മോശപ്പെട്ട മാതൃക

റോമിലെ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ ഫ്രാൻസിസ് പാപ്പ പറയുകയായിരുന്നു (not recently) വൈദികർ നല്ല ഇടയനായ കർത്താവിന്റെ പ്രതിരൂപമാകണമെന്ന്, കരുണയുള്ള വൈദികൻ നല്ല സമറായക്കാരനെപ്പോലെ ആണെന്ന്, അനുകമ്പ നിറഞ്ഞ ഹൃദയമായിരിക്കും അയാളുടേതെന്ന്. അപ്പോൾ ഫ്രാൻസിസ് പാപ്പ ഫാദർ അരിസ്റ്റിയെ ഓർത്തു.

അർജന്റീനയിലെ അറിയപ്പെടുന്ന കുമ്പസാരക്കാരനായിരുന്നു ഫാദർ അരിസ്റ്റി. നല്ല പ്രായമുണ്ടായിരുന്ന അച്ചൻ ഒരു ഈസ്റ്റർ ദിനത്തിൽ അന്തരിച്ചു. (ഇത് നടക്കുമ്പോൾ പോപ്പ് ഫ്രാൻസിസ് അർജന്റീനയിൽ ആണ്, അപ്പോൾ പോപ്പ് ആയിട്ടില്ലെന്ന് തോന്നുന്നു) ഹോർഗേ മാരിയോ ബെർഗോളിയോ എന്ന ഇപ്പോഴത്തെ പോപ്പ് ഫ്രാൻസിസ്, അന്ന് ശവമഞ്ചത്തിനടുത്തു ചെന്നപ്പോൾ രണ്ട്‌ വൃദ്ധസ്ത്രീകൾ മാത്രമേയുള്ളു അവിടെ പ്രാർത്ഥിക്കാൻ. ബ്യൂണസ് അയേഴ്‌സിലെ മുഴുവൻ വൈദികരുടെയും പാപങ്ങൾ മോചിപ്പിച്ച അച്ചന്റെ മഞ്ചത്തിൽ ഒരു പൂവ് പോലുമില്ലാത്തതിൽ സങ്കടം തോന്നിയ പോപ്പ് ഫ്രാൻസിസ് ഒരു കടയിൽ പോയി കുറച്ചു പൂ വാങ്ങി മഞ്ചം അലങ്കരിക്കാൻ തുടങ്ങി.

അതിനിടെ അച്ചന്റെ കയ്യിലെ ജപമാലയിൽ കണ്ണുടക്കി. ജപമാലയുടെ അറ്റത്തെ കുരിശുരൂപം താൻ അന്ന് മോഷ്ടിച്ചു എന്നാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്. അത് അഴിച്ചെടുത്തു അടിച്ചുമാറ്റാൻ നന്നേ പ്രയാസപ്പെട്ടത്രെ. ഏലിയായുടെ ആത്മാവിന്റെ ഇരട്ടി പങ്ക് ആവശ്യപ്പെട്ട ഏലീഷായെപ്പോലെ ആ വൈദികനോട് ഒരു പ്രാർത്ഥനയോടു കൂടിയാണ് പോപ്പ് ഫ്രാൻസിസ് അത് പോക്കറ്റിലിട്ടത്, “അങ്ങേ കരുണയുടെ പകുതി എനിക്ക് തരിക”. ചെറിയൊരു ബാഗിൽ താൻ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും ആർക്കെങ്കിലും നേരെ ഉപവിയുടേതല്ലാത്ത ഒരു ചിന്ത ഉണ്ടായാൽ ആ കുരിശിനെ മുറുക്കിപിടിക്കാറുണ്ടെന്നും പാപ്പ പറഞ്ഞു. അപ്പോൾ കൃപയുടെ അനുഭവം ഉണ്ടാവാറുണ്ടത്രേ.

അജഗണത്തിന് മുൻപിലും കുമ്പസാരക്കൂട്ടിലുമൊക്കെ വൈദികർ കരുണയുള്ളവരാകണം എന്ന് പറഞ്ഞിട്ട് പോപ്പ് പറഞ്ഞു, അതിന് ഈ കൂദാശ വൈദികൻ എങ്ങനെ ആദ്യം അനുഭവിക്കുന്നു എന്നതും പ്രധാനമാണെന്ന്, പിതാവായ ദൈവത്തിന്റെ ആലിംഗനം നുകരാൻ സ്വയം വിട്ടുകൊടുക്കണമെന്ന്. എന്നിട്ട് ഒരനുഭവം പറഞ്ഞു,

ബ്യൂണസ് അയേഴ്‌സിലെ ഒരു കുമ്പസാരക്കാരൻ അച്ചന് വേണ്ടി ആളുകൾ എത്ര നേരം വേണമെങ്കിലും ക്യൂ നിൽക്കുമായിരുന്നു. ഒരിക്കൽ ഈ അച്ചൻ പോപ്പ് ഫ്രാൻസിസിനെ കാണാൻ പോയി. എന്നിട്ട് പറഞ്ഞു,

“പിതാവേ എനിക്കൊരു

മനപ്രയാസമുണ്ട് “.

“എന്താണ് “

“ഞാൻ വളരെ കൂടുതൽ ക്ഷമിക്കുന്നു’

“ എങ്കിൽ വളരെ കൂടുതൽ പ്രാർത്ഥിക്കുക “

“ ഉവ്വ് പിതാവേ, മനപ്രയാസം കൂടുമ്പോൾ ഞാൻ പള്ളിയിൽ പോകും. എന്നിട്ട് സക്രാരിയെ നോക്കി ഇങ്ങനെ പറയും, കർത്താവേ എന്നോട് ക്ഷമിക്കുക, കാരണം അത് നിന്റെ തെറ്റാണ്. ‘ മോശപ്പെട്ട മാതൃക ‘ എനിക്ക് കാണിച്ചു തരുന്നത് നീയാണ്. എന്നിട്ട് ഞാൻ ശാന്തമായി മടങ്ങും “.

കർത്താവിന്റെ അപാരമായ ക്ഷമയെ ആണ് ‘മോശപ്പെട്ട മാതൃക‘ ആയി ഇവിടെ ഉദ്ദേശിച്ചത് എന്ന് ഞാൻ വിചാരിക്കുന്നു. കരുണയുടെ സുന്ദരമായ പ്രാർത്ഥന ആയിട്ടാണ് പോപ്പ് ഫ്രാൻസിസ് അതിനെ കാണിച്ചുതരുന്നത്. അത്രയേറെ ക്ഷമ ഉള്ളതുകൊണ്ട് തന്നെ ആയിരിക്കണം വലിയ ജനക്കൂട്ടം ആ വൈദികനായി എന്നും കാത്തുനിൽക്കുന്നത്. ചീത്ത പറയുന്ന, കുമ്പസാരക്കൂട്ടിൽ എളുപ്പം ചൂടാകുന്ന വൈദികരുടെ അടുത്തേക്ക് പോകാൻ ജനം മടിക്കുമല്ലോ. കർത്താവിന്റെ ക്ഷമയെ അല്ലേ അവർ അവിടെ അനുഭവിക്കാൻ ആഗ്രഹിക്കുന്നത്.

ജനത്തിന് വേണ്ടി കരയാനും വൈദികന് കണ്ണീരു വേണം എന്ന് പറഞ്ഞുകൊണ്ട് കണ്ണീരിന്റെ വരത്തിനായി പണ്ടുകാലത്തെ ഒരു പ്രാർത്ഥനയും പോപ്പ് ഫ്രാൻസിസ് പറഞ്ഞു, “വെള്ളം കുതിച്ചൊഴുകുന്നതിന് മോശയോട് പാറയിൽ അടിക്കാൻ കല്പിച്ച കർത്താവേ, കണ്ണീരൊഴുകാൻ തക്കവിധം എന്റെ ഹൃദയമാകുന്ന പാറയിൽ അടിക്കേണമേ “.

നോമ്പുകാലം കരുണയുടെ കാലമാണ്, നോമ്പുകാലം എന്നല്ല സഭയിൽ എപ്പോഴും കരുണയുടെ കാലമാണ്… പോപ്പ് ഫ്രാൻസിസ് പറഞ്ഞു. ഇതേ ഉൾക്കാഴ്ചയോടെയാണ് വിശുദ്ധ ജോൺപോൾ പാപ്പ ദിവ്കാരുണ്യതിരുന്നാളിന് തുടക്കം കുറിച്ചിരുന്നതത്രേ.

“കർത്താവിനായി 24 മണിക്കൂർ” എന്ന സംരംഭം ഈ വർഷം മാർച്ച്‌ 8,9 തിയ്യതികളിൽ നടക്കുകയാണ്. നോമ്പുകാലത്തെ പ്രാർത്ഥനക്കും അനുരഞ്ജനത്തിനുമായി ഫ്രാൻസിസ് പാപ്പ തുടങ്ങി വെച്ചതും 11 വർഷമായി തുടർന്നു പോരുന്നതുമാണ് അത്.

“പുതുജീവിതത്തിലേക്ക് നടക്കുക“ എന്നതാണ് ഈ വർഷത്തെ പ്രാർത്ഥന മണിക്കൂറുകളുടെ വിഷയം. ജൂബിലിക്ക് ഒരുക്കമായി സഭ അനുവദിച്ചു തരുന്ന ഈ മണിക്കൂറുകൾ നമുക്ക് പരമാവധി പ്രയോജനപ്പെടുത്താം.

ജിൽസ ജോയ് ✍️

(സംഭവങ്ങൾ എടുത്തിരിക്കുന്നത് ഡോ. ജെ മുണ്ടക്കലിന്റെ ‘ആടുകളുടെ ഗന്ധമുള്ള ഇടയൻ’ എന്ന പുസ്തകത്തിൽ നിന്ന്)

Advertisements
Advertisements

Leave a comment