𝐏𝐚̄𝐥𝐚𝐲𝐮̄𝐫 | പാലയൂർ

പാരമ്പര്യവും  ചരിത്രവും

ഏഴര പള്ളികളിൽ ഒന്നായി എണ്ണപ്പെടുന്നതും ഇന്ത്യയിൽ നിലവിലിരിക്കുന്നതിൽ വെച്ച് ഏറ്റവും പഴയത് എന്ന് അവകാശപ്പെടുന്നതുമായ ഒരു പള്ളിയാണ് പാലയൂർ പള്ളി. തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ ആണ് ഈ പള്ളി ഇത് സ്ഥിതിചെയ്യുന്നത്. പുരാതന ചരിത്രരേഖകളിൽ പാലൂർ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഴയകാല യഹൂദ കേന്ദ്രങ്ങളിൽ ഒന്നായി പാലയൂർ എണ്ണപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ ശക്തമായ ഒരു യഹൂദ സമൂഹം പാലയൂരിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. പാലയൂരിൽ എത്തിയ തോമാശ്ലീഹാ അവിടെയുള്ള യഹൂദരോട് സുവിശേഷ പ്രഭാഷണം നടത്തുകയും അവരിൽ വലിയൊരു വിഭാഗം ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം. പ്രദേശത്ത് ഒരു പ്രമുഖമായ ക്ഷേത്രം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ ഇത് ബൗദ്ധരുടെ ആയിരുന്നോ ജൈനരുടെ ആയിരുന്നോ അതോ ഹൈന്ദവരുടെ ആയിരുന്നോ എന്നതിൽ അഭിപ്രായ ഐക്യം ഇല്ല. തോമാശ്ലീഹായുടെ പേരിൽ പ്രസിദ്ധമായ ചില അത്ഭുതങ്ങൾക്കും പാലയൂർ പശ്ചാത്തലമായി. അവിടത്തെ പുരോഹിതന്മാർ ക്ഷേത്രക്കുളത്തിൽ ഇറങ്ങി സൂര്യന് നേർക്ക് ജലധാര കോരി സമർപ്പിക്കുന്നത് കണ്ട് തോമാ അവരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. നിങ്ങൾ സമർപ്പിക്കുന്ന ജലധാര നിങ്ങളുടെ ദേവൻ സ്വീകരിക്കുന്നില്ലല്ലോ എന്നാൽ എൻറെ ദേവന് സമർപ്പിച്ചാൽ സ്വീകരിക്കും എന്ന് പറഞ്ഞു കൊണ്ട് തോമാശ്ലീഹാ ക്ഷേത്രക്കുളത്തിൽ നിന്ന് അല്പം വെള്ളം കോരി അന്തരീക്ഷത്തിലേക്ക് ഒഴിച്ചു. അത് താഴേക്ക് വീഴാതെ അന്തരീക്ഷത്തിൽ തന്നെ നിന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കണ്ട് അത്ഭുതപ്പെട്ട പുരോഹിതർ തോമായുടെ പ്രസംഗം കേൾക്കുകയും മാമോദിസ സ്വീകരിച്ച് ക്രിസ്ത്യാനികൾ ആവുകയും ചെയ്തു എന്നാണ് ഐതിഹ്യം. യഹൂദരും അല്ലാത്തവരുമായ ക്രിസ്ത്യാനികൾ ആണ് പാലയൂരിലെ ക്രൈസ്തവ സമൂഹത്തിൻറെ അടിസ്ഥാനം. തുടർന്നുള്ള കാലയളവിൽ നസ്രാണികളുടെയിടയിൽ സഭാപരവും സാംസ്കാരികവുമായ പ്രാധാന്യത്തിനപ്പുറം സാമ്പത്തികവും ഭൗതികവുമായ വളർച്ചയും ആർജ്ജിക്കാൻ പാലയൂർ പള്ളിക്ക് സാധിച്ചു. ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം നസ്രാണികളുടെ മറ്റ് പ്രധാന ആവാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂതിരിയുടെ ഭരണ മേഖലയുടെ ഭാഗമായി ഈ പള്ളി. കാലക്രമേണ പാലയൂരിൻറെ പ്രതാപത്തിനും മങ്ങലേറ്റു. മുസ്ലിങ്ങളുടെ വാണിജ്യ മേഖലയിലുള്ള മേൽക്കൈ, സാമുദായികമായ ആക്രമണങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായി. എങ്കിലും പതിനെട്ടാം നൂറ്റാണ്ട് വരെ എങ്കിലും പ്രദേശത്ത് പള്ളിയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനം നിലനിന്നു. പാലയൂർ പള്ളിയുടെ പഴയകാല സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിവരം നൽകുന്ന 17, 18 നൂറ്റാണ്ടുകളിലെ മൂന്ന് ചെമ്പോലകൾ ഇതിന് തെളിവാണ്.

ചരിത്രരേഖകളിലൂടെ
പതിനേഴാം നൂറ്റാണ്ടിനുമുമ്പ്…


കൊടുങ്ങല്ലൂർ, കൊല്ലം എന്നിവയ്ക്ക് ശേഷം മലബാറിലെ സുറിയാനി നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി പാലൂർ എണ്ണപ്പെട്ടു. 1504-ൽ കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കാ-പാത്രിയാർക്കീസ്‌ മാർ ഏലിയ അഞ്ചാമൻ ഇന്ത്യയ്‌ക്കായി വാഴിച്ച് അയച്ച നാല്‌ പൗരസ്‌ത്യ സുറിയാനി ബിഷപ്പുമാരായ മാർ യഹ്ബല്ലാഹ, മാർ ദെനഹാ, മാർ യാക്കോബ്‌ ആബൂന, മാർ തോമാ എന്നിവർ സഭാ അധ്യക്ഷന് അയച്ച കത്തിൽ പാലൂരിലെ ക്രിസ്‌തീയ സമൂഹത്തിന്റെ ഈ പ്രാധാന്യം എടുത്തു പരാമർശിക്കുന്നു.

