ഫ്രാൻസിസ് പാപ്പ മ്യാൻമറും ബംഗ്ലാദേശും സന്ദർശിച്ച് തിരികെ പോരുന്ന സമയം, 2017 ഡിസംബർ മാസത്തിലാണ്. വിമാനത്തിൽ വെച്ച് പതിവുള്ള പത്രസമ്മേളനത്തിനിടയിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു :
“ പിതാവേ, അങ്ങ് ഇത്തവണ സമാധാനത്തിനായി മതാന്തര സംഭാഷണം നടത്തുമെന്ന് പറഞ്ഞല്ലോ. ഏതാണ് കൂടുതൽ പ്രധാനപ്പെട്ടത്? മതാന്തര സംഭാഷണമോ അതോ സുവിശേഷ പ്രഘോഷണമോ? “
ഒന്ന് ആലോചിച്ചിട്ട് പാപ്പ പറയാൻ തുടങ്ങി : “സുവിശേഷം പ്രസംഗിക്കുക എന്നാൽ എന്താണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത് “. എന്നിട്ട് പഴയൊരു സംഭവം പാപ്പ ഓർത്തെടുത്തു : “ കഴിഞ്ഞ യുവജനസമ്മേളന സമയം. ക്രാക്കോവിലായിരുന്നു. ഒരു ദിവസം യുവജനങ്ങളോടൊപ്പം ഞാൻ അത്താഴം കഴിക്കുകയായിരുന്നു. അതിനിടയിൽ ഒരു ചെറുപ്പക്കാരൻ എന്നോട് ചോദിച്ചു :
“ പിതാവേ എനിക്കൊരു കൂട്ടുകാരനുണ്ട്. അവൻ എന്റെ കൂടെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. അവൻ വളരെ നല്ല, മിടുക്കനായ ഒരു പയ്യനാണ്. പക്ഷേ അവനൊരു നിരീശ്വരവാദിയാണ്. അവന്റെ മനസ്സ് മാറ്റാൻ, അവനെ മാനസാന്തരപെടുത്താൻ ഞാൻ എന്ത് ചെയ്യണം? “
( ഇത് വായിച്ചപ്പോൾ ഞാൻ ഒന്ന് അമ്പരന്നു പോയി. കാരണം എനിക്കും ഇതുപോലൊരു പ്രശ്നം മനസ്സിൽ ഉണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരാൾ 15 വർഷത്തിൽ ഏറെയായി കുമ്പസാരിച്ചിട്ട്. ( ഞാൻ അത് അറിഞ്ഞത് ഈയിടെയാണ് ) കർത്താവിനോട് നേരിട്ട് പറഞ്ഞാൽ മതി, പുരോഹിതനോട് എന്തിന് പറയണം എന്നാണ് ചോദിക്കുന്നത്. പക്ഷെ ദിവ്യകാരുണ്യസ്വീകരണത്തിന് മുടക്കമൊന്നുമില്ല താനും. ഒപ്പം പുരോഹിതരുടെ കുറവുകളെ കുറിച്ച് നീണ്ട ക്ലാസ്സും എനിക്ക് തന്നു. ഞാൻ പറയുന്നതൊന്നും ആൾ കേൾക്കുന്നില്ല. ഒരു ധ്യാനം കൂടി വരാം എന്ന് പറഞ്ഞ് ഞാൻ വിളിച്ചു, പക്ഷേ അവിടെ വന്ന് കുറച്ചു ദിവസങ്ങൾ നഷ്ടമാക്കുന്നതിനേക്കാൾ പുറത്തു നിന്നാൽ കർത്താവിന് വേണ്ടി കുറച്ചു കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നാണ് പറഞ്ഞത് ).
പാപ്പ തുടർന്നു, “ഒന്നാലോചിച്ചിട്ട് ഞാൻ പറഞ്ഞു, ‘അവനെ മാനസാന്തരപെടുത്താൻ നീ ആദ്യം ചെയ്യേണ്ടത്, നീ ഒന്നും പറയാതിരിക്കുക എന്നതാണ് “…
.. “നിന്റെ ഉള്ളിലൊരു സുവിശേഷമുണ്ട്. നിന്നിലെ ക്രിസ്തുസാന്നിധ്യം. അതിനെ നീ തിരിച്ചറിയുക. ഇടയ്ക്കിടെ ആ ക്രിസ്തുസാന്നിധ്യത്തിലേക്ക് നീ പിന്തിരിയൂ. അങ്ങനെ ആ ക്രിസ്തുസാന്നിധ്യത്തെ നിന്നിൽ സജീവമാകാൻ നീ സമ്മതിക്കുക. അപ്പോൾ നീ സുവിശേഷം ജീവിക്കുന്നവനായി മാറും…
അദ്ദേഹം തുടർന്നു, “ എന്നു പറഞ്ഞാൽ മത്തായിയുടെ സുവിശേഷത്തിലെ 25 ആം അധ്യായം ജീവിക്കുന്നതാണത്. അതായത് വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവന് കുടിക്കാൻ കൊടുക്കുന്നതും നഗ്നന് വസ്ത്രം കൊടുക്കുന്നതും രോഗിയെ ചികിൽസിക്കുന്നതും പരദേശിക്ക് അഭയമരുളുന്നതും ജയിൽപുള്ളിയെ സന്ദർശിക്കുന്നതുമാണത്”…
പാപ്പ അൽപ്പം കൂടെ വിശദീകരിക്കാൻ തുടങ്ങി, “ സുവിശേഷം ജീവിക്കുക എന്നത് നല്ല സമരിയാക്കാരനാകുക എന്നതാണ്. ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കുന്നതാണത്. ഇങ്ങനെ നീ സുവിശേഷം ജീവിച്ചുകൊണ്ടിരുന്നാൽ നിന്റെ ചുറ്റുമുള്ള ആസ്തികരും നാസ്തികരും നിന്നിലേക്ക് ആകർഷിക്കപ്പെടും. അപ്പോൾ അവർ നിന്റെ ജീവിതത്തിന്റെ രഹസ്യത്തെക്കുറിച്ച് നിന്നോട് ചോദിക്കും. അപ്പോൾ മാത്രം നീ സംസാരിച്ചു തുടങ്ങൂ “…
ജെ. നാലുപുരയിൽ എഴുതിയ വചനബോധി എന്ന പുസ്തകത്തിലാണ് പാപ്പ ഇങ്ങനെ പറഞ്ഞത് ഞാൻ വായിച്ചത്. എന്റെ സുഹൃത്തിന്റെ പ്രശ്നത്തിനുള്ള ഉത്തരവും എനിക്ക് ലഭിച്ചു. മറ്റുള്ളവരെ ശരിയാക്കാൻ നോക്കുകയല്ല, ഞാൻ ആണ് ശരിയാകേണ്ടത്.
‘വന്നു കാണുക ‘
ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമ്മളെ ക്ഷണിക്കുന്നു. വന്ന്, കണ്ട്, അവനെ അറിഞ്ഞ്, അവനായി രൂപാന്തരം പ്രാപിക്കാതെ, ലോകമെങ്ങും പോവുക എന്ന അവന്റെ വാക്കുമാത്രം മനസ്സിൽ വെച്ച് ചാടിപ്പുറപ്പെട്ടാൽ അവൻ നമ്മളെ കൊണ്ട് ആഗ്രഹിക്കുന്നത് പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല.
ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ പറഞ്ഞ പോലെ, “ഈശോയുടെ പരസ്യജീവിതകാലത്തെ ആദ്യത്തെ വാക്കെന്തായിരുന്നു ? “Come and See” – വന്നുകാണുക. നമ്മൾ അവനിലേക്ക് വരുന്നു, തീ പിടിക്കുന്നു, ദൈവികസത്യങ്ങൾ ഉൾകൊള്ളുന്നു, ആത്മാവിനാൽ നിറയപ്പെടുന്നു, ദിവ്യകാരുണ്യം എങ്ങനെയാണ് ലോകം മുഴുവനിലേക്കും മനുഷ്യശരീരത്തിൽ വ്യാപിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആദ്യം നമ്മൾ അവനിലേക്ക് ‘വരുന്നു’.
ഇനി, ഈശോയുടെ പരസ്യജീവിതത്തിലെ അവസാനവാക്ക് നമുക്കറിയാം “Go”- ലോകമെങ്ങും പോവുക. ഇപ്പോൾ നമ്മൾ പോവാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ അനേകം വർഷങ്ങളായി ‘പോയ’ കുറേപേർ നമുക്കുണ്ടായി , പക്ഷെ അവർ ശരിക്കും ‘വന്നിട്ടില്ലായിരുന്നു!’
അതെ, ബിഷപ്പ് പറയും പോലെ, ഫ്രാൻസിസ് പാപ്പ പറയും പോലെ, ഈശോയെ ശരിക്കും അറിയാതെ, അവൻ പറയുന്നതനുസരിച്ചു ജീവിക്കാതെ എങ്ങനെയാണ് അവനായി ഓടാൻ നമുക്ക് പറ്റുക?
ജിൽസ ജോയ് ![]()


Leave a comment