എന്ന് നിന്റെ സ്വന്തം ഈശോ…

എന്റെ കുഞ്ഞേ….

ഓരോ ദിവസവും എത്ര കാര്യങ്ങൾക്കായി നീ മാറ്റി വയ്ക്കുന്നു.

ഇന്നൊരു ദിവസം എനിക്കായി, നിന്റെ ഈശോയ്ക്കായി തരാമോ?

നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നിന്നോട് സംസാരിക്കാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ എനിക്ക് എന്തിഷ്ടമെന്നു നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

നിന്റെ ഇന്നലെകൾ നിറം കുറഞ്ഞവ എന്ന് നിനക്ക് തോന്നിയേക്കാം. അത് എന്റെ സ്നേഹത്തിലേയ്ക്ക് പൊയ്ക്കൊള്ളട്ടെ…

നിന്റെ നാളെകൾ എങ്ങനെ എന്ന് നിനക്ക് അറിവില്ലായിരിക്കാം. അതും എന്റെ സ്നേഹത്തിനു വിട്ടു തരിക.

നിന്റെ ഇന്ന് എന്റെ കൂടെ ആയിരിക്കാൻ നീ തീരുമാനിക്കുമ്പോൾ തന്നെ അത് സ്നേഹപൂരിതമാകും.

കുഞ്ഞേ…

സ്നേഹം എന്റെ സ്വഭാവമാണ്.

എന്നോട് കൂടെയായിരിക്കുമ്പോൾ ആ സ്നേഹം നിന്നിലേയ്ക്കും പകരും. സ്നേഹം നിന്റെയും സ്വാഭാവികസ്വഭാവമായി മാറും.

ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു എഴുനേറ്റു വരുന്ന നിന്നെ നോക്കി ചാരെ പുഞ്ചിരിയോടെ കാത്തിരിക്കുന്ന എന്നെ നീ ഒന്ന് വിശ്വാസക്കണ്ണാൽ കണ്ടുനോക്കിക്കേ.

നിനക്ക് എന്ത് സന്തോഷമായിരിക്കും!

ചില സമയമെങ്കിലും നീ വല്ലാതെ ഒറ്റയ്ക്കായി പോകാറില്ലേ!

നിന്നോട് സംസാരിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് നീ ചുറ്റും നോക്കാറില്ലേ.

ആരും ഇല്ല എന്ന് കാണുമ്പോൾ നിന്റെ ഹൃദയം നുറുങ്ങുന്ന വേദന നിനക്ക് തോന്നാറില്ലേ!

കുഞ്ഞേ നിന്റെ ഹൃദയം പിടഞ്ഞു നുറുങ്ങുമ്പോൾ നിന്റെ ചാരെ ഒരു നിമിഷം പോലും പിരിയാതെ നിന്റെ ഈശോ ഉണ്ട്. ഒരു അന്ധയെ പോലെ നിന്റെ തൊട്ടടുത്തു നിൽക്കുന്ന എന്നെ കാണാതെ എനിക്കാരുമില്ലല്ലോ, ആരെന്നെ സഹായിക്കും എന്ന് കണ്ണീരോടെ വിഷമിക്കുന്ന നിന്നെ കണ്ടു എന്റെ സ്നേഹഹൃദയം നൊമ്പരപ്പെടാറുണ്ട്. എന്റെ കുഞ്ഞേ ഞാൻ നേടിയെടുത്ത നിന്റെ ഈ ജീവിതം നമുക്ക് പങ്കു വച്ചു ജീവിക്കാനുള്ളതാണ്. ഒരിക്കലും നിന്നെ ഒറ്റക്കാക്കി ഞാൻ പോകില്ല, കാരണം നിന്നെ എനിക്ക് കാണാം നിന്റെ നൊമ്പരങ്ങൾ അറിയാം, വാക്കുകൾ കേൾക്കാം. കണ്ണീരു തൊട്ടറിയാം, നിന്റെ കണ്ണുകളിൽ മാത്രമല്ല, എന്റെ കണ്ണുകളിലും.

നീ കരയുമ്പോൾ ഞാൻ കരയാതിരിക്കുമോ!

കുഞ്ഞുമകൾ കരഞ്ഞാൽ ഏത് അമ്മയുടെ ഹൃദയമാണ് പിടയാത്തത്!

ഏത് അപ്പന്റെ ഹൃദയമാണ് തരളിതമാകാത്തത്

എന്റെ കുഞ്ഞേ, എന്റെ ജീവന്റെ വിലയുള്ള എന്റെ സ്നേഹഭാജനമേ, നിന്റെ ഭൂമിയിലെ ജീവിതത്തിന്റെ വില, നിന്റെ ഓരോ നോട്ടത്തിന്റെയും വാക്കുകളുടെയും പ്രവൃത്തികളുടെയും വില നീ അറിഞ്ഞിരുന്നെങ്കിൽ!

ദൈവവചനമായ ഞാൻ നിനക്കായി ഭൂമിയിൽ വന്ന്‌ നിനക്ക് സമനായി ജനിച്ചു ജീവിച്ചു, നിന്റെ പാപകടങ്ങൾ ഏറ്റെടുത്തു പൂർണമായി പരിഹാരം ചെയ്തു.

ഇനിയുള്ള നിന്റെ ജീവിതം എന്നോടൊത്തുള്ള സ്നേഹജീവിതമാണ്, സ്നേഹം അറിവാണ് കുഞ്ഞേ, എന്നെ സ്നേഹിക്കും തോറും നിന്റെ സ്നേഹത്തിന്റെ ആഴം കൂടും. എന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂടും തോറും എന്റെ സ്നേഹം വളരെ ലളിതമായി നിനക്ക് മനസിലാകാൻ തുടങ്ങും. എന്നെ നിനക്ക് ഞാൻ നിശ്ചയിക്കുന്ന ആഴത്തിൽ നിന്റെ ആത്മാവിൽ മനസിലാകും. എന്റെ വചനങ്ങൾ മനസിലാകും

കുഞ്ഞേ നിന്റെ ഓരോ പ്രഭാതവും എന്റെ കൂടെ തുടങ്ങിയാൽ നിനക്ക് ആ ദിവസം ആയാസരഹിതമായിരിക്കും. കാരണം ഞാൻ നിന്റെ കൂടെയുണ്ടെന്നു നിനക്ക് അറിയുന്നതിനാൽ ഏതു പ്രയാസമേറിയ കാര്യം അഭിമുഖീകരിക്കേണ്ടി വന്നാലും നിന്റെ പ്രകൃതം ശാന്തമായിരിക്കും

ഇന്ന് എന്റേതായിരിക്കട്ടെ കുഞ്ഞേ. ഞാൻ നിന്നെ ഒരു പുതിയ ജീവിതരീതി പഠിപ്പിക്കാം.

ഇന്നൊരു ദിവസത്തേക്ക് ഞാൻ നിന്റെ വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നുതരാം.

കുഞ്ഞേ ഞാനിവിടെയുണ്ട്. നിന്റെ തൊട്ടടുത്ത്…

ഓ നീയെന്നെ കണ്ടുവല്ലേ!

എന്തിനാണ് നിനക്ക് ഇത്ര ആശ്ചര്യം?

ഞാൻ നിന്റെ കൂടെയുണ്ടെന്നു നീ ഇപ്പോഴാണോ അറിയുന്നത്, ഇപ്പോഴാണോ ഞാൻ നിന്റെ കൂടെയുണ്ടെന്നു നിനക്ക് ബോധ്യമായത്!

ഇപ്പോഴാണോ ഞാൻ യഥാർത്ഥ വ്യക്തി ആണെന്ന് നിനക്ക് വിശ്വാസമാകുന്നത്?

എന്റെ കുഞ്ഞേ, ചെറിയ കുഞ്ഞുങ്ങളുടേത്‌ പോലെയുള്ള വിശ്വാസമുണ്ടെങ്കിൽ നിന്റെ വിശ്വാസകണ്ണുകൾ ഞാൻ പുറമെ നിന്ന് തുറക്കേണ്ട കാര്യമില്ല, അത് എപ്പോഴും അകത്തു തുറന്നു തന്നെയിരിക്കും. നിന്റെ വിശ്വാസത്തിന്റെ കാതുകൾ തുറന്നു തന്നെയിരിക്കും. നിനക്ക് ദിവ്യകാരുണ്യത്തിൽ എന്നെ തൊട്ടറിയാൻ നിന്റെ സ്പർശനശക്തിയ്ക്ക് തുറവി ഉണ്ടാകും. നിന്റെ നാവിനു സവിശേഷമായ രീതിയിൽ സ്വർഗീയ ഭോജനമായ എന്നെ രുചിക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ നിന്നിലെ ആന്തരിക മനുഷ്യന്റെ/ ആത്മീയ മനുഷ്യന്റെ സംവേദനക്ഷമത കൂടുതലായിരിക്കും.

ശരി, നീ എണീക്കുക, നിന്റെ പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു വരിക, നിന്റെ അതിഥിയായല്ല, നിന്റെ വീട്ടിലെ ഒരാളെ പോലെ നീയെന്നെ കരുതുക, യഥാർത്ഥത്തിൽ നിന്റെയും നിന്റെ ഭവനത്തിന്റെയും യഥാർത്ഥ നാഥൻ ഞാൻ തന്നെയാണല്ലോ,നിന്റേതെല്ലാം എന്റേതുമാണ്. അപ്പോൾ നിന്റെ ഓരോ കാര്യങ്ങളും എന്ത് മാത്രം താത്പര്യത്തോടെയാകും ഞാൻ ഓരോ ദിവസം ചെയ്യുന്നത് എന്നൊന്ന് ഓർത്തു നോക്കിക്കേ.

കുഞ്ഞേ, വരിക, പ്രഭാത ഭക്ഷണം നമുക്ക് ഒരുമിച്ചു തയ്യാറാക്കാം, ഇന്ന് എന്താണ് ഉണ്ടാക്കേണ്ടത് എന്ന് എന്നോട് കൂടി ആലോചിക്കുക, നമുക്ക് ഒരുമിച്ചു തീരുമാനമെടുക്കാം.
അത് പാകം ചെയ്യാൻ എന്നെയും കൂട്ടുക. നമുക്ക് എപ്പോഴും ഒരുമിച്ചായിരിക്കാം. ഇന്നിന്റെ ഒരു നിമിഷം പോലും നിന്റെ ചാരെ നിന്നും മാറുവാൻ എനിക്ക് ആഗ്രഹമില്ല, കാരണം എന്നും ഇങ്ങനെയാണ് ഞാൻ എന്ന് കണ്ടു തന്നെ നീയറിയണം.

വീട്ടിലെ ഓരോരോ ജോലി ചെയ്യുമ്പോഴും ഒരു ഉറ്റസുഹൃത്തിനെപോലെ പുറമെ നിശബ്ദമെങ്കിലും ആത്മാവിൽ വാചാലമായി എന്നോട് ആത്മാവിൽ സംസാരിക്കുക. നിന്റെ സംശയങ്ങൾ എല്ലാം ചോദിക്കുക, നിന്റെ പരാതികളും പരിഭവങ്ങളും എന്നോട് നേരിട്ട് പറയുക, ഇന്ന് മുഴുവനും ഇനിയെന്നും ഞാൻ നിന്റെ കൂടെയുണ്ടല്ലോ.

ദൈവവചനത്തിന്റെ അഗ്രാഹ്യ രഹസ്യങ്ങൾ എന്നോട് ചോദിക്കുക, അത് നിന്നോട് മാത്രമായി ഞാൻ സംസാരിച്ചവയാണ്, അവയുടെ ആത്മീയ അർത്ഥവും വ്യാഖ്യാനവും ഇത്രകാലവും നിന്നിൽ നിന്നും മറയ്ക്കപ്പെട്ടത് ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു, നിന്നോട് എനിക്കത് നേരിട്ട് പറയുവാൻ വേണ്ടി, നിനക്ക് മനസിലാകുവോളം ഞാനത് വിശദീകരിച്ചു തരാം

പിതാവായ ദൈവത്തെ കുറിച്ച് നമുക്ക് സംസാരിക്കാം, പരിശുദ്ധാത്മാവിനെ കുറിച്ച് നമുക്ക് സംസാരിക്കാം.

പരിശുദ്ധ ത്രിത്വമായ ഞങ്ങളെ കുറിച്ചു നിനക്ക് മനസിലാക്കി തരാം.

നമ്മുടെ അമ്മയായ മറിയത്തെ കുറിച്ചു സംസാരിക്കാം.അല്ല അമ്മ ഇവിടെത്തന്നെയുണ്ടല്ലോ, നിന്റെ കണ്ണുകൾ തുറന്നുരിക്കുകയല്ലേ നീ തന്നെ നോക്കുക അവൾ എത്രയോ സ്നേഹവതി ആണെന്ന്.

എന്റെ കുഞ്ഞേ എന്റെ അമ്മ എത്രയോ സ്നേഹമുള്ളവളാണെന്നു നിനക്കറിയാമോ?

അവളുടെ സാമീപ്യം എനിക്ക് എത്രയോ തവണ ആശ്വാസം പകർന്നിട്ടുണ്ടെന്നറിയാമോ?

എന്നെ ഏറ്റവും പൂർണമായി മനസിലാക്കി, എന്റെ ഹിതം അറിഞ്ഞു അതിനനുസരിച്ചു പ്രവർത്തിച്ചത് എന്റെ അമ്മ ആയിരുന്നു.

എന്റെ കുഞ്ഞേ നിനക്ക് ഞാൻ എന്റെ അമ്മയെ സ്വന്തമായി തന്നതല്ലേ?

ഞാൻ അനുഭവിച്ച സ്നേഹവും സന്തോഷവും സമാധാനവും നിനക്കും അവളിൽ നിന്നും ലഭിക്കട്ടെ.

കുഞ്ഞേ നമുക്ക് എന്റെ വളർത്തു പിതാവായ എന്നെ നോക്കി വളർത്തിയ ജോസഫിനെ കുറിച്ച് സംസാരിക്കാം. എത്രയോ നിർമലമായ ഹൃദയം ഉള്ള നീതിമാനായ മനുഷ്യൻ, ആ പരുക്കൻ കൈകളിൽ എനിക്ക് എന്ത് മാത്രം സുരക്ഷിതത്വം ഉണ്ടായിരുന്നുവെന്നോ?

ആ കൈകളിൽ ഞാൻ സുഖമായി ഉറങ്ങിയിരുന്നു.

കുഞ്ഞേ നിന്റെ മാതാപിതാക്കളെ കുറിച്ചും കൂട്ടുകാരെക്കുറിച്ചും ബന്ധുക്കളെ കുറിച്ചും നിന്റെ ജോലിയെക്കുറിച്ചും വീടിനെക്കുറിച്ചും ഒക്കെ എന്നോട് സംസാരിക്കുക

എന്നത്തേയും പോലെ ഇന്നും നിനക്ക് ആത്മീയമായും ഭൗതികമായും ഞാൻ ഏറ്റവും നന്നായി ഈ ദിവസം ഒരുക്കിയിട്ടുണ്ട്. നിന്നെ സഹായിക്കുവാൻ മാലാഖാമാരും നിന്റെ സഹോദരരായ വിശുദ്ധരും ഉണ്ട്, നീ കാണുന്നില്ലേ..

നിനക്കായി ഞാൻ ഒരുക്കിയ പ്രകൃതിഭംഗി നീ കാണുന്നില്ലേ, ചെറിയ പൂക്കളും കുഞ്ഞ് പക്ഷികളുടെ കളകൂജനങ്ങളും നിനക്ക് ഇന്നത്തേക്ക് ഏറ്റവും ചേരുന്ന വിധത്തിലുള്ള കാലാവസ്ഥയും ഒക്കെ നീ കാണുന്നില്ലേ!

ഈ ദിവസത്തിൽ ഞാൻ നിനക്കായി ഒരുക്കിയിരിക്കുന്നവയിൽ നീ സംതൃപ്തയാണോ എന്ന് നീ എന്നോട് പറയുക, നിനക്ക് ശരിക്കും സന്തോഷമാണോ എന്ന് എന്നോട് പറയുക

കുഞ്ഞേ നിന്റെ ആരോഗ്യം എങ്ങനെയുണ്ട്?

വേദനയുണ്ടോ?

നിന്റെ ആരോഗ്യപ്രശ്നങ്ങളും ആകുലതകളും ഒക്കെ എന്നിലേക്ക്‌ വിട്ടു തരിക.

ഓരോ കുഞ്ഞു കാര്യങ്ങൾ പോലും ഒരു സമ്മാനം പോലെ എന്റെ പക്കൽ കൊണ്ടു വന്ന്‌ എനിക്ക് പൂർണമായും നൽകുക.

എന്നെ ഏല്പിക്കുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് ഒരിക്കലും നീ വേവലാതിപ്പെടേണ്ടതില്ല, കാരണം ഞാൻ നിന്റെ കൂടെയുണ്ടെന്നും നീ ചെയ്യുന്നതിലും നന്നായി ഓരോന്നും നിനക്കായി ഞാൻ ചെയ്യുമെന്നും ഇന്ന് എന്നോടൊപ്പമായിരിക്കുന്ന നീ കാണുന്നുണ്ടല്ലോ

കുഞ്ഞേ, ഒരിക്കൽ കൂടി പറയട്ടെ, നിന്റെ കൂടെയായിരിക്കുന്നത് എനിക്ക് സന്തോഷമാണ്. നിനക്കും അങ്ങനെയാണോ!
എന്റെ കൂടെയായിരിക്കുന്നത് നിനക്ക് സന്തോഷമാണോ!

നിന്റെ കാവൽ മാലാഖയെ കുറിച്ച് നീ ഓർക്കാറുണ്ടോ?
എന്റെ വിശ്വസ്തനായ ഈ ദൂതൻ എത്രയോ സ്നേഹത്തോടെയാണ് നിന്നെ ഓരോ നിമിഷവും നോക്കി പരിപാലിക്കുന്നത്. എന്റെ കുഞ്ഞേ എന്റെ വാത്സല്യ ഭാജനമായ നിന്നെ മാലാഖാമാർക്കും വിശുദ്ധർക്കും എന്തിഷ്‌ടമാണെന്നോ?

കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നിൽ വസിക്കുന്നു എന്നവർക്കറിയാം.

കുഞ്ഞേ നിന്റെ ജോലികൾ ഓരോന്നായി നിന്റെ കഴിവിനനുസരിച്ചു ചെയ്യുക, ഞാനും നിന്നെ സഹായിക്കുന്നു എന്ന് നീ കാണുന്നുണ്ടല്ലോ, നിന്റെ കർത്തവ്യങ്ങൾ വേഗം ചെയ്യുക.

കുഞ്ഞേ നമുക്ക് ഭക്ഷണം കഴിക്കാം. നാം ഒരുമിച്ചുണ്ടാക്കിയ ഈ ആഹാരത്തിനു എന്നത്തേയും കാൾ രുചി തോന്നുന്നുണ്ടല്ലേ?
കുഞ്ഞേ അത് സ്നേഹത്തിന്റെ രുചി ആണ്. ഓരോരുത്തരുടെയും രുചിഭേദങ്ങൾക്കനുസരിച്ചു സ്നേഹം രൂപാന്തരപ്പെടുമെന്ന് ഇപ്പോൾ നിനക്ക് മനസിലാകുന്നില്ലേ, കുഞ്ഞേ ദിവ്യകാരുണ്യമായി നിന്നിലേക്ക്‌ വരുമ്പോഴും ഇങ്ങനെയാണ്. നിന്റെ ആത്മാവിന്റെ ചെറിയ സ്നേഹപരിധിയിലേക്ക് വരാൻ ഞാൻ എന്റെ അവർണനീയമായ സ്നേഹത്തെ ചെറുതാക്കും. നിന്റെ ചെറിയ ശരീരത്തിന് താങ്ങുന്ന വിധത്തിൽ എന്റെ മഹത്വത്തെ ഞാൻ രൂപാന്തരപ്പെടുത്തും. നീ കഴിക്കുന്ന ഈ ഭക്ഷണം നിന്റെ ശരീരത്തിലെ ഓരോ കോശത്തിലേയ്ക്കും പോഷണമായി ചെല്ലും പോലെ ദിവ്യകാരുണ്യവും നിന്റെ ആത്മ ശരീരങ്ങൾക്ക് പൂർണവും നിത്യവുമായ പോഷണവും പുതുജീവനും ഉണർവുമേകും.

ദിവസം മുഴുവനും എന്റെ കൂടെ ആയിരിക്കുക കുഞ്ഞേ, നീ എന്നിലായിരിക്കുക, എന്റെ സ്നേഹത്തിൽ ആയിരിക്കുക. നമുക്കെല്ലാ കാര്യങ്ങളും ഒരുമിച്ചു ചെയ്യാം.

നിന്റെ കാര്യങ്ങളൊക്കെ എന്നോട് സംസാരിക്കുക, നിന്നോട് പ്രാർത്ഥിക്കാനായി പറഞ്ഞവരെക്കുറിച്ചും നിന്റെ രാജ്യത്തേക്കുറിച്ചും നിന്റെ ജോലിയെ കുറിച്ചും നിന്റെ മേലധികാരികളെ കുറിച്ചും കൂടെ ജോലി ചെയ്യുന്നവരെ കുറിച്ചും എന്നോട് പറയുക ഞാൻ അവ എല്ലാം അനുഗ്രഹിക്കാം.

നിന്റെ മുൻ തലമുറകളെ കുറിച്ച് എന്നോട് സംസാരിക്കുക, ഞാൻ അവരെ അനുഗ്രഹിക്കാം. നിന്റെ കുടുംബത്തെയും നിന്റെ വരാനിരിക്കുന്ന തലമുറകളെയും സ്‌നേഹത്താൽ നിറയ്ക്കാം.

കുഞ്ഞേ, ഇപ്പോൾ ആഹാരമുണ്ടാക്കലും വീട് വൃത്തിയാക്കലും തുണി അലക്കലും മറ്റ്‌ അനു ദിന ജോലികളും ഒക്കെ കഴിഞ്ഞില്ലേ…

നീ കുറച്ചു നേരം എന്റെ ചാരെ വിശ്രമിക്കുക. എന്റെ പ്രിയ യോഹന്നാനെ പോലെ എന്റെ മാറിൽ വിശ്രമിക്കുക. നിനക്ക് എന്റെ ഹൃദയത്തിന്റെ മിടിപ്പ് കേൾക്കാം. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എന്റെ ഹൃദയമിടിപ്പുകൾ നിന്നോട് പറയുന്നത് നിനക്ക് കേൾക്കാം. എന്റെ കുഞ്ഞേ നീ എന്നോട് ചേർന്നിരിക്കുമ്പോൾ നിനക്കായി ഞാൻ ഏറ്റ എന്റെ മുറിവുകൾ കാണുക, അത് നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ അടയാളങ്ങൾ ആണ്. അവയെ കുറിച്ച് ധ്യാനിക്കുക

കുഞ്ഞേ ദൈവസ്നേഹത്തെ കുറിച്ച് ധ്യാനിക്കുക, സ്നേഹത്തെ കുറിച്ച് ധ്യാനിക്കുമ്പോൾ തന്നെ നീ അവർണനീയമായ സ്നേഹത്താൽ നിറയും കാരണം ഞാനാണ് യഥാർത്ഥ സ്നേഹം.

നിന്റെ ഹൃദയത്തിൽ എനിക്ക് പൂർണമായ അറിവോടും സമ്മതത്തോടും ഇഷ്ടത്തോടും കൂടെ എനിക്കൊരിടാം തന്നാൽ നിന്റെ ഹൃദയത്തിൽ ഞാൻ നിത്യതയോളം സത്യമായും വസിക്കും, അത് നിന്റെ തിരഞ്ഞെടുപ്പാണ്. എന്നെ നിനക്ക് വേണോ വേണ്ടയോ എന്ന് വയ്ക്കാൻ നിനക്ക് അവകാശവും അധികാരവും ഉണ്ട്, എന്നാലും എന്റെ കുഞ്ഞേ, എന്നെ നിന്റെ സ്വന്തമായി തിരഞ്ഞെടുക്കണമെന്ന് ഞാൻ നിന്നോട് യാചിക്കുന്നു. ഒരു യഥാർത്ഥ യാചകനെ പോലെ നിന്റെ സ്നേഹത്തിനായി യാചിച്ചു കൊണ്ടു നിന്റെ ഈശോ ഇതാ നിന്റെ മുൻപിൽ നിൽക്കുന്നു. നിന്നോടുള്ള എന്റെ സ്നേഹം എനിക്ക് അത്രയും വലുതാണ്. നീ എന്റേതാണ് കുഞ്ഞേ.

കുഞ്ഞേ, നമുക്കിനി ദിവസത്തിന്റെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് പോകാം. കുഞ്ഞേ വിശുദ്ധ കുർബാന അർപ്പണത്തിനുള്ള സമയം അടുത്തു വരുന്നു.

ഏറ്റവും സ്നേഹത്തോടെ അതിനായി ഒരുങ്ങുക, നിന്നെ ഏറ്റവും മനോഹരിയായി അണിയിച്ചൊരുക്കാൻ എന്റെ അമ്മ നിന്നെ സഹായിക്കും. നിന്റെ കാവൽ മാലാഖ നിന്നെ സഹായിക്കും.

ജ്ഞാനസ്നാനത്തിന്റെ ആത്മ വസ്ത്രത്തോടൊപ്പം ഇന്ന് നീ അണിയേണ്ടത് ഇന്ന് ഞാൻ നിനക്കു ദാനമായി തന്ന വിശ്വാസത്തിന്റെ നേരിയ സ്വർണശിരോവസ്ത്രവും ഇന്നത്തെ ചെറുതും വലുതുമായ പുണ്യങ്ങളുടെ ആഭരണങ്ങളുമാണ്. ഇന്ന് നീ എന്നോട് ചേർന്നിരുന്നതിനാൽ നിന്നിലേക്ക്‌ പകർന്ന വിശുദ്ധിയുടെ സുഗന്ധവും നീയണിയുക. എന്റെ അമ്മ നിനക്കായി നേടിയ സവിശേഷമായ കൃപകളും നീ അണിയുക. എന്റെ സ്നേഹത്തിൽ നീ പ്രകാശപൂരിതയാകുക

എന്റെ സ്നേഹഭാജനമേ, എന്റെ പിതാവിന്റെ ഭവനത്തിലേയ്ക്ക് നമുക്ക് സ്നേഹത്തോടെ നടക്കാം.

നീ കേൾക്കുന്നില്ലേ, ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. സന്തോഷഭരിതരായ മാലാഖഗണങ്ങൾ മധുരമായി ഗാനങ്ങൾ ആലപിക്കുന്നു. സന്തോഷവതിയായി ഒരുങ്ങിയ നിന്നെ കണ്ടു അവരും ആനന്ദഭരിതരാകുന്നു.

വിശുദ്ധ കുർബാനയ്ക്കായി ആത്മീയമായ ഒരുക്കത്തോടെ പോകുന്ന ഓരോ ആത്മാക്കളെയും കണ്ടു സ്വർഗം മുഴുവൻ സന്തോഷിക്കും.

കുഞ്ഞേ വിശുദ്ധ കുർബാനയിൽ ഒരുക്കത്തോടെ പങ്കെടുക്കുക നിന്റെ ദിവസത്തിലെ ഏറ്റവും വലിയ സ്നേഹപ്രവൃത്തി ആയിരിക്കട്ടെ.

അവിടെ നിന്റെ സ്നേഹവും എന്റെ സ്നേഹവും ഒന്നാകുന്നു.

നീ എന്റെ അമ്മയോടൊപ്പം ആയിരിക്കുക, നടക്കുന്ന വഴികളിൽ അവൾ നിന്നെ കൈപിടിച്ച് നയിക്കും. നിന്റെ കാവൽമാലാഖയോടൊപ്പം നടക്കുക, ഇന്ന് നിന്റെ വിശ്വാസക്കണ്ണുകൾ തുറന്നു യഥാർത്ഥമായ രീതിയിൽ നിനക്ക് ഇതൊക്കെയും കാണാൻ സാധിക്കുന്നതിനാൽ നീ അത്ഭുതപ്പെടുന്നു. എന്നാൽ എന്നും ഇത് പോലെ തന്നെയാണ് കുഞ്ഞേ.

ദൈവാലയത്തിന്റെ വാതിലിൽ ഞാൻ നിന്നെ കാത്തു കാത്തു നിൽക്കുന്നത് നീ കാണുന്നില്ലേ, ദൈവാലയം മുഴുവനും സ്വർഗീയമായ വിധത്തിൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് നീ കാണുന്നില്ലേ? നീ ഒരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിൽ മാലാഖാമാരുടെ സംഗീത മാധുരി നീ കേൾക്കുന്നില്ലേ, ഇവയെല്ലാം ഒരുക്കിയത് നിനക്ക് വേണ്ടിയാണു എന്റെ കുഞ്ഞേ

എന്നോടൊപ്പം നീ മുന്നോട്ട് നടന്നു നീ ദൈവാലയത്തിന്റെ മുൻഭാഗത്തേയ്ക്ക് വരുമ്പോൾ നിന്റെ വസ്ത്രത്തെയും ആഭരണങ്ങളെയും നിന്റെ ശാലീനമായ ഒരുക്കത്തെയും കണ്ടു മാലാഖാമാർ പുഞ്ചിരി തൂകുന്നത് കാണുന്നില്ലേ അവരുടെ നാഥനായ എന്നെ അവർ താണ് വണങ്ങുന്നത് നീ ശ്രദ്ധിക്കുന്നില്ലേ…

“ആത്മനാഥനെ ചാരി വിജനപ്രദേശത്തുനിന്നു വരുന്ന ഇവള്‍ ആരാണ്‌? “
(ഉത്തമഗീതം 8 : 5)

വിശുദ്ധ കുർബാനയ്ക്ക് ഒരുക്കത്തോടെ എന്റെ കൈ പിടിച്ചു ദൈവാലത്തിലേയ്ക്ക് വരുന്ന ഓരോ ആത്മാവിനെയും കണ്ടു സർവരും അത്ഭുതം കൂറുന്നത് ഇങ്ങനെയാണ്

എന്റെ കുഞ്ഞേ, നേരമായി

എന്റെ സ്നേഹത്താൽ നിനക്കായി ഞാൻ മുറിയപ്പെടുവാൻ നേരമായി.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നിന്റെ ആത്മാവ് എല്ലാം യഥാർത്ഥമായി വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണുന്നതിനാൽ സ്നേഹത്തിലും സന്തോഷത്തിലും കൃതജ്ഞതയിലും നിറഞ്ഞു നീ പ്രകാശിതയാകും.

എന്റെ പ്രിയ കുഞ്ഞേ നിന്നെ ഞാൻ എത്രയോ സ്നേഹിക്കുന്നു, ഓരോ മനുഷ്യാത്മാക്കളോടും ഞാൻ വീണ്ടും പറയുന്നു, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു

നോക്കുക

കുർബാനയുടെ നിമിഷങ്ങളിലേയ്ക്ക് നോക്കുക

എന്റെ പ്രിയ വൈദികൻ തിരുവസ്ത്രങ്ങൾ അണിയുമ്പോൾ എന്നെ ധരിക്കുന്നു,എന്റെ സ്നേഹത്തിൽ മറയുന്നു, എന്റെ പ്രിയ വൈദികന് വേണ്ടി നീ പ്രാർത്ഥിക്കുക. നിനക്കായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ എന്റെ സ്നേഹത്തിൽ ജീവിതം സമർപ്പിച്ച എന്റെ പ്രിയ വൈദികന് വേണ്ടി നീ നന്ദിപറയുക.

വിശുദ്ധ കുർബാനയുടെ ഓരോ നിമിഷവും നീ എന്നെ ഉറ്റു നോക്കുക കുഞ്ഞേ, അവിടെ നടക്കുന്ന ഉന്നതവും സ്വർഗീയവുമായ കാര്യങ്ങൾ സൂക്ഷിച്ചു വീക്ഷിക്കുക, ജീവിതകാലം മുഴുവൻ ഈ നിമിഷങ്ങൾ നീ മറന്നു പോകരുത്. ഈ ഓർമ്മകൾ നിന്റെ ശക്തിയും ബലവുമായിരിക്കട്ടെ. നിന്നോടുള്ള സ്നേഹത്താൽ പ്രേരിതനായി നിന്റെ ദൈവമായ ഞാൻ ചെറുതാകുന്നത് നീ കാണുക, നിന്നിലും ചെറുതാകുന്നത് നീ കാണുക.

കുഞ്ഞേ എനിക്ക് നിന്നോടുള്ള സ്നേഹമാണ് നിന്റെ ചെറുതും കുറവുള്ളതുമായ ഹൃദയത്തിൽ എന്നേയ്ക്കും വസിക്കാൻ എന്നെ ചെറുതാക്കുന്നത് എന്ന് നീ കാണുന്നില്ലേ.

വിശുദ്ധ കുർബാനയിൽ എന്റെ കണ്ണുകൾ നിന്നെത്തന്നെ നോക്കിയിരിക്കുന്നത് നീ കാണുന്നില്ലേ.

എന്റെ ജീവിതത്തിന്റെ നാളുകൾ,സ്നേഹത്തിന്റെ പങ്കു വയ്ക്കലുകൾ, ഗത്സമേൻ അനുഭവങ്ങൾ, പീഡാ സഹനങ്ങൾ, കുരിശുമരണം, ഉയിർപ്പ്, രൂപാന്തരീകരണം എല്ലാം ആവർത്തിക്കപ്പെടുന്നു

എന്റെ കുഞ്ഞേ, നിന്നെ ഞാൻ സ്നേഹിക്കുന്നു, പരിശുദ്ധ ത്രിത്വം നിന്നെ സ്നേഹിക്കുന്നു. ഞങ്ങളുടെ സ്നേഹത്തിൽ മകളായ നിന്റെ കുറവുകൾ മറയപ്പെടുന്നതും വിശുദ്ധ കുർബാന സ്വീകരിക്കാൻ നിന്നെ യോഗ്യയാക്കുന്നതും നീ കാണുന്നില്ലേ, അടുത്ത് വരിക.

കുഞ്ഞേ എന്നെ നിന്റെ ഹൃദയത്തിൽ എന്നേക്കുമായി സ്വീകരിക്കുക.

എന്റെ കുഞ്ഞേ, നീ എന്നെ സ്വീകരിച്ചതിനു ഞാൻ നിന്നോട് നന്ദി പറയട്ടെ..

എന്താണ് നീ സങ്കടപ്പെടുന്നത്. ഞാൻ നിന്നോട് നന്ദി പറഞ്ഞത് കൊണ്ടാണോ?

കുഞ്ഞേ എത്രയോ ഹൃദയങ്ങൾ ദിവ്യകാരുണ്യമായ എന്റെ മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു, നീ നിന്റെ ചെറു ഹൃദയത്തിൽ എന്നെ സ്നേഹത്തോടെ സ്വീകരിച്ചില്ലേ. അത് എന്റെ ഹൃദയത്തെ എത്രത്തോളം ആശ്വാസഭരിതമാക്കി എന്ന് നിനക്കറിയാമോ

എന്റെ കുഞ്ഞേ, സ്നേഹത്തിൽ ഒന്നായി മാറിയ നിനക്കും എനിക്കും ഇനിമുതൽ സ്വന്തമായി ഒന്നുമില്ല, എല്ലാം പൊതുവാണ്, എല്ലാം നമ്മുടേതാണ്.

എന്റെ പിതാവിന്റെ വാത്സല്യത്തിൽ നീ സന്തോഷിക്കുക, എന്റെ സ്നേഹത്താൽ നീ നിറയുക, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ നീ പങ്കാളിയാകുക, എന്റെ അമ്മയുടെ ഹൃദയത്തിൽ നീ വസിക്കുക, എന്റെ വളർത്തു പിതാവായ ജോസഫ് നിന്റെ മാർഗ ദർശി ആയിരിക്കട്ടെ, എന്റെ മാലാഖാമാർ നിന്റെ കൂടെ വസിക്കട്ടെ, പരിശുദ്ധനായ ദൈവത്തെ പാടിയാരാധിക്കുവാനും സ്തുതിക്കുവാനും അവർ നിന്നെ പഠിപ്പിക്കും. ഞാൻ നിന്നിൽ ഉള്ളതിനാൽ എന്റെ വചനങ്ങൾ നിന്നിൽ വസിക്കും, നിന്റെ അധരങ്ങൾ അവ പ്രഘോഷിക്കും. എന്റെ വിശുദ്ധർ നിന്റെ സുഹൃത്തുക്കളും സഹോദരതുല്യരും സഹായികളും ആയിരിക്കും

എന്റെ ചെറിയ കുഞ്ഞേ നീ കാണുന്നില്ലേ, എല്ലാം യഥാർത്ഥമാണ്.

ഞാൻ നിന്നിൽ വസിക്കുന്നതിനാൽ നീയിനി ഒരിക്കലും ഭയപ്പെടേണ്ട എന്ന് നിനക്ക് മനസിലായില്ലേ.

നീ ഇക്കാര്യങ്ങളെ കുറിച്ച് എന്നും ചിന്തിക്കുക, ഓരോ ദിവസവും നിന്റെ വിശ്വാസകണ്ണുകൾ തുറന്നു സ്നേഹത്തിൽ, എന്നിൽ ജീവിക്കുക, അപ്പോൾ നീ സ്വർഗത്തിൽ വസിക്കുന്നത് പോലെ ഈ ഭൂമിയിലും എന്നോടൊപ്പം വസിക്കാൻ സാധിക്കും

എന്റെ കുഞ്ഞേ,

നീ എന്റേതാണ്. ഓരോ നിമിഷവും സന്തോഷിക്കുക, കാരണം ഞാൻ നിന്റേതുമാണ് നിന്നിലുണ്ട്, നിത്യതയോളം.

“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
ഇട വിടാതെ പ്രാര്‍ത്ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. “
(1 തെസലോനിക്കാ 5 : 16-18)

ഇതാണ് നിന്നെക്കുറിച്ചുള്ള എന്റെ ഹിതം

നിന്റെ മറ്റുകാര്യങ്ങൾ ക്രമപ്പെടുത്തുക, കുഞ്ഞേ, നിന്റെ കുടുംബത്തോടൊപ്പം പ്രാർത്ഥിക്കുക, ഉത്തരവാദിത്വങ്ങളിൽ കുറവ് വരുത്തരുത്.എല്ലാം എന്നോടൊപ്പം ചെയ്യുക, എല്ലാത്തിനും എന്റെ അമ്മയുടെ സഹായം തേടുക.

നിന്നിൽ വസിക്കുന്ന എനിക്ക് ഉചിതമായ കൃതജ്ഞതയും ആരാധനയും അർപ്പിക്കുക.

കുഞ്ഞേ, ദിവസത്തിനൊടുവിൽ നീ പകലിന്റെ അധ്വാനങ്ങളാൽ ക്ഷീണിതയായിരിക്കുന്നു എന്ന് ഞാൻ കാണുന്നു, തീർച്ചയായും നിനക്ക് വിശ്രമം വേണം.

എന്റെ കുഞ്ഞേ, നിന്നെ ഞാൻ ഒരിക്കൽ കൂടി സ്നേഹത്തോടെ അനുഗ്രഹിക്കട്ടെ.

നീ എന്റെ ഹൃദയത്തിൽ ഉറങ്ങുക, എന്റെ ഹൃദയത്തിന്റെ മിടിപ്പുകൾ നിനക്ക് താരാട്ടു പാട്ടു പോലെ ആയിരിക്കട്ടെ. നിന്റെ നിദ്രയിൽ ഞാൻ സ്വർഗീയ സ്വപ്‌നങ്ങൾ നിറയ്ക്കാം. അവ നാം നിത്യതയിൽ ഒരുമിച്ചു വസിക്കുന്നതിന്റെ മുന്നാസ്വാദനം പോലെ നിനക്ക് അനുഭവപ്പെടും.

നിന്റെ ചാരെ ഞാൻ കൂട്ടിരുന്നു കൊള്ളാം.

നീ ഭയപ്പെടേണ്ട..

എന്റെ കുഞ്ഞേ…

ഞാൻ നിന്നെ സ്നേഹിക്കുന്നു…

നാളെ ഉറക്കമുണരുവോളം ഞാൻ നിന്നെ നോക്കി ഇവിടെത്തന്നെയുണ്ട്.

കുഞ്ഞേ നിന്നെ ഈ വചനം ഞാൻ ഓർമിപ്പിക്കട്ടെയോ.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)

നീ ഈ വചനത്തിന്റെ,
എന്റെ സ്നേഹത്തിലുറങ്ങുക….

Holy Night…

Holy Dreams….

എന്ന്,

നിന്റെ ഈശോ…

💕

John 6, 46 – 48
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment