ്റക്ക് കൊന്ത ചൊല്ലുമ്പോൾ, ദിവ്യകാരുണ്യസന്ദർശനം കുറച്ചു നിമിഷത്തെക്കെങ്കിലും ചെയ്യുമ്പോൾ, വ്യക്തിപരമായ പ്രാർത്ഥന, വേദപാഠം പഠിപ്പിക്കുന്നത്, അറിവില്ലാത്തവർക്ക് ദൈവകാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് എല്ലാം ഭാഗികമായ ദണ്ഡവിമോചനത്തിനുള്ള വഴികളാണ്. ഇതെല്ലാം നമുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി സമർപ്പിക്കാൻ സാധിക്കും.

ദണ്ഡവിമോചനത്തിന്റെ പ്രഥമഫലം അത് സമ്പാദിക്കുന്ന ആളിന് തന്നെ ആണെങ്കിലും അത് കഴിഞ്ഞുള്ള ഫലം മരിച്ചാത്മാക്കൾക്കു ലഭിക്കും. ദിവ്യബലിയുടെ ഫലദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ മരണസമയത്തുണ്ടായ മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും.

വി. ജെർത്രൂദ് വഴി ഈശോ നമുക്കുതന്ന ശക്തിയുള്ള പ്രാർത്ഥന മറക്കാതിരിക്കാം.

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വിശുദ്ധർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു , നമ്മൾ ഭൂമിയുടെ സ്വന്തമല്ല, സ്വർഗ്ഗത്തിന്റേതാണെന്ന്. ഈലോകജീവിതം മുഴുവൻ സ്വർഗ്ഗത്തിലേക്കുള്ള ചുവടുവെപ്പാണെന്ന സത്യം അവരിൽ നിന്ന് നമ്മൾ പഠിക്കുന്നു.

മരണവും അന്ത്യവിധിയും ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ട സത്യമാണ്. മരിച്ചവരെ പ്രത്യേകമായി ഓർത്തു പ്രാർത്ഥിക്കുന്ന ഈ നവംബർ മാസത്തിൽ, സകല മരിച്ചവരുടെയും ഓർമ്മ ദിവസത്തിൽ, നമുക്ക് മരിച്ചു പോയവരുടെ ഓർമ്മ പുതുക്കുന്നതിനൊപ്പം നമ്മുടെ ചെയ്തികളെയും പോക്കിനെയും ഒന്ന് വിലയിരുത്താം. ഒരിക്കൽ ഓർമ്മയാകേണ്ട നമ്മൾ, നിത്യജീവിതവും സ്വർഗ്ഗവും ലക്‌ഷ്യം വെച്ചാണോ നീങ്ങുന്നതെന്ന് ഒന്ന് ആത്മശോധന ചെയ്യാം. ‘ഇന്ന് ഞാൻ , നാളെ നീ’ എന്ന് സെമിത്തേരികളിൽ എഴുതിവെച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ടെങ്കിലും കണ്ണാടിയിൽ നിന്ന് നോട്ടം മാറിയാൽ നമ്മുടെ മുഖം എങ്ങനെയാണെന്ന് മറന്നുപോകുന്നത് പോലെ ജീവിതത്തിന്റെ വ്യഗ്രതകളിലേക്ക് വീണ്ടും നമ്മൾ ഊളിയിടുന്നു.

‘ജീവന്റെ വൃക്ഷത്തിൻ മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ അനുഗ്രഹീതർ ‘

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment