പോവുക… ശ്രവിക്കുക… സ്നേഹിക്കുക
” നമുക്കു നാഥനെ അറിയണമെങ്കിൽ അവൻ്റെ അടുത്തു പോകണം. നിശബ്ദതയിൽ സക്രാരിക്കുമുമ്പിൽ അവനെ ശ്രവിക്കുകയും കൂദാശകളിലൂടെ അവനെ സമീപിക്കുകയും ചെയ്യണം.” ഫ്രാൻസീസ് പാപ്പ
വിശുദ്ധ കുർബാനയുടെ മുമ്പിൽ വിശ്വാസപൂർവ്വം ഭക്ത്യാദരവോടെ വ്യാപരിക്കുക എന്നത് ഒരു വിശ്വാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്.
വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ വാക്കുകളിൽ പരിശുദ്ധ കുർബാനയുടെമുമ്പിലുള്ള ആരാധന വിശുദ്ധ കുർബാനയും മറ്റുകൂദാശകളും കഴിഞ്ഞാൽ ദൈവത്തിന് ഏറ്റവും പ്രീതികരവും മനുഷ്യന് ഏറ്റവും പ്രയോജനകരവുമായ കാര്യമാണ്.
സ്നേഹത്തിൻ്റെ ദിവ്യകൂദാശയിൽ മനുഷ്യർ ഉപേക്ഷിക്കുകയും മറക്കുകയും ചെയ്ത ഈശോയെ സന്ദർശിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നു വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് നിർദേശിക്കുന്നു. ദിവ്യകാരുണ്യത്തിൽ നമ്മുടെ വരവിനായി കാത്തിരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന നമ്മുടെ നാഥനും ദൈവവുമായ അവനെ സന്ദർശിക്കുന്നതൊഴികെ ബാക്കി എല്ലാത്തിനും മനുഷ്യനു സമയമുണ്ടെന്നും വി. എയ്മാർഡ് വേദനയോടെ ഓർക്കുന്നു. ” തെരുവുകളും വിനോദ കേന്ദ്രങ്ങളും ആളുകളെകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നാൽ ദൈവത്തിൻ്റെ ആലയം വിജനമാണ്. ഓ പാവം ഈശോ” എന്നദ്ദേഹം പറയുമ്പോൾ ഒറ്റപ്പെടലിൻ്റെ നൊമ്പരം അനുഭവിക്കുന്ന ഈശോയെ വിശുദ്ധൻ വരച്ചുകാട്ടുകയാണ് ചെയ്യുന്നത്.
ജീവിതപ്രതിസന്ധികളിൽ അകപ്പെട്ട് തോരാത്തകണ്ണീരും വിഷാദ ഭാവവുമായി, ഇനി എന്ത്? എന്ന ചോദ്യശരവുമായി നിൽക്കുമ്പോൾ വിശുദ്ധ കുർബാനയിൽ നമുക്കായി കാത്തിരിക്കുന്ന ഈശോയുടെ പക്കൽ പോകാം അവനെ ശ്രവിക്കാം അവനെ സ്നേഹിക്കാം ജീവിതം അർത്ഥമുള്ളതാക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment