ബഹു. ജോർജ് കരിന്തോളിൽ അച്ചനെ കുറിച്ച് പ്രശസ്ത പത്രപ്രവർത്തകൻ ശ്രീ ജോൺസൺ പൂവന്തുരുത്ത് എഴുതുന്നു…
എന്നും അടുത്തിരുന്നൊരാൾ…
കുടുംബങ്ങളോടു ചേർത്തുവച്ച പേര്,
ഒരു വിഷമം വന്നാൽ ഓടിച്ചെന്നു പറയാൻ ഒരാൾ,
ഉപദേശം ചോദിക്കാൻ ഒരിടം,
വീണുപോകുമെന്നു തോന്നുന്ന നിമിഷം പിടിക്കാനൊരു കരം…
ഇതൊക്കെയായിരുന്നു പ്രിയപ്പെട്ടവർക്ക് ഫാ. ജോർജ് കരിന്തോളിൽ എംസിബിഎസ്.
അദ്ദേഹത്തെ പൊതിഞ്ഞ് അദൃശ്യമായ ഒരു സ്നേഹവലയം ഉണ്ടായിരുന്നു.
അതുകൊണ്ടാണ് ഒരിക്കൽ പരിചയപ്പെട്ടവർ, സംസാരിച്ചവർ, ഉപദേശം തേടിയവർ വീണ്ടും വീണ്ടും അദ്ദേഹത്തെ തേടി വന്നുകൊണ്ടിരുന്നത്. ഏതാനും മിനിറ്റുകൾ അദ്ദേഹത്തോടു സംസാരിക്കാൻ എത്രയോ അകലെനിന്നും ആളുകൾ എത്തിയിരുന്നു, എത്ര മണിക്കൂറുകൾ വേണമെങ്കിലും കാത്തിരിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല. കാരണം കരിന്തോളിലച്ചനോട് ഒന്നു തുറന്നു സംസാരിച്ചാൽ അദ്ദേഹം പറയുന്നതിനു ചെവിയോർത്താൽ മനസിൽ കയറ്റിവച്ചിരിക്കുന്ന ഭാരം അപ്പാടെ അലിഞ്ഞുതീരുമെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എവിടെ പോയാലും അവരൊക്കെ തേടിയെത്തിക്കൊണ്ടിരുന്നത്.
ഒരിക്കൽ ഇരുന്ന ഇടങ്ങളിലേക്ക് അദ്ദേഹം സന്ദർശനത്തിനു വരുന്പോഴൊക്കെ പൂവിനു ചുറ്റും വട്ടമിട്ടു നിൽക്കുന്ന പൂന്പാറ്റകളെപ്പോലെ കുറെ മനുഷ്യരെ കാണാം… വിരിഞ്ഞ പൂ പോലുള്ള പുഞ്ചിരിയും സ്നേഹത്തിന്റെ സൗരഭ്യവുമായി അവർക്കിടയിൽ ഈ വൈദികനെയും…
കരുതലായൊരാൾ
അദ്ദേഹത്തെ കാണാനെത്തി കടന്നുപോയ ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്. അവരോടൊക്കെ ചോദിച്ചാൽ, അകന്നുപോയ കണ്ണികളെ ചേർത്തുവച്ചതിന്റെയും വീണുപോയ കുടുംബങ്ങളെ കൈപിടിച്ചതിന്റെയും ആത്മഹത്യയുടെ വക്കിലെത്തിയവർക്കു കൈത്താങ്ങ് ആയതിന്റെയും നൂറായിരം അനുഭവ കഥകൾ പറയാനുണ്ടാകും.
സ്നേഹിക്കുന്നവരുടെ വിഷമങ്ങളായിരുന്നു അദ്ദേഹത്തെ ഏറ്റവുമധികം അലട്ടിയിരുന്നതെന്നു തോന്നുന്നു. അതുകൊണ്ടാവണം സാന്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാൻ അദ്ദേഹം ഒട്ടും മടിച്ചിരുന്നില്ല. കിടപ്പാടം ജപ്തിയുടെ വക്കിലെത്തിയവരെയും കടംകയറി നരകയാതന നേരിട്ടവരെയും പഠിക്കാൻ പണമില്ലാതെ സങ്കടപ്പെട്ടവരെയുമൊക്കെ അവഗണിച്ചു കടന്നുപോകാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. കൊട്ടിഘോഷിക്കാതെയും മേനിപറയാതെയും സഹായിക്കുന്നതായിരുന്നു കരിന്തോളിലച്ചന്റെ ശീലം.
പുഞ്ചിരിയോടൊരാൾ
ഒാർമകളിൽ പലവട്ടം ചികഞ്ഞുനോക്കി. ഇല്ല, ദേഷ്യപ്പെടുന്ന, വഴക്കുപറയുന്ന കരിന്തോളിലച്ചന്റെ മുഖം ഒാർത്തെടുക്കാനേ കഴിയുന്നില്ല. ഏതവസരത്തിലും ചിരിയോടെ അതിനെ നേരിടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇടവകയുടെ വികാരി എന്ന നിലയിൽ സമ്മർദനിമിഷങ്ങളിലൂടെ കടന്നുപോകുന്പോഴും അദ്ദേഹം ശാന്തനായിരുന്നു. എത്ര വലിയ മുറിവുകളും ഉണക്കാൻ ശേഷിയുള്ള ഒൗഷധമായിരുന്നു ആ വാക്കുകൾ പലപ്പോഴും.
പ്രചോദനമായൊരാൾ
എന്നും സാധാരണക്കാർക്കൊപ്പം ആയിരുന്ന ആൾ പെട്ടെന്നൊരു ദിവസം എംസിബിഎസ് സഭയുടെ സുപ്പീരിയർ ജനറൽ ആയി എന്നു കേട്ടപ്പോൾ പലരും അദ്ഭുതം കൂറി. ധ്യാനവും ക്ലാസും കൗൺസലിംഗും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് ആളുകളുമായി ഇടപഴകി നടന്നയാൾ ഇത്ര വലിയ ഉത്തരവാദിത്വം ഏൽക്കുന്പോൾ എന്തായിരിക്കും സംഭവിക്കുക..? എന്നാൽ, അവിടെയും ഉത്തരവാദിത്വങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ഫാ. കരിന്തോളിൽ കൈയൊപ്പ് ചാർത്തി. ജേർണലിസം പഠനം കഴിഞ്ഞ് ദീപികയിൽ ഇന്റേൺഷിപ്പിന് അവസരം കിട്ടിയെന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും കാതിലുണ്ട്, ഇന്റേൺഷിപ് മാത്രമല്ല നീ അവിടെത്തന്നെ ജോലി ചെയ്യും. അതു പിന്നീട് യാഥാർഥ്യമായി മാറിയപ്പോൾ തോന്നി, ഈ വൈദികൻ പറഞ്ഞ പല കാര്യങ്ങളിലും ഒരു പ്രവാചകസ്വരംകൂടി അലിഞ്ഞുചേർന്നിട്ടുണ്ട്. എഴുതുന്നതൊക്കെയും വായിക്കുന്നുണ്ടെന്ന് കാണുന്പോഴൊക്കെ ഒാർമിപ്പിക്കാൻ അദ്ദേഹം മറന്നിരുന്നില്ല.
മനസിൽ മായാതൊരാൾ
വിശുദ്ധ കുർബാന അർപ്പിക്കുന്നതിനു മുതൽ ധ്യാനപ്രഭാഷണങ്ങൾക്കു വരെ ആത്മീയതയിലുറച്ച ഒരു താളവും ഈണവും അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധ ബൈബിൾ ദൈവം അദ്ദേഹത്തിന്റെ മനസിൽ കൊത്തിവച്ചിരുന്നു. പ്രഭാഷണങ്ങളിൽ ഇടതടവില്ലാതെ ഒഴുകുന്ന ദൈവവചനം കേട്ട് സദസ് അദ്ഭുതംകൂറിയിരിക്കുന്പോൾ അതു ഞങ്ങളുടെ വികാരിയാണെന്നു പറയാൻ എന്നും അഭിമാനമായിരുന്നു. അതേ അഭിമാനത്തോടെയും സ്നേഹത്തോടെയും കരിന്തോളിലച്ചനു പ്രിയപ്പെട്ടവരുടെ യാത്രാമൊഴി… ഉറപ്പുണ്ട്, അദൃശ്യ സ്നേഹസാന്നിധ്യമായി ഇനിയും ഞങ്ങൾക്കൊപ്പമുണ്ടാകും ഈ ആത്മീയ ഗുരു…
ജോൺസൺ പൂവന്തുരുത്ത്



Leave a comment