ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി

അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി…

2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ:

2024 ജനുവരി ഒന്നാം തീയതി പുതുവർഷപ്പുലരിയിൽ ഞാൻ കണ്ട വിശുദ്ധമായ ഒരു കാഴ്ചയാണ് ഈ കുറിപ്പിൻ്റെ ഇതിവൃത്തം

ഒരു തിരുപ്പട്ട ദാന ശുശ്രഷയിൽ പങ്കെടുക്കാനായി

ചങ്ങനാശ്ശേരി അതിരൂപതയിലെ മാടപ്പള്ളി ലിറ്റൽ ഫ്ലവർ ദേവാലയത്തിൽ സമയത്തിനു മുമ്പേ തന്നെ എത്തിയിരുന്നു.

ശുശ്രൂഷകൾ തുടങ്ങാൻ ഒരു മണിക്കൂർ കൂടിയുണ്ട്.

പുതുവർഷ പുലരി ആയതിനാൽ അവിടെ വന്നിരുന്ന വൈദീകർക്കും പരിചയകാർക്കും പുതുവത്സരാശംസകൾ കൈമാറി.

പിന്നീട് മനോഹരമായ ദൈവാലയത്തിലേക്കു പ്രവേശിച്ചു.

ആ കാഴ്ച എൻ്റെ കണ്ണുകളെ കൂടുതൽ പ്രകാശിപ്പിച്ചു, മനസ്സിനു കുളിർമ തന്നു, ഹൃദയെത്തെ സ്വാന്തനിപ്പിച്ചു.

അതേ അതു പുതുവർഷത്തിലെ വിശുദ്ധമായ ഒരു കാഴ്ചതന്നെ….

ദൈവാലയത്തിൻ്റെ ഏറ്റവും മുന്നിലായി രണ്ടു കസേരകൾ…

ഒന്നാമത്തെ കസേരയിൽ പുരോഹിതപ്പട്ടം നൽകാൻ വന്നിരക്കുന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും രണ്ടാമത്തേതിൽ വൈദീകാർത്ഥി ഡീക്കൻ ജസ്റ്റിൻ കാരിക്കത്തറയും ഇരിക്കുന്നു…

അവർ ഇരുവരും പ്രാർത്ഥനയിലാണ്.

ബലിപീഠത്തിൽ ശുശ്രൂഷയ്ക്കായി ശെമ്മാശ്ശനെ ഉയർത്തുന്നതിനുമുമ്പ് അവർ ഇരുവരും ബലിപീഠത്തെ നോക്കി ധ്യാനിക്കുകയാണ്.

മിശിഹായുടെ മഹനീയ സിംഹാസനത്തിനു മുമ്പിൽ ഇരുന്ന് പൗരോഹിത്യ കൃപാവരങ്ങൾക്കായി തീക്ഷ്ണമായി പ്രാർത്ഥിക്കുകയാണ്

ശാന്തമായി തിരുപ്പട്ട ദാന ശുശ്രൂഷയ്ക്കായി ശ്രദ്ധയോടെ ഒരുങ്ങുകയാണ്….

അവരുടെ ആ ഇരിപ്പ് ഏകദേശം മുക്കാൽ മണിക്കൂർ നീണ്ടു.

മദ്ബഹയിലെ ശുശ്രൂഷയ്ക്ക് ഒരു വ്യക്തിയെ നിയോഗിക്കുന്നതിനു മുമ്പ് ഏറ്റവും അടുത്തൊരുങ്ങാൻ ഇതിനെക്കാൾ ശ്രേഷ്ഠമായ കാര്യങ്ങൾ വേറെ കാണുമോ?

ഈ കാഴ്ചകണ്ട് കുടുംബക്കാരും തിരപ്പട്ടദാന ശുശ്രൂഷയ്ക്കു വന്ന അനേകരും ദൈവാലയത്തിൽ കയറി മേൽപ്പട്ടക്കാരനും വൈദീകാർത്ഥിക്കും വേണ്ടി പ്രാർത്ഥിച്ചു.

പിന്നീട് ദൈവാലയത്തിനു പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത് സെബാസ്റ്റ്യൻ പിതാവ് തിരുപ്പട്ട ദാനശുശ്രൂഷയ്ക്ക് മിനിമം ഒരു മണിക്കൂർ മുമ്പു ദൈവാലയത്തിലെത്തി പിതാവും അർത്ഥിയും പ്രാർത്ഥിച്ച് ഒരുങ്ങുമെന്ന്.

ബഹളങ്ങൾക്കിടയിൽ ശാന്തമായി കർത്തൃ സന്നിധിയിൽ പ്രാർത്ഥിച്ചൊരുങ്ങിയല്ലേ നാം ബലിപീഠത്തെ സമീപിക്കേണ്ടത്.

ഒരു വൈദികൻ്റെ സ്ഥാനം ബലിപീഠത്തിനരികെ ആണന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി.

ഫാ ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment