“ഞാൻ ജീവിക്കാൻ തീരുമാനിച്ചു”.
1985ലെ ഓഗസ്റ് മാസമായിരുന്നു അത്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഞാൻ വൈദികപട്ടം സ്വീകരിച്ചതും ആദ്യത്തെ നിയമനം ലണ്ടനിൽ ലഭിച്ചതും.
ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ, ഞാൻ അർപ്പിക്കാനിരിക്കുന്ന ദിവ്യബലിക്കായി, സാമാന്യം പ്രായമുള്ള ഒരു മനുഷ്യൻ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സങ്കീർത്തിയിലെ ചവറ്റുകുറ്റയിലേക്ക്, ഒരു തീപ്പെട്ടിക്കൊള്ളി പൂർണ്ണമായും കെടുന്നതിന് മുൻപേ ആണ് ആൾ ഇട്ടതെന്ന് ആരുമറിഞ്ഞില്ല. ആ മനുഷ്യന് ഇത്തിരി കാഴ്ചകുറവുണ്ടായിരുന്നു. കുർബ്ബാന തുടങ്ങി കുറച്ച് കഴിഞ്ഞതും സങ്കീർത്തിയിൽ തീ പടർന്നത് കൊണ്ട്, ചാപ്പലിന്റെ ഉള്ളിൽ പുക കൊണ്ട് നിറഞ്ഞൂ.
പെട്ടെന്ന് തന്നെ ചാപ്പലും പള്ളിമേടയും ഒക്കെ വിട്ട് ഞങ്ങളെല്ലാം പുറത്തിറങ്ങേണ്ടി വന്നു. പക്ഷേ ആദ്യംതന്നെ എനിക്ക് സക്രാരി തുറന്ന് ദിവ്യകാരുണ്യം പുറത്തെടുക്കേണ്ടിയിരുന്നു. അവിടമൊക്കെ പുക നിറഞ്ഞിരുന്നത് കൊണ്ട്, നല്ല രീതിയിൽ തന്നെ ഞാൻ അത് കുറേ ശ്വസിക്കേണ്ടി വന്നു.
അന്ന് ഉച്ച തിരിഞ്ഞ് നോർത്ത് ലണ്ടനിൽ പോയി എനിക്ക് ഒരു ദിവ്യബലി അർപ്പിക്കേണ്ടിയിരുന്നു. വിമ്പിൾഡൺ പാർക്കിൽ നിന്ന് നോർത്ത് ലണ്ടനിലേക്ക് 45 മിനിറ്റ് ട്രെയിൻ യാത്രയുണ്ട്. പുക കുറേ വലിച്ച് കയറ്റിയിരുന്നത് കൊണ്ട് എനിക്ക് ഒട്ടും വയ്യായിരുന്നു. ‘വൈകുന്നേരത്തെ ആ വിശുദ്ധ കുർബ്ബാന ക്യാൻസൽ ചെയ്ത് നേരത്തെ തന്നെ വിശ്രമിക്കാൻ കയറിയാലോ ‘ എന്ന് എനിക്കൊരു വിചാരം ഉണ്ടായി. പക്ഷേ ഒന്നുകൂടെ ചിന്തിച്ചപ്പോൾ, ഇത്തിരി കഷ്ടപ്പെട്ടായാലും പോകാൻ തന്നെ തീരുമാനിച്ചു.
കുത്തിത്തുളക്കുന്ന തലവേദനയുമായി ഞാൻ ട്രെയിൻ കയറി, ഒട്ടും സുഖമില്ലാത്ത അവസ്ഥയിൽ അവിടെയെത്തി, ഒരുക്കങ്ങൾ ചെയ്ത് വിശുദ്ധ കുർബ്ബാന ആരംഭിച്ചു. അത്രക്കും സുഖമില്ലാതിരുന്നതു കൊണ്ട് അത് മുഴുവനാക്കാൻ കഴിയുമോ എന്ന് പോലും ഞാൻ സംശയിച്ചു. ദിവ്യബലിക്കിടയിൽ ഒരുക്കശുശ്രൂഷ സമയത്ത്, പള്ളിയുടെ പുറകിലുള്ള വാതിലുകൾ തുറന്നടയുന്ന ശബ്ദം, എന്തോ, ഞാൻ ശ്രദ്ധിച്ചു. ആരെങ്കിലും വൈകി വന്നതായിരിക്കും. അങ്ങനെ വിശുദ്ധ കുർബ്ബാന കഴിഞ്ഞ് ഞാൻ സങ്കീർത്തിയിലേക്ക് പോയി. ഒരു പനഡോൾ (പാരസെറ്റമോൾ പോലുളള ഗുളിക) കിട്ടിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു.
ഞാൻ തിരുവസ്ത്രങ്ങളഴിച്ചു കൊണ്ടിരിക്കുമ്പോൾ, അറുപത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ സങ്കീർത്തിയിലേക്ക് കയറി വന്നു. എന്റെ അടുത്തേക്ക് വരുന്ന അയാളുടെ കയ്യിൽ ഒരു തോക്ക് കണ്ടതും ഞാൻ വല്ലാതായി. തിരുവസ്ത്രങ്ങളിരുന്ന ബെഞ്ചിലേക്ക് അയാൾ ആ തോക്ക് വെച്ചു. എന്നിട്ടെന്നോട് പറഞ്ഞു, “ഫാദർ, ഇന്ന് രാത്രി ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ പോവുകയായിരുന്നു. ഏതെങ്കിലും ബെഞ്ചിൽ ഇരുന്ന് തലയിൽ വെടി വെക്കാൻ, പാർക്കിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അന്നേരം ഈ പള്ളിയിൽ നിന്നു വരുന്ന പ്രകാശം കണ്ടപ്പോൾ, ഒരു ആശ്രയം എന്ന പോലെ ഞാൻ ഇങ്ങോട്ട് നടന്നു. ഫാദർ വിശുദ്ധ കുർബ്ബാന അർപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പിന്നിൽ മുട്ടുകുത്തി. ദിവ്യബലി വളരെ മനോഹരമായെനിക്ക് തോന്നി. ഞാൻ ജീവിക്കാൻ തീരുമാനിച്ചു “.
ഞാൻ സ്തബ്ദനായി പോയി. അപ്പോൾ ഇയാൾ ആയിരുന്നു ആ വൈകി വന്ന ആൾ. അയാളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം അയാൾ വിശദമായി പറഞ്ഞു. പിന്നെ നന്നായി കുമ്പസാരിച്ചു. അയാൾ പോയതിന് ശേഷം ഞാൻ ആ തോക്ക് പോലീസിനെ ഏൽപ്പിച്ചു.
തിരിച്ച് ട്രെയിനിൽ പോരുമ്പോൾ ഞാൻ ചിന്തിച്ചു, “ നേരത്തെ വിശ്രമിക്കണമെന്ന് വിചാരിച്ച്, ഇന്ന് വൈകുന്നേരം ഞാൻ ആ കുർബ്ബാനയർപ്പണത്തിന് പോയിരുന്നില്ലെങ്കിൽ? അയാൾ ആ ഇരുട്ട് മൂടി നിൽക്കുന്ന പള്ളി ശ്രദ്ധിക്കാതെ കടന്നുപോയി, വിചാരിച്ച കാര്യം നടത്തിയേനില്ലേ? ‘ഓ, എന്റെ ദൈവമേ, നിന്റെ കൃപ ഒഴുകാൻ എന്നെ ഒരു ഉപകരണമാക്കിയതിന് നിനക്ക് നന്ദി. അയാൾക്ക് കൃപ ആവശ്യമായിരുന്നു. പള്ളിയിലെ പ്രകാശം കണ്ട്, അയാൾ കയറി. നിന്റെ തിരുഹൃദയത്തിൽ നിന്ന് വന്ന പ്രകാശം അയാൾ കണ്ടു, ജീവിക്കാൻ തീരുമാനമെടുത്തു. ആമ്മേൻ ‘.
ആ മനുഷ്യൻ പിന്നീടങ്ങോട്ട് നല്ല ഒരു ജീവിതം കഴിച്ച് മരിച്ചു. അയാൾക്ക് നിത്യശാന്തി നേരുന്നു.
Fr. John Rizzo ![]()
Memoirs from the Heart of a Priest
Translated by, Jilsa Joy



Leave a comment