കർത്താവേ, അങ്ങയെ ആണ് ഞങ്ങൾ ആരാധിക്കേണ്ടത്

കഴിഞ്ഞ ദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പോകുവാൻ വളരെയേറെ വ്യക്തിപരമായ തടസങ്ങൾ ഉണ്ടായിരുന്നു.

പോകണമോ വേണ്ടയോ എന്ന ചിന്ത ഉള്ളിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചു.

അപ്പോഴാണ് കാവൽ മാലാഖയുടെ ഉപദേശം തേടാം എന്നോർത്തത്.

മനസിൽ അപ്പോൾ ഒരു ചിന്ത വന്നു ഓരോ വിശുദ്ധ കുർബാനയും അനന്യമാണ്. ഇന്ന് എനിക്ക് ഒന്ന് പരിശ്രമിച്ചാൽ വിശുദ്ധ കുർബാനയ്ക്ക് പോകുവാൻ സാധിക്കും, നാളെ ഇനിയൊരിക്കൽ പോകാൻ ഞാൻ ആഗ്രഹിച്ചാലും പോകാൻ കഴിഞ്ഞു എന്ന് വരികയില്ല, ഇന്ന് ഈ നിമിഷമെ എന്റേതുള്ളൂ. മാത്രമല്ല ഈ വിശുദ്ധ കുർബാന ഈശോ അർപ്പിക്കുന്നത് എനിക്ക് വേണ്ടിയാണ്. ഞാനും അതിന്റെ ഭാഗമാണ്. ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെയാണ് അത് പൂർത്തിയാകുന്നത്. അത് കൊണ്ടു എത്ര ബുദ്ധിമുട്ടി ആണെങ്കിലും ഞാൻ പോവുക തന്നെ വേണം.

കോവിഡ് lockdown കാലത്തു വിശുദ്ധ കുർബാനയില്ലാതെ വലഞ്ഞ ദിവസങ്ങൾ എന്റെ ഓർമയിൽ വന്നു. ആ സമയത്ത് ഇനിയൊരിക്കൽ കൂടി ഈശോയെ സ്വീകരിക്കാൻ പറ്റുമെന്നു കരുതിയതല്ല. അവസാനം അപ്രതീക്ഷിതമായി ദൈവാലയ വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റിയപ്പോൾ ഹൃദയത്തിൽ എന്തൊരു ആഹ്ലാദമായിരുന്നു

അതോർത്ത നിമിഷങ്ങളിൽ ഞാൻ ഒരാൾ സഹായിച്ചാൽ എന്നത് പോലെ വേഗം ഒരുങ്ങി അഞ്ചു മിനിറ്റിനകം വിശുദ്ധ കുർബാനയ്ക്ക് പോകാനായി ഇറങ്ങി.

വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ വാതിലിനു തൊട്ടു മുൻപിലായി ഏതോ ഒരു കുഞ്ഞ് പക്ഷിയുടെ മനോഹരമായ ഒരു ചെറിയ വെള്ള തൂവൽ കിടക്കുന്നുണ്ടായിരുന്നു.

അപ്പോൾ വീശിക്കൊണ്ടിരുന്ന ചെറുകാറ്റിൽ അത് ചലിച്ചു കൊണ്ടിരുന്നു.

കാവൽ മാലാഖയെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, എങ്കിലും നമ്മുടെ മനസിൽ മാലാഖാമാർക്ക് ഒരു മനോഹര രൂപമുണ്ടല്ലോ, വെള്ളചിറകുകളും

കുഞ്ഞിലേ മുതലേ കൂടെയുണ്ടായിട്ട് ഞാൻ എത്ര തവണ ഈ പ്രിയ മാലാഖയെ ഓർത്തിട്ടുണ്ട്!

അമ്മയെക്കാളും കൂടുതൽ കരുതലോടെ ദിവസവും 24 മണിക്കൂർ കണ്ണിമയ്ക്കാതെ എന്നെ നോക്കി പരിപാലിക്കുന്ന ലോകത്തിൽ വേറേ ആരെയും കാൾ കൂടുതൽ എന്റെ നിത്യ രക്ഷ എന്ന ലക്ഷ്യത്തിലേയ്ക്ക് എന്നെ നയിക്കുന്ന എന്റെ കാവൽ മാലാഖ

നന്മ ചെയ്യാനും ചിന്തിക്കാനും പറയാനും പ്രചോദനം തരുന്ന മാലാഖ

ഈശോ എന്ന സ്നേഹത്തിലേയ്ക്ക് പരിശുദ്ധ അമ്മ എന്ന കുറുക്കു വഴിയിലൂടെ കൊണ്ടെത്തിക്കുന്ന മാലാഖ

ഒരു ദിവസം ആരംഭിക്കുമ്പോൾ മുതൽ എത്രയോ തവണ ഈ മാലാഖയെ കുറിച്ച് ഒരിക്കൽ എങ്കിലും ഞാൻ ഓർത്തിരുന്നു എങ്കിൽ എന്ന് കാവൽ മാലാഖ ഓർത്തിട്ടുണ്ടാവണം

വേറൊന്നിനുമല്ല…

ഓരോന്നിനും ഞാൻ ഒത്തിരി സമയം കളഞ്ഞു ബുദ്ധിമുട്ടുമ്പോൾ ഇങ്ങനെ സഹായം ചോദിക്കാനും കാവൽ മാലാഖയുടെ സഹായം അപ്പഴപ്പോൾ സ്വീകരിച്ചു കുറച്ചു കൂടി എളുപ്പത്തിലും ലളിതമായും ആത്മീയ ജീവിതം നയിക്കാനും കഴിഞ്ഞേനെ

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ആത്മീയ കാര്യങ്ങൾ കാണുന്നതാണ് ഏറ്റവും മനോഹരം എന്ന് എനിക്ക് തോന്നാറുണ്ട്.

“ഈ പ്രത്യാശയിലാണ്‌ നാം രക്ഷ പ്രാപിക്കുന്നത്‌. കണ്ടുകഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം?
എന്നാല്‍, കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.

നമ്മുടെ ബലഹീനതയില്‍ ആത്മാവ്‌ നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു”.
(റോമാ 8 : 24-26)

ഈശോയോടുള്ള സ്നേഹമാണ് ആഴമേറിയ വിശ്വാസത്തിലേയ്ക്ക് ഒരുവനെ നയിക്കുന്നത്.അതിനു സഹായിക്കുന്നത് പരിശുദ്ധാത്മാവും.

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കിയാൽ എല്ലാത്തിനും ആത്മീയ അർത്ഥം കാണുവാൻ സാധിക്കുമെന്നും എനിക്ക് തോന്നി

വിശുദ്ധ കുർബാനയ്ക്ക് പോകുവാൻ ഒരുങ്ങാൻ എന്നെ സഹായിച്ച കാവൽ മാലാഖയുടെ സാന്നിധ്യത്തിന്റെ ഓർമയിലും അറിവിലും ഞങ്ങൾ ഒന്നിച്ചു നടന്നു.

വൈകുന്നേരമായിട്ടും നല്ല വെയിൽ ഉണ്ടായിരുന്നതിനാൽ വഴിയിലെല്ലാം നല്ല ചൂടുണ്ടായിരുന്നു.

വേഗം നടക്കാനും ഇത്തിരി ബുദ്ധിമുട്ട്…

അപ്പോഴാണ് എസ്തേർ രാജ്ഞി രാജാവിന്റെ സന്നിധിയിലേക്ക് പോകുവാൻ തോഴിമാരോടൊപ്പം ഇറങ്ങിയ കാര്യം ഓർമ വന്നത്.

“രാജകീയമായ അലങ്കാരങ്ങളണിഞ്ഞ്‌, എല്ലാം കാണുന്ന രക്ഷകനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച്‌ രണ്ടു തോഴിമാരെയും കൂട്ടി അവള്‍ നടന്നു.
ഒരുവളുടെമേല്‍ അവള്‍ മൃദുവായി ചാരി;
അപര, പിന്നില്‍ നീണ്ടുകിടക്കുന്ന വസ്‌ത്രത്തിന്റെ അഗ്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു.
അവികലസൗന്ദര്യംകൊണ്ട്‌ അവള്‍ പ്രശോഭിച്ചു “.
എസ്‌തേര്‍ 12 : 2-5

എന്ത് കൊണ്ട് കാവൽ മാലാഖയുടെ മേൽ ചാരി നടന്നു കൂടാ എന്ന് ഞാൻ ചിന്തിച്ചു.

ഇങ്ങനെ ആലോചിച്ചു സാവകാശം നടന്നപ്പോൾ മനസിന്‌ നല്ല സന്തോഷം തോന്നി.

എസ്തേർ രാജ്ഞിയും ഞാനും തമ്മിലുള്ള വ്യത്യാസം ഞാൻ ചിന്തിച്ചു.

എസ്തേർ രാജ്ഞി തന്റെ രാജാവിന്റെ അടുക്കലേയ്ക്ക് ആണ് പോകാൻ ഇറങ്ങിയത്.

എന്നാൽ തന്റെ ജനതയുടെ നിലനിൽപ് അപകടത്തിൽ ആകും എന്ന അത്യാവശ്യഘട്ടത്തിൽ രാജാവിന്റെ വിളിക്കാതെയാണ് എസ്തേർ രാജ്ഞി രാജസന്നിധിയിൽ പോകാനിറങ്ങിയത്.

രാജാവ് പ്രസാദിച്ചില്ലെങ്കിൽ മരണ ശിക്ഷ കിട്ടും എന്ന ഉള്ളറിവിൽ എസ്തേർ രാജ്ഞിയുടെ ഹൃദയം ഭീതി കൊണ്ടു മരവിച്ചിരുന്നു

എന്നാൽ ഞാൻ എന്റെ കാവൽ മാലാഖയോടൊപ്പം മറ്റനേകം മാലാഖാമാരോടൊപ്പം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്!

രാജാക്കന്മാരുടെ രാജാവിന്റെ സന്നിധിയിലേക്ക്…

എന്റെ ഈശോയുടെ അടുത്തേയ്ക്ക്…

എന്റെ ദിവസത്തിലെ ഏറ്റവും പ്രധാനമണിക്കൂറിലേയ്ക്ക്…

ഏറ്റവും അർത്ഥപൂർണവും ജീവദായകവുമായ പരിശുദ്ധ കുർബാനയിലേയ്ക്ക്…

ഞാൻ അങ്ങോട്ടേക്ക് പോകുമ്പോൾ എന്റെ വിശേഷവസ്ത്രം എന്താണ്!

എന്റെ മാമോദീസയിൽ എനിക്ക് ലഭിച്ച ആത്മീയ വസ്ത്രം…

ആ വസ്ത്രം തന്റെ തിരുരക്തത്താൽ കഴുകി ശുചിയാക്കുന്നതും ഏറ്റവും വെണ്മയോടെ കാക്കുന്നതും അതിൽ ഓരോ ദിവസവും തനിക്ക് ഇഷ്ടമുള്ള ഓരോരോ ആത്മീയഅലങ്കാരങ്ങളും വച്ചു ഓരോ വിശുദ്ധകുർബാനയ്ക്കും വ്യത്യസ്ത രീതിയിൽ ഒരുക്കാൻ എന്നെ അലങ്കരിക്കുന്നതും എന്റെ ഈശോ തന്നെ

