അന്നൊരു ദിവസം ജറുസലേം ദൈവാലയത്തിൽ തിരുനാളിനു പോകേണ്ട ദിവസം അതിരാവിലെ എഴുന്നേറ്റു തന്റെ കയ്യിൽ ആകെയുള്ള നാണയതുട്ടുകൾ ആ വൃദ്ധ ഒന്ന് കൂടി എണ്ണി നോക്കി.
തലേന്ന് വീടിനുള്ളിൽ എത്ര പരതിയിട്ടും ആകെ കിട്ടിയത് രണ്ടു ചെറിയ വിലകുറഞ്ഞ ചെമ്പു നാണയങ്ങൾ മാത്രം.
അവർ പതിയെ തന്റെ കയ്യിൽ ഉള്ളതൊക്കെയും സൂക്ഷിച്ചിരിക്കുന്ന പെട്ടി തുറന്നു.
ദൈവാലയത്തിൽ ധരിക്കാനായി പുറത്തെവിടെയും ഇടാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഉടുപ്പുണ്ട്. എങ്കിലും അതിന്റെ കാലപ്പഴക്കം കൊണ്ട് അവിടെയും ഇവിടെയും ഒക്കെ നിറം മങ്ങിയിട്ടുണ്ട്. എന്നും ധരിക്കുന്ന ഉടുപ്പിനെ പോലെ അവിടെയും ഇവിടെയും കീറിപ്പോയത് തുന്നി ചേർത്തിട്ടില്ല എന്നേയുള്ളൂ.
നേരം വെളുത്തു വരുന്നതേയുള്ളൂ. കലത്തിൽ ഒന്നൊ രണ്ടോ ചെറിയ അപ്പം ചുടാനുള്ള ഗോതമ്പു മാവ് മിച്ചം ഇരിപ്പുണ്ട്. എന്നാൽ പെട്ടെന്ന് വഴിപോക്കർ ആരെങ്കിലും വിശന്നു കയറി വന്നാലോ എന്ന് കരുതി അത് മാറ്റി വച്ചിരിക്കുന്നതാണ്.
അവർ തന്റെ ചെറിയ വീട് വൃത്തിയാക്കി, കിടക്ക വിരിച്ചു, പാത്രങ്ങളിൽ വെള്ളം നിറച്ചു, ഒന്ന് രണ്ടു തുണികൾ കഴുകാൻ ഉണ്ടായിരുന്നത് കഴുകിയിട്ടു, മറ്റ് ചെറിയ ജോലികൾ ഒന്നു രണ്ടുകൂടി ഉണ്ടായിരുന്നതും വേഗം തീർത്തിട്ട് ദേഹം കഴുകി തയ്യാറാക്കി വച്ചിരുന്ന ഉടുപ്പ് ധരിച്ചു.
ഒന്ന് രണ്ടിടത്തു പൊട്ടിയ തോൽചെരുപ്പുകളിൽ നീരു വച്ച പാദങ്ങൾ തിരുകിക്കയറ്റി. ഒട്ടും പാകമാകുന്നില്ല, ഈയിടെയായി കാലിനു നീരു കൂടുതലാണ്. നടക്കുമ്പോൾ നല്ല വേദനയും ഉണ്ട്.
ദൈവാലയത്തിലേയ്ക്ക് രണ്ടു മണിക്കൂറോളം നടക്കാനുണ്ട്.
ജോലികൾ കഴിഞ്ഞപ്പോൾ നന്നേ വിശക്കുന്നുണ്ടായിരുന്നു.
തലേ ദിവസം വീടിനടുത്തുള്ള വഴിയേ പോയ വഴിയാത്രക്കാർക്ക് വെള്ളം കൊടുത്തപ്പോൾ നന്ദി സൂചകമായി അവർ കൊടുത്തിട്ടു പോയ മൂന്നു നാലു അത്തിപ്പഴങ്ങൾ
മേശപ്പുറത്തു വച്ചിരുന്നു.
അതിൽ നിന്നും ഒരെണ്ണമെടുത്തു കഴിച്ചുതുടങ്ങിയപ്പോൾ ചവയ്ക്കാൻ നന്നേ ബുദ്ധിമുട്ട് തോന്നി, വായിൽ അണപ്പല്ലൊക്കെ ഒന്നൊ രണ്ടോ എണ്ണം മാത്രം ബാക്കി.
