പ്രിയപ്പെട്ടവരേ
ഞാൻ നിങ്ങളുടെ സ്വന്തം മത്തി…..
എൻ്റെ വില കിലോയ്ക്ക് മുന്നൂറും കടന്ന്
പെരുന്നാളായപ്പോഴേക്ക്
അത് നാനൂറ് എത്തി നിൽക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ
പോത്തിറച്ചിക്കൊപ്പം !!
നവ മാധ്യമങ്ങളിലും
പത്രങ്ങളിലും
ടി വി ചാനലുകളിലുമൊക്കെ
എനിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന ഈ സാഹചര്യത്തിലാണ്
ഇങ്ങനെയൊരു കുറിപ്പ്..
ഞാൻ താരമായി 🐠
സ്റ്റാറായി 🐠
സൂപ്പർ സ്റ്റാറായി 🐠
എന്നൊക്കെയാണ് വിമർശനങ്ങൾ …
നിങ്ങൾ
ഒന്നാലോചിക്കണം
തീൻമേശയിലും
ഹോട്ടലുകളിലും
ഒരു ജൂനിയർ ആർട്ടിസ്റ്റിൻ്റെ സ്ഥാനമായിരുന്നു എനിക്ക്.
അതിനും മുമ്പ്
എൻ്റെ പൂർവ്വികരുടെ കാലത്ത്
തൊടിയിലെ തെങ്ങിന്
വളമായി മാറിയത് ഞങ്ങളിൽപ്പെട്ട എത്രയോ പേരാണ് …
ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു. ..
കഴിഞ്ഞ എത്രയോ കാലമായി
ഞാൻ നിങ്ങളുടെ അടുക്കളപ്പുറത്തുണ്ട്. ..
അപ്പോഴും
എനിക്കൊരു പ്രധാന സ്ഥാനം
നിങ്ങൾ തന്നിരുന്നോ ?
തിരണ്ടിയും സ്രാവും കരിമീനുമൊക്കെ മിനുങ്ങുന്ന സ്റ്റീൽ പാത്രത്തിൽ
നിങ്ങളുടെ അടുക്കളയിലിരുന്ന് വിലസിയപ്പോൾ
എന്നെ നിങ്ങൾ
കരിപിടിച്ച കറിച്ചട്ടിയിലിട്ട്
മൂലയിൽ തള്ളി …
വീട്ടിലെ പൂച്ചകൾക്ക് മാത്രമായിരുന്നു എന്നോടിത്തിരി സ്നേഹം …
” ഇത്തിരി മീൻചാറില്ലാതെ ചോറുണ്ണുന്നതെങ്ങനാ ? ” എന്നു പറഞ്ഞ് എന്നെ വാങ്ങിയ സാധാരണക്കാർ പോലും പറയുന്നത് കേട്ടിട്ടുണ്ട്
“കാശില്ലാരുന്നു കയ്യിൽ
അതുകൊണ്ട് മത്തിയാ വാങ്ങിയതെന്ന് .., ! “
എന്ത് സങ്കടമാണ് അത് കേൾക്കുമ്പോൾ ..
ഇന്നും ഇതേ കിട്ടിയൊള്ളോ
എന്നു ചോദിച്ച്
യുവതലമുറ മുതൽ കാരണവൻമാർ വരെ മുഖം തിരിക്കുന്നത് കണ്ടിട്ടുണ്ട് ..
ചങ്ക് പിടച്ചു പോയിട്ടുണ്ട് അത് കേട്ട് 😢
ഇടത്തരം ഹോട്ടലുകാർ പോലും
മുൻവശത്ത് ആളുകളെ ആകർഷിക്കാൻ പതിപ്പിച്ചിരുന്ന വലിയ പോസ്റ്ററുകളിൽ പോലും എൻ്റെ മുഖം വന്നില്ല.
അപ്പോഴും പക്ഷേ
അവരുടെ അടുക്കളയിൽ ഞാനുണ്ടായിരുന്നു. …
ഗതികേട് കൊണ്ട്
എന്നെത്തേടിയെത്തുന്ന ചിലർ ഉണ്ടായിരുന്നതുകൊണ്ടാണ് അത്.
അപ്പുറവും ഇപ്പുറവുമൊക്കെ മുന്തിയ പ്ലേറ്റുകളിൽ സവാള പുതച്ച് ജാഡയിലിരുന്ന അയല വരെ എന്നെ പരിഹസിച്ചിട്ടുണ്ട് ..
