വൈക്കം സത്യഗ്രഹ ചരിത്രത്തില്‍ നിന്ന് തമസ്ക്കരിക്കപ്പെട്ട ക്രൈസ്തവ നേതാവാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്
തിരുവിതാംകൂറിലെ എല്ലാ ജനകീയ പ്രക്ഷോഭങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു ജോര്‍ജ് ജോസഫ്. മനുഷ്യാവകാശങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ സന്ധിയില്ലാ സമരം ചെയ്ത ഈ ക്രൈസ്തവ നേതാവ് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സിംഹഗര്‍ജനമായി നിറഞ്ഞു നിന്നു.
കൊടിയ ക്രൈസ്തവ വിരുദ്ധനായിരുന്ന ദിവാന്‍ സര്‍ സി. പി. രാമസ്വാമി യുടെ പക്ഷപാതപരമായ നയങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത് ജോര്‍ജ് ജോസഫ് ആണ്.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷമാണിത്. വൈക്കം മഹാദേവ ക്ഷേത്രപരിസരത്തെ റോഡിലൂടെ അവര്‍ണര്‍ക്ക് യാത്ര ചെയ്യാന്‍ പാടില്ലെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അതിനു സ്തുതിപാടിയ സവര്‍ണ ഹിന്ദുക്കളുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നടന്ന ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യഗ്രഹം.
അത് നടന്നത് 1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെ. നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളായ ടി. കെ. മാധവന്‍, കെ. കേളപ്പന്‍, കെ. പി. കേശവമേനോന്‍, തമിഴ്‌നാട്ടുകാരനായ ഇ. വി. രാമസ്വാമി പെരിയാര്‍, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എന്നിവരായിരുന്നു. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ ഈഴവര്‍ക്കും ദലിതര്‍ക്കും സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രധാന ആവശ്യം.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും മറ്റുപലരും വിവിധ ഇടങ്ങളില്‍ ആഘോഷങ്ങള്‍ നടത്തിവരികയാണ്. ചില സമുദായ സംഘടനകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള നവോത്ഥാന സമിതിയാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഈ ആഘോഷങ്ങളിലൊക്കെ മനഃപൂര്‍വം വിട്ടുകളയുന്ന പേരാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. ആരായിരുന്നു അദ്ദേഹം? വൈക്കം സത്യഗ്രഹത്തില്‍ എന്തായിരുന്നു ക്രൈസ്തവ നേതാവായിരുന്ന ജോര്‍ജ് ജോസഫിന്റെ പങ്ക്?
നവോത്ഥാനത്തിന്റെ കുത്തക പൈതൃകാവകാശം തങ്ങള്‍ക്കാണെന്നു അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരോ നേതാക്കളോ സമുദായ നേതാക്കളോ, എന്തിനു കോണ്‍ഗ്രസുപോലും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനെ തമസ്‌ക്കരിച്ചിരിക്കുകയാണ്.
എന്നാല്‍ ചരിത്രം വേറെയാണ് : തിരുവിതാംകൂറിന്റെ രാഷ്ട്രീയ രംഗത്ത് അതികായനായി തല ഉയര്‍ത്തിനിന്ന ജോര്‍ജ് ജോസഫ് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ തന്നെ മുഖ്യധാരയുടെ ഭാഗമായിരുന്ന കാലത്താണ് വൈക്കം സത്യഗ്രഹത്തില്‍ പങ്കുചേരുന്നത്.
ഇന്ത്യയില്‍ ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ച ബ്രിട്ടിഷ് വനിത ആനി ബസന്റിനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോര്‍ജ് ജോസഫ് റൗളറ്റ് നിയമത്തിനെതിരെ ഇന്ത്യയിലാകെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ഗാന്ധിജിയുടെ വലംകയ്യായി മാറിയത്. സത്യഗ്രഹത്തില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ച അദ്ദേഹം ഗാന്ധിജി ജയിലിലായിരുന്ന കാലത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പത്രമായിരുന്ന ‘യങ് ഇന്ത്യ’യുടെ എഡിറ്ററായി. നെഹ്‌റുവിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിന്റെ നിര്‍ദേശ പ്രകാരം അലഹാബാദിലെ ‘ഇന്‍ഡിപെന്‍ഡന്റ്’ എന്ന ദേശീയപത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു.
ഇക്കാലത്താണ് വൈക്കം സത്യഗ്രഹത്തിന്റെ തുടക്കം. ഇന്ത്യ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ, ജാതിവ്യവസ്ഥയ്ക്കും സവര്‍ണാധിപ്യത്തിനും എതിരായ ഗര്‍ജനമായിരുന്നു ആ സമരം. ദേശീയ, സംസ്ഥാന നേതാക്കളോടൊപ്പം വൈക്കത്തെത്തി സത്യഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹമാണ് മറ്റു നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ സമരം നയിച്ചത്. പിന്നീട് അദ്ദേഹവും അറസ്റ്റിലായി.
വൈക്കം സത്യഗ്രഹം ഹിന്ദുക്കളുടെ പ്രശ്‌നമാണെന്നും മറ്റു സമുദായക്കാര്‍ അതില്‍ ഇടപെടേണ്ടെന്നും 1924 ഏപ്രിലില്‍ ഗാന്ധിജി പ്രസ്താവന പുറപ്പെടുവിച്ചപ്പോഴാണ് ജോര്‍ജ് ജോസഫ് സമരത്തില്‍ നിന്നു അകന്നത്. പിന്നീട് നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ണരുടെ ആവശ്യം അംഗീകരിച്ച് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
ജാതിവ്യവസ്ഥയ്‌ക്കെതിരെ മാത്രമല്ല അഭിഭാഷകനും പ്രമുഖ കോണ്‍ഗ്രസുകാരനുമായിരുന്ന ജോര്‍ജ് ജോസഫിന്റെ ധര്‍മയുദ്ധം. ചെങ്ങന്നൂരിലെ ഊരേല്‍ മാര്‍ത്തോമ്മാ സഭാംഗമായിരുന്ന അദ്ദേഹം 1888 ജൂണ്‍ അഞ്ചിനാണ് ജനിക്കുന്നത്. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് എംഎയും ലണ്ടനില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് മടങ്ങിയെത്തി ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ മഹാപ്രവാഹത്തില്‍ പങ്കുചേര്‍ന്നത്.
തിരുവിതാംകൂറില്‍ നടന്നിട്ടുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു ജോര്‍ജ് ജോസഫ്.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ സന്ധിയില്ലാ സമരം ചെയ്ത ഈ ക്രൈസ്തവ നേതാവ് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സാഗരഗര്‍ജനമായി നിറഞ്ഞുനിന്നു.
അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി. പി. രാമസ്വാമി കൊടിയ ക്രൈസ്തവ വിരുദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പക്ഷപാതപരമായ നയങ്ങള്‍ ജോര്‍ജ് ജോസഫ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നു.
ബ്രിട്ടിഷ് സര്‍ക്കാരിലും അതിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരിലും ശക്തമായ സൗഹൃദബന്ധം സ്ഥാപിച്ചിരുന്ന ജോര്‍ജ് ജോസഫ് അതൊക്കെ കേരളത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ക്കും സാമൂഹിക ഉന്നതിക്കും വേണ്ടി ഉപയോഗിച്ചു. കൊല്ലം പട്ടണത്തിന്റെ പടിഞ്ഞാറുള്ള തങ്കശ്ശേരി പ്രദേശത്തെ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നു അടര്‍ത്തിയെടുത്ത് തിരുവിതാംകൂറിനോടു ചേര്‍ക്കാനുള്ള സര്‍ സിപിയുടെ ദുഷ്ടബുദ്ധിയെ ചെറുത്ത് തോല്‍പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാരിനു മുന്നില്‍ നിലകൊണ്ടത് ജോര്‍ജ് ജോസഫായിരുന്നു.
മാര്‍ത്തോമ്മാ സമുദായത്തില്‍ ജനിച്ച ജോര്‍ജ് ജോസഫ് 1930 ല്‍ കത്തോലിക്കാ സഭയില്‍ അംഗമായി.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു ഊര്‍ജം പകര്‍ന്നു തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം നല്‍കുന്നതില്‍ പ്രചോദനമായി നിന്നത് അദ്ദേഹമാണ്. ജനപക്ഷത്തു നിന്നുകൊണ്ടുള്ള നിരന്തര പോരാട്ടമായിരുന്നു 50 വര്‍ഷം മാത്രം ദീര്‍ഘിച്ച അദ്ദേഹത്തിന്റെ ജീവിതം.



Leave a comment