കൂടെ ഈശോയെ സഹായിച്ചു കൊണ്ടു പരിശുദ്ധ അമ്മയും…

അനേകം മാലാഖാമാരും…

രാജാവിന്റെ സന്നിധിയിലേയ്ക്ക് പോകാൻ ഇറങ്ങിയപ്പോൾ എസ്തേർ രാജ്ഞി ഭയത്തോടെ നടന്നു എങ്കിൽ എന്റെ കാവൽ മാലാഖയോടൊപ്പം നടക്കുമ്പോൾ ദൈവാലയവാതിൽ വരെ ഞാനെത്താൻ താമസിക്കുമ്പോൾ പകുതി വഴി വരെ നടന്നു വന്നു ദൈവലയത്തിലേയ്ക്ക് എന്നെ ഒരു ചെറിയ കുഞ്ഞിനെ പോലെ വാത്സല്യ പൂർവ്വം കൈ പിടിച്ചു കൂട്ടികൊണ്ട് പോകുന്ന ഈശോയാണ് എന്റേത്.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും”.
(1 യോഹന്നാന്‍ 3 : 1)

എന്റേതായ കുറവുകളും പോരായ്മകളും ഒന്നും ഈശോയുടെ അടുത്തു ചെല്ലാതിരിക്കാനുള്ള കാരണമായി ഞാൻ കണക്കിലെടുക്കുന്നേയില്ല.

ഈശോ ആരാണെന്നുള്ള എന്റെ പൂർണമായ അറിവ് കുറവും ഈശോയെ സമീപിക്കുവാൻ എനിക്ക് തടസമല്ല, കാരണം ഈശോയെ എനിക്ക് പൂർണമായി മനസിലാകുന്നില്ല എങ്കിലും ഈശോയ്ക്ക് എന്നെ പരിപൂർണമായി അറിയാം

ഒരു ചെറിയ കുഞ്ഞിന് അതിന്റെ അമ്മ യഥാർത്ഥത്തിൽ ആരാണെന്നോ അമ്മ എന്ത് ജോലി ആണ് ചെയ്യുന്നതെന്നോ അമ്മയ്ക്ക് എത്ര സ്വത്ത് ഉണ്ടെന്നോ എന്ത് മാത്രം വിദ്യാഭ്യാസം ഉണ്ടെന്നോ ഒന്നും അറിയില്ലല്ലോ, അതിനു ഒന്ന് മാത്രം അറിയാം

ഇതെന്റെ അമ്മയാണ്. അമ്മ എനിക്കായി എല്ലാം ചെയ്തു കൊള്ളും. അമ്മയ്ക്ക് എന്നെ ഇഷ്ടമാണ്

പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എന്റെ നിസാരതയിൽ ഒരു കുഞ്ഞിനെ പോലെ ഭയമില്ലാതെ പോകാൻ എന്റെ ആത്മാവിനെ സഹായിക്കുന്നതും ഈ അറിവ് തന്നെ…

ഇതെന്റെ ഈശോ എനിക്കായി ഒരുക്കുന്ന വിരുന്നാണ്.

ഓരോ ദിവസവും ഏറ്റവും ഫലപ്രദമായി ജീവിക്കുവാൻ എനിക്ക് ശക്തി പകരുവാനും എനിക്ക് ജീവൻ പകരുവാനും എന്നെ അനുനിമിഷം നയിക്കുവാനും നിത്യ ജീവൻ നൽകുന്ന യഥാർത്ഥ വിരുന്ന്.

വിശുദ്ധ കുർബാന വിരുന്ന്..

എന്റെ ആത്മാവിന്റെ ആഴത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അറിഞ്ഞും അറിയാതെയും ചെയ്ത ഓരോ പാപങ്ങളും ആത്മ ശോധന ചെയ്തു അറിയാവുന്നതു പോലെ ഈശോ ഒരുക്കുന്ന സാഹചര്യത്തിൽ കുമ്പസാരിച്ചു പാപം മോചിക്കപ്പെട്ടു കഴിയുമ്പോൾ ഞാൻ എന്റെ ഹൃദയത്തിൽ ഉറപ്പിക്കേണ്ട ഒരു കാര്യമുണ്ട്.

എന്റെ പാപങ്ങൾ ഒക്കെയും ക്ഷമിക്കപ്പെട്ടു എന്നത്.

ഈശോ എന്ന വ്യക്തിയിൽ പരിപൂർണ വിശ്വാസമില്ലാതെ അങ്ങനെ ഒരുറപ്പ് ആത്മാവിന് സാധ്യമല്ല

എന്നാൽ ഈശോ നമ്മോടു പറയുന്ന ഒരു കാര്യമുണ്ട്

ഒരു ശിശുവിന്റെ മനോഭാവത്തിൽ എല്ലാകാര്യങ്ങളും നോക്കി കാണുവാനും അങ്ങനെ പെരുമാറുവാനും അവിടുന്ന് പറയുന്നു

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
മര്‍ക്കോസ്‌ 10 : 15

ഒരു ശിശുവിനു അതിനോട് പറയുന്ന കാര്യങ്ങളെ പറ്റി സംശയമില്ല.

അത് പോലെ അദ്ധ്യാത്മിക ശിശുത്വം എന്ന കൃപ നമ്മളെ ഈശോയുടെ പക്കൽ ആയിരിക്കുന്ന അവസ്ഥയിൽ ഭയമില്ലാതെ ചെല്ലാൻ സഹായിക്കും

വിശുദ്ധ കുർബാന എന്ന വിരുന്നിൽ ഓരോ ദിവസവും ആഹ്ലാദത്തോടെ ഓടി അണയുവാനും വിസ്മയഭരിതമായ കണ്ണുകളോടെ വിശ്വാസത്തിന്റെ കാഴ്ചകൾ കണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവാനും സാധിക്കും

ഓരോ വിരുന്നും അതിൽ പങ്കെടുക്കുന്നവർക്ക് അങ്ങേയറ്റം ആഹ്ലാദിക്കുവാൻ ഉള്ളതാണ്.

ഓരോ വിരുന്നിന്റെയും പുറകിൽ ഒത്തിരി കഷ്ടപ്പാടുകൾ ഉണ്ട്

വിശുദ്ധ കുർബാന എന്ന വിവാഹ വിരുന്നൊരുക്കുന്നത് ഈശോ ആണ്.

അതിന്റെ മുഖ്യ സംഘാടകനും പ്രഘോഷകനും പാചകക്കാരനും വരനും വിരുന്നും വിളമ്പുന്നവനും ഈശോ തന്നെ.

സഹായികളായി ഈശോയുടെ വൈദികനും പരിശുദ്ധ അമ്മയും സ്വർഗ്ഗവാസികളും..

സഹായാർത്ഥികളായി അനേകം ശുദ്ധീകരണാത്മാക്കളും

ഒത്തിരി പേരാണ് ഒരു പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് എന്ന് പ്രത്യക്ഷരീതിയിൽ തോന്നുമെങ്കിലും വിശുദ്ധ കുർബാന തികച്ചും വ്യക്തിപരമായ ഒരു ആത്മീയ അനുഭവമാണ്

ഞാൻ പങ്കെടുക്കുന്ന പരിശുദ്ധ കുർബാനയിൽ ഞാനാണ് ഈശോയുടെ മുഖ്യാതിഥി…

എനിക്ക് വേണ്ടി ആണ് ഈശോ ഈ ബലിയർപ്പിക്കുന്നത്…

എനിക്ക് വേണ്ടിയാണു ഈശോ ഒരു വട്ടം കൂടി ജീവിതവഴികളിലൂടെ സെഹിയോനിലൂടെ ഗത്സമേനിലൂടെ കാൽവരിയിലൂടെ നടന്നു നീങ്ങുന്നത്..

എനിക്ക് വേണ്ടിയാണു അവിടുന്ന് പരിശുദ്ധ കുർബാനയപ്പമായി പരിപൂർണമായും മാറുന്നത്

എനിക്ക് ജീവൻ തരാൻ വേണ്ടിയാണു അവിടുന്ന് മുറിയപ്പെടുന്നത്

എനിക്ക് വേണ്ടിയാണു അവിടുത്തെ പരിശുദ്ധമായ തിരുരക്തം അവിടുത്തെ തുടിക്കുന്ന ഹൃദയത്തിൽ നിന്നും വീണ്ടും ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നത്

എനിക്കായിട്ടാണ് എന്നെ എന്നിൽ വസിച്ചു കൊണ്ടു സ്നേഹിക്കാനാണ് അവിടുന്ന് എന്നിൽ ദിവ്യകാരുണ്യമായി വരുന്നത്

പരിശുദ്ധ കുർബാന എന്ന മഹാ വിരുന്ന് എനിക്കായി തയ്യാറാക്കപ്പെടുമ്പോൾ ഞാൻ അത് ഏറ്റവും ഹൃദ്യമായി ആസ്വദിക്കണം എന്ന് ഈശോ ആഗ്രഹിക്കുന്നു.

സാധാരണ ഒരു വിരുന്ന് കഴിയുമ്പോൾ നമുക്ക് ഒരു സംതൃപ്തി ഉണ്ടാകും.
അത് കാണുമ്പോൾ അതൊരുക്കിയവരുടെ മനം നിറയും.

ഓരോ വിശുദ്ധ കുർബാനയിലും പങ്കെടുത്തു ഈശോയെ സ്വീകരിച്ചു കഴിയുമ്പോഴും എന്റെ ഹൃദയവും മനസും ആത്മാവും സംതൃപ്തമാകണം. അത് വിശുദ്ധ കുർബാന വിരുന്നൊരുക്കിയ ഈശോയെ വളരെയേറെ സന്തോഷിപ്പിക്കും.

പരിശുദ്ധ കുർബാന നൽകുന്ന ഈ പൂർണമായ ആത്മ സംതൃപ്തിയിൽ നിന്നും ഈശോയോടുള്ള സ്നേഹം വളരെയധികം വർദ്ധിക്കും. ഈ സ്നേഹം നമ്മെ വളരെയധികം പരിശുദ്ധ കുർബാനയെ പറ്റി ചിന്തിപ്പിക്കുകയും ഈശോയോടുള്ള കലർപ്പില്ലാത്ത അവർണനീയമായ നന്ദി ഹൃദയത്തിൽ നിന്നും താനെ ഉയരുവാൻ തുടങ്ങുകയും ചെയ്യും.

ഇതിൽ കൂടുതൽ ഈശോ എങ്ങനെ എന്നെ സ്നേഹിക്കണം

ഇതിൽ കൂടുതൽ അവിടുത്തേയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും എനിക്ക് വേണ്ടി

ഞാനൊന്നു മാത്രമേ ചെയ്യേണ്ടൂ

സ്നേഹത്തോടെ പരിശുദ്ധ കുർബാനയ്ക്ക് അണയണം

അറിയാവുന്ന രീതിയിൽ ആവുന്നത്ര ഏകാഗ്രതയോടെ പരിശുദ്ധ കുർബാന നടക്കുന്ന അൾത്താരയോട് ചേർന്ന് നിന്നു ഓരോന്നും ഭക്തിയോടും ശ്രദ്ധയോടും കൂടെ നോക്കിക്കാണണം, മറുപടി പ്രാർത്ഥനകൾ അപ്പോഴപ്പോൾ ചൊല്ലണം.

ഒരു പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്നത് ഒരുവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഈശോയുടെ സ്വരം ഹൃദയത്തിൽ വിളിക്കുന്ന സ്വരം കേൾക്കാതെ ഒരുവനും പരിശുദ്ധ കുർബാനയിൽ യഥാർത്ഥത്തിൽ പങ്കെടുക്കുക സാധ്യമല്ല.

എന്നാൽ ഈശോ എല്ലാവരെയും വിളിക്കുന്നുണ്ട്.

എന്നാൽ ഹൃദയത്തിലെ പല പല ശബ്ദങ്ങൾക്കിടയിൽ ഈശോയുടെ ശബ്ദം നേർത്തു പോകാറുണ്ട്.

എന്നാൽ ഈശോയുടെ ശബ്ദത്തിന് ഹൃദയത്തിൽ കാതോർത്തു തുടങ്ങിയാൽ അവിടുത്തെ സ്വരവും പ്രചോദനവും തിരിച്ചറിയുവാൻ സാധിക്കും.

അവിടുന്ന് ഏറ്റവുമധികം നമ്മെ പ്രചോദിപ്പിക്കുന്നത് വിശുദ്ധ കുർബാനയിൽ അനുദിനം പങ്കെടുക്കുവാൻ ആയിരിക്കും.

ഓരോ ദിവസവും പുതിയതാണ്.

“കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;
അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌”.
(വിലാപങ്ങള്‍ 3 : 22-23)

ഓരോ ദിവസവും സ്വീകരിക്കുന്ന പരിശുദ്ധ കുർബാനയും നവമായ അനുഭവമാണ്.

ഈ പരിശുദ്ധ കുർബാനയുടെ സ്നേഹാനുഭവത്തിൽ നിത്യജീവനിൽ ഈശോയുമായി ഒന്നായി നിൽക്കുന്ന മഹനീയ നിമിഷത്തിന്റെ തുടർച്ച തന്നെയല്ലേ നിത്യത…

ഒരു വ്യത്യാസം മാത്രം…

ഞാൻ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടു നേരിട്ടെന്നത് പോലെ കണ്ടിരുന്നവ യഥാർത്ഥമായി കണ്ടു തുടങ്ങും.

ഈശോയെ യഥാർത്ഥത്തിൽ അവിടുത്തെ മഹത്വത്തിൽ നേരിട്ട് കണ്ടു കഴിയുമ്പോൾ എന്റെ ജീവിതത്തിലെ വിശ്വാസവും പ്രത്യാശയും ശരണവും സ്നേഹം എന്ന ഒരേയൊരു സുകൃതത്തിൽ ഒന്നായി മാറും.

ഈശോയുടെ സ്നേഹത്തിൽ നാം അവർണനീയമായ വിധത്തിൽ ഒന്നായി മാറുന്ന നിത്യതയുടെ മുന്നാസ്വാദനമല്ലേ ഓരോ പരിശുദ്ധ കുർബാനയും…

ചിന്തിച്ചു നടന്നു ദൈവാലയത്തിൽ എത്തിയതറിഞ്ഞില്ല…

“നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.”
(സങ്കീര്‍ത്തനങ്ങള്‍ 91 : 11-12)

പരിശുദ്ധ കുർബാനയുടെ മനോഹര നിമിഷങ്ങളിലേയ്ക്ക് കാവൽമാലാഖായുടെ പ്രത്യേകമായ സഹായത്താൽ നടക്കുന്ന വഴിയിൽ കാലിൽ ഒരു കല്ല് പോലും തട്ടാതെ സുരക്ഷിതമായി ഞാൻ ചെന്നെത്തിയപ്പോൾ എന്റെ ആത്മാവ് എന്റെ പ്രിയ മാലാഖയോട് സ്നേഹത്തോടെ ഈശോയുടെ നാമത്തിൽ നന്ദി പറയുന്നുണ്ടായിരുന്നു.

“എന്നാല്‍ നിങ്ങള്‍ ഹൃദയത്തില്‍ പറയണം: കര്‍ത്താവേ, അങ്ങയെ ആണ്‌ ഞങ്ങള്‍ ആരാധിക്കേണ്ടത്‌.
എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അവന്‍ നിങ്ങളുടെ ജീവന്‍ കാത്തു സൂക്ഷിക്കുന്നു”.
(ബാറൂക്ക്‌ 6 : 6-7)

എന്റെ ജീവനും ജീവിതവും ഈശോ അല്ലേ എന്ന് ഞാൻ ഓർത്തു.

എന്റെ ആത്മാവിൽ എന്റെ ജീവനായി വാഴുന്ന ഈശോയെ കാത്തുസൂക്ഷിക്കാൻ ഓരോ നിമിഷവും എന്നോടൊപ്പം കാവൽ നിൽക്കുന്ന എന്റെ കാവൽമാലാഖയെ പ്രതി ഈശോയെ അങ്ങേയ്ക്ക് നന്ദി!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment