ഹൂത്താമ്മ | വിവാഹ തിരുക്കർമ്മത്തിലേ സമാപനാശീർവാദം
അനന്തമാകും സ്നേഹത്താൽ
മനുജനെ സൃഷ്ടിച്ചീധരയിൽ
പങ്കാളികളായ് തീർത്തവനാം
ദൈവം കരുണാമയനല്ലോ.
വിവാഹമാകുമീ കൂദാശയാൽ
നിർമ്മലമാകും സ്നേഹത്താൽ
ആത്മസമർപ്പണ വീഥികളിൽ
നാഥൻ കാത്തു നയിക്കട്ടെ.
ദൈവാത്മാവിൻ ആലയമാം
നിങ്ങടെ മർത്യശരീരങ്ങൾ
പരിപാവനമീ കൂദാശയാൽ
നിർമ്മലബലിയായ് തീരട്ടെ.
പ്രാത്ഥന നിറയും ഭവനത്തിൽ
മക്കളെ ദൈവം നല്കട്ടെ.
നിങ്ങടെ ആശ പ്രതീക്ഷകളെ
കൃപയാൽ പൂരിതമാക്കട്ടെ.
സഹായഹസ്തം നീട്ടിടുവാൻ
സൗഹാർദ്ദങ്ങൾ നല്കട്ടെ.
ഐശ്വര്യ പൂരിതമാക്കട്ടെ
നിത്യം നിങ്ങടെ ഭവനത്തെ.
സ്വർഗ്ഗത്തിൻ തിരു മണവറയിൽ
സ്തുതിഗീതങ്ങൾ പാടിടുവാൻ
യോഗ്യത നിങ്ങൾക്കേകട്ടെ
നാഥൻ കരുണയൊടെന്നെന്നും.
നവദമ്പതിമാർ നിങ്ങളിലും
ബലിയിൽ ചേർന്നവരഖിലരിലും
നിങ്ങടെ ആശപ്രതീക്ഷയിലും
ദൈവം വരനിര ചൊരിയട്ടെ.
ജീവനെഴും തിരുസ്ലീവായാൽ
നിങ്ങൾ മുദ്രിതരാകട്ടെ;
സംരക്ഷിതരായ് തീരട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.



Leave a comment