ഞാൻ നിന്റെ അമ്മയോട് പറയും…

മറ്റൊരാളുടെ കഠിനവേദന നമുക്ക് സൗഖ്യമായി തീരുക… മനസ്സുഖം തരിക എന്നൊക്കെ വെച്ചാൽ എന്ത് ക്രൂരത ആണല്ലേ? എന്തൊരു കോൺട്ര. സ്റ്റേറ്റ്മെന്റ് ആണ്? പക്ഷേ ഈ പരസ്പരവിരുദ്ധ പ്രസ്താവനക്ക് പോലും ‘ചലേഗ’ (അതൊക്കെ നടക്കുംന്നേ) എന്ന് ഉത്തരം പറയാൻ പറ്റുന്ന ഒരാളുണ്ട് ക്രിസ്ത്യാനി! പിന്നല്ലാതെ ? ഈശോയുടെ പീഡാനുഭവവും കുരിശുമരണവും ഒക്കെയല്ലേ നമുക്ക് രക്ഷയും സൗഖ്യവും ആവുന്നത്? അവന്റെ മേലുള്ള മുറിവുകളാൽ , അടിപിണരുകളാൽ, അവന്റെ കുരിശിനാൽ, നമ്മൾ സൗഖ്യപ്പെട്ടു, വെച്ചുകെട്ടപ്പെട്ടു, രക്ഷനേടി. (ക്രിസ്ത്യാനിക്ക് മാത്രമല്ല കേട്ടോ എല്ലാ ജനതകൾക്കുമുള്ള രക്ഷയാണ് അവൻ. അതേപറ്റി പറഞ്ഞാൽ ക്രിസ്ത്യാനിക്ക് പെട്ടെന്ന് മനസ്സിലാകുമല്ലോ എന്നാണ് ഉദ്ദേശിച്ചത്)

ഇങ്ങനെ ഒരു ചിന്തയിലേക്ക് ഇപ്പൊ ഞാൻ പോവാനുള്ള കാരണം, ഒരാളുടെ വേദന എനിക്ക് സൗഖ്യം പകർന്ന ഒരനുഭവമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വലിയ മാനസികവേദനയിലൂടെ കടന്നുപോവുകയായിരുന്നു. നമ്മൾ പ്രാർത്ഥനയിൽ, ഈശോയോടുള്ള ഒന്നിപ്പിൽ, മധ്യസ്ഥ പ്രാർത്ഥനയിൽ മുന്നേറാൻ ശക്തമായ തീരുമാനമെടുക്കുമ്പോഴായിരിക്കും ചിലപ്പോൾ വലിയ തിരമാലകൾ നാലുഭാഗത്തുനിന്നും ആഞ്ഞടിക്കുന്നത്. പ്രലോഭനങ്ങളിൽ വീഴില്ലെന്ന് തോന്നിയാൽ, സങ്കടക്കടലിലേക്കായിരിക്കും പിന്നെ നമ്മളെ കൊണ്ട് ഇടുന്നത്. എല്ലാഭാഗത്തുനിന്നുമുള്ള പ്രശ്നങ്ങൾ, വൈരാഗ്യം പോലും ചിലരോട് തോന്നിപ്പോകുന്ന സാഹചര്യങ്ങൾ. സമാധാനം കിട്ടണമെങ്കിൽ ക്ഷമിക്കണം, പൊറുക്കണം എന്ന് നമുക്കറിയാം, അൾത്താരയിൽ സമർപ്പിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നിന്ന് പോകുന്നില്ല. പ്രാർത്ഥിക്കാൻ പറ്റാത്ത പോലെ ഉള്ള് തിളച്ചു മറിയുന്നു. ഡിപ്രഷൻ സ്റ്റേറ്റിലേക്ക് പോലും പോകും എന്ന പോലുളള ശോക അവസ്ഥ. എന്റെ പേരിൽ joy ഉണ്ടെന്ന സത്യം തന്നെ അപ്രസക്തമായി പോയി.

അങ്ങനെ ഇരുന്നപ്പോൾ എനിക്ക് വ്യാകുലമാതാവിനോടുള്ള വണക്കമാസപ്രാർത്ഥന ചൊല്ലാൻ ഒരു പ്രേരണ ഉണ്ടായി. ഒരു വോട്സ്ആപ്പ് പ്രയർ ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്ന ആ പ്രാർത്ഥനകളും ലുത്തിനിയയുമൊക്കെ ഞാൻ ചൊല്ലി. സെപ്റ്റംബർ വ്യാകുലമാതാവിനായി പ്രതിഷ്ഠിക്കപ്പെട്ട മാസമാണല്ലോ. എങ്കിൽ പിന്നെ ചൊല്ലിയേക്കാം എന്നും വെച്ചു ഇത്തിരി casual ആയാണ് ഞാൻ അത് തപ്പി ചൊല്ലിയത്. പക്ഷേ അത് ചൊല്ലി തീർന്നതും, എന്നെ മൂടിനിന്ന സങ്കടവും പ്രശ്നങ്ങളും എവിടെ പോയെന്ന് അറിയാൻ പാടില്ല. വലിയൊരു സൗഖ്യത്തിന്റെ അനുഭവമുണ്ടായി. പരിശുദ്ധ അമ്മയുടെ കഠിനവ്യാകുലങ്ങളെക്കുറിച്ചുള്ള ധ്യാനം എന്റെ ഉള്ളിൽ സന്തോഷവും ആശ്വാസവും നിറച്ചു എന്നുള്ളതാണ്.

ഇതിനോടനുബന്ധിച്ച് എനിക്ക് വേറെ ഒരു കാര്യം ഓർമ്മ വന്നത് പറയട്ടെ . നിങ്ങൾക്ക് കർത്താവിന്റെ വഴിയിലേക്ക്, പ്രാർത്ഥനയിലേക്ക് ഒക്കെ തിരിയണം എന്നുണ്ട്, പക്ഷേ പ്രലോഭനങ്ങൾ പലപ്പോഴും വീഴ്ത്തികളയുന്നു, ‘ഞാൻ നല്ല ഒരാളാകും, പാപവഴികൾ ഉപേക്ഷിക്കും, നിന്റെ പിന്നാലെ വരും’ എന്ന് ഓരോ കുമ്പസാരത്തിലും ഈശോക്ക് കൊടുത്ത വാഗ്ദാനം പാലിക്കാൻ കഴിയാതെ വിഷമിക്കുന്നു എന്ന് വിചാരിക്കുക, ജപമാല ചൊല്ലാൻ ആഗ്രഹമുണ്ടെങ്കിലും ചിലപ്പോൾ സാധിക്കുന്നുണ്ടാവില്ല… അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു കാര്യമാണ് മാതാവിനോടുള്ള വിമലഹൃദയപ്രതിഷ്ഠ. 33 ദിവസത്തെ ആ പ്രാർത്ഥന തുടങ്ങി കുറച്ചാവുമ്പോഴേക്കും നിങ്ങൾക്ക് പ്രലോഭനങ്ങളെ അതിജീവിക്കാനും ജപമാല ചൊല്ലാനുമൊക്കെ സാധിക്കും. ജപമാലധ്യാനവും പാപജീവിതവും ഒന്നിച്ച് പോവില്ല ഏതെങ്കിലും ഒന്നേ ഒരു സമയം നടക്കൂ.

പരിശുദ്ധ അമ്മ എന്തിനാ, കർത്താവിനോട് നേരിട്ടുള്ള ഇടപാട് പോരെ എന്ന് ചോദിക്കുന്നവരോട് എനിക്ക് അനുകമ്പ മാത്രമേയുള്ളു. അത്രക്ക് വേഗത്തിലാണ് പരിശുദ്ധ അമ്മ നമ്മെ അവളുടെ പുത്രനിലേക്ക് എത്തിക്കുന്നത് എന്ന് അവർ അറിയുന്നില്ലല്ലോ. അത്ര ശക്തിയേറിയ മാധ്യസ്ഥത്തിനായി വേറെ ആളില്ല.

സ്വന്തം സഹനങ്ങൾ കൊണ്ട്, വേദനകൾ കൊണ്ട്, മറ്റുള്ളവർക്ക് ആത്മരക്ഷയും സൗഖ്യവും ലഭിക്കാൻ സഹായിക്കുന്ന മറ്റൊരു വിഭാഗമുണ്ട്, വിശുദ്ധർ.

ഒരിക്കൽ വിശുദ്ധ ജെമ്മ ഗല്‍ഗാനി ഒരു കൊടിയപാപിയുടെ ആത്മരക്ഷക്കായി, മാനസാന്തരത്തിനായി വളരെ നേരം കേണിട്ടും ഈശോ അലിഞ്ഞില്ല. അവസാനത്തെ ഓപ്ഷൻ ആയി അവൾ മാതാവിന്റെ മാധ്യസ്ഥത്തിലൂടെ അത് നേടിയെടുക്കുന്നത് നമ്മൾ കാണുന്നുണ്ട്.

“പക്ഷേ നോക്കൂ, ആ പാപിക്കായി ഞാൻ മറ്റൊരു അഭിഭാഷകയെ മുന്നോട്ടു വെക്കുന്നു; അയാളോട് ക്ഷമിക്കാൻ ഇപ്പോൾ പറയുന്നത് നിന്റെ സ്വന്തം അമ്മ തന്നെയാണ്. കണ്ടോ? അമ്മയോട് പറ്റില്ലെന്ന് പറയുന്നത് സങ്കല്പിച്ചു നോക്കൂ ! തീർച്ചയായും നിനക്ക് അമ്മയോട് ഇല്ലെന്ന് പറയാൻ കഴിയില്ല. ഇപ്പോൾ എന്നോട് പറയൂ ഈശോയെ, നീ ആ പാപിയോട് ക്ഷമിക്കുമെന്ന് പറയൂ”. ആ പാപിയെ രക്ഷിക്കാൻ ഉടനെ അവിടുന്ന് തിരുവുള്ളമായി.

നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്റെ അമ്മയോട് പറയും എന്നത് വിശുദ്ധർ ഈശോയോട് പറയാറുള്ള അപൂർവം ഭീഷണിയിൽ ഒന്നാണ്.

നമ്മുടെ ദുഖങ്ങളെ, ആഗ്രഹങ്ങളെ, നമുക്ക് വ്യാകുലമാതാവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കാം. അവളുടെ വിശ്വസ്തതയുടെ, സമർപ്പണത്തിന്റെ, വ്യാകുലങ്ങളുടെ, എരിയുന്ന ദൈവസ്നേഹത്തിന്റെ, യോഗ്യതയാൽ, അതെല്ലാം ഈശോയിലേക്ക് സമർപ്പിച്ചു് അവന്റെ സമാധാനം, പാപക്ഷമ അവൾ നമുക്കായി വാങ്ങിതരട്ടെ. നമ്മെ അവനിലേക്ക് എളുപ്പം ചേർക്കട്ടെ.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment