‘മറിയത്തിന്റെ പരിശുദ്ധ ജപമാല… നമ്മെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങല…’
“സ്വർഗ്ഗീയ അമ്മയുടെ അടുത്ത് എപ്പോഴും ആയിരിക്കുക, ആ അമ്മയെ സ്നേഹിക്കുക, ജപമാല ചൊല്ലി പ്രാർത്ഥിക്കുക, കാരണം ഈ കാലഘട്ടത്തിലെ ലോകത്തിന്റെ എല്ലാ തിന്മകൾക്കും എതിരായുള്ള ആയുധം ജപമാലയാണ്”… ദിവസവും 40-ഓളം ജപമാലകൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ആണിത് പറഞ്ഞത്.
വിശുദ്ധ ബ്രിജിറ്റിനു ലഭിച്ച ഒരു ദർശനത്തിൽ ഈശോ തന്റെ അമ്മയായ പരിശുദ്ധ മറിയത്തോടായി ഇങ്ങനെ പറയുന്നത് കേട്ടു.”ഓ എന്റെ അമ്മെ ; ഞാൻ അങ്ങയെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് അമ്മക്കറിയാം .. അപ്പോൾ പിന്നെ അമ്മ ആഗ്രഹിക്കുന്നതെന്തും എന്നോട് ചോദിക്കുക. എന്തെന്നാൽ അമ്മയുടെ ഏതൊരാഗ്രഹവും ഞാൻ ശ്രവിക്കും”.. ഈശോ കൂട്ടിച്ചേർത്ത കാരണം മനോഹരമായിരുന്നു. “അമ്മ ഭൂമിയിലായിരുന്നപ്പോൾ എന്നോടുള്ള സ്നേഹത്തെപ്രതി, ചെയ്യാൻ മടിച്ച യാതൊന്നുമില്ല. ഇപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്നതിനാൽ അമ്മ എന്നിൽ നിന്നും ചോദിക്കുന്ന യാതൊന്നും തന്നെ ഞാൻ നിരസിക്കരുതെന്നുള്ളത് നീതിയാണ്”.
കൃപ സമ്പാദിച്ചിട്ടുള്ള കാര്യത്തിലാകട്ടെ, വിതരണം ചെയ്യുന്ന കാര്യത്തിലാകട്ടെ, പരിശുദ്ധ അമ്മയുമായി താരതമ്യം ചെയ്യാൻ യോഗ്യതയുള്ള ഏത് വിശുദ്ധനുണ്ട്? ദൈവത്തെ ചലിപ്പിക്കാൻ ആർക്കാണ് അവളെക്കാൾ കൂടുതൽ കഴിയുക? ലോകത്തിൽ വേറെ ഏത് സൃഷ്ടിക്കാണ് പരിശുദ്ധ ത്രിത്വവുമായി ഇത്ര ബന്ധമുള്ളത്? ദൈവികകൃപയുടെ വിതരണക്കാരി എന്ന നിലയിൽ ദൈവസിംഹാസനത്തിങ്കൽ നിരന്തരം അവൾ വഹിക്കുന്ന മാധ്യസ്ഥത്തിൽ നമ്മുടെ ആശ്രയിക്കൽ തുടരുന്നു.
മറിയത്തിന്റെ ഒരു നെടുവീർപ്പിനു സകല വിശുദ്ധരുടെയും പ്രാർത്ഥനകൾ ഒന്നിപ്പിച്ചതിനേക്കാൾ ശക്തിയുണ്ട്. ഇക്കാര്യം വിശുദ്ധ ഡൊമിനിക്കിനോട് പിശാച് തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്. മനുഷ്യപ്രകൃതി ഈശോക്ക് ലഭിക്കാൻ കാരണമായ അവളുടെ സമ്മതത്താൽ അവിടുന്ന് അവളോട് കടപ്പെട്ടവനായി തീർന്നു. ആ കടപ്പാടിനാൽ ത്രിത്വൈകദൈവം അവളുടെ സകല അപേക്ഷകളും അനുവദിച്ചു കൊടുക്കുന്നു. ദൈവവചനത്തിനു മാംസം നൽകിയതു കൊണ്ടും നിത്യമരണത്തിൽ നിന്ന് നമ്മള്‍ മോചിതരാകേണ്ടതിന് രക്ഷാകരകർമ്മത്തിൽ സഹനത്തിലൂടെ പങ്കുചേർന്നതുകൊണ്ടും നമുക്ക് നിത്യരക്ഷ നേടിത്തരുന്നതിൽ അവൾ അതിശക്തയാണ്.
‘സൂക്ഷ്മ രൂപത്തിലുള്ള സുവിശേഷം’ എന്നറിയപ്പെടുന്ന ജപമാലയെപറ്റി പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ എഴുതി, ‘ജപമാലയുടെ പാപ്പ’ എന്നറിയപ്പെട്ട പിതാവാണ് ലിയോ പതിമൂന്നാമൻ പാപ്പ. ഒക്ടോബർ മാസം, ജപമാല മാസമായി പ്രഖ്യാപിച്ചതും ‘പരിശുദ്ധ ജപമാലയുടെ രാജ്ഞി’ എന്ന് ലോറേറ്റോ ലുത്തിനിയയിൽ കൂട്ടിച്ചേർത്തതും ഈ പാപ്പ തന്നെ. ‘ഇതാ നിന്റെ അമ്മ’ എന്ന് ക്രിസ്തു കുരിശിൽ കിടന്നു പറഞ്ഞ വാക്കുകൾ ഓരോ മനുഷ്യനോടും ആവർത്തിക്കാനായി, തന്റെ വാർദ്ധക്യകാലത്തും പാപ്പ പരിശുദ്ധ അമ്മയെക്കുറിച്ചും ജപമാലയെ കുറിച്ചും എഴുതികൊണ്ടേയിരുന്നു. മിക്ക ചാക്രികലേഖനങ്ങളും എഴുതിയത് ഒക്ടോബർ മാസാചരണത്തോട് അനുബന്ധിച്ചായിരുന്നു.
പ്രാർത്ഥനക്കൊപ്പം ദണ്ഡവിമോചനങ്ങളും പാപ്പ ചേർത്തുവച്ചു.
സൗകര്യപ്രദവും, പ്രായോഗികവുമായ രീതിയിൽ ക്രോഡീകരിച്ചിരിക്കുന്ന, സർവ്വോത്കൃഷ്ടമായ പ്രാർത്ഥനാരൂപവും, വിശ്വാസം സംരക്ഷിക്കാൻ തക്ക ഉപകരണവുമായിരിക്കുന്ന, പുണ്യപൂർണ്ണതയുടെ സുപ്രസിദ്ധ മാതൃകയായ കന്യാമറിയത്തിന്റെ ജപമാല, യഥാർത്ഥക്രൈസ്തവന്റെ കൈവശം എപ്പോഴും ഉണ്ടായിരിക്കുകയും അത് ഭക്തിപൂർവ്വം ചൊല്ലുകയും ധ്യാനിക്കുകയും വേണമെന്നാണ് മാഗ്നേ ദേയി മാത്രിസ് എന്ന ചാക്രികലേഖനത്തിൽ പാപ്പ പറഞ്ഞത്.
തിന്മയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ, പിശാചുക്കളെ ഓടിക്കാനും, ജീവിതത്തിന്റെ സമഗ്രത സംരക്ഷിക്കാനും, കൂടുതൽ എളുപ്പത്തിൽ പുണ്യം സമ്പാദിക്കാനും, മനുഷ്യരുടെ ഇടയിൽ യഥാർത്ഥ സമാധാനം പ്രാപിക്കാനും വേണ്ടി ശക്തമായ ആയുധമായി ഉപയോഗിക്കേണ്ട ഒന്നായിട്ടാണ് പതിനൊന്നാം പീയൂസ് പാപ്പ ജപമാലയെ ചൂണ്ടിക്കാണിച്ചത്. ശത്രുക്കളെ കീഴടക്കാൻ സഹായിക്കുക മാത്രമല്ല, സുവിശേഷ പുണ്യങ്ങൾ അഭ്യസിക്കാൻ അത് ശക്തിയായി പ്രേരിപ്പിക്കുന്നു. ആ പുണ്യങ്ങൾ നമ്മുടെ ആത്മാവിലേക്ക് കുത്തിവെക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ദിവ്യരഹസ്യങ്ങളെ കുറിച്ചുള്ള ധ്യാനത്തിലൂടെ അവ വീണ്ടും തഴച്ചുവളരുന്നു. ദൈവം വെളിപ്പെടുത്തിയ സത്യത്തിലേക്ക് നമ്മുടെ മനസ്സുകൾ ഉയർത്തുകയും ചെയ്യുന്നു. (വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞ, ജപമാലയിലൂടെ ക്രിസ്തുവുമായുള്ള അനുരൂപപ്പെടൽ. ആ അനുരൂപപ്പെടൽ ആണല്ലോ ക്രൈസ്തവ ജീവിതത്തിന്റെ യഥാർത്ഥ പദ്ധതി)
പകലത്തെ ജോലി കഴിഞ്ഞ്, സന്ധ്യാസമയത്ത് വീട്ടിൽ എല്ലാവരും ഒന്നിച്ചുകൂടി കന്യാമാതാവിന്റെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി കൊന്തനമസ്കാരം ചൊല്ലണം, ശബ്ദവും വിശ്വാസവും വിചാരവും ചേർത്തുചൊല്ലണം, അതിൽ നിന്ന് കുടുംബത്തിന് പ്രശാന്തതയും സ്വർഗീയദാനങ്ങളുടെ സമൃദ്ധിയും ലഭിക്കാതിരിക്കില്ലെന്ന് പാപ്പ പറയുന്നു.
നമ്മുടെ ഉറപ്പുള്ള ആത്മീയ ആയുധമാണ് പരിശുദ്ധ ജപമാല. നിരവധിയായ പ്രതിസന്ധി ഘട്ടങ്ങളെ സഭ തരണം ചെയ്തത് ജപമാല പ്രാർത്ഥനയിൽ ആശ്രയിച്ചു കൊണ്ടാണെന്ന് നമുക്കറിയാം. കുടുംബവിശുദ്ധീകരണത്തിനും ഓരോ വ്യക്തിയുടെയും നിത്യജീവിതപ്രാപ്തിക്കും ഉറപ്പുള്ള സഹായവുമാണത്. ഈ പ്രാർത്ഥന ഭക്തിയോടും വിനയത്തോടും കൂടി ചൊല്ലുമ്പോൾ അത് പിശാചിനെ പലായനം ചെയ്യിക്കുന്ന ഒന്നാണ് , ഓരോ നന്മനിറഞ്ഞ മറിയവും അവന്റെ തലയിൽ കൂടം കൊണ്ട് ഇടിക്കുന്ന പോലെ ആണെന്ന് ചില ഭൂതോച്ചാടകരോട് പിശാച് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ക്രിസ്ത്യാനികളെല്ലാവരും ജപമാലയുടെ ശക്തി തിരിച്ചറിഞ്ഞാൽ അതവന്റെ അന്ത്യമായിരിക്കുമെന്നാണവൻ പറഞ്ഞത്. കൊന്ത ചൊല്ലുന്ന പലരും ലുത്തിനിയ വിട്ടുകളയുന്നത് ആശ്വാസകരമാണവന്. പരിശുദ്ധ അമ്മയെ വാഴ്ത്തുന്നത് അത്രയും കുറച്ച് കേട്ടാൽ മതിയല്ലോ.
നന്മ നിറഞ്ഞ മറിയമേ ജപത്തിന്റെ ഓരോ ദശകത്തിനും രഹസ്യമാത്മക ഗാഢധ്യാനം, സ്വകാര്യവിചിന്തനം, ഭക്തിപൂർവ്വകമായ നിയോഗം എന്നീ ത്രിവിധ സ്വഭാവങ്ങൾ വേണ്ടതാണ് എന്ന് ഇൽ റെലീജിയോസോ കൊൺവെഞ്ഞോ (മതസമ്മേളനവും ജപമാലയും) എന്ന ചാക്രികലേഖനത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പറഞ്ഞു.
ലേഖനത്തിന്റെ അവസാനം പാപ്പ ഇങ്ങനെ പ്രാർത്ഥിക്കുന്നതായി കാണുന്നു, ‘ഓ കന്യാമറിയമേ, നീ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു, എപ്പോഴും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾ അത് അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു.. സ്വർഗ്ഗീയവും മാനുഷികവുമായ ഈ കൈമാറ്റത്തിൽ എത്ര മാത്രം സന്തോഷവും സത്യവുമാണുള്ളത് ! എത്ര വലിയ മഹത്വമാണ് ഉള്ളത്! ഞങ്ങളുടെ മാനുഷികസഹനങ്ങൾ ലഘുകരിക്കപ്പെടുന്നു, ഈ ലോകത്തിന്റെതല്ലാത്ത സമാധാനം മുൻകൂട്ടി ആസ്വദിക്കുന്നു, നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയുണ്ടാകുന്നു!’
ക്രിസ്തുകേന്ദ്രീകൃതമായ ധ്യാനാത്മകപ്രാർത്ഥനയാണ് ജപമാല. അതിന് ധ്യാനാത്മകമാനം ഇല്ലെങ്കിൽ അർത്ഥശൂന്യമാണെന്ന് പോൾ ആറാമൻ പാപ്പ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ‘ജപമാല പ്രകൃത്യാ ശാന്തമായ ഒരു താളവും നിറുത്തലും ആവശ്യപ്പെടുന്നു. കർത്താവിനോട് ഏറ്റവും അടുത്ത മറിയത്തിന്റെ കണ്ണുകളിലൂടെ കർത്താവിന്റെ ജീവിതത്തിലെ രഹസ്യങ്ങളെ പറ്റി ധ്യാനിക്കാൻ ഓരോ വ്യക്തിയെയും സഹായിക്കുന്നതാണവ’.
‘One who propagates my Rosary, shall be saved’ എന്ന പരിശുദ്ധ അമ്മയുടെ വാക്കുകൾ വിശ്വസിച്ച, ഒരുകാലത്ത് സാത്താനിക ആരാധകനായിരുന്ന ബർത്തലോ ലോംഗോ ഇന്ന് കത്തോലിക്കാ സഭയിൽ വാഴ്‌ത്തപ്പെട്ടവനാണ്. നമുക്കും ജപമാല ഭക്തിയിൽ വളരാം. കൊന്തനമസ്കാരം എന്ന അനുഗ്രഹീത പ്രാർത്ഥന പ്രചരിപ്പിക്കാം.
ഈ ജപമാല മാസത്തിൽ സാധിക്കുന്നത്ര ജപമാലകൾ ഒറ്റക്കും കുടുംബത്തിലും സമൂഹകൂട്ടായ്മകളിലും ചൊല്ലിക്കൊണ്ട് സവിശേഷ സ്വർഗീയ കൃപകൾ നേടാൻ, ലോകസമാധാനത്തിനായി യാചിക്കാൻ, മറ്റുള്ളവർക്കായി മാധ്യസ്ഥം വഹിക്കാൻ നമുക്ക് ശ്രമിക്കാം. ദൈവികദാനങ്ങൾ, യേശുവുമായി അനുരൂപപ്പെടൽ, മറ്റ് നിയോഗങ്ങൾ എല്ലാം ജപമാല റാണി നമുക്കായി ധാരാളമായി നേടിത്തരട്ടെ..
ജിൽസ ജോയ് ![]()


Leave a comment