പൊരിച്ചതും
കറിവച്ചതുമായി
എന്നെ വിളമ്പി കാശുണ്ടാക്കിയപ്പോഴും
പോസ്റ്ററുകളിൽ നിറഞ്ഞത് കേരയും ചൂരയും ആവോലിയുമൊക്കെയായിരുന്നു.
അപ്പോഴും ഒരു ജനപ്രിയൻ എന്ന നിലയിൽ സാധാരണക്കാരിൽ ചിലർ എന്നെ ചേർത്തുപിടിച്ചു ..
അത് മാത്രമായിരുന്നു ആശ്വാസം 😌
പ്ലാസ്റ്റിക്ക് കിറ്റുകളിൽ എന്നെ തൂക്കിപ്പിടിച്ച് കൊണ്ടുപോകുന്നതിൽ അപമാനം തോന്നിയ ചിലർ
പട്ടിക്ക് കൊടുക്കാനാണെന്നും
പൂച്ചയ്ക്ക് കൊടുക്കാനാണെന്നും ഒക്കെ പറയുന്നത് കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്…
അന്നൊക്കെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് ഒരു നല്ല ദിവസം എനിക്കും ഉണ്ടാകണമെന്ന് ..
അതുകൊണ്ടുതന്നെ ആരോടും പരാതി പറയാതെ ഞാൻ ഒതുങ്ങി നിന്നു.
ഇതിനിടയിൽ
അന്യഭാഷാ നടന്മാരെപ്പോലെ
ഒമാനിൽ നിന്നും ദുബായിൽ നിന്നുമൊക്കെ ഞങ്ങളുടെ കുടുംബക്കാർ വന്നെങ്കിലും അവരെയും ആരും വിലവെച്ചില്ല ..
എന്തായാലും
ഇന്നിപ്പോൾ ഞാൻ സന്തോഷത്തിലാണ് ..
പണ്ടൊക്കെ
എന്നെ പൊതിഞ്ഞുപിടിച്ച് രഹസ്യമായി കൊണ്ടുപോയിരുന്നവർ എന്നെ കാണത്തക്കവിധത്തിൽ കവറുകളിലിട്ട് കൊണ്ടു പോകുന്നു.
ചിലരൊക്കെ
മറ്റുള്ളവർ കാണട്ടെയെന്ന മട്ടിൽ
കവറിലാക്കി കാറിൻ്റെ മുന്നിലിരുത്തി കൊണ്ടു പോകുന്നു.
മുൻപൊക്കെ നാറ്റമാണെന്നു പറഞ്ഞ് കാറിൻ്റെ പരിസരത്തുപോലും എന്നെ അടുപ്പിച്ചിരുന്നില്ല അവർ !
[ ചില പഴഞ്ചൻ കാറുകളുടെ ഡിക്കിയിലിരുന്ന് ഞാൻ ശ്വാസംമുട്ടിയിട്ടുണ്ട് ]
ഇന്നിപ്പോ ഒരു താരപദവി കിട്ടിയിരിക്കുന്നു.
ചാനലുകളും പത്രക്കാരും സോഷ്യൽമീഡിയയുമൊക്കെ അത് ആഘോഷിക്കുന്നു.
സന്തോഷമുണ്ട് ..
എൻ്റെ ക്ഷമയുടെയും കഷ്ടപ്പാടിൻ്റെയും ഫലമാണത് ..
ഈ താരപദവി എത്രനാൾ ഉണ്ടാകും എന്നറിയില്ല ..
എന്നാലും സന്തോഷം. ..
അന്നും ഇന്നും എന്നെ ചേർത്തുനിർത്തിയ എല്ലാവരോടും നന്ദി …
ഒരു സങ്കടം മാത്രമേയുള്ളൂ
എന്നെ മാത്രം ആശ്രയിച്ച കുറച്ചുപേർക്ക് ഇപ്പോൾ ഞാൻ അന്യനായിപ്പോകുന്നുണ്ടോ എന്നൊരു വിഷമം ..
ക്ഷമിക്കുക..
ഇത്രനാളും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നല്ലോ …
അധികം താമസിയാതെ തിരികെയെത്തും ..
അപ്പോൾ എന്നെ നിങ്ങൾ കൈവിടില്ല എന്ന ഉറപ്പിലാണ് ഈ കളിയൊക്കെ…
എന്ന്
നിങ്ങളുടെ സ്വന്തം
മത്തി


Leave a comment