ഒട്ടും ചവച്ചു കഴിക്കാൻ പറ്റാതെ വന്നപ്പോൾ കത്തി എടുത്ത് അത്തിപ്പഴത്തിന്റെ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി പതിയെ ഇരുന്നു കഴിച്ചു.
ഒന്നും കഴിക്കാതെ പോകാൻ പറ്റില്ല, പോകും വഴി തല കറങ്ങിയാലോ…
മേശപ്പുറത്തിരിക്കുന്ന കുറച്ചു മുന്തിരി ഇരിപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുറച്ചു ദൂരെ ഒരു ധനികന്റെ പറമ്പിൽ കാലാ പെറുക്കാൻ പോയപ്പോൾ പെറുക്കി കൂട്ടിയ ഗോതമ്പുകതിരുകൾ എടുത്തു വൈകിട്ട് വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഇത് കൂടെ ഇരിക്കട്ടെ എന്നും പറഞ്ഞു ആ മുന്തിരി അയാൾ ദാനമായി തന്നതാണ്.
ഉച്ചയോടെ ക്ഷീണിച്ചു വിശന്ന വയറുമായി ദൈന്യതയോടെ നിന്നപ്പോൾ അയാൾക്കും പാവം തോന്നിക്കാണണം. അന്ന് കാലാ പെറുക്കുമ്പോൾ ഉച്ചയ്ക്ക് കത്തിക്കാളുന്ന വെയിലായിരുന്നു.
അവിടെയുള്ള പണിക്കാരുടെ കൂടെ ഇരുന്നു അവരുടെ കൂടെ ഒരു നേരത്തെ ഭക്ഷണം കഴിക്കാനും കുറച്ചു നേരം തണലിൽ വിശ്രമിക്കാനും അയാൾ അനുവദിച്ചു. അവിടവിടെ കൂടെയിരുന്ന ജോലിക്കാർ ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും വിഭവങ്ങളുടെ എണ്ണക്കുറവിനെക്കുറിച്ചും കുറ്റം പറയുന്നുണ്ടായിരുന്നു.
എന്നാൽ അവർക്കറിയില്ലല്ലോ എത്രയോ നാളുകൾക്കു ശേഷമാണു അത്രയും വിഭവസമൃദ്ധമായ ഭക്ഷണം താൻ കഴിക്കുന്നതെന്ന്.
ഒരുക്കി വച്ചിരുന്ന ആ ലഘുഭക്ഷണം കണ്ടപ്പോഴേ ഹൃദയം നിറഞ്ഞു.
ആഹാരത്തിനു ക്ഷണിച്ച മനുഷ്യനെ അനുഗ്രഹിക്കേണമേ എന്ന് മനസിൽ പ്രാർത്ഥിച്ചു.
തന്റെ ഹൃദയം നിറഞ്ഞുള്ള പ്രാർത്ഥനയിൽ ഉറപ്പായും അയാൾ അനുഗ്രഹിക്കപ്പെട്ടു കാണണം.
കാരണം ആരുമില്ലാത്ത ഒരു ദരിദ്രവിധവയോട് അടുത്ത കാലത്തെങ്ങും ഇത് പോലെ ഉദാരമായി ആരും പെരുമാറിയിട്ടില്ല.
എല്ലാം ദൈവപരിപാലന!
ഓരോന്നോർത്തിരുന്ന് അവർ സാവധാനം ഒരു അത്തിപ്പഴം കഴിച്ചു തീർത്തു, വിശപ്പ് തെല്ലൊന്നു മാറി, മേശപ്പുറത്തിരുന്ന മൺകൂജയിൽ കുറച്ചു വെള്ളവും എടുത്തു കുടിച്ചു.
യാത്ര പോകുമ്പോൾ കയ്യിൽ കരുതാറുള്ള ചെറിയ തുകൽ സഞ്ചിയിൽ വെള്ളം നിറച്ചു. രാവിലെ ആണെങ്കിലും കുറച്ചു കഴിയുമ്പോഴേയ്ക്കും വെയിലും കഠിനമാകും. പോകും വഴിയിൽ വെള്ളം കിട്ടുവാൻ ബുദ്ധിമുട്ടാണ്.
വീണ്ടും അവർ തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന ചെറുചെമ്പുനാണയങ്ങൾ വീണ്ടും പരിശോധിച്ചു. ഉണ്ടാവില്ല എന്ന് അറിയാമെങ്കിലും വീട്ടിൽ ആകെ ഒന്നുകൂടി അരിച്ചു പെറുക്കി നോക്കി നോക്കി. ഒരു നാണയം കൂടെയെങ്കിലും എടുക്കാൻ കാണുമോ എന്ന്.
ഒന്നും കൂടുതലായി എടുക്കാൻ ഉണ്ടായിരുന്നില്ല.
കുറച്ചു നേരം തന്റെ ചെറുകിടക്കയിൽ അവർ ഇരുന്നു ആലോചിച്ചു.
ഇത്രയും ചെറിയ തുക ദൈവാലയത്തിൽ കൊണ്ടു പോയി കാണിക്ക ഇടണോ!
ആരെങ്കിലും കണ്ടെങ്കിൽ ഉറപ്പായും പരിഹസിക്കും.
ആ നാണക്കേട് സഹിക്കാൻ വയ്യ, മനസിൽ ഒത്തിരി വിഷമം ഉണ്ടാകും.
പോകണോ വേണ്ടയോ!
ഇനിയിപ്പോൾ ആരെങ്കിലും കളിയാക്കിയാലും അവരെ കുറ്റം പറയുവാൻ സാധിക്കില്ല.
ഈ ചെറിയ നാണയങ്ങൾ കണ്ടാൽ ദൈവാലയത്തിൽ കാണിക്ക ഇടാൻ സമ്മതിക്കണം എന്ന് പോലുമില്ല.
എങ്കിലും സാരമില്ല, അതവരുടെ കുറ്റമല്ലല്ലോ!
ജറുസലേമിലെ മഹാദൈവാലയത്തിൽ വാഴുന്ന അത്യുന്നതനായ ദൈവത്തിനു കൊടുക്കാൻ ഇത്രയും പോരല്ലോ എന്ന് അവർ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ എങ്ങനെ സാധിക്കും.
എന്നാലും ഈ രണ്ടു നാണയങ്ങൾ അല്ലാതെ വേറേ ഒന്നും ഇല്ലാത്തത് കൊണ്ട് ഇത് കയ്യിൽ എടുക്കുക എന്നതല്ലാതെ വേറേ നിവൃത്തിയില്ല.
ഹൃദയത്തിൽ വളരെ ഭാരത്തോടെ അവർ എണീറ്റു.
സന്തോഷത്തിന്റെ നാളുകളിൽ ഒരുകാലത്തു നിറഞ്ഞിരുന്ന, എന്നാൽ ഇപ്പോൾ ശൂന്യമായ പണസഞ്ചി അവർ പൊടി തട്ടി
കയ്യിൽ എടുത്തു.
രണ്ടു ചെറുചെമ്പുനാണയങ്ങൾ അതിൽ കണ്ണുനീരോടെ നിക്ഷേപിച്ചു.
ഇനിയും ഇറങ്ങാൻ താമസിച്ചാൽ ദൈവാലയത്തിൽ എത്താൻ ഏറെ വൈകും.
പണസഞ്ചി ഭദ്രമായി ഉടുപ്പിൽ വച്ചു, വെള്ളം നിറച്ച തുകൽ സഞ്ചി തോളിലേറ്റി, പതിയെ നടന്നു പുറത്തിറങ്ങി വാതിലടച്ചു.
മുന്നോട്ടു നടന്നു നീങ്ങുന്ന നേരത്തു അവർ തന്റെ കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ച് ചിന്തിച്ചു.
എത്ര മാത്രം ദൈവപരിപാലന ആയിരുന്നു ജീവിതത്തിൽ.
ഇന്ന് വിധവ ആയി വൃദ്ധ ആയി എങ്കിലും അന്നന്നു തന്നെ നയിക്കുന്ന ദൈവപരിപാലനയ്ക്ക് ഒരു കുറവുമില്ല.
മാനുഷിക ദൃഷ്ടിയിൽ താൻ ഒന്നുമല്ലായിരിക്കും, എന്നാൽ ഇന്നും മിശിഹായെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഇസ്രായേൽ പുത്രി തന്നെയാണ് താനും.
വരാനിരിക്കുന്ന മിശിഹായെ കുറിച്ച് ഓർത്തപ്പോൾ എന്ത് കൊണ്ടോ അവരുടെ ഹൃദയമൊന്നു വിങ്ങി, കണ്ണുകൾ നിറഞ്ഞു.
ഇനി അവിടുത്തെ ഒന്ന് കാണാൻ തനിക്ക് പറ്റുമായിരിക്കുമോ?
ഇന്നോ നാളെയോ മരിച്ചു പോയേക്കാവുന്ന വിധത്തിൽ പ്രായം ചെന്ന ഒരു ദരിദ്രവിധവയായ താൻ എങ്ങനെ അവിടുത്തെ കാണാനാണ്?
അഥവാ ദൂരെയെവിടെ എങ്കിലും മിശിഹാ പിറന്നു എന്ന് കേട്ടാൽ പോലും അവിടെ നടന്നെത്താൻ തന്നെക്കൊണ്ടാവില്ലല്ലോ എന്നവർ ചിന്തിച്ചു.
എങ്കിലും എന്നെങ്കിലുമൊരിക്കൽ ദൂരെ നിന്നെങ്കിലും മിശിഹായെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവർ ഓർത്തു.
മിശിഹായെ കുറിച്ചുള്ള ദൈവവചനഭാഗങ്ങൾ അവർ ഓർക്കാൻ ശ്രമിച്ചു.
തോറയിൽ എവിടെയാണ് അവിടുത്തെ കുറിച്ച് ആദ്യം പരാമർശിക്കുന്നത്?
നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും.
ഉല്‍പത്തി 3 : 15
സ്ത്രീയുടെ മകൻ…. മിശിഹാ
പ്രവാചകഗ്രന്ഥങ്ങളിലും മിശിഹായെ കുറിച്ച് പ്രവചനങ്ങൾ ഉണ്ടല്ലോ…
ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കു മുന്‍പേ, ഉള്ളവനാണ്.
മിക്കാ 5 : 2
ബത്‌ലഹേമിൽ നിന്നുള്ളവൻ.. മിശിഹാ
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
ഏശയ്യാ 7 : 14
ഇമ്മാനുവേൽ എന്ന് പേരുള്ളവൻ..മിശിഹാ
ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.
കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്മാവ്.
ഏശയ്യാ 11 : 1-2
വരാനിരിക്കുന്ന മിശിഹായെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഹൃദയത്തിൽ വലിയൊരു സമാധാനം അവർക്ക് അനുഭവപ്പെട്ടു.
ഓരോ ഇസ്രായേൽമക്കളും കാത്തിരിക്കുന്ന രക്ഷകൻ.
മിശിഹാ…
അവിടുത്തെ മാനുഷികരൂപം എന്തായിരിക്കും?
അങ്ങനെ ചിന്തിച്ചു കൊണ്ടു നടന്നപ്പോൾ പെട്ടെന്ന് ഏശയ്യ പ്രവാചകനിലൂടെ അരുളിച്ചെയ്യപ്പെട്ട വചനങ്ങൾ അവരോർത്തു
എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്‌തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.
ഏശയ്യാ 53 : 12
അടിച്ചവര്‍ക്ക് പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല.
ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി.
ഏശയ്യാ 50 : 6-7
മിശിഹാ സഹിക്കേണ്ടി വരുമെന്നുള്ള കുറെ സൂചനകൾ പ്രവചനങ്ങളിൽ ഇങ്ങനെ പറയുന്നത് എന്തു കൊണ്ടാണ്!
മുഴുവൻ മനുഷ്യരുടെയും പാപങ്ങൾ ഏറ്റെടുക്കാനായിരിക്കുമോ അവിടുന്ന് വരുന്നത്?
അതെങ്ങനെ ആയിരിക്കും?
എന്തിനായിരിക്കും അവിടുത്തേയ്ക്ക് ജീവൻ കൊടുക്കേണ്ടി വരുന്നത്, പാപിയായി എണ്ണപ്പെടേണ്ടി വരുന്നത്!
പിന്നെയും എവിടെയൊക്കെയോ മിശിഹായെ കുറിച്ച് പറയുന്നുണ്ടല്ലോ എന്നു അവരോർത്തു.
പ്രായമായില്ലേ അത്ര ഓർമ കിട്ടുന്നില്ല.
നടന്നെത്താറായി, ദേവാലയത്തിന്റെ മുകൾ ഭാഗം ദൂരെ കാണാം.
വല്ലാതെ ദാഹിക്കുന്നു…
തുകൽ സഞ്ചിയിൽ നിന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു ദാഹം മാറ്റി.
ഉടുപ്പിൽ വച്ചിരുന്ന പണസഞ്ചി അവിടെത്തന്നെ ഉണ്ടെന്നു ഒന്നുകൂടി ഉറപ്പു വരുത്തി.
തെല്ലു വിശ്രമിക്കാൻ തോന്നിയെങ്കിലും അതിനു മുതിരാതെ പിന്നെയും നടക്കാൻ തുടങ്ങി.
കുറെയേറെ നടന്നതിനു ശേഷം ദൈവാലയത്തിന്റെ അങ്കണത്തിൽ എത്തി.
ആ മഹാദൈവാലയത്തിനുള്ളിൽ കയറിയപ്പോൾ തന്നെ ഹൃദയത്തിൽ ഒരു സന്തോഷം.
ജറുസലേം ദൈവാലയം.
അത്യുന്നതദൈവത്തിന്റെ ആലയം.
അതി പരിശുദ്ധ സ്ഥലത്തേക്ക് നോക്കി ദൈവാലയത്തിന്റെ ഉള്ളിൽ അടുത്തു ചെല്ലാൻ പാടുള്ളിടത്തോളം അടുത്തെത്തി പ്രാർത്ഥിച്ചു.
ദൈവമേ, ഈ ഭൂമിയിൽ ഇനി അങ്ങ് മാത്രമേ എനിക്ക് ഒരു ബന്ധുവായിട്ടുള്ളൂ.
എന്നെ സൃഷ്ടിച്ചു ഇത് വരെ പരിപാലിച്ചു, അങ്ങേയ്ക്ക് എല്ലാത്തിനും നന്ദി.
കുറെയേറെ നേരം കണ്ണടച്ച് നിന്നു ഹൃദയം കൊണ്ടു അങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണുകളിൽ നിന്നും നിശബ്ദമായി കണ്ണുനീർ മുത്തുകൾ താഴേയ്ക്ക് പതിച്ചു കൊണ്ടിരുന്നു.
പ്രാർത്ഥനയ്ക്കിടയിൽ ഒരു മാത്ര അവർ ഓർത്തു.
അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്;
എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;
അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
സങ്കീര്‍ത്തനങ്ങള്‍ 56 : 8
എന്ത് കൊണ്ടായിരിക്കും കണ്ണുനീർതുള്ളികൾ കുപ്പിയിൽ ശേഖരിക്കും എന്ന് പറഞ്ഞിരിക്കുന്നത്?
ഹൃദയത്തിലെ ദുഃഖം ഉരുകി കണ്ണുകളിലൂടെ പുറത്ത് വരുന്നത് കൊണ്ടായിരിക്കും എന്ന് അവർ മനസിലോർത്തു.
ഓരോ കണ്ണുനീർതുള്ളിയ്ക്കും ഓരോരോ ദുഃഖത്തിന്റെ കഥ പറയാൻ കാണുമല്ലോ.
പക്ഷെ ദുഃഖം മാത്രമല്ല, സന്തോഷം വന്നാലും ആളുകൾ കരയുമല്ലോ.
മനസിൽ നന്ദി നിറഞ്ഞാലും കരച്ചിൽ വരും.
അപ്പോൾ ഓരോരോ കണ്ണുനീർതുള്ളിയുടെയും പുറകിൽ ഓരോ കാര്യങ്ങൾ ആണ്.
ഓർമ്മകൾ പേറുന്നവയാണ് ഓരോ കണ്ണുനീർതുള്ളിയും.
അത് കൊണ്ടായിരിക്കണം പിതാവായ ദൈവം തന്റെ മക്കളുടെ ഓർമ്മകൾ പേറുന്ന ഓരോ കണ്ണുനീർതുള്ളിയും ശേഖരിക്കുന്നത്.
പെട്ടെന്ന് അവർ കണ്ണു തുറന്നു…
സമയം വൈകുന്നു..
കാണിക്ക ഇടുന്ന സ്ഥലത്തേയ്ക്ക് പതിയെ തിരിഞ്ഞു നോക്കിയപ്പോൾ
കുറച്ചു പേര് അവിടെ കൂടി നിൽപ്പുണ്ട്.
കാണിക്ക ഇടുന്ന സ്ഥലത്തിനടുത്തു പണക്കാരായ പലരും വൻതുകകൾ കയ്യിൽ പിടിച്ചു തലയുയർത്തി നിൽക്കുന്നു.
സാധാരണക്കാരെപോലെ തോന്നിക്കുന്നവരും കയ്യിൽ പിടിച്ചിരിക്കുന്ന പണക്കിഴികൾക്ക് സാമാന്യം വലുപ്പമുണ്ട്
അവരുടെ ഹൃദയം ഒന്ന് പിടഞ്ഞു, ദൈവമേ എന്റെ കയ്യിലെ നാണയ തുട്ടുകൾ ഇവർ ആരെങ്കിലും കണ്ടെങ്കിൽ എന്താകും സ്ഥിതി…
ഓർക്കാൻ കൂടി വയ്യ..
ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് അവർ തീരുമാനിച്ചു.
എല്ലാവരും പോയിക്കഴിയട്ടെ, എന്നിട്ട് മുന്നോട്ട് ചെല്ലാം. ധൃതിയിൽ ഇറങ്ങിയിട്ടും വീട്ടിൽ ചെന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ.
അൽപ സമയം കഴിഞ്ഞപ്പോൾ തിക്കിതിരക്കുകൾ കഴിഞ്ഞു കാണിക്ക ഇടുന്ന സ്ഥലം കുറച്ചു നേരത്തേക്ക് ശൂന്യമായി.
അവർ വേഗം മുന്നോട്ട് നടന്നു, മുട്ടിനു ഇത്തിരി വേദന തോന്നിയെങ്കിലും അത് വകവെയ്ക്കാതെ വേഗം നടന്നു കാണിക്കയിടുന്ന സ്ഥലത്തെത്തി.
ഒന്ന് കൂടെ ചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തി പണസഞ്ചി തുറന്നു നാണയങ്ങൾ പരമാവധി ഗോപ്യമായി ആരും കാണാതെ എടുത്തു അബദ്ധത്തിൽ നാണയങ്ങൾ താഴെ പോകാതെ വിറയ്ക്കുന്ന കരങ്ങളിൽ ഇറുകെ പിടിച്ചു കണ്ണുകൾ താഴ്ത്തിപിടിച്ചു കാണിക്കയിടുന്നിടത്തു വേഗം പണം നിക്ഷേപിച്ചു.
കണ്ണുകൾ നിറഞ്ഞൊഴുകി.
ദൈവമേ, അങ്ങയുടെ മഹത്വത്തിനായി ഈ കാണിക്ക വഞ്ചി നിറഞ്ഞു കവിയുവോളം പണം നിക്ഷേപിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്.
എന്നാൽ എന്റെ കയ്യിൽ ഉള്ളത് സ്നേഹത്തോടെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു.
എന്റെ ജീവനും ജീവിതവും ഇതോടൊപ്പം സമർപ്പിക്കുന്നു.
അങ്ങിതു ദയവായി സ്വീകരിക്കണമെ.
ഞങ്ങളുടെ രക്ഷകനായ മിശിഹായെ വേഗം അയയ്ക്കേണമേ.
അത്യുന്നത ദൈവത്തിന്റെ സന്നിധിയിൽ അവിടുത്തെ മുന്നിൽ കണ്ടാൽ എന്നത് പോലെ പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞുകൊണ്ടേയിരുന്നു.
പെട്ടെന്ന് തൊട്ടു പുറകിൽ നിന്നും മൃദുവായ ഒരു സ്വരം കേട്ടു.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയും കാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.
അവർ ഞെട്ടിപ്പോയി.
ഇതാരാണ് തന്നെക്കുറിച്ച് സംസാരിക്കുന്നത്!
ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ ജീവിതത്തിൽ ഇന്ന് വരെ കാണാത്ത വിധത്തിൽ കരുണയുള്ള കണ്ണുകളും ചുണ്ടിൽ പുഞ്ചിരിയും ഉള്ള ഒരു സുമുഖനായ ചെറുപ്പക്കാരൻ തന്റെ പുറകിലായി നിൽക്കുന്നത് കണ്ടു.
നല്ല നിറം, പ്രകാശമുള്ള നീലക്കണ്ണുകൾ, തോളൊപ്പമെത്തുന്ന തലമുടി, ഒട്ടും തയ്യലില്ലാതെ നെയ്തെടുത്ത വെള്ളയുടുപ്പ്, ഒരു ചുവന്ന ഷാൾ തോളിലൂടെ ഇട്ടിരിക്കുന്നു. തവിട്ടു നിറമുള്ള ചെരുപ്പുകൾ, നല്ല ഭംഗിയുള്ള കൈകൾ, കരുണയുള്ള കണ്ണുകൾ നോട്ടം കൊണ്ടു ഹൃദയം മുഴുവനും വായിക്കുന്നതായി തോന്നും.
കൂടെ കുറച്ചു ആളുകൾ, പലരും പ്രായമുള്ളവർ, എങ്കിലും അവരുടെ കണ്ണുകളിലും കരുണയുണ്ടായിരുന്നു.
ഈശോയെ എന്ന് വിളിച്ചു കൂടെയുള്ള ആളുകൾ ഓരോരോ സംശയം ചോദിക്കുന്നത് അവർ കണ്ടു.
കണ്ടാൽ ചെറുപ്പം എങ്കിലും ഇദ്ദേഹം ഒരു റബ്ബി ആയിരിക്കണം.
എന്തായാലും ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ആ സ്വരം കേട്ടപ്പോൾ ഹൃദയത്തിൽ വലിയ ദൈവസ്നേഹം വന്നു നിറയുന്നതായി അവർക്കു തോന്നി.
വലിയ സമാധാനം, ആശ്വാസം ഒക്കെ ഹൃദയത്തിൽ അലയടിക്കുന്നു.
ഇതാണ് മിശിഹാ എന്ന് ആത്മാവിൽ ഒരു സ്വരം മന്ത്രിക്കുന്നത് വ്യക്തമായി കേൾക്കാം.
ആയിരിക്കണം…
അല്ലെങ്കിൽ ഈ തുച്ഛമായ തുക എന്റെ കയ്യിലെ മുഴുവൻ സമ്പാദ്യവുമാണെന്ന് ആർക്കൂഹിക്കാൻ സാധിക്കും?
ഇത് ഉറപ്പായും മിശിഹാ ആയിരിക്കണം.
അല്ലെങ്കിൽ ഇത് പോലെ എന്റെ ആത്മാവിൽ ആനന്ദം അലയടിക്കില്ല.
ഇങ്ങനെ ഒരിക്കലും ഇല്ലാത്തപോലെ എന്റെ ഹൃദയം സ്നേഹം കൊണ്ടു തുളുമ്പില്ല.
ഹൃദയത്തിന് ഇത് പോലെ സൗഖ്യം അനുഭവപ്പെടില്ല.
ഹൃദയത്തിൽ ഉയർന്ന അവർണനീയമായ സന്തോഷത്തോടെ അവർ നിശബ്ദമായി ബഹുമാനത്തോടെ ഈശോയെ നോക്കി.
പെട്ടെന്ന് ഈശോയെ കണ്ടതിന്റെ അവിശ്വസനീയതയിൽ ആ വൃദ്ധ സ്വയമറിയാതെ നിന്നപ്പോൾ ഒരു പുഞ്ചിരിയോടെ കൈയുയർത്തി അനുഗ്രഹിച്ചതിനു ശേഷം ശിഷ്യരോടൊപ്പം ഈശോ ദൈവാലയത്തിൽ നിന്നിറങ്ങി പതിയെ നടന്നു മറഞ്ഞു.
നിന്നിടത്തു നിന്നു കാലുകൾ പതിയെ ചലിപ്പിച്ചു ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്നാലെന്നത് പോലെ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അവരുടെ ഹൃദയത്തിൽ ഒരു ദൈവവചനം മുഴങ്ങുന്നുണ്ടായിരുന്നു.
“ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന് എനിക്കുത്തരമരുളി;
സര്‍വഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 4-5)
അവരുടെ ചുണ്ടുകളിൽ അപ്പോൾ ഒരു പുഞ്ചിരിയുണ്ടായിരുന്നു.
ആത്മാവിൽ അതിയായ ആനന്ദവും.


Leave a comment