ആദ്യവെള്ളിയാഴ്ച വൈകുന്നേരം പരിശുദ്ധ കുർബാനയുടെ ഒരുമണിക്കൂർ ആരാധന കഴിഞ്ഞു വീട്ടിലേക്കു ഇറങ്ങും വഴി ദൈവാലയത്തിന്റെ ഏറ്റവും പുറകു ഭാഗത്തു വച്ചിരിക്കുന്ന ബുക്കുകളിലൊന്നിൽ നോക്കിയപ്പോൾ പണ്ടത്തെ ഒരു പത്രത്തിന്റെ പേപ്പർ കട്ടിങ്ങ് കണ്ടു.
1978 ഒക്ടോബർ മാസത്തിൽ മാർപാപ്പയെ തിരഞ്ഞെടുക്കാൻ conclave കൂടുന്നു എന്നതിന്റെ Cork Examiner ൽ വന്ന പഴയൊരു വാർത്ത ആയിരുന്നു അത്.
ആ കോൺക്ലേവിൽ വച്ചായിരുന്നു ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ തിരഞ്ഞെടുത്തത്.
അപ്രതീക്ഷിതമായി ആ വാർത്ത കണ്ടതിന്റെ സന്തോഷത്തിൽ അടുത്തു നിന്നു പുസ്തകങ്ങൾ മറിച്ചു നോക്കിക്കൊണ്ടിരുന്ന ഒരാളെ ഞാൻ ഈ പത്രക്കടലാസ് കാണിച്ചു കൊടുത്തു. അതിനെ കുറിച്ച് സംസാരിച്ചു.
അദ്ദേഹം വേറേ ഒരു സ്ഥലത്തു ദിവ്യകാരുണ്യ ആരാധനയ്ക്കു പോവുകയാണെന്നു പറഞ്ഞപ്പോൾ സ്ഥലം അടുത്തായതിനാൽ ഞാനും കൂടെ പോയി
ഇടവകപ്പള്ളിയുടെ അടുത്തു തന്നെ ഇത്ര മനോഹരമായ ഒരു കൊച്ച് ചാപ്പൽ ഉണ്ടെന്നു ഞാൻ കരുതിയതേയില്ല
പോകും വഴി ഒരു വചനം എന്റെ ഹൃദയത്തിൽ വന്നു നിറഞ്ഞു
പിന്നെ, അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍ അവന്റെ സമീപത്തേക്കു ചെന്നു.
മര്‍ക്കോസ് 3 : 13
മുന്നോട്ടു നടക്കും തോറും ഈ വചനത്തിന്റെ അർത്ഥവും ആന്തരാർത്ഥവും അതിന്റെ വ്യാഖ്യാനവും ആ വചനത്തിലെ സ്നേഹവും ജീവനും വാത്സല്യവും ഒക്കെ എന്റെ ഹൃദയത്തിൽ അലയടിച്ചു കൊണ്ടിരുന്നു
ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന കഴിഞ്ഞു കഴിഞ്ഞു ഇടവക ദൈവാലയത്തിൽ നിന്നു ഓരോരുത്തരായി പിരിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്
ആ ദൈവാലയത്തിൽ അത്രയും നേരം നിന്ന ഒരാളെ പോലും ഈ പുതിയ സ്ഥലത്തേയ്ക്ക് ഈശോ വിളിച്ചില്ല, എന്നെ മാത്രമേയുള്ളൂ എന്ന് മനസിലായപ്പോൾ ഹൃദയം നിറയെ ആനന്ദം നിറഞ്ഞു
ഹോസ്പിറ്റലിലെ രോഗികളുടെ ബന്ധുക്കൾക്കും മറ്റും താമസിക്കാനുള്ള “Bru Columbanus” എന്ന രണ്ടു മൂന്നു നിലയുള്ള ഒരു വലിയ കെട്ടിടമായിരുന്നു അത്.
മുകളിലത്തെ നിലയിലുള്ള കൊച്ച് ചാപ്പലിൽ പ്രവേശിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ഹൃദയത്തിൽ നിറഞ്ഞു. പരിശുദ്ധ അമ്മയുടെ മനോഹര സ്വരൂപത്തിന്റെ അടുത്തു കൂടി ഞാൻ മുന്നോട്ട് ചെന്നു.
സ്വർണ വർണത്തിൽ ഉള്ള കൊച്ച് സക്രാരി ചാപ്പലിന്റെ ഒരു വശത്തായി ഉണ്ടായിരുന്നു.
എല്ലാ ആദ്യവെള്ളിയാഴ്ചയും രാത്രി ഏഴര മുതൽ ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഉണ്ടെന്നു എന്റെ കൂടെ വന്ന പാട്രിക്ക് പറഞ്ഞിരുന്നു.
ഞങ്ങൾ ചെന്നപ്പോൾ ഒന്നൊ രണ്ടോ പേര് ചാപ്പലിൽ ഉണ്ടായിരുന്നു.
ചെന്നപ്പോഴേയ്ക്കും രാത്രി ഏഴര ആകാറായിരുന്നു. മനോഹരമായ സക്രാരി തുറന്നു വളരെ സ്നേഹത്തോടെ ഈശോയെ അവർ അൾത്താരയിൽ എടുത്തു വച്ചു.
ദിവ്യകാരുണ്യ ഈശോ എഴുന്നള്ളി ഇരുന്ന വളരെ ചെറിയൊരു മനോഹരമായ അരുളിക്ക. അത് അങ്ങനെ തന്നെയായിരുന്നു സക്രാരിയിലും ഇരുന്നിരുന്നത്.
അരുളിക്കയുടെ പുറമെ സാധാരണ രശ്മികൾ പോലെ കാണപ്പെടുന്ന ഭാഗത്തു പകുതി വൃത്താകൃതിയിലുള്ള സ്വർണ വളയം.
അത് കണ്ടപ്പോൾ ലോകത്തിൽ ഈശോ വസിക്കുന്ന ഒരു സക്രാരിയും സ്നേഹമുള്ള ഒരു മനുഷ്യഹൃദയം ആകുന്ന സക്രാരിയോളം പൂർണമല്ലല്ലോ എന്നു ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു
ഈശോയുടെ മുൻപിൽ ഇരുന്ന മണിക്കൂറുകളിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ഒരു ജനക്കൂട്ടത്തിൽ നിന്നും എന്നെ വിളിച്ചു വേർതിരിച്ചു മലമുകളിൽ എന്നത് പോലെ മൂന്നാം നിലയിലെ ഒരു കൊച്ച് ചാപ്പലിലേയ്ക്ക് ഒരാള് വഴി കൊണ്ടു വന്നു ഈശോയുടെ മുന്നിൽ ഇരുത്തിയിരിക്കുന്നു
കയ്യിൽ ആത്മമിത്രത്തിന്റെ കോപ്പി ഉണ്ടായിരുന്നു
ഗബ്രിയേലി ബോസിസിനോടാണ് ഓരോന്ന് ഈശോ പറഞ്ഞതെങ്കിലും അതിൽ പലതും എന്നോടാണെന്നു എനിക്ക് തോന്നി
രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു സാധാരണ സൗഹൃദം, എന്നാൽ വളരെ ആഴത്തിലേയ്ക്ക് പോകുന്ന ഒരു സൗഹൃദം, അതാണ് ഒരു വ്യക്തിയും ദിവ്യകാരുണ്യ ഈശോയും തമ്മിലുള്ള സൗഹൃദം എന്നെനിക്ക് തോന്നി
ഞാൻ ഈശോയുടെ മുന്നിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഓരോരോ കാര്യങ്ങൾ, ആകുലതകൾ, ഉത്തരവാദിത്വങ്ങൾ, സ്വപ്‌നങ്ങൾ തുടങ്ങിയവ…
എന്നാൽ അതിനെല്ലാം ഉപരിയായി ഹൃദയം ഈശോയെ തന്നെ നോക്കിക്കൊണ്ടിരുന്നു
മുന്നിൽ ഇരിക്കുന്ന ദിവ്യകാരുണ്യത്തെ നോക്കിയപ്പോൾ ഈശോ എന്റെ മുൻപിൽ ഇരിക്കുക മാത്രമല്ല, ഒരു മണിക്കൂറിനു മുൻപ് എന്റെ ഉള്ളിൽ എഴുന്നള്ളി വരികയും ചെയ്തിരുന്നല്ലോ എന്ന് എനിക്കോർമ്മ വന്നു.
ദിവ്യകാരുണ്യ രൂപനായി ഈശോ എന്റെ നാവിൽ എഴുന്നള്ളുന്ന നേരം…
ഒരു സൃഷ്ടാവ് തന്നെ തന്നെ ഒരു നിസാര സൃഷ്ടിയ്ക്ക് തന്നെ സ്നേഹിക്കാനായി പൂർണമായും വിട്ടു നൽകുന്നു
ഒരു ചെറുകുഞ്ഞിന്റെ പിഞ്ചുകരങ്ങളിൽ പോലും എടുക്കാൻ പാകത്തിന് ചെറുതായ, ഒരു ചെറു കാറ്റടിച്ചാൽ പോലും പറന്നു പോകും വിധം ദുർബലനായി നമ്മുടെ മുന്നിൽ സർവ മഹത്വവും മറച്ചു വച്ചു സ്നേഹം മാത്രം പുറത്ത് കാണിച്ചു നിശബ്ദനായി നിൽക്കുന്ന ഈശോ..
ഒരു നവ ജാതശിശു വിശപ്പിനാലും ദാഹത്താലും നാവ് വരണ്ടു കരയുമ്പോൾ അതിന്റെ അമ്മ ഓടിയെത്തി അതിനു പാല് നൽകും.
ഓരോ അമ്മയുടെയും ജീവരക്തത്തെ തന്റെ ചെറുകുഞ്ഞിനോടുള്ള സ്നേഹം അതിനു കുടിക്കാനുതകുന്ന പാലാക്കി മാറ്റുന്നു. കുഞ്ഞ് പാലുകുടിച്ചു വയറു നിറഞ്ഞു ശാന്തമായി ഉറങ്ങും.
ഇത് പോലെ ആത്മീയമായി വിശന്നു ദാഹിച്ചുമിരിക്കുന്ന ഓരോ വ്യക്തിയും ഈശോയെ ദിവ്യകാരുണ്യ സ്വീകരണത്തിനായി സമീപിയ്ക്കുമ്പോൾ തന്റെ കുഞ്ഞിന് പാല് കൊടുക്കാൻ വെമ്പുന്ന അമ്മയെ പോലെ ആണ് ഈശോ…
ഈശോയുടെ ശരീരവും രക്തവും പരിപൂർണമായും യഥാർത്ഥമായും ദിവ്യകാരുണ്യമായി മാറുന്നു.
സ്നേഹശൂന്യതയാൽ വരണ്ട നാവിൽ സ്നേഹാമൃതമായി ദിവ്യകാരുണ്യഈശോ ആഗതനാകുമ്പോൾ എന്ത് മാത്രം ആത്മീയ അത്ഭുതങ്ങൾ ആണ് ആ ഒരു നിമിഷത്തിൽ നടക്കുന്നത്.
ഞൊടിയിടയിൽ ദിവ്യകാരുണ്യം സ്വീകരിച്ച വ്യക്തി അയാൾ അറിയാതെ വര പ്രസാദത്തിന്റെ ഉന്നത അവസ്ഥയിലേക്ക് ഉയരുന്നു, ലോകത്തിന്റെ പ്രകാശമായ ദിവ്യകാരുണ്യം നാവിൽ പേറുമ്പോൾ അയാൾ ശരീരത്തിലും മനസിലും ആത്മാവിലും പ്രകാശിതനാകുന്നു.
ഹൃദയം പ്രകാശിപ്പിക്കപ്പെടുന്നു.
ആ സ്നേഹനിമിഷങ്ങളിൽ ഒരു നിമിഷമെങ്കിലും എന്റെ അകക്കണ്ണുകൾ ആ നിമിഷം തുറന്നിരുന്നു എങ്കിൽ അനേകായിരം മാലാഖമാരെ ഞാൻ കണ്ടേനെ
ലോകത്തിൽ ഞാൻ മാത്രമേയുള്ളൂ എന്ന രീതിയിൽ സ്നേഹത്തോടെ എന്നെതന്നെ ഉറ്റുനോക്കുന്ന പരിശുദ്ധ ത്രിത്വത്തെ കണ്ടേനെ…
പരിശുദ്ധ അമ്മയെയും യൗസേപ്പിതാവിനെയും വിശുദ്ധരെയും കണ്ടേനെ…
എന്റെ പ്രാർത്ഥനയ്ക്കായി ഉറ്റു നോക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ എന്റെ സഹോദരരെ കണ്ടേനെ…
എന്റെ സ്വന്തം കാവൽ മാലാഖയെ കണ്ടേനെ…
ഈശോ എന്റെ നാവിൽ വരുമ്പോഴുണ്ടാകുന്ന സ്നേഹപാരമ്യതയിൽ ഞാൻ അവിടുത്തോട് എന്താണ് പറയേണ്ടത്!
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്നല്ലേ!
ഈശോയും ആ സമയം എന്നോട് പറയുന്നത് കുഞ്ഞേ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നല്ലേ!
ആ നിമിഷങ്ങളിൽ എനിക്ക് മനസിലാകുന്നത് എന്താണ്….
ഒരു വ്യക്തിയുടെ വിശുദ്ധ കുർബാന സ്വീകരണം എന്ന മഹനീയ നിമിഷത്തിൽ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു ഒത്തു ചേരൽ നടക്കുന്നു.
സൃഷ്ടാവും സൃഷ്ടിയും വലുപ്പചെറുപ്പമില്ലാതെ സ്നേഹത്തിൽ ഒന്നാകുന്നു
അത് സൃഷ്ടാവിന്റെ മാഹാത്മ്യത്തെ ഒട്ടും കുറച്ചു കാണിക്കുന്നില്ല, മറിച്ചു തന്നെ സ്നേഹിക്കുന്ന, പൂർണമായും ആത്മാവിന്റെ ഉള്ളിൽ സ്വമനസാ സ്വീകരിക്കുന്ന ഒരു നിസാരസൃഷ്ടിയിൽ അവിടുന്ന് ഏറ്റവും സംപ്രീതനാകുന്നു, മഹത്വപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു.
വിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം അവിടുന്ന് ആ വ്യക്തിയിൽ സാവകാശം പൂർണമായും അലിഞ്ഞു ചേർന്ന് മറയുന്നു.
ഒരു സക്രാരി എന്നതിലുപരിയാണ് വിശുദ്ധ കുർബാന സ്വീകരിച്ച വ്യക്തിയുടെ അവസ്ഥ.
സക്രാരിയിൽ ഈശോ ഏതു നിമിഷവും എടുക്കപ്പെടാനായി താത്കാലികമായി വസിക്കുന്നു. സക്രാരി ഈശോയോട് സംസാരിക്കുന്നില്ല. അത് ഈശോയെ ഉചിതമായ വിധത്തിൽ സംവഹിക്കുന്ന ഒരു ഇടമാണ്.
എന്നാൽ വിശുദ്ധ കുർബാന സ്വീകരിച്ച ഒരു സാധാരണ വ്യക്തിയിൽ അവിടുന്ന് നിത്യതയോളം വേർപെടുത്തപ്പെടാത്ത വിധം സ്നേഹത്തിൽ ഒന്ന് ചേർന്നിരിക്കുന്നു.
ആ നിത്യതയോളമുള്ള ചേർന്നിരിക്കലിൽ ഹൃദയമിടിപ്പുകൾ പരസ്പരം ശ്രവിക്കാം. സ്നേഹ സംഭാഷണം നടത്താം.
വിശുദ്ധ കുർബാന സ്വീകരണം വഴി നമ്മിൽ ഈശോ വസിക്കുന്നു എന്ന് എപ്പോഴും നാം പറയുമ്പോഴും കേൾക്കുമ്പോഴും അതിലുപരിയായി നാം ഈശോയിലും വസിക്കുന്നു.
അവിടുത്തെ ഹിതപ്രകാരം ഈശോ ശിരസ്സായ മൗതിക ശരീരത്തിന്റെ ഭാഗമായി വർത്തിക്കുന്നു.
ഭൂമിയിൽ ആയിരിക്കുമ്പോൾ ഇങ്ങനെ ഈശോയുടെ മൗതിക ശരീരമായ തിരുസഭയിലെ ഓരോരോ അവയവങ്ങൾ എന്ന നിലയിൽ അവിടുത്തെ ഹിതപ്രകാരം ജീവിക്കുന്നവരാകുമ്പോൾ സകല അംഗങ്ങളുടെയും വാക്കുകളും പ്രവർത്തനങ്ങളും പ്രാർത്ഥനയും പരിശുദ്ധാത്മാവിനാൽ ഏകോപിപ്പിക്കപ്പെട്ടു ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾ അനുസ്യൂതം അനുദിനം മുന്നോട്ടു പോകുന്നു
വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞു സാധിക്കുമെങ്കിൽ പെട്ടെന്ന് എഴുനേറ്റു വീട്ടിലേക്കു മടങ്ങാതെ കുറച്ചു നേരം ഹൃദയത്തിലേയ്ക്ക് നോക്കാം
ഹൃദയത്തിലേയ്ക്ക് വരുന്ന ചിന്തകൾക്ക് കാതോർക്കാം
നിശബ്ദമായി ഇരിക്കുമ്പോൾ ഹൃദയത്തിൽ വചനത്തിലൂടെയും ചിന്തകളിലൂടെയും ദിവ്യകാരുണ്യ ഈശോ സംസാരിക്കാൻ തുടങ്ങും.
ദൈവപിതാവിന്റെ സ്നേഹത്തെ കുറിച്ച് ഈശോ സംസാരിക്കുന്നത് പരിശുദ്ധാത്മാവ് മനസിലാക്കി തരും
രണ്ടു വ്യക്തികൾ തമ്മിൽ ഏറ്റവും ആഴത്തിൽ സ്‌നേഹിക്കുമ്പോൾ എങ്ങനെയാണ് ലളിതമായ വിധത്തിൽ സംസാരം സാധ്യമാകുന്നത്
ഒരമ്മ സംസാരിക്കാൻ പ്രായമാകാത്ത പിഞ്ചു കുഞ്ഞിനെ നോക്കുമ്പോൾ അതിന്റെ ആവശ്യങ്ങൾ ഒറ്റ നോട്ടത്തിൽ മനസിലാക്കുന്നു.
അതിലും ലളിതമാണ് ഈശോയുമായുള്ള ആത്മ സംഭാഷണം
അതിനു ഉപാധികളില്ല, ഇന്നതേ സംസാരിക്കാവൂ എന്നില്ല, അതിനു സമയം നോക്കേണ്ട, എപ്പോൾ വേണമെങ്കിലും സംസാരിക്കാം, നാം ജീവിക്കുന്ന അവസാനനിമിഷം വരെയും ഈശോയോട് സംസാരിക്കാൻ അവസരമുണ്ട്.
ഒരിക്കൽ സംസാരിച്ചു പരിചയിച്ചു കഴിഞ്ഞാൽ എന്നും കാണുന്ന ഒരു സുഹൃത്തിന്റെ ഹൃദയസ്വാതന്ത്യത്തിൽ സംസാരിക്കാനുള്ള കൃപ ദൈവാത്മാവ് നൽകും.
വാക്കുകളിൽ മാത്രമല്ല, നോട്ടത്തിലും ശരീരഭാഷയിലും നിശബ്ദതയിലും പരസ്പരസംസാരം സാധ്യമാകും, പരസ്പരം മനസിലാകും.
ഈശോയുടെ ഒപ്പം കുറച്ചു നേരം ശാന്തമായി ഇരുന്നാൽ വ്യക്തമായി മനസിലാക്കി തരാൻ ആഗ്രഹിക്കുന്ന കുറെയേറെ കാര്യങ്ങൾ ആത്മാവിന് ബോധ്യമാകും.
പുറമെയുള്ള ഒരാളോട് വാക്കുകളിൽ പറഞ്ഞു മനസിലാക്കാൻ കഴിയാത്ത അത്രയും ആന്തരികമായി നടക്കുന്ന ഈ സ്നേഹസംഭാഷണങ്ങളാണ് ഓരോ ആത്മാവിനെയും ഈശോയിലേയ്ക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത്
നമുക്ക് നമ്മെ മനസിലാക്കുന്ന ഒരാളോട് സംസാരിച്ചിരിക്കാൻ നമുക്ക് എന്തൊരിഷ്‌ടമാണ്. സമയം പോകുന്നത് അറിയുകയേയില്ല. മാത്രമല്ല പിന്നെയും പിന്നെയും സംസാരിക്കാനുള്ള അവസരങ്ങൾ നാം തന്നെ കണ്ടെത്തുകയും ചെയ്യും.
നമ്മെയും നമ്മുടെ സാഹചര്യങ്ങളെയും മനസിലാക്കുന്ന ഒരാളോട് കാരണം ബോധിപ്പിക്കേണ്ട കാര്യമില്ല, അവിടെ ഒന്നിനും വിശദീകരണങ്ങൾ ആവശ്യമില്ല.
നമ്മെ സ്നേഹത്തിന്റെ ആഴത്തിൽ മനസിലാക്കുന്ന ഒരു വ്യക്തിയുടെ അടുത്ത് ചെല്ലുമ്പോൾ നമ്മുടെ നിറഞ്ഞ കണ്ണുകൾ മാത്രം മതി, കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ
എന്നാൽ ഈശോയ്ക്ക് അതിന്റെയും ആവശ്യമില്ല, നമ്മുടെ ചിന്തകൾ പോലും നമ്മിൽ ഉരുവാകും മുൻപേ അവിടുന്ന് അറിയുന്നു
എങ്കിലും ഈശോയുടെ മുന്നിൽ ചെല്ലുമ്പോൾ വേണമെങ്കിൽ നമ്മുടെ സങ്കടങ്ങൾ പറയാം.
അല്ലെങ്കിൽ ഈശോയുടെ കാര്യങ്ങൾ ഇങ്ങനെ വെറുതെ ഓർക്കാം.
എന്തായാലും മരിക്കുന്ന നിമിഷത്തിനപ്പുറവും കൂടെ യുണ്ടെന്നുറപ്പുള്ള ഒരു പ്രാണസ്നേഹിതന്റെ കൂട്ട് ഒരിക്കലും വൃഥാവിലാകില്ല. മറിച്ചു സ്വർഗത്തിൽ നിത്യമായി ഈശോയോടൊത്തുള്ള ദിനങ്ങൾ സ്വപ്നം കാണാൻ പ്രത്യാശ നൽകും.
നാമും നമ്മുടെ ജീവിതത്തിലെ കാര്യങ്ങളും ദൈവിക പദ്ധതിയനുസരിച്ചു മനോഹരമായിതന്നെ തക്ക സമയത്തു നിരന്തരം രൂപാന്തരപ്പെട്ടു നിത്യത എത്തും വരെയും മുന്നോട്ടു പോയിക്കൊണ്ടിരിക്കും.
ദിവ്യകാരുണ്യ ഈശോ നമ്മിൽ വസിക്കുമ്പോൾ ഹൃദയം അവിടുന്നിൽ ആഴമായി ആനന്ദിച്ചു കൊണ്ടേയിരിക്കും.
ആത്മാവ് അവിടുത്തെ മഹത്വത്തിൽ ആമഗ്നമായി അരൂപിയിൽ ആരാധിച്ചു കൊണ്ടേയിരിക്കും.
എന്നാൽ വിശുദ്ധ കുർബാന കഴിഞ്ഞു പുറത്തേക്കു വരുന്ന നിമിഷം മുതൽ കാവൽ മാലാഖ നിരന്തരം നമ്മോടു കൂടെയുണ്ട് എന്ന കാര്യം മറക്കുന്നത് പോലെ ദിവ്യകാരുണ്യ ഈശോ എന്നൊരു വ്യക്തി നമ്മോടൊപ്പമുണ്ടെന്നു ഓരോരോ കാര്യം വരുമ്പോൾ നാം മറന്നേ പോകുന്നു.
എങ്ങനെ ഈശോയെ മറക്കാതെ ഇരിക്കാം എന്ന് ദിവ്യകാരുണ്യ ഈശോയെ നോക്കി ഞാൻ ചിന്തിച്ചു.
ദൈവാലയത്തിൽ നിന്നു ഇറങ്ങുമ്പോൾ ഓർമ വരുന്ന കുഞ്ഞ് കാര്യങ്ങൾക്കും ഉള്ളിലെ ഈശോയോട് ചെറിയ വാക്കുകളിൽ നന്ദി പറയാം.
കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും മറ്റുള്ളവരോട് ചോദിക്കും ആദ്യമേ ഈശോയോട് അഭിപ്രായം ചോദിക്കുന്ന ശീലം തുടങ്ങാം
വേറൊരു വ്യക്തിയെ കാണുമ്പോൾ അവരിൽ സർവ മഹത്വത്തോടും കൂടെ വസിക്കുന്ന ഈശോയെ ഓർക്കാം.
ദൈവവചനം വായിക്കുമ്പോൾ ഉള്ളിൽ വസിക്കുന്ന ഈശോയോട് അത് നമ്മുടെ ജീവിതത്തിനു അനുസൃതം വ്യാഖ്യാനിച്ചു തരാൻ പറയാം.
ഓരോരോ പ്രാർത്ഥനകളും നിയോഗങ്ങളും ഓരോരുത്തർ നമ്മെ ഏല്പിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയെ ഏല്പിക്കാം.
ഈശോയോടൊപ്പം പരിശുദ്ധ അമ്മയെ സ്നേഹിക്കാം.
രോഗപീഡകളിൽ ആകുലതകളിൽ, സങ്കടങ്ങളിൽ, നിസ്സഹായതയിൽ ഈശോയുടെ ഗത്സമേൻ അനുഭവത്തെ കുറിച്ച് ചിന്തിക്കാം
ഓരോ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴും ഇത് നമുക്ക് തരാൻ ഈശോ തന്റെ ജീവനർപ്പിച്ചു എന്ന് മറക്കാതെ ഇരിക്കാം.
സ്വർഗത്തെ കുറിച്ച് സ്വർഗ്ഗവാസികളെ കുറിച്ച്, സ്വർഗത്തിൽ നമുക്കായി ഈശോയാൽ സ്നേഹത്തോടെ തയ്യാറാക്കപ്പെടുന്ന വസതിയെ കൂടുതൽ കൂടുതൽ ചിന്തിക്കാം
“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ് 10 : 15)
ഈശോയുടെ മുന്നിൽ ഒരു ശിശുവിനെ പോലെ ആയിരിക്കാം. ഭയമില്ലാതെ അവിടുത്തെ സമീപിക്കാം.
എന്താവശ്യമുണ്ടെങ്കിലും ഉള്ളിലേയ്ക്ക് ഈശോയിലേയ്ക്ക് തിരിയുന്നത് അവിടുത്തോട് കുഞ്ഞുങ്ങൾ അപ്പനോട് എന്നത് പോലെ പറയുന്നത് ഒരു ശീലമാക്കാം.
അപ്പോൾ ഈശോ കൂടെയുണ്ട് എന്ന സത്യം ഓർമ മാത്രമായി നിൽക്കാതെ ജീവന്റെയും അനുദിനജീവിതത്തിന്റെയും അതിന്റെ തുടർച്ചയായി നിത്യതയുടെയും ഭാഗമാകും.
വൈകുന്നേരമായതിനാൽ കുറെയേറെ കിളികൾ ഒരു മരത്തിൽ ചേക്കേറാൻ നേരം കൂട്ടമായി പറന്നുയർന്നു വട്ടം കറങ്ങി ഒരുമിച്ചു ചിലച്ചു ബഹളം വയ്ക്കുന്നത് കേട്ടാണ് ഞാൻ ചാപ്പലിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കിയത്.
അന്നേരം എന്റെ മനസ്സിൽ വന്നത് നമ്മുടെയൊക്കെ സന്ധ്യ പ്രാർത്ഥന പോലെ ഉറങ്ങും മുൻപേ പോയ ദിവസത്തെ കുറവില്ലാത്ത ദൈവപരിപാലനയെ പ്രതി കിളികളൊക്കെ ദൈവത്തെ പാടി സ്തുതിക്കുകയാണല്ലോ എന്നാണ്. ചെറുകിളികൾ പ്രഭാതത്തിലും തങ്ങളുടെ നേർത്ത ശബ്ദത്തിൽ പാടി ദൈവത്തെ വാഴ്ത്തുന്നത് പതിവാണല്ലോ എന്നും ഞാനോർത്തു.
ഈശോയുടെ മുന്നിൽ ഓരോന്ന് ഓർത്തു അവിടുത്തെ സ്നേഹിച്ചു, ഈശോയുടെ സ്നേഹം തിരികെ വാങ്ങി ഇരുന്നിരുന്നു ഒരു മണിക്കൂർ പോയതറിഞ്ഞേയില്ല.
ഈശോയ്ക്ക് സ്നേഹിക്കാൻ വേറാരുമില്ല എന്ന രീതിയിലാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ നാം അവിടുത്തോട് മിണ്ടാൻ ഈശോ കാത്തിരിക്കുന്നത്
ശരിക്കും ഈശോ ലോകത്തിൽ വേറേ ആരുമില്ല എന്നത് പോലെയാണ് നമ്മളെ ഓരോരുത്തരെയും സ്നേഹിക്കുന്നത്.
ദിവ്യകാരുണ്യ ആരാധനയുടെ സമയം കഴിഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരെ ആശീർവച്ചനുഗ്രഹിച്ചതിനു ശേഷം അവിടുന്ന് സക്രാരിയിലേയ്ക്ക് മഹത്വപൂർണനായി മടങ്ങി.
ഹൃദയത്തിൽ വളരെ സന്തോഷത്തോടെ ഞാൻ തിരികെ പോരും വഴി എനിക്ക് ആ ചാപ്പലിലേക്ക് വഴി കാണിച്ചു തന്ന പാട്രിക്കിനോട് ഒരിക്കൽ കൂടി നന്ദി പറഞ്ഞു.
അവിടെ വന്നവരെക്കാളും കാൾ പ്രത്യേകമായ വിധത്തിൽ വിളിക്കപ്പെട്ടു കൂടെയിരുത്തി സ്നേഹിച്ചു എന്ന ദൈവസ്നേഹാനുഭവത്തിൽ സന്തോഷിച്ചു ഈശോയിൽ ആയിരുന്നു കൊണ്ടു ഞാൻ വീട്ടിലേക്ക് മടങ്ങി.


Leave a comment