വി. അൽഫോൻസ് ലിഗോരിയും ദൈവമാതൃത്വ മഹത്വങ്ങളും

വ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് മാസം ഒന്നാം തീയതി. ഇറ്റലിയില നേപ്പിൾസിനടുത്തു 1696 ൽ അൽഫോൻസ് ജനിച്ചു. ജോസഫും അന്നയുമായിരുന്നു മാതാപിതാക്കൾ. മൂത്ത മകനു നല്ല വിദ്യാഭ്യാസം നൽകണം എന്നു പിതാവിനു നിർബന്ധമുണ്ടായിരുന്നു. പതിമൂന്നാം വയസ്സിൽ നിയമ പഠനം ആരംഭിച്ചു. പതിനാറാം വയസ്സിൽ നേപ്പിൾസ് സർവ്വകലാശാലയിൽ നിന്നു സിവിൽ കനോൻ നിയമങ്ങളിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. അഭിഭാഷകനായി ജോലി നോക്കിയ എട്ടു വർഷങ്ങളിൽ അദ്ദേഹം കൈകാര്യം ചെയ്ത ഒരു കേസുപോലും തോറ്റിട്ടില്ലാ എന്നു ചരിത്രത്തിൽ പറയുന്നു. ആദ്യമായി കോടതിയിൽ തൻ്റെ കേസ് തോറ്റതിനെ തുടർന്ന് അഭിഭാഷക വൃത്തി ഉപേക്ഷിച്ച് വൈദീകനാകാൻ തീരുമാനിച്ചു. 1726 ൽ അൽഫോൻസ് വൈദീകനായി അഭിഷിക്തനായി. മതാധ്യ പകർക്കു പരിശീലനം നൽകുന്നതിൽ അദ്ദേഹം പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. 1732 നവംബർ മാസം പത്തൊമ്പതാം തീയതി ദിവ്യരക്ഷക സഭ (The Congregation of the Most Holy Redeemer) ലിഗോരി സ്ഥാപിച്ചു.

1762 ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. സെമിനാരി പരിശീലനം നവീകരിക്കുവാനും വൈദീകരുടെയും അത്മായരുടെയും ആദ്ധ്യാത്മികത ശക്തിപ്പെടുത്തുവാനും കർമ്മ പദ്ധതതികൾ ആവിഷ്ക്കരിച്ചു.

1787 ആഗസ്റ്റു മാസം ഒന്നാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അൽഫോൻസ് മെത്രാനെ 1816 സെപ്റ്റംബർ പതിനഞ്ചാം തീയതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 1839 മെയ് ഇരുപത്തി ആറാം തീയതി വിശുദ്ധരുടെ ശ്രേണിയിലേക്കും ഉയർത്തപ്പെട്ടു. 1871 ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ ലിഗോരി പുണ്യവാനെ വേദപരംഗതനായും പന്ത്രണ്ടാം പീയൂസ് പാപ്പ 1950 ൽ കുമ്പസാരക്കാരുടെയും ധാർമ്മിക ദൈവശാസ്ത്രജ്ഞരുടെയും മധ്യസ്ഥനായി ഉയർത്തി

പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് 1750 ൽ അൽഫോൻസ് ലിഗോരി പുണ്യവാൻ എഴുതിയ പുസ്തകമാണ് മറിയത്തിൻ്റെ മഹത്വങ്ങൾ (The Glories of Mary). ലിഗോരി പുണ്യവാൻ്റെ അമൂല്യമായ കലാസൃഷ്ടിയാണ് (Master piece) ഈ ഗ്രന്ഥം. പരിശുദ്ധ കന്യകാമറിയത്തോടുള്ള കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ഭക്തപ്രകടനങ്ങളിലൊന്നായി കഴിഞ്ഞ രണ്ടര നൂറ്റാണ്ടുകളായി ഈ മരിയൻ ഗ്രന്ഥം നിലകൊള്ളുന്നു.

പതിനേഴു പതിനെട്ടു നൂറ്റാണ്ടുകളിൽ പ്രബലമായിരുന ജാൻസനിസ്റ്റിക് എഴുത്തുകാർ ദൈവ മാതൃഭക്തിയെ പരിഹസിച്ചപ്പോൾ സഭാപിതാക്കന്മാരുടെ പഠനങ്ങളുടെ വെളിച്ചത്തിലും ലിഗോരിയുടെ തീവ്രമായ ദൈവ മാതൃ ഭക്തിയും വിരചിതമായ കൃതിയാണ് മറിയത്തിൻ്റെ മഹത്വങ്ങൾ.

ഈ ഗ്രന്ഥത്തിൽ മറിയത്തിൻ്റെ ഏഴു വ്യാകുലങ്ങൾക്കായി സ്വയം അർപ്പിക്കുന്നവർക്കു ഈശോ നൽകുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

1) ദിവ്യമാതാവിൻ്റെ വ്യാകുങ്ങളെ ബഹുമാനിക്കുകയും അവളിൽ അഭയം തേടുകയും ചെയ്യുന്നവർ , മരണത്തിനുമുമ്പ്, അവരുടെ എല്ലാ പാപങ്ങളുടെയും മേൽ യഥാർത്ഥ അനുതാപം നേടാൻ യോഗ്യരാകും.

2) “അവരുടെ കഷ്ടതകളിൽ, പ്രത്യേകിച്ച് മരണസമയത്ത് അവൻ അവരെ സംരക്ഷിക്കും.”

3) “യേശു തന്റെ പീഡാനുഭവത്തിൻ്റെ ഓർമ്മ അവരുടെ മേൽ പതിപ്പിക്കുകയും സ്വർഗത്തിൽ അതിനുള്ള പ്രതിഫലം അവർക്കു നൽകുകയും ചെയ്യും.”

4) “തൻ്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യിൽ ഭരമേല്പിക്കുകയും; അതുവഴി മറിയത്തിൻ്റെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവർക്കുവേണ്ടി നേടികൊടുക്കുകയും ചെയ്യും.”

മറിയത്തോടുള്ള പ്രാർത്ഥന

ഓ, ഏറ്റവും പരിശുദ്ധയും അമലോത്ഭവയുമായ എന്റെ മേരി മാതാവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഓ സ്ത്രീകളിൽ ഏറ്റവും സൗന്ദര്യമുള്ളവളേ ,നിന്നോടുള്ള എന്റെ സ്നേഹത്താൽ നിന്നെ എപ്പോഴും ശുശ്രൂഷിച്ചു കൊള്ളാമെന്നും മറ്റുള്ളവരെ നിനക്കു വേണ്ടി നേടുന്നതിനു എന്റെ സർവ്വ ശക്തിയും ഉപയോഗിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു.

നിന്റെ കരങ്ങളിൽ എന്റെ സകല പ്രതീക്ഷകളും ഞാൻ അർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ രക്ഷ നിന്റെ സംരക്ഷണത്തിനു ഞാൻ ഭരമേല്പിക്കുന്നു. കാരുണ്യ മാതേ എന്നെ നിന്റെ ദാസനായി സ്വീകരിക്കുകയും നിന്റെ മേലങ്കിക്കു കീഴിൽ എന്നെ സംരക്ഷിക്കുകയും ചെയ്യണമേ. ദൈവത്തോടൊപ്പം അതിനുള്ള ശക്തി നിനക്കുള്ളതിനാൽ എല്ലാവിധ പ്രലോഭനങ്ങളിൽ നിന്നും എന്നെ വിമോചിപ്പിക്കണമേ , മരണം വരെ അവയുടെമേൽ വിജയം നേടുന്നതിനുള്ള ശക്തി എനിക്കു നേടിത്തരണമേ

യേശു ക്രിസ്തുവിനു വേണ്ടിയുള്ള പരിപൂർണ്ണ സ്നേഹത്തിന്റെ കൃപ ഞാൻ യാചിക്കുന്നു. നിന്റെ സഹായത്താൽ ഭാഗ്യപ്പെട്ട ഒരു മരണം ഞാൻ പ്രത്യാശിക്കുന്നു. ഓ എന്റെ നല്ല അമ്മേ, എന്റെ ദൈവത്തോടുള്ള നിന്റെ സ്നേഹത്താൽ എല്ലാ സമയത്തും പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ എന്നെ സഹായിക്കണമേ. സ്വർഗ്ഗത്തിൽ എന്നെ സുരക്ഷിതമായി നീ കാണുന്നതു വരെ, നിത്യതയിൽ നിന്റെ കാരുണ്യം പ്രകീർത്തിക്കുന്നതുവരെ എന്നെ നീ ഉപേക്ഷിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment