കുറച്ചു ദിവസമായി എന്റെ മനസിൽ വരുന്ന ഒരു ചിന്ത ബത്‌ലഹേമിനെ പറ്റിയായിരുന്നു.
പലരും ഓർക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വിഷയമാണ് നസ്രസിലെ തിരുക്കുടുംബത്തിന്റെ കാര്യം.
നസ്രത്തിൽ തിരുക്കുടുംബം ഈശോയോടൊപ്പം ദൈവപരിപാലനയിൽ പൂർണമായും ആശ്രയിച്ചാണ് ജീവിച്ചത് എന്നതിൽ തർക്കമില്ല. എന്നാലും അവർ ബന്ധുക്കളുടേയും പരിചയക്കാരുടെയും ഇടയിൽ ആയിരുന്നു, ആ ഭവനം അവരുടേതായിരുന്നു, അത് പോലെ യൗസേപ്പിതാവിനു ജോലി സാഹചര്യങ്ങൾ ഉണ്ടായിരുന്നു, ഈശോ അവരോടൊപ്പം ഉണ്ടായിരുന്നു,എല്ലാം കുറച്ചു കൂടെ ക്രമീകൃതമായിരുന്നു.
എന്നാൽ ബത്‌ലഹേം….
ബത്‌ലഹേം അനുഭവത്തിലേയ്ക്കുയരുവാൻ പരിശുദ്ധ അമ്മയും യൗസേപ്പിതാവും തങ്ങളെ തന്നെ സാധാരണയിൽ ഉപരിയായി പൂർണമായും ദൈവപിതാവിന്റെ ഹിതത്തിന് വിധേയപ്പെടേണ്ടി വന്നു.
നസ്രത്തിൽ ഉണ്ണി ഈശോയെ വരവേൽക്കാൻ തങ്ങൾക്കാവുന്നത് പോലെ അവർ വീടൊരുക്കി.
കുഞ്ഞ് തൊട്ടിലും സുഖകരമായ രീതിയിൽ ചൂട് പകരുന്ന മൃദുവായ കുഞ്ഞുടുപ്പുകളും ചെറിയ കിടക്ക വിരികളും ചെറു പുതപ്പുകളും ഒക്കെ അവർ തയ്യാറാക്കി.
നസ്രത്തിലെ കുഞ്ഞ് മുറി ഉണ്ണി ഈശോ വരുന്ന സമയത്തേയ്ക്ക് ഒന്ന് കൂടെ സാധനങ്ങൾ ഒക്കെ ക്രമീകരിച്ചു ഒരുക്കിയിട്ടുണ്ടാവും.
തിരുക്കുടുംബം മാത്രമല്ല, അവരെ അറിയാവുന്നവരും ആ സമയത്തേയ്ക്ക് അവരെ സഹായിക്കാനായി സന്നദ്ധത കാണിച്ചിട്ടുണ്ടാവും.
എന്നാൽ..
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്‌റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു.
ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ
നഗരത്തിലേക്കുപോയി.
ലൂക്കാ 2 : 1-3
അത്യുന്നത ദൈവത്തിന്റെ തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി അഗസ്റ്റസ് സീസർ പുറപ്പെടുവിച്ച കല്പന തിരുക്കുടുംബവും അനുസരിച്ചു.
“ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്.”
(റോമാ 13 : 1)
മേലധികാരികൾ പറയുന്ന കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുമ്പോഴും ചെറുതും വലുതുമായ നിയമങ്ങൾ പൂർണ മനസോടെ അനുസരിക്കുമ്പോഴും ദൈവഹിതം തന്നെയാണ് പലപ്പോഴും നാം അനുവർത്തിക്കുന്നത്.
എന്നാൽ പലപ്പോഴും ഇങ്ങനെ അനുസരിക്കേണ്ടിയും വിധേയപ്പെടേണ്ടിയും വരുമ്പോൾ നമ്മുടെ ഉള്ളു വല്ലാതെ ഞെരുങ്ങും. തീരുമാനം എടുക്കാനാവാതെ കുഴങ്ങും.
നമ്മൾ ഒരു ലക്ഷ്യത്തിനു വേണ്ടി ചെയ്ത അദ്ധ്വാനങ്ങൾ, അതിനായി കണ്ട സ്വപ്‌നങ്ങൾ, രൂപീകരിച്ച പദ്ധതികൾ ഒക്കെയും ഉപാധികൾ ഇല്ലാതെ പൂർണമായും ഉപേക്ഷിക്കേണ്ടി വരും.
തന്റെ സ്വന്തഇഷ്ടവും പദ്ധതികളും പൂർണമായും ഉപേക്ഷിച്ചു അപ്പോഴപ്പോൾ പരിശുദ്ധാത്മാവ് ഉള്ളിൽ വെളിപ്പെടുത്തിതരുന്ന ദൈവിക പദ്ധതിയ്ക്കു പൂർണ മനസോടെ വിധേയപ്പെട്ടു ആ സമയത്തു നമ്മുടെ മേലധികാരി ആയി ദൈവം നിശ്ചയിച്ച ആളെ അനുസരിച്ചു മുന്നോട്ട് പോകുക എന്നതാണ്
ബത് ലഹേമിലേയ്ക്ക് പോകുവാൻ ഉള്ള ആദ്യചുവട് വയ്പ്.
ഒരു പക്ഷെ നമുക്ക് മേലധികാരി ആയി ദൈവം നിശ്ചയിച്ചിരിക്കുന്നത് ലോകദൃഷ്ട്യ നിസാരരായവരെ ആയിരിക്കാം. ചിലപ്പോൾ നമുക്ക് പോലും ഉള്ളിൽ അവരെ കുറിച്ച് മതിപ്പ് കുറവ് തോന്നി എന്ന് വരാം.
അവർ പറയുന്നത് പോലെ അല്ലാതെ വേറൊരു രീതിയിൽ ചെയ്താൽ കുറച്ചു കൂടി നന്നായേനെ എന്ന് സ്വയം തോന്നാം.
എന്നാൽ മേലധികാരികളിലൂടെ വെളിപ്പെടുന്നത് ദൈവിക ജ്ഞാനമാണ്. സമയത്തിന്റെ പൂർണതയിൽ ദൈവിക പദ്ധതി പ്രകാരം അത് ആവശ്യമായിരുന്നു എന്ന് നമുക്ക് മനസിലാകും.
മേലധികാരികളെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു കാര്യം പരിശുദ്ധാത്മാവ് ഓർമിപ്പിക്കുന്നത് അവർ നിസാരരല്ല എന്നാണ്. ഓരോ തീരുമാനവും എത്രയോ ആലോചിച്ചിട്ടായിരിക്കും ദൈവത്തോട് സഹായം ചോദിച്ചിട്ടായിരിക്കും അവർ എടുക്കുന്നത്. ഓരോ ചെറുതും വലുതുമായ കാര്യങ്ങളും ചെയ്യുവാൻ അവർ പറയുമ്പോൾ ചെയ്യാൻ പറഞ്ഞ കാര്യങ്ങളുടെ ധാർമിക ഭാരവും ഉത്തരവാദിത്വവും ഹൃദയത്തിൽ അവരും വഹിക്കുന്നുണ്ട്.
മേലധികാരികൾ എന്ന് പറയുമ്പോൾ ജീവിത പങ്കാളി ആകാം, ജോലിസ്ഥലങ്ങളിലെ
അധികാരികൾ ആകാം, ആത്മീയഅധികാരികൾ ആകാം.
പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഈ ചിന്തയിൽ മുന്നോട്ട് പോകുന്നതാണ് ഉചിതം എന്ന് തോന്നുന്നു.
പരിശുദ്ധ അമ്മ യൗസേപ്പിതാവിനെ ബഹുമാനിച്ചു, പൂർണമായും അനുസരിച്ചു.
പേരെഴുതിക്കുവാനായി പോകണം എന്ന് യൗസേപ്പിതാവ് പറഞ്ഞപ്പോൾ മാതാവ് അതിനുള്ള കാര്യങ്ങൾ ഉടനെ തന്നെ ക്രമീകരിക്കാൻ തുടങ്ങി.
ഒരു കാര്യം ചെയ്യാൻ ദൈവം അധികാരികളിലൂടെ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാതെ ഒഴികഴിവ് പറയാതെ ഉടനടി ചെയ്തു തുടങ്ങുമ്പോൾ പിശാചിന് അതിന്മേൽ പ്രവർത്തിക്കുവാൻ സമയം ലഭിക്കാതെ വരുന്നു.
ഒരു പക്ഷെ നമ്മോടു കാര്യങ്ങൾ ചെയ്യാൻ പറയുന്ന മേലധികാരികൾക്ക് നാം കടന്നു പോകുന്ന അവസ്ഥ അതേ പടി മനസിലായി എന്ന് വരില്ല, പുതിയ കാര്യങ്ങൾ ചെയ്യാനായി അതുവരെയും ചെയ്തു പൂർത്തിയാക്കി തയ്യാറാക്കിയ കാര്യങ്ങളെ കുറിച്ചും നമ്മൾ ഉപേക്ഷിക്കേണ്ടി വരുന്ന പാഴായി പോയ അധ്വാനങ്ങളെ കുറിച്ചുമുള്ള ഉള്ളിലെ വേദന അവർ അറിഞ്ഞെന്നു വരില്ല.
പുതിയ കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അതിനു നാം എടുക്കേണ്ടി വരുന്ന effort പൂർണമായും ഗ്രഹിക്കുവാൻ അവർക്കു സാധിച്ചെന്നു വരികയില്ല.
പുതിയ കാര്യങ്ങൾക്കു വേണ്ടി ഇറങ്ങുമ്പോൾ എത്രയോ അപകടകരമായ സാഹചര്യങ്ങളിലൂടെ ആയിരിക്കും കടന്നു പോകേണ്ടി വരിക എന്ന് അവർക്കും ചിന്തിക്കാൻ സാധിച്ചു എന്ന് വരികയില്ല.
എന്നാൽ ദൈവഹിതം നിറവേറ്റുവാൻ ഒരു വ്യക്‌തി കാണിക്കുന്ന വിശ്വസ്തതയും അധ്വാനവും ധീരതയും ദൈവം കാണും.
യൗസേപ്പിതാവ് ഒരുങ്ങാൻ പറഞ്ഞപ്പോൾ പരിശുദ്ധ അമ്മ ഒഴികഴിവ് പറഞ്ഞില്ല, മറിച്ചു ദൈവപിതാവ് തന്നെ തന്നോട് ഒരു അത്യാവശ്യകാര്യം നേരിട്ട് പറഞ്ഞേല്പിച്ചാൽ എങ്ങനെയോ അങ്ങനെ പ്രവർത്തിച്ചു.
വേഗം യാത്രയ്ക്കുള്ള കാര്യങ്ങൾ തയ്യാറാക്കി, ഭക്ഷണമൊരുക്കി, വെള്ളം കരുതി, ഉണ്ണി ഈശോയ്ക്കായി കരുതി വച്ച കുറച്ചു കുഞ്ഞുടുപ്പും മറ്റുവസ്ത്രങ്ങളും കുറച്ചു അത്യാവശ്യ സാധനങ്ങളും എടുത്തു.
ഒരുങ്ങി ഇറങ്ങുമ്പോൾ ഒരു പക്ഷെ യൗസേപ്പിതാവ് അറിഞ്ഞിരിക്കില്ല, ഉണ്ണി ഈശോ ഉണ്ടാകുവാൻ സമയം ഒത്തിരി അടുത്തു എന്നുള്ള കാര്യം.
എന്നാൽ പേരെഴുതിക്കുവാനായി പോകണം എന്ന് കേട്ടപ്പോൾ ദൈവത്തിന്റെ വചനം മുഴുവൻ ഹൃദയത്തിൽ സംഗ്രഹിച്ചിരുന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവ് മന്ത്രിച്ചതും ദൈവവചനമാണ്.
ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കു മുന്‍പേ, ഉള്ളവനാണ്.
മിക്കാ 5 : 2
തിരുവചനങ്ങൾ പൂർത്തിയാകുകയാണല്ലോ എന്ന് പരിശുദ്ധ അമ്മയ്ക്ക് ഹൃദയത്തിൽ തോന്നിക്കാണും.
ദൈവഹിതം അനുസരിച്ചു ഒരാൾ അനുസരണത്തിലൂടെയും വിധേയത്വത്തിലൂടെയും കടന്നു പോകുന്ന ആദ്യനിമിഷം മുതൽ സഹായകനായ പരിശുദ്ധാത്മാവ് ആ വിഷയത്തിൽ ഇടപെട്ടു കൃപകൾ തന്നു തുടങ്ങും
വലിയ കാര്യങ്ങൾ ലളിതമായി ആത്മാവിന് മനസിലാകും.
ഒരു കഴുതയ്ക്ക് വഹിക്കാവുന്ന ചുമടുമായി അവരുടെ യാത്ര ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.
വിശപ്പും ദാഹവും ക്ഷീണവും അവർക്കു അനുഭവപ്പെട്ടു.
യൗസേപ്പിതാവ് മാനുഷികമായ രീതിയിൽ പരിശുദ്ധ അമ്മയെ കുറിച്ച്, അമ്മയുടെ ബുദ്ധിമുട്ടുകളെ കുറിച്ച് സങ്കടപ്പെട്ടു, പരിശുദ്ധ അമ്മയെ സഹായിക്കുവാൻ തന്നെക്കൊണ്ട് ആവുന്നതൊക്കെയും ചെയ്തു. പരിശുദ്ധ അമ്മയ്ക്ക് അത് പൂർണമായും മനസിലാകുകയും ഹൃദയത്തിൽ നിന്ന് നന്ദി പറയുകയും ചെയ്തു. എല്ലാത്തിലും ഉപരിയായി യാത്രയിൽ അവർ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ദൈവത്തെ വാഴ്ത്തി സ്തുതിച്ചു ആരാധിച്ചു കൊണ്ടിരുന്നു.
ദൈവപരിപാലനയിൻ കീഴിൽ അവർ നടന്നു. അതിന്റെ അർത്ഥം അവരുടെ മുൻപിലെ കഷ്ടതകൾ മാറി എന്നല്ല, കഷ്‌ടതയിലൂടെയും ദാരിദ്ര്യത്തിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും അവർ തലയുയർത്തി നടന്നു.
ദൈവപിതാവ് അവർക്കായി ഒരുക്കിയ ഭക്ഷണവും വെള്ളവും നന്ദിയോടെ കഴിച്ചു.
അനേക ഗണം മാലാഖാമാർ അവർക്കു മുൻപേ പോകുന്നതും അവരെ അനുഗമിക്കുന്നതും പരിശുദ്ധ അമ്മയ്ക്ക് ഉള്ളിൽ കാണാമായിരുന്നു.
പരിശുദ്ധ അമ്മ മൗനമായി ഹൃദയത്തിൽ ദൈവിക കാര്യങ്ങൾ ധ്യാനിച്ചു കൊണ്ടിരുന്നു.
ആന്തരികമായി ദൈവത്തെ ആരാധിച്ചു കൊണ്ടിരുന്നു.
യൗസേപ്പിതാവ് ഉറങ്ങിയപ്പോഴും പലപ്പോഴും മാതാവ് ഉണർന്നിരുന്നു യൗസേപ്പിതാവിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ഇത് പോലെ എന്റെ മേലധികാരികൾക്ക് വേണ്ടി ഞാൻ ഹൃദയപൂർവം പ്രാർത്ഥിക്കാറുണ്ടോ എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു
ദാവീദിന്റെ പട്ടണമായ ബത് ലഹേമിൽ ദാവീദിന്റെ പിന്മുറക്കാരായ പരിശുദ്ധ അമ്മയ്ക്കും യൗസേപ്പിതാവിനും രാജകീയ സ്വീകരണമൊന്നും ലഭിച്ചില്ല.
അന്നു അവിടെയുള്ള ജനങ്ങളുടെ ആത്മീയ നയനങ്ങൾ ഒരു നിമിഷത്തേയ്ക്ക് തുറന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി!
ആരാണ് അവരുടെ പട്ടണത്തിലേയ്ക്ക് കടന്നു വന്നത് എന്ന് അവരിൽ കുറച്ചു പേരെങ്കിലും തിരിച്ചറിഞ്ഞേനെ!
എന്നാൽ അതല്ലായിരുന്നു ദൈവിക പദ്ധതി.
ക്രിസ്തുവിനെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയെയും ക്രിസ്തുവിനെ ലോകം സ്വീകരിക്കുന്ന രീതിയിൽതന്നെ സ്വീകരിക്കണം എന്ന് ദൈവം തിരുമനസായി.
ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മ….
എന്തൊരു മനോഹരവും അവർണനീയവുമായ അനുഭവം.
ഒരു കുഞ്ഞ് ഉദരത്തിൽ വളരുന്നു എന്നറിയുന്ന നിമിഷം ഒരു പെൺകുട്ടിയ്ക്കു എന്തൊരാനന്ദമാണ്!
ആ അറിവിന്റെ നിമിഷം മുതലാണ് മനസ് കൊണ്ടും ഹൃദയം കൊണ്ടും അവൾ അമ്മയായി മാറിത്തുടങ്ങുന്നത്.
ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു തുടങ്ങുമ്പോൾ സാധാരണ ആയി ഒരു മാസമൊക്കെ ആകുമ്പോൾ ആണ് അമ്മയായി എന്നറിയുന്നത്.
അത് അറിയുമ്പോൾ ഉണ്ടാകുന്ന അത്യാഹ്ലാദം ആ പെൺകുട്ടിയ്ക്കെ അറിയൂ.
ഹൃദയം ഇങ്ങനെ സ്നേഹം കൊണ്ടു തുളുമ്പുന്ന അവസ്ഥ!
എന്നാൽ പരിശുദ്ധ അമ്മ ഈശോ വരും എന്ന് മംഗളവാർത്തയിലൂടെ അറിഞ്ഞു.
ആദ്യമായിട്ടാണ് ഒരു മകൻ അമ്മയെ തിരഞ്ഞെടുക്കുന്നത്!
ആ വാർത്ത കേട്ടപ്പോഴും ഈശോ ആ തിരുവുദരത്തിലേയ്ക്ക് വന്നപ്പോഴും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനുണ്ടായ ആനന്ദം എത്രയോ നിർമലവും ഉന്നതവും ദൈവത്തെ പ്രസാദിപ്പിക്കുന്നതും ആയിരുന്നിരിക്കണം.
അത്രയും നിർമലവും സ്നേഹനിർഭരവുമായ ഉദരത്തിൽ എത്രയോ ആനന്ദത്തോടെ ആയിരിക്കണം ഈശോ പ്രവേശിച്ചത്?
പറയുന്ന വിഷയം മാറിപ്പോകുന്നു എങ്കിലും വിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാൻ എല്ലാവരെയും ക്ഷണിക്കുമ്പോൾ എന്നിലേയ്ക്ക് ഈശോ വരാൻ ആഗ്രഹിക്കുന്നു എന്ന് വൈദികൻ മംഗള വാർത്ത എന്നോട് പറയാതെ പറയുമ്പോൾ പരിശുദ്ധ അമ്മ പറഞ്ഞത് പോലെ
“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!
(ലൂക്കാ 1 : 38)
എന്ന മറുപടി എന്റെ ഹൃദയത്തിൽ മുഴങ്ങുന്നുണ്ടോ?
എന്റെ ഹൃദയത്തിൽ പ്രവേശിക്കുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് അവിടെ വാസം ആനന്ദകരമാണോ?
ഞാൻ എത്രയോ ചിന്തിക്കേണ്ടിയിരിക്കുന്നു.
പരിശുദ്ധ അമ്മ ബത്‌ലഹേമിലൂടെ ഈശോയെ വഹിച്ചു കൊണ്ട് നടന്നപ്പോൾ അമ്മയുടെ മനസ് ഈശോയിൽ പൂർണമായും അലിഞ്ഞിരുന്നു.
ഉണ്ണി ഈശോ വരാൻ സമയമാകുന്നു എന്ന് അറിഞ്ഞു ഒരു താമസസ്ഥലം കണ്ടുപിടിക്കാൻ വെപ്രാളപ്പെട്ട യൗസേപ്പിതാവിനോടൊപ്പം പരിശുദ്ധ അമ്മയും ശാന്തമായി പോയി.
തിരസ്കരണങ്ങൾ, കുത്തു വാക്കുകൾ, പരിഹാസങ്ങൾ, പുറത്താക്കലുകൾ, അവജ്ഞയോടെയുള്ള നോട്ടങ്ങൾ എല്ലാം മാതാവ് കണ്ടു.
ഒരു പക്ഷെ തന്റെ മകൻ ഈശോ ഒരു നാൾ മനുഷ്യ ഹൃദയങ്ങളിൽ വസിക്കാൻ ഇടം തേടി ഹൃദയവാതിലുകളിൽ മുട്ടുമ്പോൾ അവിടുന്നനുഭവിക്കാൻ പോകുന്നതും സമാനമായ അനുഭവങ്ങൾ ആയിരിക്കുമല്ലോ എന്ന് അമ്മ ചിന്തിച്ചു കാണുമോ ആവോ!
ഒരു ഗർഭിണി ആദ്യമായി കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന സമയത്തു എന്ത് മാത്രം ആകാംക്ഷയാണ് ആ കുഞ്ഞിനെ കാണുവാൻ!
അപ്പോൾ സ്വർഗീയ ശിശുവിനെ, മിശിഹായെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയ്ക്ക് ഈശോയെ കാണാറായി എന്നുള്ള ചിന്ത എത്രയോ ആനന്ദകരം ആയിരുന്നിരിക്കണം.
പരിശുദ്ധ അമ്മയ്ക്ക് മാത്രമല്ല, യൗസേപ്പിതാവിനും സ്വർഗീയ വൃന്ദങ്ങൾക്കും സൃഷ്ടപ്രപഞ്ചത്തിനും എത്രയോ ആകാംക്ഷ ആയിരുന്നിരിക്കണം രക്ഷകനായ ഈശോയെ ഒന്ന് കാണുവാൻ.
ആരൊ പറഞ്ഞറിഞ്ഞു ബത്‌ലഹേമിലെ തിരക്കൊഴിഞ്ഞ ഒരു പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന ഗുഹ പോലെ ഉള്ള ആ സ്ഥലത്തേക്ക് കടന്നു ചെല്ലുമ്പോൾ സാധാരണ മനുഷ്യൻ എന്ത് വിചാരിക്കും
ഒരു പക്ഷെ മനസ് തകർന്നു പോകും.
എന്നാൽ ബുദ്ധിമുട്ടേറിയ സൗകര്യങ്ങൾ തീരെ കുറഞ്ഞ പ്രതികൂലമായ ജീവിത സാഹചര്യങ്ങളിലൂടെ ഒരു വ്യക്തി ദൈവഹിതമനുസരിച്ചു കടന്നു പോകുമ്പോൾ പരിശുദ്ധ അമ്മയ്ക്ക് ഈശോയുടെ ജനനത്തിനായി ദൈവപിതാവ് അവിടുത്തെ ഹിത പ്രകാരം ഒരുക്കിയ സൗകര്യങ്ങൾ ധ്യാനിച്ചാൽ ദൈവസ്നേഹം കൊണ്ടു ഹൃദയം നിറയും.
നമ്മുടെ കണ്ണുകൾക്ക് മാനുഷികമായതും അന്നേരമുള്ളതുമേ കാണാൻ സാധിക്കൂ, എന്നാൽ ദൈവപിതാവിന് നമ്മുടെ നിത്യത വരെയും കാണാം. ഓരോ കാര്യങ്ങളും എന്ത് കൊണ്ടാണ് ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നത് എന്ന് മനസിലാക്കുവാൻ പരിശുദ്ധ അമ്മയുടെ ബത്‌ലഹേം അനുഭവങ്ങൾ വളരെ സഹായകരമാണ്.
ഓരോ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. തന്റെ ഏക ജാതനായ ഈശോയെ പോലും നമുക്കായി നൽകിയ സ്നേഹപിതാവ് എത്രയോ ജാഗ്രതയോടെ ആണ് നമ്മുടെ ഓരോ കാര്യവും നിത്യതയോളം വ്യക്തമായി പ്ലാൻ ചെയ്തിരിക്കുന്നത്.
എന്നാൽ പരിശുദ്ധ അമ്മയെ പോലെ ദൈവഹിതത്തിന് കീഴ്‌വഴങ്ങി അവിടുത്തെ പരിപാലനയുടെ തണലിൽ നിന്നാലേ ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ ഹിതം പൂർത്തിയാവുകയുള്ളൂ.
ഓരോ ദിവസവും കിട്ടുന്ന ഭൗതികവും ആത്മീയവുമായ അനുദിനകൃപകൾ കൊണ്ടു തൃപ്തിപ്പെടുക മാത്രമല്ല അവിടുത്തേയ്ക്ക് നന്ദി പറയുകയും വേണം.
ബത്‌ലഹേമിലെ ആ ചെറിയ ഗുഹ പോലുള്ള തൊഴുത്തിലേയ്ക്ക് കടന്നു ചെന്നാൽ ഒരു സാധാരണ മനുഷ്യൻ എന്താണ് കാണുന്നത്?
ഇടിഞ്ഞു പൊളിഞ്ഞ തറ, ഈർപ്പവും ചാണകത്തിന്റെ മണവും പൂപ്പലും തണുപ്പും ഒക്കെയുള്ള ഇരുണ്ട മനം മടുപ്പിക്കുന്ന അന്തരീക്ഷം.
തറയിൽ അവിടവിടെ ചെളി കുഴഞ്ഞു കിടക്കുന്നു. എത്ര വൃത്തിയാക്കിയാലും പൂർണമായി വൃത്തിയാകില്ലാത്ത ഒരിടം. ദാരിദ്ര്യം നിറഞ്ഞ സ്ഥലം.
പുല്ലും മറ്റും തറയിൽ ചിതറിക്കിടക്കുന്നു
ഒരു കാളയും കഴുതയും മാത്രം അവിടെ ഉണ്ട്
ഒന്നുമില്ലാത്ത അവസ്ഥയിൽ ചെറിയ സൗകര്യവും വലുതായി തോന്നും
ബത്‌ലഹേമിലെ ആ കൊച്ച് തൊഴുത്ത് എന്ന നന്മയ്ക്കു യൗസേപ്പിതാവ് ദൈവത്തിനു നന്ദി പറഞ്ഞു.
ഒട്ടും സമയം കളയാതെ അവിടമൊക്കെ വേഗം ആവുന്നത്രയും വൃത്തിയാക്കി, കാളയെയും കഴുതയെയും ഒരു വശത്തേയ്ക്ക് മാറ്റി കെട്ടി. അവിടെ കിടന്ന പുല്ല് വിരിച്ചു ഒരു ചെറു കിടക്ക ഉണ്ടാക്കി അതിൽ വസ്ത്രം വിരിച്ചു , മാതാവിനോട് അവിടെ വിശ്രമിക്കാൻ ആവശ്യപ്പെട്ടു. ചെറു ചുള്ളി വിറകുകൾ പെറുക്കിക്കൂട്ടി തീ കത്തിച്ചു.
ഈ സമയങ്ങളിൽ എല്ലാം പരിശുദ്ധ അമ്മ എന്തായിരിക്കും ചിന്തിച്ചു കൊണ്ടിരുന്നത്!
എന്താണ് കണ്ടു കൊണ്ടിരുന്നത്!
ഒരു സാധാരണ സ്ത്രീക്ക് പോലും സ്വകാര്യതയോ സൗകര്യമോ ഇല്ലാത്ത അവിടെ രാത്രി ചിലവഴിക്കുക പ്രയാസമാണ്.
എന്നാൽ പൂർണ ഗർഭിണിയായ പരിശുദ്ധ അമ്മയുടെ അവസ്ഥ എന്തായിരുന്നിരിക്കും!
ബത്‌ലഹേമിലെ തണുപ്പുള്ള രാത്രി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ തണുപ്പ് എന്താണെന്നു അക്ഷരങ്ങളിൽ വായിച്ചാൽ ബോധ്യമാവില്ല, അത് സ്വയം അനുഭവിക്കണം.
യൂറോപ്യൻ നാടുകളിൽ തണുപ്പ് കാലങ്ങളിൽ പുറത്തു ഇറങ്ങിയാൽ നല്ലത് പോലെ തണുപ്പിനുള്ള ഉടുപ്പുകളും ബൂട്സും കയ്യുറകളും തൊപ്പിയും ഒക്കെ ധരിച്ചാൽ പോലും വളരെയധികം തണുപ്പുള്ള സമയങ്ങളിൽ കയ്യിൽ തണുപ്പ് അരിച്ചിറങ്ങും, കാല് മരയ്ക്കും. തണുപ്പിന് വേണ്ടത്ര കരുതലില്ലാതെ പുറത്തിറങ്ങുന്ന സമയത്തു പെട്ടെന്നൊന്നു മഞ്ഞു പെയ്താൽ കൈയും കാൽ വിരലും ഒക്കെ വല്ലാതെ തണുക്കും. തണുപ്പിൽ കയ്യുറ ധരിക്കാത്ത കയ്യിലേയ്ക്കുള്ള രക്തയോട്ടം കുറയുന്നത് കൊണ്ടു വിരലിൽ ഒക്കെ വല്ലാത്ത വേദന തോന്നും.
ബത്‌ലഹേമിലെ കൊച്ച് ഗുഹയിൽ തിരുക്കുടുംബം എത്രയോ തണുപ്പ് അനുഭവിച്ചു കാണും.
എന്നാൽ ആ നിമിഷങ്ങളിൽ പരിശുദ്ധ അമ്മ എന്താണ് ചെയ്തത്?
ദൈവവചനം സംഗ്രഹിക്കപ്പെട്ട വിമലഹൃദയം ഞൊടിയിടയിൽ പ്രാർത്ഥനാ നിരതമായി.
മാതാവിന്റെ ചുറ്റുമുള്ള മനുഷ്യ ദൃഷ്ടിയിൽ നിസാരമായ എന്നാൽ പ്രവാചകൻ പ്രവചിച്ച ആ സ്ഥലം പരിശുദ്ധത്രിത്വത്തിന്റെ മഹനീയ സാന്നിധ്യത്താൽ പ്രകാശിതമായി.
സ്വർഗീയ വൃന്ദങ്ങൾ മുഴുവനും പരിശുദ്ധ ത്രിത്വത്തിന്റെ അനന്തജ്ഞാനത്തെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടിരുന്നു.
പരിശുദ്ധ അമ്മയുടെ അവർണനീയമായ വിശുദ്ധിയുടെ പരിമളം ആ കൊച്ച് ഗുഹയെ സുഗന്ധപൂരിതമാക്കി.
പരിശുദ്ധ അമ്മ ഉദരത്തിൽ വഹിച്ചിരുന്ന ഈശോയുടെ സാന്നിധ്യം ആ സ്ഥലത്തെ അലൗകിക പ്രകാശം കൊണ്ടു നിറച്ചു.
മാതാവിന്റെ ആത്മാവിൽ നിന്നുയർന്നു കൊണ്ടിരുന്ന ദൈവസ്തുതികൾ പരിശുദ്ധ ത്രിത്വത്തിനെ ആനന്ദിപ്പിച്ചു.
മാനവചരിത്രത്തിലെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അനന്യ നിമിഷത്തിൽ ഈശോ ജനിച്ചു.
ഓ എത്രയോ വലിയ ആനന്ദം!
പൂർണവതിയായി സൃഷ്ടിക്കപ്പെട്ടവളിൽ നിന്നും ജനിച്ച എത്രയോ പൂർണനായ ശിശു!
പൂർണമനുഷ്യനും പൂർണ ദൈവവും ആയവൻ ഈശോ.
ഓരോ മനുഷ്യനെയും സ്നേഹിതാ എന്നും സഹോദരാ എന്നും വിളിക്കാൻ യോഗ്യത നേടുവാൻ ഈശോ ഒന്നുമില്ലായ്മയിൽ ദാരിദ്ര്യത്തിന്റെ അത്യുന്നതിയിൽ ജനിച്ചു.
എന്നാൽ ആ സ്ഥലത്തു പരിശുദ്ധ അമ്മയുടെ നിർമല സ്നേഹം ഉണ്ടായിരുന്നു.
പരിശുദ്ധനായ ശിശുവിനെ മാതാവ് കയ്യിൽ എടുത്ത നിമിഷം…
അമ്മയുടെയും മകന്റെയും കണ്ണുകൾ ആദ്യമായി കണ്ടുമുട്ടിയത് അന്നാണ്.
ദൈവസ്നേഹം കയ്യിൽ എടുത്താൽ എന്തായിരിക്കും നമുക്ക് തോന്നുന്നത്?
ദൈവത്തെ കണ്ടാൽ എന്താണ് നമുക്ക് തോന്നുന്നത്?
ഒരു ദൈവവചനം കണ്ടാലോ കേട്ടാലോ നമുക്കെന്താണ് തോന്നുന്നത്!
വിശുദ്ധ കുർബാന ഉൾക്കൊള്ളാനായി സ്വീകരിക്കുമ്പോൾ നമുക്കെന്താണ് തോന്നുന്നത്!
ആദ്യമായി മനുഷ്യ ദൃഷ്ടിക്കു കാണാവുന്നവനായി നിസ്സഹായനായ ഒരു മനുഷ്യ ശിശുവായി ഈശോ കിടന്നപ്പോൾ പരിശുദ്ധ അമ്മ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും സകല ശക്തിയോടും കൂടെ അവിടുത്തെ ആരാധിച്ചു വണങ്ങി.
മതിയാവോളം സ്നേഹിച്ചു.
പിന്നീട് ക്ഷീണം കൊണ്ടു ഉറക്കത്തിലാണ്ടിരുന്ന യൗസേപ്പിതാവിനെ വിളിച്ചു ഉണ്ണി ഈശോയെ കയ്യിൽ കൊടുത്തപ്പോൾ ഒരു നിമിഷം ദൈവമെന്ന ആദരവു കൊണ്ട് എടുക്കാൻ മടിച്ചു, എങ്കിലും മാതാവ് ധൈര്യപ്പെടുത്തിയതിനാൽ അവിടുത്തെ കയ്യിൽ എടുത്തു.
ഒരു നിമിഷം കൊണ്ട് ഈശോയുടെ കുഞ്ഞ് പാദങ്ങളും ചെറു കരങ്ങളും എത്രയോ തണുത്തിരിക്കുന്നു എന്ന് മനസിലായ യൗസേപ്പിതാവ് പരമാവധി ഉണ്ണി ഈശോയെ ഹൃദയത്തോട് ചേർത്ത് പിടിച്ചു.
കുഞ്ഞ് പുൽതൊട്ടി ഏറ്റവും മൃദുവായ പുല്ല് കൊണ്ട് ഒരുക്കി മാതാവിന്റെ ശിരോവസ്ത്രം വിരിച്ചു ഈശോയെ കൊണ്ടു വന്ന തുണികൾ കൊണ്ട് പൊതിഞ്ഞു അതിൽ കിടത്തി.
കുറച്ചു കൂടി ചുള്ളിവിറക് തീയിലേക്കിട്ട് കത്തിച്ചു. തന്റെ മേലങ്കി വാതിൽക്കൽ വിരിച്ചു അകത്തേയ്ക്കു കാറ്റടിക്കുന്നത് തടയാനായി നോക്കി.
ബത്‌ലഹേമിൽ മാതാവ് പ്രവേശിച്ചത് ഈശോയെ ഉദരത്തിൽ വഹിച്ചു കൊണ്ടാണ്. എന്നാൽ അവിടെ നിന്നിറങ്ങിയത് ഉണ്ണി ഈശോയെ കൈകളിൽ വഹിച്ചു കൊണ്ടാണ്.
ഇത് പോലെ നമ്മുടെ ജീവിതത്തിൽ ബത്‌ലഹേം അനുഭവങ്ങൾ ഉണ്ടാകുന്ന സമയത്തു ഹൃദയത്തിൽ വസിക്കുന്ന ദൈവവചനമായ ഈശോയെ വഹിച്ചു കൊണ്ടു അതിലേക്കു പ്രവേശിക്കണം.
ഈശോയോടൊപ്പം അവിടെ വസിക്കണം. ആ നിശ്ചിത കാലത്തെ അനുഭവങ്ങളിൽ ദൈവഹിതത്തിനനുസൃതമായി പ്രവർത്തിച്ചു കൊണ്ടും അത്യുന്നത ദൈവത്തെ വാഴ്ത്തിക്കൊണ്ടും ഈശോയോടൊപ്പം വസിക്കണം. ആ അനുഭവത്തിൽ നിന്നും ദൈവിക പദ്ധതി പ്രകാരം തക്ക സമയമാകുമ്പോൾ പുറത്തു കടക്കുന്ന സമയത്തു ഈശോയെ അധരങ്ങൾ കൊണ്ടും ജീവിതം കൊണ്ടും പ്രഘോഷിക്കുവാൻ മാത്രം ശക്തരായ ആത്മീയ മനുഷ്യരായി നാം മാറും.
ബത്‌ലഹേം വാഗ്ദാനപ്രകാരം പ്രവാചക വചനങ്ങളാൽ ഉയർത്തപ്പെട്ട സ്ഥലമാണ്. ഈശോയുടെ രക്ഷാകരചരിത്രത്തിന്റെ തുടക്കമാണ്.
ഉണ്ണിയായി ഈശോ കിടന്ന നിമിഷങ്ങളിൽ അവിടുത്തെ തിരുഹൃദയം തുടിച്ചു തുടങ്ങിയത് മനുഷ്യർക്ക് വേണ്ടിയായിരുന്നു.
അവിടുത്തേയ്ക്ക് വിശന്നതും ദാഹിച്ചതും മനുഷ്യാത്മാക്കളുടെ സ്നേഹത്തിനു വേണ്ടിയായിരുന്നു.
അവിടുത്തേയ്ക്ക് പരിശുദ്ധ അമ്മയുടെയും യൗസേപ്പിതാവിന്റെയും നിർമല സ്നേഹം ആശ്വാസം നൽകി. ബത്‌ലഹേമിലെ തിരുക്കുടുംബത്തിലും ഒരേ ഹിതമുള്ള മൂന്നാളുകൾ ആയിരുന്നു ഉണ്ടായിരുന്നത്.
കാരണം അവിടെ ഈശോയെ മാത്രം അവർ നോക്കികൊണ്ടേയിരുന്നു. ഈശോയുടെ ഹിതം മാത്രം ചെയ്യാൻ അവർ പരിശ്രമിച്ചു.
ഈശോ ആകട്ടെ സാധാരണ ശിശുവിനെ പോലെ ഉറങ്ങി, ഉണർന്നു, കരഞ്ഞു, ചിരിച്ചു.
ഈശോയെ ആർക്കു കണ്ടാലും തോന്നും ഇത്രയും നിസ്സഹായനായ ശിശുവാണോ രക്ഷകൻ ആകുന്നത്?
ബത്‌ലഹേം വിശുദ്ധമായ നിശബ്ദതയുടെ ആഴങ്ങളിൽ മറയ്ക്കപ്പെട്ട ഒരു ദൈവാലയമായിരുന്നു.
മഹാകരുണയോടെ ദൈവവചനം മനുഷ്യനായി മാറിയ നിമിഷങ്ങളിൽ ദിവ്യകാരുണ്യ സന്നിധിയിൽ ഇരിക്കാൻ മാനുഷികകണ്ണുകൾക്ക് ഈശോ ആദ്യമായി ദൃശ്യനായ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്ത മാതാവിനും യൗസേപ്പിതാവിനും ആ അനുഭവം എത്രയോ അവർണനീയം ആയിരുന്നിരിക്കണം
ഓരോ ദിവ്യകാരുണ്യ ആരാധനയിലും അനേകഗണം മാലാഖാമാർ ഉണ്ടെന്നു എപ്പോഴും നാം കേട്ടിട്ടുണ്ട്.
ദിവ്യകാരുണ്യമായ ഈശോ മനുഷ്യനായി ജനിച്ച ആ രാത്രിയിൽ മാലാഖാമാർ തിരഞ്ഞെടുക്കപ്പെട്ട പാവപ്പെട്ട മനുഷ്യർക്ക് ദൃശ്യരായി മനോഹര ഗീതങ്ങൾ പാടി തങ്ങളുടെ സൃഷ്ടാവിനെ വാഴ്ത്തി.
ഉണ്ണി ഈശോയുടെ ജനനത്തെ കുറിച്ച് മാലാഖമാർ പറഞ്ഞറിഞ്ഞ ആട്ടിടയന്മാർ ബത്‌ലഹേമിലെ ചെറുഗുഹയിൽ എത്തി.
ഉണ്ണി ഈശോ ഏവരെയും കരുണയോടെ നോക്കി. പിന്നീട് തിരുവോസ്തിരൂപനായി സക്രാരിയുടെ ഇരുളിൽ മനുഷ്യരുടെ വരവു കാത്തു ലോകത്തിനു മറഞ്ഞിരിക്കുമ്പോൾ ആരെങ്കിലും സന്ദർശിക്കുവാൻ വന്നാലും ഈശോ ഇതേ നോട്ടം അല്ലേ നോക്കുന്നത്.
ഈ പാവപ്പെട്ട ആട്ടിടയരുടെ കളങ്കമില്ലാത്ത സ്നേഹം ഈശോയുടെ ഹൃദയത്തിന് ആശ്വാസമേകി.
നഷ്‌ടപ്പെട്ട ആടുകളെ തേടി എത്തിയ നല്ല ഇടയനായ ഈശോ…
ആടുകൾക്ക് വേണ്ടി ജീവൻ നഷ്‌ടപ്പെടുത്തുവാൻപോലും തയ്യാറായി വന്നവനായ ഈശോ…
എത്രയോ നിസ്വാർത്ഥമായ സ്നേഹം അവിടുത്തേത്.
അത് പോലെ സാമ്പത്തികമായി എല്ലാമുള്ള എന്നാൽ ഹൃദയം ശുദ്ധമായിരുന്ന മൂന്നു രാജാക്കന്മാരും രാജാക്കന്മാരുടെ രാജാവിനെ കാണുവാൻ ലോകത്തിൽ നിന്നും പേര് ചൊല്ലി വിളിച്ചു വേർതിരിക്കപ്പെട്ടു.
അവരുടെ കാണിക്കകൾ കറയില്ലാത്തതായിരുന്നു.
അവരുടെ കൈകളും ശുദ്ധമായിരുന്നു.
സമൂഹത്തിന്റെ രണ്ടറ്റങ്ങളിൽ ഉള്ള രണ്ടു കൂട്ടം വ്യത്യസ്തരായ ആളുകളെ തന്റെ പുൽക്കൂടിന് ചുറ്റും നിന്നു തന്നെ ആരാധിക്കുവാൻ അവിടുന്ന് അനുവദിച്ചു.
ബത്‌ലഹേം അനുഭവം ഒന്നുമില്ലായ്മ എന്നു തോന്നുമെങ്കിലും ദൈവിക പദ്ധതികൾ കൃത്യമായി നടക്കുന്ന ഇടമാണ്.
ആത്മാവിൽ നിരന്തര ആരാധന ഉയരുന്ന സമയമാണ്.
ബത്‌ലഹേം അനുഭവത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഈശോയെ കാണാതെ വിശ്വസിച്ചു കൊണ്ടാണ്. എന്നാൽ അവിടെ നിന്നിറങ്ങുന്നത് അവിടുത്തെ കണ്ടറിഞ്ഞു ആരാധിച്ചു കൊണ്ടും.
ബത്‌ലഹേമിൽ ആയിരുന്ന സമയത്തു മനുഷ്യ ദൃഷ്ട്യ ഈശോ എന്നൊരു നിധി അല്ലാതെ മറ്റൊന്നും തിരുക്കുടുംബത്തിന് ഇല്ലായിരുന്നു.
പൂർണമായും അവിടുത്തെ മേൽ കണ്ണ് നട്ടിരുന്നതിനാൽ കുറവുകളൊന്നും അവരറിഞ്ഞുമില്ല.
നമ്മൾ അനുദിനം വായു ശ്വസിക്കുന്നുണ്ട്. എന്നാൽ ഓക്സിജൻ എങ്ങനെ അന്തരീക്ഷവായുവിൽ നിന്നും വേർതിരിക്കപ്പെട്ടു നമ്മുടെ ശ്വാസകോശങ്ങളിലേയ്ക്ക് കടന്നു വരുന്നുവെന്നും ശ്വാസകോശത്തിലെ അശുദ്ധ രക്തത്തിലേയ്ക്ക് പ്രവേശിച്ചു അതിനെ ശുദ്ധമാക്കുന്നുവെന്നും അങ്ങനെ ശരീരം മുഴുവൻ ഓക്സിജൻ കലർന്ന ശുദ്ധ രക്തം ഹൃദയത്തിലൂടെ പ്രവഹിക്കപ്പെടുമ്പോൾ ശരീരത്തിൽ എല്ലായിടത്തും പോഷണം എത്തിപ്പെടും എന്നുമൊന്നും നാം സാധാരണ ഓർക്കാറില്ല.
അത് അനുദിനം നാം പോലുമറിയാതെ നടക്കുന്നു.
ഇത് പോലെ തന്നെയാണ് ദൈവപരിപാലന. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ദൈവപിതാവ് ശ്രദ്ധാലുവാണ്. നാം പോലുമറിയാതെ അവിടുന്ന് എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നു. മറ്റാരേക്കാളും നമ്മെ സ്നേഹിക്കുന്നു.
ഈശോ കൂടെയുള്ള ബത്‌ലഹേം അനുഭവം ഇത് പോലെയാണ്.
ഒരു പക്ഷെ ആത്മീയമായൊ ഭൗതികമായോ നമ്മിൽ ലോകം ഒന്നും കണ്ടു എന്നു വരികയില്ല.
എന്നാൽ ഈശോയോടൊത്തായിരിക്കുക എന്നത് മാത്രം എടുത്താൽ അത് ഒരു വലിയ ദൈവകൃപ ആണ്.
“പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്‌തുതിച്ചു കൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!”
(ലൂക്കാ 2 : 13-14)
ഈശോയോടൊത്തായിരിക്കുമ്പോൾ ഒരു ചെറിയ കുഞ്ഞ് അമ്മയുടെ ചാരെ എന്നതുപോലെ നമുക്ക് ആന്തരിക സമാധാനമുണ്ട്.
“കാരണം, അവന്‍ നമ്മുടെ സമാധാനമാണ്.”
(എഫേസോസ് 2 : 14)
അവിടുത്തെ ചാരെ ഇരുന്നു അവിടുത്തെ ആരാധിക്കുന്നവരായി മാറിയാൽ, അവിടുത്തോടൊത്തു ജീവിച്ചു തുടങ്ങിയാൽ ബാക്കിയെല്ലാം നമ്മുടെ ജീവിതത്തിൽ ദൈവഹിതപ്രകാരം കൂട്ടിച്ചേർക്കപ്പെടുന്നത് നമുക്ക് കാണാം.
“നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.”
(മത്തായി 6 : 33)
ബത്‌ലഹേമിനെ കുറിച്ചുള്ള ചിന്തകൾ ഇവിടെ തീരുന്നില്ല. അതിനെ കുറിച്ച് കൂടുതൽ ധ്യാനിക്കാം.
ജപമാലയിലെ സന്തോഷത്തിന്റെ മൂന്നാം രഹസ്യത്തിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാം.
ബത്‌ലഹേമിലെ ആത്മീയ അനുഭവങ്ങളെ നമ്മുടെ ആത്മീയ ജീവിതവുമായി താരതമ്യപ്പെടുത്താം.
അവർണനീയമായ ദൈവസ്നേഹത്താൽ നിറയാം.
ആത്മാവിന്റെ ആന്തരികതയിൽ അത്യുന്നതനായ പരിശുദ്ധ ത്രിത്വത്തെ അനവരതം സ്തുതിച്ചാരാധിക്കുന്നവരാകാം.
അന്നു പരിശുദ്ധ അമ്മയ്ക്ക് പ്രസവത്തിനുള്ള സമയമായപ്പോൾ ഒന്ന് വിശ്രമിക്കാൻ, ഈശോയ്ക്ക് വന്നു പിറക്കുവാൻ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. യൗസേപ്പിതാവ് ഒത്തിരിപേരോട് ചോദിച്ചു,താമസിക്കാൻ സ്ഥലം തരുമോ എന്ന്.
എന്നാൽ ഈശോയ്ക്ക് വന്നു പിറക്കുവാൻ ഒരിടം തരുമോ എന്നായിരുന്നു ആ ചോദ്യമെന്ന് അന്നാർക്കും മനസിലായിരുന്നില്ല.
അവർ മിക്കവാറുംപേരും പഴയ നിയമ വചനങ്ങൾ ഹൃദിസ്ഥമാക്കിയ, വചനം അക്ഷരം പ്രതി അനുസരിക്കുന്ന യഹൂദരായിരുന്നു. അവരുടെ ഹൃദയത്തിൽ മിശിഹാ വരും എന്നുള്ള പ്രവചനത്തെ പറ്റി അറിവുണ്ടായിരുന്നു.
എന്നാൽ അന്നത്തെ ദിവസം അവരാരും അതിനെ കുറിച്ച് പ്രത്യേകിച്ചൊന്നും ചിന്തിച്ചില്ല. കുറച്ച് നേരത്തേയ്ക്ക് തങ്ങളുടെ വീടോ മുറിയോ ഒന്നൊരുക്കി കൊടുക്കുക വഴി മാനവരക്ഷയ്ക്കായുള്ള ആ അത്യുന്നതമായ രക്ഷാകര പ്രവൃത്തിയിൽ പങ്കാളികളായതുമില്ല.
പരിശുദ്ധ അമ്മയും യൗസേപ്പിതാവും അന്നു ദൈവപിതാവ് ഒരുക്കിയ ഇടുങ്ങിയ വഴികളിലൂടെ ഞെരുക്കുന്ന സാഹചര്യങ്ങളിലൂടെ മുൻപോട്ട് തന്നെ നടന്നു ….
പരിശുദ്ധാത്മാവ് അവരെ സ്നേഹപൂർവ്വം നയിച്ചു.
ചിന്തകളിൽ പോലും കടന്നു പോയിക്കൊണ്ടിരുന്ന സാഹചര്യങ്ങളെ പറ്റി ഒരു പരാതിയും അവർക്കുണ്ടായിരുന്നില്ല. കാരണം ഏറ്റവും വലിയ നിധി അവരുടെ കൈകളിലേയ്ക്ക് വന്നു ചേരാറായി എന്ന് അവർക്ക് അറിയാമായിരുന്നു.
അപ്പോഴും അതൊരു അറിവായിരുന്നു!!!!
പ്രതീക്ഷയായിരുന്നു!!!!
നിശബ്ദമായ ആ രാത്രിയിൽ ലോകം അവരെ ശ്രദ്ധിച്ചതേയില്ല.
അവർ ലോകത്തെയും ശ്രദ്ധിച്ചില്ല.
നാമും ഈശോയെ മാത്രം ശ്രദ്ധിച്ചാൽ മതി. അവിടുന്നിൽ മാത്രം നോക്കിയാൽ മതി.
യൗസേപ്പിതാവ് ആ കാലിതൊഴുത്തിൽ ആദ്യമായി കുറച്ച് സ്ഥലം ഒരുക്കി പരിശുദ്ധ അമ്മയെ ഇരുത്തി.
ശരിക്കും നമ്മുടെ ജീവിതത്തിൽ ഈശോ നമ്മുടെ അടുത്തേയ്ക്ക് വരുവാൻ പോകുന്ന സമയത്തും പരിശുദ്ധ അമ്മയെ ഇത് പോലെ നമ്മുടെ ചാരെ ഇരുത്തണം. അമ്മ ഈശോയെ എപ്പോഴും വഹിക്കുന്നവളാണല്ലോ.
രക്ഷകനായ ഈശോ നമ്മുടെ ഹൃദയങ്ങളിൽ വന്നു പിറക്കണമെങ്കിൽ നാം ആദ്യം അവിടുത്തെ നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ക്ഷണിക്കണം
പരിശുദ്ധ അമ്മയുടെയും യൗസേപ്പിതാവിന്റെയും സാന്നിധ്യത്തിൽ നമ്മുടെ ഹൃദയമാകുന്ന കാലിതൊഴുത്തിൽ ആദ്യമായി ഹൃദയത്തിന്റെയും ചിന്തകളുടെയും നടുവിൽ നിൽക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഒക്കെ ഒരരികിലേയ്ക്ക് മാറ്റി നിറുത്താം.
ചിതറിക്കിടക്കുന്ന പലവിധ ആകുലചിന്തകൾ നിറഞ്ഞ ഹൃദയനിലം വൃത്തിയാക്കാം. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും മുറിപ്പെടുത്തുന്ന വാക്പ്രയോഗങ്ങളും ഇപ്പോൾ ആയിരിക്കുന്ന സാഹചര്യങ്ങളും മൂലം ഉണ്ടായ കണ്ണീര് വീണു നനഞ്ഞ നമ്മുടെ ഹൃദയത്തിന്റെ തലം നമുക്ക് ഈശോയോട് തോന്നുന്ന സ്നേഹ ചിന്തകൾ ആകുന്ന പുൽ നാമ്പുകൾ കൊണ്ട് നിറച്ച് ഒരു കിടക്ക ഒരുക്കാം.
ഈശോയ്ക്ക് വന്നു പിറക്കുവാൻ അപൂർണമായ നമ്മുടെ സ്നേഹ ചിന്തകൾ പോരല്ലോ..
അത് കൊണ്ട് നാം ഉണ്ടാക്കുന്ന സ്നേഹ കിടക്കയിൽ നമ്മിലുള്ള ശിശുസഹജമായ വിശ്വാസത്തിന്റെ മേൽവസ്ത്രം വിരിക്കാം.
അവസാനം യൗസേപ്പിതാവ് തൊഴുത്തു സ്ഥിതി ചെയ്തിരുന്ന ആ ഇടുങ്ങിയ ഗുഹാമുഖം തന്റെ നിർമലവും വിശുദ്ധവുമായ മേലങ്കി കൊണ്ട് മറച്ചു.
ഇത് പോലെ ഈശോ നമ്മുടെ ഹൃദയത്തിൽ വ്യക്തിപരമായി വരുന്ന സമയത്ത് വേറെ ചിന്തകൾ പോലും നമ്മുടെ അടുത്തേയ്ക്ക് വരാതിരിക്കുവാൻ പുറമെ ഉള്ളതൊന്നും നമ്മെ ശല്യപ്പെടുത്താതിരിക്കുവാൻ നമ്മുടെ ചെറിയ ആത്മാവിന്റെ വാതിൽ “ഈശോയെ കാണുവാനുള്ള യഥാർത്ഥമായ ആഗ്രഹം” എന്ന നേരിയ മറ കൊണ്ട് മറയ്ക്കണം.
യൗസേപ്പിതാവും മാതാവും തങ്ങളെ കൊണ്ടു ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തതിനു ശേഷം
നിശബ്ദരായി!!!
നമ്മളും ദൈവസന്നിധിയിൽ നിശബ്ദരാകണം
ഞാനും അവിടുന്ന് എന്റെ ഹൃദയത്തിൽ വരുന്ന നിമിഷങ്ങളിൽ നിശബ്ദമായി കാത്തിരിക്കണം.
ആ നിമിഷങ്ങളിൽ ചുറ്റുമുള്ള ലോകം നമ്മുടെ ആത്മാവിനെ അലട്ടില്ല, നമ്മുടെ നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നമുക്ക് അലോസരം ഉണ്ടാക്കില്ല.
ഈശോയെ പറ്റി തന്നെ നമ്മൾ ചിന്തിച്ചു കൊണ്ടിരിക്കും…
നാം ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഒരു മനോഹരനിമിഷത്തിൽ അവിടുന്ന് നമ്മുടെ ഹൃദയത്തിലേയ്ക്ക് കടന്നു വരുമ്പോൾ അത് വരെ അവിടുത്തേക്കുറിച്ച് ഉള്ള നമ്മുടെ അറിവാകുന്ന മെഴുതിരി വെട്ടത്തിന്റെ ശോഭ എവിടെ!!!”
ഈശോയെ നേരിട്ട് കാണുന്ന, തൊടുന്ന ദൈവികഅനുഭവത്തിന്റെ അത്യുജ്ജല പ്രകാശം എവിടെ!!!!
ഉണ്ണി ഈശോയെ കയ്യിൽ ലഭിച്ച നിമിഷത്തിന്റെ ആനന്ദവും ആശ്ചര്യവും അവർക്കു താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു.
അവർ ഈശോയെ സ്നേഹിച്ചു കൊണ്ടേയിരുന്നു. ആരാധിച്ചു കൊണ്ടേയിരുന്നു.
ഉണ്ണി ഈശോയും അവരെ നോക്കി. അവരെ സ്നേഹിച്ചു കൊണ്ടിരുന്നു.
ഉണ്ണി ഈശോയ്ക്ക് വേണ്ട കൊച്ച് കൊച്ച് കാര്യങ്ങൾ അവരെക്കൊണ്ടാവുന്നത് പോലെ മാതാവും യൗസേപ്പിതാവും ചെയ്തു കൊടുത്തു. അവരുടെ മാനുഷിക പ്രവൃത്തികൾ ചെറിയ കാര്യങ്ങൾ ആയിരുന്നു. എങ്കിലും അവരിലെ ഈശോയോടുള്ള സ്നേഹം ആ പ്രവൃത്തികളെ പൂർണമാക്കി.
ആദത്തോടും ഹവ്വയോടുമൊപ്പം ദൈവപിതാവ് ഏദൻ തോട്ടത്തിൽ ഉലാത്തിയിരുന്ന നിമിഷങ്ങളിലെ ആദ്യസ്നേഹത്തിന്റെ സ്വാതന്ത്ര്യം ആ കുഞ്ഞ് കാലിതൊഴുത്തിൽ ഉണ്ടായിരുന്നു…
ആ കാലിതൊഴുത്തിൽ വച്ച് ക്രിസ്തുവിനെ കുറിച്ചുണ്ടായിരുന്ന കാലാകാലങ്ങളായുള്ള അറിവ് കുറച്ചു മനുഷ്യർക്ക് ജീവനുള്ള ഒരു അനുഭവമായി മാറി….
ഈ യഥാർത്ഥ ബത്‌ലഹേം അനുഭവം യഥാർത്ഥത്തിൽ ഞാനുൾപ്പെടെ എത്ര പേർക്ക് അനുഭവപ്പെടുന്നുണ്ട്!!!
അന്നു കടന്നു പോയ കുറച്ച് നിമിഷങ്ങൾ മാത്രം അല്ലല്ലോ ബത്‌ലഹേം അനുഭവം!!! അനുദിനദിവ്യബലികളിൽ ആവർത്തിക്കപ്പെടുന്നില്ലേ അത്!!!
അനുദിനം നമ്മുടെയൊക്കെ ഇടവക പള്ളികളിൽ വിശുദ്ധ കുർബാനയുണ്ട്.
നമുക്കൊക്കെ വേണമെന്ന് വച്ചാൽ സമയമുണ്ട്.
അത് പോലെ തിരുവചനം വായിക്കുവാനും അത് ഹൃദിസ്ഥമാക്കുവാനും അതിനെ പറ്റി സംസാരിക്കുവാനും ഇന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ട്. അവസരമുണ്ട്. യഥാർത്ഥത്തിൽ സമയവുമുണ്ട്.
അന്നത്തേത് പോലെ നമ്മുടെ ഹൃദയ വാതിലിൽ ഈശോ ഒരു വ്യക്തിയായി കൂട്ടുകാരനായി കടന്നു വരുവാൻ അനുവാദം ചോദിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി!!!!
അന്ന് ഈശോയ്ക്ക് പിറക്കുവാൻ കുറച്ച് സ്ഥലമോ വീടോ മുറിയോ ഒന്നും വിട്ടു കൊടുക്കാതിരുന്നവർ നഷ്‌ടപ്പെടുത്തികളഞ്ഞ രക്ഷാകര അനുഭവത്തെ ഓർത്തോർത്ത് അതിനെ കുറിച്ച് ഇന്ന് നിത്യതയിൽ എന്ത് മാത്രം പശ്ചാത്തപിക്കുന്നുണ്ടാകും. സങ്കടപ്പെടുന്നുണ്ടാകും.
എന്നാൽ ഭയം ജനിപ്പിക്കുന്ന ഒരു യാഥാർഥ്യം അവർക്കൊക്കെ ഒരേയൊരു അവസരമേ ലഭിച്ചുള്ളൂ.
ഒരൊറ്റ പ്രാവശ്യമേ കടന്നു വന്നോട്ടെ എന്ന് ഈശോ അവരോടൊക്കെ ചോദിച്ചുള്ളൂ…
എന്നാൽ നമുക്കോ???
എത്രയേറെ അവസരങ്ങൾ ആണ് വിശുദ്ധ കുർബാനയിൽ പങ്കു ചേരാൻ…
തിരു വചനം ഭക്തി പൂർവ്വം വായിക്കുവാൻ…
അനുദിനം ലഭിക്കുന്നത്.
ഈശോയെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ കിട്ടുന്ന ഓരോ സ്വർഗീയ അവസരവും പലപ്പോഴും നമ്മുടെ ഉദാസീനത മൂലം ഇങ്ങിനി വരാത്ത വിധം ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് കടന്നു പോകുന്നു….
നമ്മൾ സാധാരണക്കാരായിരിക്കാം. നമ്മൾ ആയിരിക്കുന്ന സാധാരണ സാഹചര്യങ്ങളിൽ ഈശോയെ കാത്തിരുന്നാലും അവിടുന്ന് വരും.
ആട്ടിടയന്മാരും മൂന്നു രാജാക്കന്മാരും അന്ന് ഈശോയെ കണ്ടു അത്ഭുതത്തോടെ വണങ്ങി.
എന്നാൽ ഇന്ന് നമ്മളോ???
അന്നുണ്ടായ ക്രിസ്തുമസ് അനുഭവത്തിനേക്കാളും എത്രയോ മടങ്ങു ക്രിസ്തു അനുഭവം ആണ് നമുക്കൊരോരുത്തർക്കും അനുദിനം ഉണ്ടാകേണ്ടത്!!!
വിശുദ്ധ കുർബാനയിൽ യഥാർത്ഥത്തിൽ നമ്മൾ ഈശോയെ കാണുക മാത്രമല്ലല്ലോ…
ആയിരം കോടി നക്ഷത്രങ്ങളോ ഈ പ്രപഞ്ചം തന്നെയോ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന ഊർജത്തേക്കാളും അനന്തമായ ഊർജവും പ്രകാശവും ശക്തിയും സ്നേഹവും മഹിമയും ഉള്ള അവിടുത്തെ വിശുദ്ധ കുർബാനയിൽ നാം ഉൾക്കൊള്ളുന്നു.
ഈശോയെ ഉൾക്കൊണ്ടിട്ടും നമ്മൾ ജീവിച്ചിരിക്കുന്നു എന്നത് എത്രയോ അത്ഭുതം!!!
അത് അവിടുത്തെ പരിശുദ്ധ സ്നേഹം നമ്മെ താങ്ങുന്നത് ഒന്ന് കൊണ്ടു മാത്രമാണ്.
ഈശോയെ സ്വീകരിക്കുന്ന നാം സത്യമായും ഈശോയിൽ വസിക്കുന്നു. ഈശോ അതേ രീതിയിൽ നമ്മിലും വസിക്കുന്നു. ഇത്രയും ആഴത്തിൽ ഉള്ള ദൈവമനുഷ്യബന്ധത്തെ കുറിച്ച് ഓർത്തിട്ടുണ്ടോ കുറച്ചു നേരമെങ്കിലും.
ദിവ്യകാരുണ്യസ്വീകരണ സമയത്ത് നമ്മിൽ കുർബാനയപ്പമായി ഈശോ വരുമ്പോൾ ഒരു നിമിഷമെങ്കിലും പരിശുദ്ധ അമ്മയ്ക്കും യൗസേപ്പിതാവിനും അന്നുണ്ടായതു പോലെ ജീവനുള്ള ഈശോയെ കൈകളിൽ എടുക്കുന്ന യഥാർത്ഥ അനുഭവം നമുക്ക് ഉണ്ടാകുന്നുണ്ടോ?
വിശുദ്ധ കുർബാനയുടെ നിമിഷങ്ങളിൽ എത്രയോ മഹത്തായ കാര്യങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്!!!
യഥാർത്ഥത്തിൽ എന്താണ് വിശുദ്ധ കുർബാനയിൽ നടക്കുന്നത് എന്ന് ഒരു നിമിഷം നമ്മൾ ചിന്തിച്ചിരുന്നെങ്കിൽ!!!
ഒരു വചനം ഭക്തിപൂർവം വായിക്കുമ്പോൾ ജീവിക്കുന്ന വചനം നമ്മുടെ ഹൃദയനിലത്തിൽ വീഴുന്നു, മുള പൊട്ടുന്നു, വളർന്നു പന്തലിക്കുന്നു,ഫലം പുറപ്പെടുവിക്കുന്നു…
നമ്മുടെ ഹൃദയത്തിൽ വീണ ആ ഒരൊറ്റ വചനം കൊണ്ട് പോലും എത്രയോ പേരേ ഈശോയിലേയ്ക്ക് നയിക്കാൻ സാധിക്കും.
നമ്മളിൽ ഒരൊറ്റ പ്രാവശ്യമുണ്ടാകുന്ന യഥാർത്ഥ ക്രിസ്തു അനുഭവത്തിന്റെ അനന്തശക്തി നമ്മളിലൂടെ അനേകരുടെ ഹൃദയങ്ങളെ തൊട്ടേനെ.
യഥാർത്ഥ ക്രിസ്തുമസ് ദിനത്തിൽ വളരെ കുറച്ച് പേരേ അത് നേരിട്ട് കാണുവാൻ തിരഞ്ഞെടുക്കപ്പെട്ടുള്ളൂ…
അത് പോലെ ദിവ്യകാരുണ്യ ഈശോയെ കാണുവാനും തിരുവചനം വായിക്കുവാനും അവിടുത്തെ സ്നേഹിക്കുവാനും അനേകർ വിളിക്കപ്പെടുന്നു.
എന്നാൽ അനുദിനതിരക്കുകൾക്കിടയിൽ പ്രത്യുത്തരം കൊടുക്കാൻ നമ്മളിൽ എത്ര പേർക്ക് കഴിയുന്നുണ്ട്!
നമുക്ക് വിശക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കും.
എന്നാൽ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ്!ആത്മീയമായി വിശക്കുന്ന അവസ്ഥയിൽ ആണോ?
വേറേ ഒരാൾക്കും നമ്മുടെ ആത്മാവിനെ സഹായിക്കാൻ പറ്റില്ല. നമ്മൾ തന്നെ മനസ് വയ്ക്കണം.
ഇന്ന് എന്ന് പറയുന്ന നാളുകളിൽ ജീവിക്കുന്ന നമ്മോട് ഈശോയ്ക്ക് ഇപ്പോൾ പറയുവാനുള്ള സന്ദേശം ഇതാണ്.
“നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.”
(മത്തായി 13 : 16-17)
ആമേൻ.
“അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.
ഭോഷന്‍മാരാകാതെ കര്‍ത്താവിന്റെ അഭീഷ്‌ടമെന്തെന്നു മനസ്‌സിലാക്കുവിന്‍.”
(എഫേസോസ് 5 : 15-17)
ആമേൻ.
വ്യക്തിപരമായ ഈശോ അനുഭവം, വിശുദ്ധ കുർബാന, തിരുവചന വായന ഇവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള ചിന്തകൾ ഇവിടെ തീരുന്നില്ല….
തുടർന്നും ഇതിനെ പറ്റി ധ്യാനിക്കാം.
ഇന്ന് സ്നേഹപൂർവ്വം നമുക്ക് ഒരു വട്ടമെങ്കിലും ദിവ്യകാരുണ്യ ഈശോയെ അരൂപിയിൽ സ്വീകരിക്കാം…
അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണജപം :
എന്റെ യേശുവേ, അങ്ങു ഈ ദിവ്യ കൂദാശയിൽ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാൾ ഞാനങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യ കൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങു എഴുന്നള്ളി വരേണമേ. അങ്ങു എന്നിൽ സന്നിഹിതനെന്നു വിശ്വസിച്ചു ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ.
ആമേൻ.
Discover more from Nelson MCBS
Subscribe to get the latest posts sent to your email.


Leave a reply to സ്നേഹ Cancel reply