ജീവിതപങ്കാളികൾ തമ്മിലുള്ള ഈഗോപ്രശ്നങ്ങളും വൈരാഗ്യവും കാരണം കുഞ്ഞുങ്ങളുടെ ജീവൻ കൂടി എടുത്ത് പ്രതികാരം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കാണുന്നത് സങ്കടകരമാണ്.
ഭർത്താവുമായി ബന്ധം പിരിഞ്ഞ സ്റ്റാർട്ടപ്പ് CEO ആയ സ്ത്രീ, ഞായറാഴ്ചകളിൽ കുഞ്ഞിനെ ഭർത്താവിന് വിട്ടുകൊടുക്കണമെന്ന കോടതി വിധിയിൽ അതൃപ്തയായി കുട്ടിയെ ഈ ലോകത്തു നിന്ന് തന്നെ യാത്രയാക്കിക്കൊണ്ട് ആർക്കും ഇനി കാണാൻ പറ്റാതെയാക്കി എന്ന വാർത്ത ഞെട്ടലോടെ ആണ് കണ്ടത്. മകൻ മരിച്ചാലും ശരി ഭർത്താവ് സന്തോഷിക്കരുത് എന്ന ചിന്തയോ? ഇന്ന് കണ്ട വാർത്ത, കൊല്ലത്ത് ഒരു അച്ഛൻ ഭാര്യയുമായുള്ള അസ്വാരസ്യങ്ങളുടെ പേരിൽ മക്കളെ കൊന്ന് തൂങ്ങി മരിച്ചു. ഒൻപതാം ക്ലാസ്സ് മുതൽ പ്രേമിച്ചു വിവാഹം കഴിച്ചവർ! പങ്കാളി നീറി നീറി പുകഞ്ഞു ഒടുങ്ങണമെന്ന ചിന്തയല്ലേ ഇവരെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്?
ബന്ധിതർക്ക് മോചനം (Unbound എന്ന പുസ്തകത്തിന്റെ വിവർത്തനം) എന്ന പുസ്തകത്തിൽ നീൽ ലൊസാനോ, ധൂർത്തപുത്രന്റെ ജ്യേഷ്ഠന്റെ , ബാഹ്യമായി മാത്രം ദൈവത്തോട് വിശ്വസ്തത കാണിക്കുന്ന ക്രിസ്ത്യാനികളുടെ ചില മനോഭാവങ്ങൾ പറയുന്നുണ്ട്. ഹൃദയത്തിലെ ഈ പാപങ്ങൾ നമ്മിലെല്ലാമുണ്ട് ഏറിയും കുറഞ്ഞും. ഇത് നിയന്ത്രണാധീതമായി കൂടി വരുമ്പോൾ ആണെന്ന് തോന്നുന്നു അങ്ങനെയുള്ള അതിക്രമങ്ങളിൽ ചെന്നെത്തുന്നത്. പരിശോധിക്കാം നമ്മുടെ ഹൃദയങ്ങളും ഒന്ന്. (ചുരുക്കിപറയാം)
1, ലീഗലിസം (നൈയാമികത്വം) – സ്വയം നീതീകരണം.
ദൈവത്തിന്റെയോ മനുഷ്യരുടെയോ മുൻപിൽ സ്വീകാര്യരാവാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ, നല്ലവരായി കാണപ്പെടാനുള്ള വ്യഗ്രത , മറ്റുള്ളവർക്ക് നമ്മോളം യോഗ്യത ഇല്ല, മറ്റുള്ളവർ പരിഗണിക്കപ്പെടുമ്പോൾ- അത് ന്യായമല്ല… എന്നൊക്കെയുള്ള ചിന്തകൾ ( )
2, അഹങ്കാരം
എല്ലാം നമ്മുടെ നിയന്ത്രണത്തിൽ ഇരിക്കണം എന്ന ചിന്ത, ദൈവാശ്രയത്വത്തെ പോലും എതിർക്കുന്നു, നമ്മളെ അധീശസ്ഥാനത്ത് ഇരുത്തുന്നു.
3, കുറ്റം വിധി
മറ്റുള്ളവരെ വിധിക്കുന്നതിൽ ധൂർത്തപുത്രന്റെ ഉപമയിലെ മൂത്തപുത്രനെ പോലെ ഔദ്ധത്യം കാണിക്കുന്നത് , ‘ അവൻ അങ്ങനെയാണ് , മാറ്റമൊന്നും ഉണ്ടാവില്ല’ എന്ന ചിന്ത
4, ഭീതി
മൂത്തപുത്രൻ ഭയത്തിലാണ് , നിയന്ത്രണം കയ്യടക്കാനുള്ള നമ്മുടെ ത്വരയുടെ അടിസ്ഥാനകാരണം തന്നെ ഭയമാണ്.