“ഇന്ത്യയിലെ രാജ്യങ്ങൾ എണ്ണമറ്റതും ശക്തവുമാണ്, അവയുടെ ദൂരം ഏകദേശം ആറ് മാസത്തെ യാത്രയാണ്. ഓരോ രാജ്യത്തിനും അത് അറിയപ്പെടുന്ന ഒരു പ്രത്യേക പേരുണ്ട്, നമ്മുടെ ക്രിസ്ത്യാനികൾ ഉള്ള രാജ്യത്തിന്റെ പേര് മലബാർ എന്നാണ്. ഇതിന് ഇരുപതോളം പട്ടണങ്ങളുണ്ട്, അവയിൽ മൂന്നെണ്ണം പ്രശസ്തവും ശക്തവുമായ കറങ്ങോൽ [കൊടുങ്ങല്ലൂർ], പാല്ലൂർ, കൊല്ലം എന്നിവയും ഒപ്പം അവയുടെ സമീപത്തുള്ള മറ്റുള്ളവയുമാണ്.”
– മാർ ദെനഹാ (1504)

പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിന്മേലുള്ള അധിനിവേശ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചിരുന്ന അവിഭക്ത മാർത്തോമാ നസ്രാണികളുടെ അവസാന സുറിയാനി മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹം തന്റെ അർക്കദിയാക്കോനായ മിശിഹായുടെ ഗീവർഗീസിനെ പാലൂരിന്റെ മെത്രാനും തൻ്റെ അനന്തരാവകാശിയുമായി തിരഞ്ഞെടുക്കുകയും ഗ്രിഗറി 13ാമൻ മാർപാപ്പയിൽ നിന്നും കൽദായ പാത്രിയർക്കീസ് ഔദീശോ 4ാമനിൽ നിന്നും അതിന് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു. അക്കാലത്ത് മാർ അബ്രഹാമിനെതിരെ മലബാറിൽ പ്രവർത്തിച്ചിരുന്ന മാർ ശിമയോൻ എന്ന പൗരസ്ത്യ സുറിയാനി മെത്രാന് എതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഗ്രിഗറി 13ാമൻ മലബാറിലെ സുറിയാനി ക്രിസ്ത്യാനികൾക്ക് അയച്ച കത്തിലും ഇതിനേക്കുറിച്ച് പരാമർശം ഉണ്ട്:

“ബാക്കിയുള്ള പാഷണ്ഡികളുടേയും ഭിന്നിപ്പുകളുടേയും കാര്യത്തിലും നിങ്ങൾ ഇതുതന്നെ ചെയ്യണം. അതിനാൽ നിങ്ങൾ നിങ്ങളുടെ നാഥനായ ആർച്ച് ബിഷപ്പ് അബ്രഹാമിനെയും പാലൂർ ബിഷപ്പ് ഗീവർഗ്ഗീസിനെയും അനുസരിക്കുകയും വിശ്വാസത്തിൻ്റെ ആത്മാർത്ഥതയിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.”
            – ഗ്രിഗറി 13ാമൻ മാർപാപ്പയുടെ കത്ത്, 1580 മാർച്ച് 5 (Giamil 1902, p. 608)

എന്നാൽ അർക്കദിയാക്കോന്റെ മരണത്തെ തുടർന്ന് മാർ അബ്രഹാമിന്റെ ഈ നീക്കം പരാജയപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ മരണശേഷം പോർച്ചുഗീസ് ഗോവ മെത്രാപ്പോലീത്തയായ അലെക്സിസ് മെനസസിന്റെ നേതൃത്വത്തിൽ ഉദയംപേരൂർ സൂനഹദോസ് വിളിച്ചു ചേർക്കപ്പെടുന്നതിലേക്കും പോർച്ചുഗീസുകാർ നസ്രാണികളുടെ സഭാ ഭരണം ഏറ്റെടുക്കുന്നതിലേക്കും നയിച്ചു.

പതിനേഴാം നൂറ്റാണ്ട്

ഉദയംപേരൂർ സൂനഹദോസിനുശേഷം പോർച്ചുഗീസ് റോമൻ കത്തോലിക്കാ മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ലത്തീൻവൽക്കരണ ശ്രമങ്ങളെ ശക്തമായി എതിർത്ത പള്ളികളിൽ ഒന്നായിരുന്നു പാലൂർ പള്ളി. ഇതിനെപ്പറ്റിയുള്ള ഒരു വിവരണം ഗുവേയ ജൊർനാദയിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് സാമൂതിരിയുടെ ഭരണ പ്രദേശത്തുള്ള നാല് സുറിയാനി പള്ളികളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലൂർ പള്ളി ആയിരുന്നു. ഏനമ്മാവ്, മറ്റത്തിൽ, ചാട്ടുകുളങ്ങര (കുന്നംകുളം/ആർത്താറ്റ്) എന്നിവയായിരുന്നു മറ്റുള്ളവ. ഉദയംപേരൂർ സൂനഹദോസിനെയും അതിൻറെ തീരുമാനങ്ങളെയും അവിടെ അംഗീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി മെനസിസ് തൻറെ പ്രതിനിധികളെ പാലൂരിലേക്ക് അയച്ചു. എന്നാൽ അവിടെ ഈ നീക്കത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. ഇടവക പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിശ്വാസികൾ ഒരുമിച്ചു കൂടി മെനസിസിന്റെ പ്രതിനിധികളുടെ മുമ്പാകെ ഒരു നാടകം അവതരിപ്പിച്ചു. അതിൽ തോമാശ്ലീഹായും പത്രോസ് ശ്ലീഹായും തമ്മിൽ ഇന്ത്യയിലെ സഭയുടെ മേലുള്ള അധികാരത്തെ ചൊല്ലി വാദപ്രതിവാദം നടത്തുന്നതും അവസാനം പള്ളിയുടെ മധ്യസ്ഥനായ മാർ കുര്യാക്കോസ് അവരുടെ ഇടയിൽ പ്രശ്നപരിഹാരം നടത്തുന്നതുമായിരുന്നു നാടകത്തിൻറെ ഇതിവൃത്തം. പത്രോസ് ശ്ലീഹായുടെയും തോമാശ്ലീഹായുടെയും നിയമങ്ങൾ രണ്ടും തുല്യമാണെന്നും അതിനാൽ റോമിലെ വിശുദ്ധ പത്രോസിന്റെ അപ്പോസ്തോലിക സിംഹാസനത്തിനല്ല, മറിച്ച് ബാബിലോണിലെ മാർത്തോമായുടെ അപ്പോസ്തോലിക സിംഹാസനത്തിനാണ് മാർത്തോമാ ക്രിസ്ത്യാനികൾ വിധേയപ്പെടേണ്ടത് എന്നുമുള്ള തീർപ്പാണ് അവസാനം മാർ കുര്യാക്കോസിന്റേതായി നാടകത്തിൽ നൽകിയത് എന്നും ഗുവേയ കൂട്ടിച്ചേർക്കുന്നു. മെനസിസ് ഈ സംഭവത്തെ പിശാചിനാൽ പ്രേരിതമായി ഉണ്ടായ ഒന്നായി വ്യാഖ്യാനിക്കുകയും പാലൂരിലെ നസ്രാണികളുടെ പ്രവർത്തനങ്ങൾ ‘വിശുദ്ധ തോമസിന്റെ നിയമത്തിന്’ കീഴിൽ ഇരുമ്പ് ബന്ധിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.

              “യാത്രാമധ്യേ, സൂനഹദോസിൽ (ഉദയംപേരൂർ സൂനഹദോസ്) നിന്ന്, സാമോറിൻ (സാമൂതിരി) രാജാവിൻ്റെ കീഴിലുള്ള, പോർച്ചുഗീസുകാർക്കും നമ്മുടെ  നാവികസേനകൾക്കും സുപരിചിതമായ സ്ഥലമായ പാനാനെ (പൊന്നാനി) യിൽ നിന്ന് അഞ്ച് കാതം അകലെ, വടക്കുഭാഗത്തുള്ള ഈ ക്രിസ്ത്യൻ സമൂഹത്തിലെ അവസാനത്തേതായ മഹത്തായ രക്തസാക്ഷി വിശുദ്ധ സിറിയക്കിന് സമർപ്പിക്കപ്പെട്ട പാല്ലൂർ (പാലയൂർ) പള്ളിയിലേക്ക് താൻ (അലെക്സിസ് മെനസിസ്) അയച്ച കസ്സനാർമാരിൽ നിന്നും വികാരിമാരിൽ നിന്നും കത്തുകൾ അദ്ദേഹത്തിന് ലഭിച്ചു, അവർക്ക് വലിയ അസ്വസ്ഥത സൃഷ്ടിക്കുമാറ് അവിടെ എല്ലാവരെയും പിശാച് വഞ്ചിച്ചിരുന്നു, ഒപ്പം ഏനമ്മാക്കെ (ഏനമ്മാവ്) കൂടാതെ മറ്റെം (മറ്റം), ചാട്ടകൊളങ്ങരി (ചാട്ടുകുളങ്ങര അല്ലെങ്കിൽ ആർത്താറ്റ് കുന്നംകുളം) എന്നിവിടങ്ങളിലെയും, എല്ലാം സാമോറിൻ രാജാവിൻ്റെ പ്രദേശങ്ങളിൽ, പരസ്പരം അടുത്ത്…..
              – ഗുവേയ (1606), ജൊർണാദ

ഉദയംപേരൂർ സൂനഹദോസിന് ശേഷം മാർത്തോമാ നസ്രാണികളുടെ ആദ്യ ലത്തീൻ ബിഷപ്പായി ചുമതലയേറ്റ ഫ്രാൻസിസ്കോ റോസ് 1602ൽ പാലൂർ സന്ദർശിച്ചു. റോസ് മാർപാപ്പയ്ക്ക് അയച്ച നസ്രാണികളെ കുറിച്ചുള്ള വിവരണത്തിൽ പാലൂർ പള്ളിയെ കുറിച്ച് പ്രത്യേകമായി വിവരിച്ചിരിക്കുന്നു. പാലൂരിൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന പള്ളിക്കെട്ടിടം നസ്രാണികളിൽ നിന്ന് തനിക്ക് ലഭിച്ച വിവരം അനുസരിച്ച് ഏതാണ്ട് 300 വർഷം മുമ്പ് പണിയപ്പെട്ടതാണെന്നും പള്ളി പിൽക്കാലത്ത് പുതുക്കി പണിതതായും റോസ് രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് സാമൂതിരിയുടെ രാജ്യത്ത് എത്തിച്ചേർന്ന ജ്യോകോമോ ഫെനീച്ചിയോ എന്ന ജെസ്യൂട്ട് മിഷനറി വൈദികന്റെ നേതൃത്വത്തിലാണ് പാലൂർ പള്ളി പുതുക്കിപ്പണിയുന്നതിന് സാഹചര്യമൊരുങ്ങിയത്. അക്കാലത്ത് പള്ളി മരത്തടി കൊണ്ട് നിർമ്മിക്കപ്പെട്ടതും വളരെ ചെറുതും ആയിരുന്നു. കാലപ്പഴക്കം കൊണ്ടും പ്രതികൂല കാലാവസ്ഥ കൊണ്ടും കെട്ടിടം ദ്രവിച്ച് കേടുപാടുകൾ ഏറ്റിരുന്നു. പാലൂർ പള്ളി ഉൾപ്പെടെ ഏതാനും പള്ളികൾ പണിയുന്നതിനും പുതുക്കുന്നതിനും സാമൂതിരിയിൽ നിന്ന് പ്രത്യേക അനുമതി അദ്ദേഹം നേടിയെടുത്തിരുന്നു. പാലൂർ പള്ളിയുടെ ചരിത്രപരവും സാംസ്കാരികവും ആയ പ്രാധാന്യം ഫെനീച്ചിയോ തൻറെ കത്തുകളിൽ വിവരിക്കുന്നുണ്ട്. മലബാറിലെ പള്ളികളിൽ ഒന്നാമത്തേത് പാലൂർ പള്ളിയാണെന്നും അതൊരു വലിയ തീർത്ഥാടന കേന്ദ്രമാണെന്നും ഫെനീച്ചിയോ രേഖപ്പെടുത്തിയിരിക്കുന്നു.

            “ഈ പള്ളികളുടെ നിർമ്മാണത്തിനും ഈ ഗ്രാമത്തിലെ [പാലൂർ] ക്രിസ്ത്യൻ നിവാസികൾക്കും വേണ്ടി ബാക്കിയുള്ള എല്ലാ സമയവും ഞാൻ നീക്കിവച്ചു. അവരെ കാണാൻ അവസരം കിട്ടുമ്പോൾ ഞാൻ അവർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു. മലബാറിലെ എല്ലാ ദേവാലയങ്ങളിലും വച്ച് ഏറ്റവും ആദ്യത്തേത് (primus) ആയിരിക്കുന്ന വിശുദ്ധ ക്വിറിയക്കസിന് [കുറിയാക്കോസ്] സമർപ്പിക്കപ്പെട്ട പാലൂർ പള്ളി, അനുഗ്രഹങ്ങൾക്കും കൃപകൾക്കും പേരുകേട്ടതാണ്. ഇക്കാരണത്താൽ, ഞാൻ കൂടുതലായി അതിനായി എന്നെത്തന്നെ സമർപ്പിച്ചു. രണ്ട് വർഷം മുമ്പ് ഞാൻ ആരംഭിച്ച കല്ല് പള്ളി ജനാലകളുടെ ഉയരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. ഈ ഘട്ടത്തിൽ, പെട്ടെന്നുള്ള മരണം സംഭവിക്കുമെന്ന് ഭയന്ന് പഴയ തടി കെട്ടിടം പൊളിച്ചുനീക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല, അത് പുതിയ കെട്ടിടത്തിൻ്റെ മതിലുകളാൽ ചുറ്റപ്പെട്ടു. പക്ഷേ ഞാൻ പ്രാർത്ഥിച്ച് അവരുടെ ഭയം നീക്കിയ ശേഷം, പഴയ കെട്ടിടം പൊളിച്ചുനീക്കി. പുതിയ കെട്ടിടം വളരെ നല്ല അനുപാതത്തിൽ നിലകൊള്ളുന്നു, അത് കാണാൻ ഹിന്ദുക്കളും മഹമ്മദീയന്മാരും ജൂതന്മാരും ഒഴുകിയെത്തി.
             — ഡു ജാറിക് 1615, പുറം 50–51

1607-ലെ ജെസ്യൂട്ട് വാർഷിക കത്തിൽ നിന്ന് ഡൊമെനിക്കോ ഫെറോളി ഫെനീച്ചിയോയുടെ ഒരു കുറിപ്പ് ഉദ്ധരിക്കുന്നു:
        
               “പാലൂരിലേക്ക് പോകുന്നതിൽ ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ ചുരുക്കത്തിൽ വിവരിക്കുന്നു … ഞാൻ പാലൂരിൽ എത്തിയപ്പോൾ സാമൂതിരി എന്നെ അത്താഴത്തിന് ക്ഷണിച്ചു. ഞാൻ മനപ്പൂർവ്വം, സങ്കടകരവും ഗൗരവമുള്ളതുമായ മുഖഭാവം ധരിച്ച് പറഞ്ഞു. ഞാൻ നേരത്തെ ഭക്ഷണം കഴിച്ചിരുന്നു… അങ്കമാലി ബിഷപ്പ് (ഫ്രാൻസിസ്കോ റോസ്) എന്നോട് അഭ്യർത്ഥിച്ചതുപോലെ നാല് ഇടവകകളിൽ പ്രസംഗിക്കാൻ ഞാൻ തീരുമാനിച്ചു, പക്ഷേ വളരെ പഴക്കമേറിയതും അത്ഭുതങ്ങൾക്ക് പേരുകേട്ടതുമായ വിശുദ്ധ ക്വിറിയക്കസ് പള്ളിയിൽ ഞാൻ കൂടുതൽ സമയം നിലകൊണ്ടു … രണ്ട് നാടുവാഴികൾ ഒരു അനന്തരാവകാശിയെ ലഭിക്കുന്നതിന് വേണ്ടി തങ്ങളുടെ വിഗ്രഹങ്ങളോട് വ്യർത്ഥമായി അപേക്ഷിച്ച ശേഷം ഈ പള്ളിയിൽ എത്തി നേർച്ചകൾ നേർന്നു. ഒരാൾ 500 അല്ലെങ്കിൽ 1,000 വിശ്വാസികൾക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചു. മറ്റേയാൾ 4000 പേർക്കും. ഇത് കണ്ട് ഒന്നാമത്തെ ആൾ ദാനധർമ്മത്തിൽ തോൽപ്പിക്കപ്പെടാതിരിക്കാൻ കൂടുതൽ വലിയ ഒരു ക്ഷണം പദ്ധതി ചെയ്തുകൊണ്ടിരിക്കുകയാണ്. വലിയ ജനക്കൂട്ടം വരുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ പള്ളി അലങ്കരിക്കുകയും ഒരു വലിയ പ്രദക്ഷിണത്തിന് തയ്യാറെടുപ്പുകൾ ചെയ്യുകയും ചെയ്തു. അത് വളരെ അഭിനന്ദിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.
              — ഫെറോളി 1939, പേജ്. 409–410

1632 ഡിസംബർ 25-ന്, മാർത്തോമാ നസ്രാണികൾ അർക്കദിയാക്കോൻ കുരിശിന്റെ ഗിവർഗീസിന്റെ നേതൃത്വത്തിൽ  ഇടപ്പള്ളി പള്ളിയിൽ യോഗം ചേർന്ന് കൊടുങ്ങല്ലൂരിലെ ലത്തീൻ ജെസ്യൂട്ട് ആർച്ച് ബിഷപ്പ് സ്റ്റീഫൻ ബ്രിട്ടോയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ഈ പടിയോലയിൽ തങ്ങൾ മലങ്കര മാർത്തോമ്മാ നസ്രാണികൾ (മലബാറിലെ സെൻ്റ് തോമസ് ക്രിസ്ത്യാനികൾ) ആണെന്നും തങ്ങളുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം തെക്ക് കൊല്ലത്തിനും വടക്ക് പാലൂരിനും ഇടയിലാണ് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പോർച്ചുഗീസുകാരുടെ സഭാ ഭരണത്തിനെതിരെ മാർത്തോമാ നസ്രാണികൾ നടത്തിയ കൂനൻ കുരിശ് സത്യത്തിന് ശേഷം നസ്രാണികളെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക നേതൃത്വവുമായി പുനരൈക്യപ്പെടുത്തുന്നതിന് മാർപാപ്പ നിയോഗിച്ച കർമലീത്ത വൈദികനായിരുന്നു ജ്യൂസെപ്പെ മരിയ സെബസ്ത്യാനി. അദ്ദേഹം മലബാറിലേക്ക് നടത്തിയ യാത്രയിൽ പാലൂർ പള്ളി സന്ദർശിച്ചു. അദ്ദേഹം പാലൂർ പള്ളിയെ വിശേഷിപ്പിക്കുന്നത് “മലബാറിലെ എല്ലാ പള്ളികളിലും വെച്ച് ഒന്നാമത്തേത്” (primo luogo della Christianita della Serra) എന്നാണ്.

പതിനേഴാം നൂറ്റാണ്ടിനുശേഷം

നസ്രാണികളുടെ വിവിധ സഭായോഗങ്ങളുടെ തീരുമാനങ്ങൾ അടങ്ങിയ പടിയോലകളിലും പാലൂർ പ്രത്യേകം എടുത്തു പറയപ്പെടുന്നുണ്ട്. 1787ലെ അങ്കമാലി പടിയോലയിൽ ഒപ്പുവെച്ച പഴയകൂർ പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശത്തെ തുടർന്ന് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. ടിപ്പുവിന്റെ പട്ടാളം പള്ളി തീയിട്ടു നശിപ്പിച്ചു. ടിപ്പുവിന്റെ പതനത്തിനു ശേഷമാണ് പള്ളി വീണ്ടും പുനർ നിർമ്മിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പഴയകൂർ നസ്രാണി വിഭാഗത്തിൽ ഉണ്ടായ പിളർപ്പിന്റെ കാലത്ത് മാർ ഏലിയാ മേല്ലൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വം സ്വീകരിച്ച ഈ പള്ളി കുറേക്കാലം മിഖായേൽ അഗസ്തിനോസ് കോറപ്പിസ്കോപ്പയുടെ കീഴിൽ നിലകൊണ്ടു. ഈ വിഭാഗം പിന്നീട് കിഴക്കിന്റെ അസ്സീറിയൻ സഭയിൽ ചേരുകയും സിറോ-മലബാർ സഭ ലത്തീൻ സഭയിൽ നിന്ന് സ്വതന്ത്രമാവുകയും സഭയ്ക്ക് തദ്ദേശീയ മെത്രാന്മാർ ലഭിക്കുകയും ചെയ്തതോടെ പള്ളി വീണ്ടും കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ തിരിച്ചെത്തി.
അക്കാലത്ത് പള്ളി ഉൾപ്പെടുന്ന ബ്രിട്ടീഷ് മലബാർ ജില്ലയുടെ കളക്ടർ ആയിരുന്ന വില്യം ലോഗൻ തന്റെ മലബാർ മാന്വൽ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ 2 വാല്യങ്ങളിലും പാലയൂർ പള്ളിയെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട്.

