നമ്മുടെ പ്രാർത്ഥനക്ക് ഫലമില്ലേ? ദൈവം കേൾക്കുന്നില്ലേ നമ്മുടെ (ദൈവഹിതപ്രകാരമുള്ള) പ്രാർത്ഥനകൾ? പൗലോസ് ശ്ലീഹ പറയും പോലെ, നമ്മുടെ മുഷ്ടി പ്രയോഗങ്ങൾ വെറുതെ വായുവിൽ പ്രഹരിക്കുന്നത് പോലെയാണോ? എത്ര പ്രാർത്ഥിച്ചിട്ടും ഫലം കിട്ടുന്നില്ലല്ലോ എന്നതിൽ നമ്മൾ നിരാശരാകേണ്ട കാര്യമുണ്ടോ?
വിശുദ്ധ ജെർത്രൂദ് ഈശോയോട് തന്റെ ചില പ്രാർത്ഥനകൾക്ക് ഒരിക്കലും ഉത്തരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ഈശോ പറഞ്ഞത് ഇതാണ്, “മാനുഷികമായ ചാപല്യത്താൽ നിനക്ക് ഏറ്റവും നല്ലതെന്താണെന്ന് പറയാൻ നിനക്ക് കഴിയുകയില്ല. അതിനാൽ അനന്തജ്ഞാനമായ ഞാൻ നീ ചോദിക്കുന്ന അനുഗ്രഹങ്ങളെല്ലാം അതേപോലെ അനുവദിക്കുന്നില്ലെങ്കിൽ തന്നെ അതിനേക്കാൾ നിനക്ക് കൂടുതൽ ഗുണകരമായ മറ്റൊന്ന് അനുവദിച്ചു തരുന്നുണ്ട് “.
മറ്റൊരിക്കൽ വിശുദ്ധ ഇങ്ങനെ കർത്താവിനോട് ചോദിച്ചു. ” മറ്റുള്ളവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതെന്തിനാണ്? അവരുടെ ജീവിതത്തിൽ അതിനനുസരിച്ചുള്ള മാറ്റമൊന്നും കാണുന്നില്ലല്ലോ?” ഈശോ മറുപടി കൊടുത്തു, “പ്രാർത്ഥനക്ക് ദൃശ്യമായ ഫലങ്ങൾ ഒന്നും ഇല്ലാത്തതിൽ അത്ഭുതപ്പെടേണ്ട. എന്റെ അനന്തജ്ഞാനത്തിൽ ആത്യന്തികമായി ഏറ്റവും കൂടുതൽ ഗുണം ഉളവാക്കുന്ന രീതിയിൽ ഞാൻ ആ പ്രാർത്ഥനകളെല്ലാം കൈകാര്യം ചെയ്യുന്നുണ്ട്. മറ്റൊരാൾക്ക് വേണ്ടിയുള്ള ഏത് പ്രാർത്ഥനയും അയാളുടെ നിത്യാനന്ദത്തെ പോഷിപ്പിക്കുന്നു എന്ന് ഞാൻ നിന്നോട് പറയട്ടെ. ആത്മാർത്ഥമായ ഒരു പ്രാർത്ഥനയും ഫലം പുറപ്പെടുവിക്കാതിരിക്കുന്നില്ല. ഒരുപക്ഷേ അത് മനുഷ്യദൃഷ്ടികൾക്ക് ഗ്രഹിക്കാൻ പറ്റാത്ത തരത്തിലും രീതിയിലും ആയിരിക്കുമെന്ന് മാത്രം”.
നമ്മൾ പലരുടെയും രോഗം മാറാനും സ്വഭാവദൂഷ്യങ്ങൾ മാറാനുമൊക്കെ പ്രാർത്ഥിക്കുന്നവർ ആവും. എങ്കിലും വിചാരിക്കുന്ന പോലെ ഒരു ഫലം പ്രകടമായി കാണുന്നുണ്ടാവില്ല. പക്ഷെ ഈലോകജീവിതത്തേക്കാൾ ആയിരക്കണക്കിന് മടങ്ങ് പ്രാധാന്യമുള്ള അവരുടെ നിത്യരക്ഷക്ക് (നിത്യരക്ഷക്ക് തന്നെയാണ് പ്രാധാന്യം. ഈലോകജീവിതം കണ്ണിമവെട്ടുമ്പോഴേക്ക് കഴിഞ്ഞു പോവില്ലേ?) ഉതകുന്ന രീതിയിൽ ദൈവം എല്ലാം ക്രമീകരിക്കുന്നത് നമ്മൾ അറിയുന്നുണ്ടാവില്ല. നമുക്ക് കാണാൻ പറ്റുന്ന രീതിയിൽ ഒരു ഫലമാണല്ലോ നമ്മൾ ആഗ്രഹിച്ച് നോക്കിയിരിക്കുന്നത്.
അതുകൊണ്ട് പ്രാർത്ഥനകൾ നിലക്കാതിരിക്കട്ടെ. ഏറ്റവും ശക്തിയേറിയ പരിശുദ്ധ കുർബ്ബാനയിലും അതുകഴിഞ്ഞാൽ ജപമാലപ്രാർത്ഥനകളിലും മറ്റുള്ള പ്രാർത്ഥനകളിലും നമ്മുടെ നിയോഗങ്ങൾ സമർപ്പിക്കാം.
ജിൽസ ജോയ് ![]()



Leave a comment