താൻ ആർക്കുവേണ്ടി എഴുതുന്നുവോ അവർ ആധ്യാത്മിക ഉണർവ്വോ മാനസാന്തരമോ അനുഭവിച്ചവരാണെന്ന് കരുതിയിട്ടുള്ളത് പോലാണ് കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ രചനകൾ. ആത്മീയ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപടികളെ കുറിച്ച് പറഞ്ഞ് അധികം സമയം കളയുന്നില്ല. ആത്മീയയാത്ര തുടങ്ങുമ്പോൾ നമ്മൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുന്നതെല്ലാം ആത്മീയ ഗീതം അല്ലെങ്കിൽ ആത്മാവിന്റെ സ്നേഹഗീതത്തിൽ (Spiritual Canticle) അദ്ദേഹം പറയുന്നുണ്ട്.
“… ആത്മാവ് തന്റെ കടമകളെക്കുറിച്ചുള്ള അവബോധത്തിൽ വളർന്നു. ജീവിതം ഹ്രസ്വമാണെന്ന് ഗ്രഹിക്കുകയും ചെയ്തു. നിത്യജീവനിലേക്ക് നയിക്കുന്ന പാത ഇടുങ്ങിയതാണെന്നും നീതിമാൻ കഷ്ടിച്ചാണ് രക്ഷപ്പെടുന്നതെന്നും ലോകവസ്തുക്കൾ വ്യർത്ഥവും വഞ്ചനാത്മകവുമാണെന്നും എല്ലാം അവസാനത്തിലേക്ക് എത്തിച്ചേർന്ന് വീഴുന്ന വെള്ളം പോലെ പരാജയപ്പെടുമെന്നും സമയം അനിശ്ചിതമാണെന്നും കണക്കുകൊടുക്കൽ കർശനമാണെന്നും നാശം വളരെ എളുപ്പമുള്ളതാണെന്നും രക്ഷ വളരെ പ്രയാസമുള്ളതാണെന്നും ആത്മാവ് മനസ്സിലാക്കി കഴിഞ്ഞു. ദൈവം തനിക്ക് വേണ്ടി തന്നെ സൃഷ്ടിച്ചു എന്ന നിലയിൽ ദൈവത്തോടുള്ള തന്റെ അളവറ്റ കടപ്പാടിനെ പറ്റി അറിയാം. ഇക്കാരണത്താൽ, മുഴുവൻ ജീവിതം കൊണ്ടും ദൈവത്തിന് സേവനം ചെയ്യണമെന്നും അറിയാം. ദൈവം തനിക്ക് വേണ്ടി മാത്രം രക്ഷിച്ചതുകൊണ്ട് അവിടുത്തോട് എല്ലാ വിധത്തിലും സ്നേഹത്തോടെ പ്രത്യുത്തരിക്കാൻ കടമയുണ്ടെന്നും അറിയാം. തന്റെ ജനനത്തിന് മുൻപ് തന്നെ ആയിരം ഉപകാരങ്ങൾ താൻ സ്വീകരിച്ചിട്ടുണ്ടെന്നും അവക്കും താൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നെന്നും അറിയാം. ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞുപോയെന്നും എല്ലാറ്റിന്റെയും കണക്ക് -അവസാന ചില്ലിക്കാശിന്റെ പോലും കണക്ക് – കൊടുക്കണമെമെന്നും അറിയാം…ഏറെ തിന്മയും ദ്രോഹവും പരിഹരിക്കാൻ ഇപ്പോൾ തന്നെ ഏറെ താമസിച്ചുപോയെന്നും പകൽ അസ്‌തമിക്കാറായെന്നും അറിയാം. സൃഷ്ടികളുടെയിടയിൽ ദൈവത്തെ മറക്കാൻ താൻ ആഗ്രഹിച്ചതുകൊണ്ട് അവിടുന്ന് കോപിച്ചു മറഞ്ഞിരിക്കുകയാണെന്നും അവൾക്ക് തോന്നുന്നുണ്ട്….. “
ഇത് വായിച്ചു വായിച്ചു വരുമ്പോൾ എന്റെ ചിന്തകൾ തന്നെയാണല്ലോ ഈ എഴുതിവെച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി.
കുരിശിന്റെ വിശുദ്ധ യോഹന്നാൻ ഏറ്റവും കൂടുതൽ പ്രാവശ്യം ഉദ്ധരിച്ചിട്ടുള്ള ബൈബിൾ ഭാഗം ഒരുപക്ഷേ താഴെ
കാണുന്നതായിരിക്കും :
‘ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ. വിനാശത്തിലേക്ക് നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്. അതിലേ കടന്നുപോകുന്നവർ വളരെയാണ് താനും. എന്നാൽ ജീവനിലേക്ക് നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്’(മത്താ.7:13-14).
ഈശോ തന്നിരിക്കുന്ന ഈ മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ അപകടത്തിൽ നമ്മൾ ചെന്നു ചാടുമെന്നുറപ്പാണ്. സമകാലീന സംസ്കാരത്തിനൊപ്പം ഒഴുകിയാൽ അത് നമ്മെ നയിക്കുന്നത് സ്വർഗ്ഗത്തിലേക്കായിരിക്കില്ല എന്ന് ഈശോ വ്യക്തമാക്കുന്നു.
കർത്താവിനോടുള്ള ഭയം, അത് മൂലം സംഭവിക്കുന്ന പശ്ചാത്താപഭരിതവും ശ്രദ്ധാപൂർവകവുമായ ജീവിതം എന്നിവ ദൈവസ്നേഹത്തിലുള്ള വലിയ ശരണത്തിലേക്ക് നയിക്കും. ദൈവത്തോടുള്ള ഭയവും സ്നേഹവും പരസ്പരം ശത്രുക്കളല്ല, സുഹൃത്തുക്കളാണ്. കർത്താവിനോടുള്ള ഭയമെന്ന ദാനം സ്നേഹമെന്ന ദാനത്തിന് വഴിയൊരുക്കുന്നു.
“മണവാട്ടിക്ക് ഒന്നിനെക്കുറിച്ചും ഭയമില്ല. എന്തെന്നാൽ തനിക്ക് എതിരായുള്ള യാതൊന്നും അവൾ അറിയുന്നില്ല… അവന്റെ സഖിയും അവന്റെ മാടപ്പിറാവും അവന്റെ സുന്ദരിയും ആയ അവൾ എന്തിനെ പേടിക്കാനാണ്?…”
ഇത് വിശുദ്ധ ബെർണാർഡിന്റെ വാക്കുകൾ. വിശുദ്ധീകരണഘട്ടത്തിലൂടെ കടന്ന് പ്രകാശപരമായ ഘട്ടത്തിലേക്ക് നീങ്ങി ക്രമേണ ഐക്യപരമായ ഘട്ടത്തിലെത്തിചേരാൻ നാം ആഗ്രഹിച്ച് തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കാരണം അങ്ങനെ ചെയ്തെങ്കിലെ നമുക്ക് ‘മണവാട്ടിയുടെ’ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ കഴിയൂ. ആ ജീവിതത്തിൽ ഭയത്തിന് പകരം സ്നേഹവും സന്തോഷവും ആത്മധൈര്യവുമുണ്ടായിരിക്കും.
ജിൽസ ജോയ് ![]()
Ref. ( സർവ്വാഭിലാഷസിദ്ധി by റാൽഫ് മാർട്ടിൻ )



Leave a comment