          “…കുട്ടിങ്ങലിൽ നിന്ന് അര മൈൽ കിഴക്കായി, മലബാറിലെ ഏഴ് ആദിമ പള്ളികളിൽ ഒന്നായി ഗണിക്കപ്പെടുന്ന പാലയൂർ പള്ളി എന്നറിയപ്പെടുന്ന ഒരു സീറോ-റോമൻ കത്തോലിക്കാ പള്ളിയുണ്ട്. സെൻ്റ് തോമസ് അപ്പോസ്തലൻ സ്ഥലത്ത് പ്രസംഗിച്ചതായി ഈ സമൂഹം വിശ്വസിക്കുന്നു, അതോടൊപ്പം ഇത് 1ാം വാല്യത്തിലെ 202ാം താളിൽ കൊടുത്തിരിക്കുന്ന സൂചനയുമായി ബന്ധപ്പെട്ടും ശ്രദ്ധേയമാണ്. നിലവിലിരിക്കുന്ന പുതിയകാല പള്ളിയുടെ തൊട്ടടുത്തായി ചെറിയ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഒരു കുന്ന് ഉണ്ട്, അത് ഇപ്പോഴും യഹൂദന്മാരുടെ പള്ളിയുടെ സ്ഥലമായി അറിയപ്പെടുന്നു,” ഇത് വ്യക്തമായും മുൻകാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കെട്ടിടം നിലനിന്നിരുന്ന ഇടമായിരുന്നു. ആധുനിക പള്ളി 86 അടി നീളവും 34 വീതിയുമുള്ള ഓടിട്ട കെട്ടിടമാണ്. ഇത് ബാബിലോൺ പാത്രിയാർക്കീസിന് സിംഹാസനത്തിന് കീഴിലാണ്.”
               – ലോഗൻ (1886), മലബാർ മാന്വൽ 2ാം വാല്യം

1948 മുതലുള്ള വർഷങ്ങളിൽ പള്ളിയുടെ വികാരിയായിരുന്ന ജി.എഫ് ചൂണ്ടലിൻറെ കാലത്ത് പള്ളിയിൽ പല പരിഷ്കരണങ്ങളും നടന്നു. ഇക്കാലത്താണ് പള്ളിയുടെ മധ്യസ്ഥപദവിയിൽ നിന്ന് വിശുദ്ധ കുര്യാക്കോസ് സഹദായെ നീക്കി തോമാശ്ലീഹയുടെ നാമധേയത്തിലേക്ക് പള്ളി മാറ്റപ്പെട്ടത്. പുനഃസ്ഥാപിതമായ സിറോ-മലബാർ കത്തോലിക്കാ സഭയുടെ ആദ്യ അധ്യക്ഷനായിരുന്ന അഗസ്റ്റിൻ കണ്ടത്തിലിന്റെ കാലത്ത് സഭയിൽ ഉയർന്നുവന്നതും തോമാശ്ലീഹായുടെ ഇന്ത്യാ പ്രേക്ഷിതത്വത്വം, സഭയുടെ ഭാരതവത്കരണം എന്നിവയെ മുൻനിർത്തിയുള്ളതുമായ സഭാ വ്യാപകമായ സ്വതന്ത്രതാ വാദത്തിന്റെ ഭാഗമായി എടുത്ത ചരിത്രം പുനർവിചിന്തന പദ്ധതിയുടെയും പരിഷ്കരണ പരിപാടികളുടെയും ഭാഗമായിരുന്നു ഈ നടപടി.

ആധുനിക കാലം

ചരിത്രപരവും സാംസ്കാരികവും വാസ്തു കലാപരവും ആയ കാരണങ്ങളാൽ ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്ന പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി പരമ്പരാഗത കേരളീയ വാസ്തു കലയുടെ സ്വാധീനം നിലവിലെ കെട്ടിടത്തിലും കാണാനാകും. എന്നിരുന്നാലും പള്ളിയുടെ യൂറോപ്യൻ നിർമ്മാണ ശൈലിയിലുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും പഴയ പള്ളി എന്നും ഇത് അറിയപ്പെടുന്നു എങ്കിലും നിലവിലെ കെട്ടിടം ടിപ്പുസുൽത്താന്റെ ആക്രമണത്തിന് ശേഷം പുനർ നിർമ്മിക്കപ്പെട്ടതും പിന്നീട് പല പുതുക്കിപ്പണിയലുകൾക്കും വിധേയമായിട്ടുള്ളതുമാണ്. നിലവിൽ സിറോ-മലബാർ സഭയുടെ തൃശൂർ അതിരൂപതയിലെ ഏറ്റവും പ്രമുഖമായ ദൈവാലയങ്ങളിൽ ഒന്നാണ് ഇത്. പ്രമുഖ മാർത്തോമൻ തീർഥാടന കേന്ദ്രമായും ഇത് പ്രസിദ്ധമാണ്. ദുക്റാന, പുതുഞായർ തുടങ്ങിയ പെരുന്നാളുകൾ വളരെ ആഘോഷമായും ജനപങ്കാളിത്തത്തോടെയും ഇവിടെ ആചരിക്കപ്പെടുന്നു. പള്ളിയുടെ സഭാപരമായ പ്രാധാന്യം കണക്കിലെടുത്ത് സിറോ-മലബാർ സഭയുടെ മുൻ അധ്യക്ഷനായ മാർ ജോർജ് ആലഞ്ചേരി ഇതിനെ ഒരു മേജർ ആർക്കിയെപിസ്കോപ്പൽ പള്ളിയായി ഉയർത്തി.

പാലയൂരോ ആർത്താറ്റോ

പാലയൂർ പള്ളിയുടെ പഴക്കത്തെ ചോദ്യം ചെയ്യുന്ന ചില വാദഗതികളും അടുത്തകാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെ ഭാഗമായി നിൽക്കുന്ന ചിലർ പാലയൂർ പള്ളി പതിനാറാം നൂറ്റാണ്ടു വരെ ഒരു ശിവക്ഷേത്രം ആയിരുന്നു എന്നും പോർച്ചുഗീസുകാർ അത് പൊളിച്ച് തൽസ്ഥാനത്ത് പള്ളി പണിതതാണ് എന്നും വാദിക്കുന്നു. എന്നാൽ ഈ വാദത്തിന് ചരിത്ര രേഖകളുടെയോ പ്രാദേശിക പാരമ്പര്യത്തിന്റെയോ പിൻബലമില്ല.

ഇതിന് സമാന്തരമായി ഉയർന്നുവന്ന മറ്റൊരു വാദഗതിയാണ് ‘യഥാർത്ഥ’ പാലൂർ പള്ളി ചാട്ടുകുളങ്ങര/ആർത്താറ്റ് പള്ളി ആണ് എന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കുന്നംകുളം കേന്ദ്രീകൃതമായ ഒരു പ്രാദേശിക കാഴ്ചപ്പാടായാണ് ഇത് ഉയർന്നുവന്നത്. ഇത് അനുസരിച്ച് ഇന്നത്തെ കുന്നംകുളത്തിനടുത്ത് ജൂതന്മാർ അധിവസിച്ചിരുന്നു എന്ന് പറയപ്പെടുന്ന ആർത്താറ്റ് എന്ന സ്ഥലത്താണ് തോമാശ്ലീഹാ യഥാർത്ഥത്തിൽ വന്നത് എന്നും പാലയൂരിൽ അല്ല എന്നും ചിലർ വിശ്വസിക്കുന്നു. പാലയൂർ ഒന്നാം നൂറ്റാണ്ടിൽ കടലിനടിയിലായിരുന്നു എന്നും അക്കാലത്ത് കുന്നംകുളം പട്ടണം നിലവിൽ ഉണ്ടായിരുന്നു എന്നും വിശുദ്ധ കുര്യാക്കോസിന്റെ നാമത്തിൽ സമർപ്പിക്കപ്പെട്ട പള്ളി എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലേതാകുന്നത് എന്നും തുടങ്ങിയ വാദഗതികൾ ഉന്നയിച്ചാണ് പാലയൂർ പള്ളിയുടെ പൗരാണികതയെ ഇവർ ചോദ്യം ചെയ്യുന്നത്. നസ്രാണികളിലെ വിവിധ വിഭാഗങ്ങൾക്ക് കുന്നംകുളത്ത് പള്ളികൾ ഉണ്ട് എന്നത് ഇവർ ഉയർത്തിക്കാണിക്കുന്ന ഒരു വസ്തുതയാണ്. ഓർത്തഡോക്‌സ് വൈദികനും കുന്നംകുളം സ്വദേശിയും മലയാള ഭാഷാപണ്ഡിതനുമായ ജോസഫ് ചീരനാണ് ഈ ആശയങ്ങളുടെ ഉപജ്ഞാതാവ്. പാലൂർ എന്നത് പാലയൂർ അല്ല എന്നും ജൊർനാദയിൽ പറയുന്ന പാലൂർ ആർത്താറ്റ് ആണ് എന്നും പള്ളിയുടെ യഥാർത്ഥ പേര് പാലൂർ-ചാട്ടുകുളങ്ങര പള്ളി എന്നാണെന്നും പാലയൂർ പള്ളി അതിൻറെ കുരിശുപള്ളി ആയിരുന്നു എന്നും അദ്ദേഹം വാദിച്ചു. എന്നാൽ യഥാർത്ഥത്തിൽ ജൊർനാദയിൽ പാല്ലൂർ പള്ളിയും ചാട്ടുകൊളങ്ങര പള്ളിയും വ്യത്യസ്തമായി തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകളിൽ ഉടനീളം രണ്ടു പള്ളികളെയും വ്യത്യസ്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും ഈ സിദ്ധാന്തം പ്രചാരം പ്രാപിക്കുകയും ഇതേത്തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇതിനെ ഒരു പരിധിവരെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

അതേസമയം ഇരുപതാം നൂറ്റാണ്ടിലെ ഈ പുനർവായനയ്ക്ക് വിരുദ്ധമായി, ഈ പ്രദേശത്ത് ഒരു നസ്രാണി സമൂഹം ആദ്യമായി സ്ഥാപിക്കപ്പെട്ടതായി വിശ്വസിക്കപ്പെട്ടുവന്ന പരമ്പരാഗത സ്ഥലം പാലയൂർ പള്ളി തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ പോലും ആർത്താറ്റ് പള്ളി പാലയൂർ പള്ളിയിൽ നിന്ന് ഒരു സഹസ്രാബ്ദത്തിനു മുമ്പ്  പിരിഞ്ഞതാണ് എന്ന് വിവരിച്ചിരിക്കുന്നു.

ഒന്നാം നൂറ്റാണ്ടിൽ പാലയൂർ കടലിനടിയിൽ ആയിരുന്നു എന്ന് തെളിയിക്കുന്ന ആധികാരിക പഠനങ്ങൾ ഒന്നും നിലവിലില്ല. അതേസമയം കുന്നംകുളം ഒന്നാം നൂറ്റാണ്ടിൽ നിലനിന്നിരുന്നു എന്നത് തികച്ചും ഭാവന സൃഷ്ടിയായ നിഗമനം മാത്രമാണ്. പാലൊറ എന്ന് പുരാതന രേഖകളിൽ പരാമർശിക്കുന്ന സ്ഥലം പാലൂർ ആണ് എന്ന നിഗമനവും ചരിത്രപരമല്ല. ഒന്നാം നൂറ്റാണ്ടിലെ പള്ളി എങ്ങനെ വിശുദ്ധ കുര്യാക്കോസിന്റെ പേരിലാകും എന്ന് വാദിക്കുന്നവർ വിശുദ്ധന്മാരുടെ പേരിൽ പള്ളികൾ സ്ഥാപിക്കപ്പെടാൻ തുടങ്ങിയത് എപ്പോൾ മുതലാണ് എന്നതിനെപ്പറ്റി വ്യക്തമായ അവബോധം ഇല്ലാത്തവരാണ്. ഏഴരപള്ളികൾ എല്ലാം കന്യകാമറിയത്തിന്റെ നാമത്തിലാണ് എന്ന് അവകാശപ്പെടുന്നവരും ഉണ്ടെങ്കിലും ഇവർ ഏഴരപ്പള്ളികളിൽ ഒന്നായി എല്ലാ പുരാതന പട്ടികകളിലും ഉൾപ്പെട്ടിട്ടുള്ള കോട്ടക്കാവിലെ പള്ളി സാപോർ, അപ്രോത്ത് എന്നിവരുടെ പേരിൽ ആയിരുന്നതിനെപ്പറ്റി ബോധവാന്മാരല്ല. പതിനേഴാം നൂറ്റാണ്ട് മുതലുള്ള കുന്നംകുളത്തിന്റെ സഭാചരിത്രപരവും വാണിജ്യപരവുമായ പ്രാധാന്യം മനസ്സിലാക്കിയാൽ എല്ലാ നസ്രാണി വിഭാഗങ്ങൾക്കും അവിടെ പള്ളികൾ ഉള്ളതിന്റെ കാരണവും വ്യക്തമാകും.

= അവലംബം =

Logan, William (1887). “Ponnani Taluk”. Malabar Manual. II: ccccxi.

Limca Book of Records: India at Her Best. Hachette UK. 2018. ISBN 9789351952404.

William, Logan (1887). “The People: Religion: Christianity”. Malabar Manual. I: 199.

Velu Pillai, T. K. (1940). Travancore State Manual. p. 664.

Traveller in India, Volumes 8-9. Publications Division, Ministry of Information and Broadcasting. 1964. p. 44.

George Menachery. “Palayoor Church of St. Thomas Thrissur Kerala India”.

Ninan, M. M. (2018). The Acts of the Apostle Thomas. pp. 76–80.

Evans, F.B. (1933). Madras District Gazetteers Malabar. Vol. 1. p. 478.

Mingana, Alphonse (1926). The Early Spread of Christianity in India. University Press. p. 471.

MacKenzie, Gordon Thomson (1901). Christianity in Travancore. Travancore Government Press. p. 11.

Pallath, Paul (2018). The Provincial Councils Of Goa. Vadavathoor: Oriental Institute of Religious India. pp. 76–77.

Pallath, Paul (2017). Rome and Chaldean Patriarchate in Conflict: Schism of Bishop Rokos in India. Vadavathoor: HIRS Publications. pp. 55–57.

Nedungatt, George (2001). The Synod of Diamper Revisited.

Giamil, Samuel (1902). “Genuinae Relationes inter Sedem Apostolicam et Assyriorum Orientalium et Chaldaeorum Ecclesiam”. Journal of the Royal Asiatic Society (in Latin). 35 (1). Rome: Ermanno Loescher: 608.

Jarric, Pierre du (1615). Thesaurus rerum Indicarum. Sumptibus Petri Henningii. pp. 50–51.

Medlycott, Adolphus E. (1905). India and the Apostle Thomas: An Inquiry, with a Critical Analysis of the Acta Thomae. p. 30 note.

Menachery, George. “Indianchristianity”.

Ferroli, D. (1939). Jesuits in Malabar. Vol. I. pp. 409–410.

Malekandathil, Pius, ed. (2003). Jornada of Dom Alexis de Menezes: A Portuguese Account of the Sixteenth Century Malabar. Kochi: L. R. C. Publications. pp. 442–446.

Thekkedath, Joseph (2001). From the Middle of the Sixteenth to the End of the Seventeenth Century (1542-1700). Church History Association of India. p. 76.

Sebastiani, Joseph M. (1666). Prima Speditione All’Indie Orientali (in Italian). Rome: nella stamperia di Filippo Maria Mancini. p. 88.

Aiyar, K. V. Subrahmanya (1921). “Palaiyur Plate of Kollam 918”. Travancore Archaeological Series. III: Part 1: 211–214.

Hosten, Henri (1936). Antiquities from San Thomé and Mylapore.

Ayyar, A. S. Ramanatha (1927). “Two Copper Plate Records from Palaiyur”. Travancore Archaeological Series. IV Part I: 84–91.

Church History Association of India (1969), p. 93.
Wenger, Estefania (2017). Tipu Sultan: A Biography. Vij Books India. ISBN 9789386367440.

Cheriyan, C. V. (1973). A History of Christianity in Kerala, from the Mission of St. Thomas to the arrival of Vasco Da Gama (A.D. 52-1498) (1973 ed.). Kerala Historical Society.

Church History Association of India (1969). Indian Church History Review, Volume 3 (1969 ed.). Church History Association of India.

Menon, A. Sreedhara (1962). Kerala District Gazetteers: Trichur, Kerala, Volume 7. Superintendent of Govt. Presses.

George, V. C. (1972). Apostolate and Martyrdom of St. Thomas (1972 ed.). Kottayam Dt., Fr. Joseph Vadakkekara.

Kurikilamkatt, James (2005). First voyage of the Apostle Thomas to India: ancient Christianity in Bharuch … (2005 ed.).

Whitehouse, Thomas (1873). Lingerings of light in a dark land: researches into the Syrian church of Malabar (1873 ed.). William Brown & CO.

Daniel, Kizhakkethil (August 1949). “Pālayūr Palli”. Malankara Sabha. Pages: 12–13.

Cheeran, Joseph (2013). palūr-kunnamkulam idavakakal: charitravum samskaravum (in Malayalam). Kunnamkulam: M. J. D. Publishing House.

Meledath, Kurian Thomas. “ഭാവനയല്ല ചരിത്രം”. Malankara Orthodox TV.

Menachery, George (2005). Glimpses of Nazraney Heritage


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment