ഇന്ത്യയുടെ അപ്പസ്തോലനായ മാർ തോമാശ്ലീഹായോടുളള നിത്യ നവനാൾ
കാർമ്മികനും ശുശ്രൂഷികളും തിരുസ്വരൂപത്തിന്റെ മുമ്പിൽ വന്നു നില്ക്കുന്നു.
സമൂഹം പരിശുദ്ധാത്മാവിനോടുളള പ്രാരംഭഗാനമാലപിക്കുന്നു.
പ്രാരംഭ ഗാനം
പരിശുദ്ധാത്മാവേ, നീയെഴുന്നളളി
വരണമേ, എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം, നിറയ്ക്കണേ.
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിക്കും പ്രകാശമേ,
അന്ധകാരവിരിപ്പു മാറ്റിടും
ചന്തമേറുന്ന ദീപമേ,
കേഴുമാത്മാവിലാശ വീശുന്ന
മോഹന ദിവ്യ ഗാനമേ…
(പരിശുദ്ധാ…..)
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, (സമൂഹവും ചേർന്ന്) അങ്ങു ഞങ്ങളുടെ മധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു. ഞങ്ങൾ ചെയ്തുപോയ പാപങ്ങളെക്കുറിച്ചു ഞങ്ങൾ മനസ്തപിക്കുന്നു. അവയ്ക്കു ഞങ്ങൾ മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. അങ്ങയുടെ ദാസനായ മാർ തോമാശ്ലീഹായെ ഭാരതത്തിന്റെ അപ്പസ്തോലനും ഞങ്ങളുടെ പിതാവുമായി നല്കിയതിനു അങ്ങയോടു ഞങ്ങൾ നന്ദി പറയുന്നു. വിശുദ്ധ ശ്ലീഹായുടെ കാലടികൾ പിഞ്ചെന്ന് ക്രിസ്തുവിനു സജീവസാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ആമ്മേൻ.
മദ്ധ്യസ്ഥ പ്രാർത്ഥന
കാർമ്മി: ക്രിസ്തുവിന്റെ ആഹ്വാനം ശ്രവിച്ച മാത്രയിൽ (സമൂഹവും ചേർന്ന്) ഗ്ലീലായിലെ കടലോരങ്ങളിൽ വച്ച് വലയും വഞ്ചിയും ഉപേക്ഷിക്കുകയും മാതാപിതാക്കന്മാരെ പരിത്യജിക്കുകയും ചെയ്തുകൊണ്ട് സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ച മാർ തോമാശ്ലീഹായേ, ദൈവഹിതം മനസ്സിലാക്കി, അനുദിനജീവിതം
നയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. നന്മ ചെയ്തുകൊണ്ടു സഞ്ചരിച്ച ദിവ്യഗുരുവിനെ മരണംവരെ അനുധാവനം ചെയ്ത ശ്ലീഹായേ, ഏതൊരു പ്രതിസന്ധിയിലും ക്രിസ്തുവിനെ പിഞ്ചെല്ലുവാനും സത്യത്തിനു സാക്ഷികളാകുവാനും ഞങ്ങളെ സന്നദ്ധരാക്കണമേ.
ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും വന്ദിക്കുന്നു)
സമു: ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ.
കാർമ്മി: ക്രിസ്തുവിനോടുളള സ്നേഹത്തെ പ്രതി (സമൂഹവും ചേർന്ന്) അപകടസാഹചര്യങ്ങളിൽപ്പോലും ധീരമായി മുന്നോട്ടു വന്നുകൊണ്ട് മറ്റു ശിഷ്യന്മാർക്കു ചൈതന്യം നൽകിയ തോമാശ്ലീഹായെ, സഭയ്ക്കുണ്ടാകുന്ന പ്രതിസന്ധികളിൽ സഭയോടൊത്തു നില കൊളളുവാനും മറ്റുളളവർക്കു മാതൃകയായി വർത്തിക്കുവാനും ഞങ്ങളെ കഴിവുളളവരാക്കണമേ. “നമുക്കും അവിടുത്തോടുകൂടെപ്പോയി മരിക്കാം” എന്നു പറഞ്ഞുകൊണ്ട് ദിവ്യനാഥനെ അനുധാവനം ചെയ്ത അങ്ങ് ക്രിസ്തുവിനുവേണ്ടി രക്തം ചിന്തി മരിക്കുന്നതിനു പോലും ഞങ്ങളെ സന്നദ്ധരാക്കണമേ. ആമ്മേൻ.
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും വന്ദിക്കുന്നു)
സമൂ: ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
കാർമ്മി: ഉത്ഥാനം ചെയ്ത കർത്താവിനെ (സമൂഹവും ചേർന്ന്) കാണാതെയും സ്പർശിക്കാതെയും വിശ്വസിക്കയില്ലെന്നു പറഞ്ഞ ശ്ലീഹായെ ദിവ്യഗുരുവിന്റെ സാന്നിദ്ധ്യത്തിൽ “എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്നു പറഞ്ഞുകൊണ്ട് സംശയഗ്രസ്തർക്കു അങ്ങു മാർഗ്ഗദീപമായി. ക്രിസ്തുവിലുളള വിശ്വാസത്താൽ
പ്രേരിതനായി അവിടുത്തേയ്ക്കുവേണ്ടി ആത്മാക്കളെ നേടുവാൻ ഭാരതത്തിൽ വന്ന അങ്ങ് അവസാനത്തുളളി രക്തവും ചിന്തി വിശ്വാസത്തെ പ്രതി മരിച്ചുവല്ലോ അങ്ങയുടെ മാതൃകയനുസരിച്ച് ക്രിസ്തുവിലുളള വിശ്വാസം ഏറ്റുപറയുവാനും ക്രിസ്തുവിൽ ജീവിച്ചു കൊണ്ടു ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാനും ഞങ്ങളെ സാഹായിക്കണമേ. ആമ്മേൻ
കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
(എല്ലാവരും വന്ദിക്കുന്നു)
സമു: ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
സുവിശേഷം
വിജ്ഞാപനം: പുനരുത്ഥാനത്തിനുശേഷം ശ്ലീഹന്മാർക്കു പ്രത്യക്ഷപ്പെട്ട ക്രിസ്തുനാഥൻ, വി. തോമ്മാശ്ലീഹായുടെ വിശ്വാസത്തെ സ്ഥിരീകരിക്കുന്നതും വി. ശ്ലീഹാ വിശ്വാസമേറ്റു പറഞ്ഞുകൊണ്ട് സംശയഗ്രസ്തരുടെ ആശാ കേന്ദ്രമായി ഭവിക്കുന്നതുമായ സുവിശേഷഭാഗം നമുക്കു വായിച്ചു ധ്യാനിക്കാം.
കാർമ്മി: നിങ്ങൾക്കു സമാധാനം.
സമു: അങ്ങേയ്ക്കും സമാധാനം.
കാർമ്മി: വി. യോഹന്നാൻ എഴുതിയ നമ്മുടെ കർത്താവീശോമിശിഹായുടെ വിശുദ്ധ സുവിശേഷം (20:24-29).
സമു : നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
കാർമ്മി : ഈശോയുടെ ആഗമനവേളയിൽ പന്ത്രണ്ടുപേരിൽ ഒരുവനായ ദിദീമോസ് എന്നു വിളിച്ചിരുന്ന തോമാ അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാർ അദ്ദേഹത്തോടു പറഞ്ഞു. “ഞങ്ങൾ കർത്താവിനെ കണ്ടു” തോമായാകട്ടെ, അവരോടു പറഞ്ഞു: അവിടുത്തെ കൈകളിൽ ആണിയുടെ പഴുതുകൾ കാണുകയും ആ പഴുതുകളിൽ എന്റെ വിരൽ ഇടുകയും, അവിടുത്തെ വിലാവിൽ എന്റെ കൈ വയ്ക്കുകയും ചെയ്യാതെ ഞാൻ വിശ്വസിക്കുകയില്ല. പിന്നെ എട്ടു ദിവസങ്ങൾക്കുശേഷം ശിഷ്യന്മാരും തോമായും ഒരുമിച്ചു അകത്തിരിക്കുകയായിരുന്നു. കതകുകൾ അടച്ചിരുന്നെങ്കിലും ഈശോ അകത്തുവന്നു അവരുടെ നടുവിൽ നിന്നുകൊണ്ട് “നിങ്ങൾക്കു സമാധാനം” എന്നരുളിചെയ്തു. എന്നിട്ട്, അവിടുന്നു തോമായോടു പറഞ്ഞു: “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക: എന്റെ കരങ്ങൾ കാണുക: നിന്റെ കൈ കൊണ്ടുവന്നു എന്റെ വിലാവിൽ ഇടുക. അവിശ്വാസിയാകാതെ വിശ്വാസമുളളവനായിരിക്കുക”. എന്നാൽ തോമാ മറുപടിയായി ഉദ്ഘോഷിച്ചു: “എന്റെ കർത്താവേ, എന്റെ ദൈവമേ!” ഈശോ അദ്ദേഹത്തോടരുളി ചെയ്തു: തോമാ നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കുന്നവർ അനുഗ്രഹിതരാകുന്നു”.
സമൂ : നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
പ്രഭാഷണം
സുവിശേഷഭാഗത്തെക്കുറിച്ചോ സന്ദർഭോചിതമായ മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ ഹ്രസ്വമായ പ്രഭാഷണം നടത്തുന്നു.
സമൂഹ പ്രാർത്ഥനാഗാനം
(എത്രനല്ലീശോ നാഥാ… എ. മ.)
ഭാരതഭൂമിനാശാ
ദീപം തെളിച്ചവനേ,
മാർതോമ്മാ, നിൻ സുതരാം
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
ക്രിസ്തുവിൻ ദിവ്യമാർഗ്ഗം
സത്യത്തിൽ നവ്യമാർഗ്ഗം
കൃത്യമായി പിന്തുടരാൻ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
സുവിശേഷ സന്ദേശത്തിൻ
കതിർവീശും ദീപ്തിയാലേ
കൂരിരുൾ നീക്കിടുവാൻ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ
ശാന്തി വിതച്ചിടുവാൻ
കാന്തി പരത്തിടുവാൻ
വാത്സല്യമേറും താതാ
ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.
ധൂപാർപ്പണവും പനിനീർ തളിക്കലും
(കാർമ്മികൻ ധൂപം ആശീർവ്വദിച്ച് തിരുസ്വരൂപവും പീഠവും ധൂപിക്കുന്നു. തത്സമയം സമൂഹം താഴെവരുന്ന ഗാനം ആലപിക്കുന്നു.)
മിശിഹാ കർത്താവേ, നരകുലപാലകനേ,
ഞങ്ങളണച്ചിടുമീ, പ്രാർത്ഥന തിരുമുമ്പിൽ
പരിമളമിയലും ധൂപംപോൽ,
കൈക്കൊണ്ടരുളേണം.
(അല്ലെങ്കിൽ)
ഉയരണമീ പ്രാർത്ഥന…
ഉയരണമീ പ്രാർത്ഥനയഖിലേശാ
ഉയരണമേ സുരഭില ധൂപംപോൽ
സ്വർഗ്ഗത്തിൽ നിൻ തിരുസന്നിധിയിൽ
വെളളപ്പൂ പോലതു വിടരേണം.
(തുടർന്ന് തിരുസ്വരൂപത്തേയും പിന്നീടു ജനങ്ങളേയും ആശീർവ്വദിക്കുന്നു. പനിനീർ തളിക്കുന്നു.)
രോഗികൾക്കായി പ്രാർത്ഥന
(കാർമ്മികൻ രോഗികളുടെ മേൽ വലതുകരം ഉയർത്തിപ്പിടിച്ചുകൊണ്ടു ചൊല്ലുന്നു.)
കാർമ്മി : “നിങ്ങൾ രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും, കുഷ്ഠരോഗികൾക്കു സൗഖ്യം നല്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. നിങ്ങൾക്കു ഈ വരം സൗജന്യമായി ലഭിച്ചു. സൗജന്യമായി നിങ്ങളും കൊടുക്കുവിൻ” (മത്താ. 8) എന്നരുളിച്ചെയ്തുകൊണ്ട് ജനങ്ങളുടെ മദ്ധ്യത്തിലേക്കും അപ്പസ്തോലന്മാരെ അയച്ച മിശിഹാ നിങ്ങളെ അനുഗ്രഹിക്കട്ടെ. ആത്മീയമായ എല്ലാ ബലഹീനതകളിലും രോഗങ്ങളിലും നിന്നു നിങ്ങൾ വിമുക്തരാകട്ടെ. എല്ലാ പ്രലോഭനങ്ങളിലും പൈശാചിക പ്രേരണകളിലും നിന്നു നിങ്ങൾ വിമോചിതരാകട്ടെ. ശാരീരികമായ എല്ലാ വേദനകളും രോഗങ്ങളും നിങ്ങളെ വിട്ടുമാറട്ടെ. ഇനിയും സഹനംവഴി നിങ്ങളുടെ ജീവിതവിശുദ്ധീകരണമാണു ദൈവതിരുമനസ്സെങ്കിൽ എല്ലാ വേദനകളും ആകുലതകളും ക്ഷമയോടെ സഹിക്കുവാനുളള ശക്തി ദൈവം നിങ്ങൾക്കു നൽകുമാറാകട്ടെ. നിങ്ങളുടെ ജീവിതം ഒരു ദഹനബലിയായി പരമപിതാവിനു കാഴ്ചവയ്ക്കുവാനുളള അനുഗ്രഹം നിങ്ങൾക്കു ലഭിക്കുമാറാകട്ടെ. രോഗികളെ സൗഖ്യമാക്കിയ നമ്മുടെ കർത്താവീശോ മിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസർഗ്ഗവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
സമൂ : ആമ്മേൻ.
കൃതജ്ഞതാ പ്രകാശനം – സമാപന പ്രാർത്ഥന
വിജ്ഞാപനം: നമുക്കു വി. തോമാശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ ഇതിനകം ലഭിച്ചിട്ടുള എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തിനു നന്ദിപറയാം. ഇന്നത്തെ ഈ പ്രാർത്ഥനാ ശുശ്രൂഷവഴി നമ്മൾ യാചിക്കുന്ന പ്രത്യേക അനുഗ്രഹം എന്താണെന്നു ഇപ്പോൾ അനുസ്മരിക്കാം.
കാർമ്മി : ലോകരക്ഷകനായ മിശിഹായേ, (സമൂഹവും ചേർന്ന്) അങ്ങയുടെ ശിഷ്യന്മാരിൽ ഒരുവനായി തോമാശ്ലീഹായെ അങ്ങു വിളിച്ചതിനും ഭാരതത്തിന്റെ അപ്പസ്തോലനും ഞങ്ങളുടെ പിതാവുമായി അവിടുത്തെ ഞങ്ങളുടെ മദ്ധ്യത്തിലേക്കയച്ചതിനും അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. അങ്ങയോടുളള സ്നേഹാതിരേകത്താലും അത്മാക്കളെക്കുറിച്ചുളള തീക്ഷണതയാലും എല്ലായിടത്തും സുവിശേഷം പ്രസംഗിക്കുകയും അവർണ്യങ്ങളായ ക്ലേശങ്ങൾ സഹിച്ച് രക്തസാക്ഷി മകുടം ചൂടുകയും ചെയ്ത വിശുദ്ധനെ ഞങ്ങൾ സ്തുതിക്കുന്നു. രോഗികളെ സുഖപ്പെടുത്തുവാനും ദുഃഖമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാനും പാപികളെ മോചിക്കാനും പിശാചുബാധിതരെ സൗഖ്യമാക്കുവാനും എല്ലാവരിലും ദൈവസ്നേഹം വളർത്തുവാനും വേണ്ടി ജീവിതകാലം മുഴുവൻ വ്യയം ചെയ്ത വിശുദ്ധന്റെ മാദ്ധ്യസ്ഥത്താൽ ഞങ്ങളുടെ പ്രത്യേക പ്രാർത്ഥന (…….. നിയോഗം പറയുക) സാധിച്ചുതരേണമേ സകലത്തിന്റെയും നാഥാ, എന്നേയ്ക്കും ആമ്മേൻ.
സമാപനാശീർവ്വാദം
(എല്ലാവരും തലകുനിച്ചു നിൽക്കുന്നു. കാർമ്മികൻ അനുഗ്രഹരൂപത്തിൽ ജനങ്ങളുടെ മേൽ വലതുകരം ഉയർത്തിപ്പിടിച്ചുകൊണ്ട് ചൊല്ലുന്നു.)
കാർമ്മി : സുവിശേഷം പ്രസംഗിക്കുവാനും, സത്യത്തിനു സാക്ഷ്യം വഹിക്കുവാനുമായി/ ശ്ലീഹന്മാരെ വിളിച്ച മിശിഹായെ നമുക്കു സ്തുതിക്കാം. എല്ലാമുപേക്ഷിച്ചുകൊണ്ടും ദൈവരാജ്യം പ്രചരിപ്പിച്ച വി. തോമായെ നമുക്കു അനുകരിക്കാം ദൈവികാഹ്വാനങ്ങൾ ചെവിക്കൊളളുവാനും ക്ലേശങ്ങൾ സന്തോഷപൂർവ്വം സഹിക്കുവാനും സന്മാർഗ്ഗത്തിൽ ചരിക്കുവാനും നിങ്ങൾക്ക് ഇടയാകട്ടെ. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും നിങ്ങൾ സംരക്ഷിതരാകട്ടെ. എല്ലാവിധ രോഗങ്ങളിലും ആകുലതകളിലും നിന്ന് നിങ്ങൾ വിമോചിതരാകട്ടെ. നിർമ്മലമായ ആത്മാവോടും ആരോഗ്യമുളള ശരീരത്തോടും കൂടെ സൗഭാഗ്യകരമായ ജീവിതം നയിക്കുവാനും ഭാഗ്യപ്പെട്ട മരണംവഴി ദൈവത്തെ കണ്ടാനന്ദിക്കുവാനും നിങ്ങൾക്കിടയാകട്ടെ. വി. തോമാ ശ്ലീഹായെ നമുക്കു പിതാവായി നൽകിയ നമ്മുടെ കർത്താവീശോമിശാഹായുടെ കൃപയും എല്ലാം പരിപാലിച്ചുകൊണ്ടിരിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹവും എല്ലാവർക്കും സ്വർഗ്ഗീയ വരങ്ങൾ നൽകുന്ന പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
സമൂ : ആമ്മേൻ.
പരിശുദ്ധ കുർബാനയുടെ ആശീർവ്വാദത്തോടെയോ ദിവ്യബലിയോടെയോ നൊവേന സമാപിക്കുന്നു. തിരുശേഷിപ്പു മുത്തിക്കുന്ന സമയത്ത് സമൂഹം താഴെ വരുന്ന സമാപന ഗാനം ആലപിക്കുന്നു. രോഗികളുണ്ടെങ്കിൽ അവരെ പ്രാർത്ഥന ചൊല്ലി ആശീർവ്വദിക്കുന്നു.
സമാപന ഗാനം
(മറിയമേ നിന്റെ ചിത്രത്തിൽനിന്നു)
സ്നേഹമേറുന്നതാതാ മാർ തോമാ
ഭാരതം കണ്ട ദീപമേ
മക്കളാം ഞങ്ങൾ സാദരമങ്ങ
ദിവ്യപാദങ്ങൾ ചേരുന്നു.
നാഥനായ് സ്വന്ത ജീവൻ നല്കുന്ന
ധൈര്യമോടെ ഇറങ്ങി നീ
സർവ്വവും കീഴടക്കുവാൻ പോരും
വിശ്വാസം ഞങ്ങൾക്കേകണേ.
എന്റെ ദൈവവും എന്റെ നാഥനും
എന്നു ചൊല്ലി വിനീതനായ്
പ്രീതിനാഥനു ചേർത്ത നിൻകരം
നീട്ടിയാശിഷമേകണേ.



Leave a comment