5, ആത്മസഹതാപം (self pity)
സ്വാതന്ത്ര്യം അനുഭവിക്കുന്നതിനെക്കാളും പരീക്ഷണങ്ങളെ അഭിമുഖീകരിച്ചു മുന്നേറുന്നതിലും നമുക്ക് ദാഹം മറ്റുള്ളവരുടെ സഹതാപവും ദയയും കിട്ടുന്നതിനാണ്.
6, പകയും ക്ഷമിക്കാൻ പറ്റാത്ത അവസ്ഥയും
അവ പ്രതിരോധതന്ത്രങ്ങളാണെന്ന പോലെ നമ്മൾ അവയോട് ചേർന്നിരിക്കുന്നു. വാസ്തവത്തിൽ അങ്ങനെയല്ല, ദൈവം ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ജീവിതം നമ്മൾ അനുഭവിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന ജയിൽ ഭിത്തികളാണത്.
പലപ്പോഴും നമ്മൾ ഇതിന്റെയെല്ലാം കുടുക്കിൽ ആയിപോകുന്നു, അനുതപിക്കേണ്ടതുണ്ടെന്നു നമ്മൾ മനസ്സിലാക്കുന്നില്ല. ധൂർത്തപുത്രന്റെ ആദ്യത്തെ അവസ്ഥ പോലെ വിശപ്പുണ്ടായിട്ടും പുറത്തു വരാൻ മടിക്കുന്നു. സുബോധം പതിയെ നശിക്കുന്നു.
മൂത്ത സഹോദരപാപങ്ങളെ നമ്മിൽ സൂക്ഷിച്ചാൽ അവസാനം ദയനീയരും നിന്ധ്യരും ആയിത്തീരും.
ഏറ്റുപറച്ചിലും അനുതാപവുമാണ് വിടുതലിനുള്ള, പുറത്തു കടക്കാനുള്ള, നമ്മുടെ വഴി. അടച്ചിട്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്റെ മേഖലയിലേക്ക് ദൈവകൃപക്ക് കവാടം തുറന്നുകൊടുക്കൽ ആണ് കുമ്പസാരം. അത് ദുഷ്ടാരൂപി കുടികൊള്ളുന്ന അന്ധകാരത്തെ ഇല്ലാതാക്കും. അല്ലെങ്കിൽ അവൻ കാണിക്കുന്ന വഴിയേ നടന്നു എണീക്കാനാവാത്ത വിധം നാശത്തിന്റെ കുഴിയിൽ വീഴും.
” ദൈവമേ എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ, വിനാശത്തിന്റെ മാർഗ്ഗത്തിലാണോ ഞാൻ ചരിക്കുന്നതെന്ന് നോക്കണമേ. ശാശ്വതമാർഗ്ഗത്തിലൂടെ എന്നെ നയിക്കണമേ ” (സങ്കീ. 139.23-24).
നമ്മൾ കുടുക്കിൽ ആണെങ്കിൽ, പാപിയാണ് എന്ന ചിന്തയുമായി (ഏത് പാപവും) മല്ലടിക്കുന്നു എങ്കിൽ, നമ്മുടെ ഹൃദയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു ഭീതിയുള്ളവരാണെങ്കിൽ, മനസിലാക്കുക.. നമ്മൾ രക്ഷകനിലേക്ക് ആദ്യം എത്തിയ കാലത്തെ ശക്തി ഇപ്പോഴും നിലനിൽക്കുന്നു. നമ്മളിലേക്ക് നോക്കാതെ യേശുവിലേക്ക് നോക്കാം. നമുക്കായി കുരിശിലേറിയവനെ. പാപം ഏറ്റുപറയാം. കുമ്പസാരിക്കാം. വിടുതൽ പ്രാപിക്കാം.
നമ്മെക്കുറിച്ചുള്ള സത്യം നമുക്ക് കാണാൻ കഴിയുകയും, അതിൽ പരിഭ്രാന്തരാകാതെ, സ്വന്തം പാപം ഒഴിവുകഴിവുകൾ കൂടാതെ ഏറ്റുപറയുന്ന ലാളിത്യത്തിൽ ദൈവരാജ്യം നമ്മിൽ പ്രത്യക്ഷപ്പെടും – പീറ്റർ ജോൺ കാമറൂൺ.
ജിൽസ ജോയ് ![]()


Leave a comment