എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌…

എന്റെ മർത്യസ്വഭാവത്തിൽ എത്ര മാത്രം ഞാൻ എന്നിൽതന്നെ ശൂന്യവൽക്കരിക്കപ്പെടുന്നുവോ എന്റെ അനുദിനസാഹചര്യങ്ങളിൽ ഞാൻ എന്റെ ഹിതത്തെ എത്ര മാത്രം മാറ്റിവയ്ക്കുന്നുവോ അത്ര മാത്രം എന്റെ ആത്മാവിന്റെ നിശബ്ദതയിൽ ദൈവഹിതത്തോട് ഞാൻ അനുരൂപപ്പെടുന്നു.

ഒരു ചെറിയ കുഞ്ഞ് അതിന്റെ ശക്തനായ പിതാവിന്റെ കരങ്ങളിൽ ഭയരഹിതയായിരിക്കുന്നത്പോലെ മനം തകർക്കുന്ന ദുർഘട സാഹചര്യങ്ങളിലും അസഹ്യമായ ചുറ്റുപാടുകളിലും സന്തോഷഭരിതമായ അന്തരീക്ഷത്തിലും ആത്മാവിൽ തീർത്തും ദരിദ്രയെന്ന് തോന്നുന്ന നിമിഷങ്ങളിലും പരിശുദ്ധ ത്രിത്വം ഒരു നിമിഷം പോലും എന്നെ പിരിയാതെ ആത്മാവിൽ പരിപൂർണമായി നിത്യതയിൽ എന്നത് പോലെ സന്നിഹിതമാണ്.

എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ ഒരു കാര്യവും യാദൃച്ഛികമായി നടക്കുന്നില്ല, ഓരോന്നും അത്യുന്നതനായ ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തിൽ എന്റെ നിത്യജീവിതത്തിനായി എന്നെ അവിടുത്തെ ഹിതമനുസരിച്ചു രൂപപ്പെടുത്തുന്നതിനുള്ള ദൈവപരിപാലനയുടെ സൂക്ഷ്മമായ സ്നേഹപ്രവർത്തനങ്ങളാണ്.
അത് ജീവിതത്തിൽ ഉയർച്ചയോ താഴ്ച്ചയോ വരുത്തിക്കൊള്ളട്ടെ.

അവിടുത്തെ സ്നേഹം നിരസിക്കുന്നതാണല്ലോ പാപം. ഒരു ചെറിയ പാപം പോലും മനഃപൂർവം ചെയ്യാതെ ഇരിക്കുവാൻ ഞാൻ സൂക്ഷിക്കണം. ഈശോയിൽ നിരന്തരം ശരണപ്പെടണം. “അവിടുത്തെ മകൾ എന്ന സ്ഥാനം” എന്ന നിധി ഞാൻ എന്ന മൺപാത്രത്തിലാണല്ലോ. വളരെ ശ്രദ്ധയോടെ എന്നെത്തന്നെ ഞാൻ പരിശോധിച്ചറിഞ്ഞു അവിടുത്തെ വേദനിപ്പിച്ചല്ലോ എന്നുള്ള ചിന്തയോടെ അനുതപിച്ചു അടുക്കലടുക്കൽ കുമ്പസാരിച്ചു പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കണം.

എന്നാൽ ഞാൻ അവിടുത്തെ സ്നേഹം ആത്മാവിൽ അവർണനീയമായും നിരന്തരമായും അനുഭവിക്കുന്നതിനുള്ള ആദ്യകാരണം എന്റെയോ എന്റെ പ്രവൃത്തികളുടെയോ യോഗ്യതകളല്ല
മറിച്ചു അവിടുത്തെ സ്നേഹപദ്ധതിയിൽ കീഴിൽ ഞാൻ ജനിക്കും മുൻപേ എനിക്ക് പരിപൂർണ ദാനമായി ദാനമായി കിട്ടിയ അവിടുത്തെ ആദ്യസ്നേഹവും നിത്യമായ രക്ഷയും മഹാകരുണയും കൊണ്ടാണ്.

എന്റെ ആത്മാവിൽ ദൈവസ്നേഹം സൗജന്യമായും സമൃദ്ധമായും ലഭിയ്ക്കുവാൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്ന സത്യം അത്യുന്നതനായ ദൈവത്തിനെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാൻ പ്രചോദനമേകുന്നു.

അവിടുത്തെ ഞാൻ എത്ര സ്നേഹിച്ചാലും അധികമാകുകയില്ല. എന്നാൽ അവിടുത്തെ മകളെന്ന അറിവിൽ ഞാനായിരിക്കുക അതിൽ നിലനിൽക്കുക അതനുസരിച്ചു അവിടുത്തോട് ഇടപെടുക എന്ന കാര്യം മറ്റെന്തിനെക്കാളും ഉപരിയായി അത്യുന്നതനായവനെ സന്തോഷിപ്പിക്കുന്നു.

ഈശോ എനിക്ക് നേടിത്തന്ന പുത്രീ സ്ഥാനത്തിന്റെ അവകാശത്തിന്റെ ഉറപ്പിലും മനോഹാരിതയിലും നിത്യത്വത്തിലും ആയിരുന്നു കൊണ്ടു ശിശുസഹജമായ വിധത്തിൽ വിശ്വാസത്തിന്റെ കണ്ണുകളാൽ അവിടുത്തെ പരിപാലന യഥാർത്ഥ രീതിയിൽ കണ്ട് അനുദിനജീവിതത്തിൽ ഒരു വിസ്മയനീയമാം വിധം സമീപസ്ഥനായ പരിശുദ്ധ ത്രിത്വത്തോട് ആത്മാവിന്റെ നിശബ്ദതയിൽ ചേർന്ന് നിന്നു അമ്മയുടെ കയ്യിൽ ചെറുകുഞ്ഞെന്നത് പോലെ വാക്കുകളിലും പ്രവൃത്തികളിലും ചിന്തകളിലും ഉപരിയായിട്ടുള്ള ആനന്ദഭരിതമായ ആന്തരിക കൃതജ്ഞതാഭാവത്തോടെ ഓരോ നിമിഷവും ഞാൻ ചെലവഴിക്കേണ്ടതാണ്.

പിതാവായ ദൈവത്തിന്റെ പരിപൂർണമായ സ്നേഹം ഈശോ വഴി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആത്മാവിൽ പകരപ്പെടുമ്പോൾ അവിടുന്ന് എനിക്ക് മതിയായവനാണെന്നുള്ള ഉൾബോധ്യവും അവിടുത്തെ വാക്കുകളിലും പരിപാലനയിലുമുള്ള പൂർണമായ വിശ്വാസവും ജനിപ്പിക്കുന്നതിനാൽ ലൗകികവും അലൗകികവുമായ എന്തിനെക്കുറിച്ചുമുള്ള ഉള്ളിലെ ഭയം അകറ്റുന്നു.

മകളെന്നുള്ള നിലയിൽ വാത്സല്യത്തോടെ എപ്പോഴും അവിടുന്നെന്നെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ കാലടിയും ഞാൻ മുന്നോട്ട് വയ്ക്കുമ്പോൾ തട്ടിവീഴാതെ അവിടുന്നെന്നെ കരങ്ങളിൽ താങ്ങുന്നു. അവിടുന്ന് പരിപൂർണ പരിശുദ്ധി ആകയാൽ എനിക്കാവുന്ന ഒരുക്കത്തിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുമ്പോൾ ഈശോയ്ക്ക് ഞാൻ എന്നെത്തന്നെ വിട്ടുകൊടുക്കുന്നതിനനുസരിച്ചു അവിടുത്തെ പരിശുദ്ധി എന്നിലേക്ക് പകരപ്പെടുന്നു. ദിവ്യകാരുണ്യത്തോടുള്ള എന്റെ തുറവി അനുസരിച്ചു മാനുഷികമായി ഒരുവന്റെ ശാരീരിക വളർച്ച പോലെ ഞാൻ ആത്മാവിന്റെ പരിശുദ്ധിയിൽ എന്റെ പിതാവായ ദൈവത്തിന്റെ പരിശുദ്ധിക്കനുസൃതമായി ഓരോ ദിവസവും സ്വഭാവികമായി അവിടുത്തെ ഹിതത്തിന് അനുസൃതം രൂപാന്തരപ്പെട്ടു കൊണ്ടേയിരിക്കുന്നു.

എങ്കിലും ഞാൻ ജാഗരൂകതയോടെ ഈ സ്നേഹത്തിൽ നിലനിൽക്കേണ്ടതുണ്ട്. അമ്മയുടെ കയ്യിൽ നിന്നും മാറ്റപ്പെടുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ വിസമ്മതിച്ചു വാവിട്ടു കരയും പോലെ ഞാനും പരിശുദ്ധ ത്രിത്വത്തിന്റെ ചാരെ നിന്നും മാറാതെ അവിടുത്തെ സ്നേഹത്തിൽ ഏതു വിധേനയും ആത്മാവിൽ ആയിരിക്കണം.

ആത്മാവിന്റെ രാത്രികളിൽ അവിടുന്ന് എന്റെ സമീപേ ഉണ്ടോ എന്നെനിക്ക് ഭയം വന്നേക്കാം.

എങ്കിലും അവിടുന്ന് എന്റെ സമീപെ എന്നതിൽ ഉപരിയായി എന്നിലുണ്ട്.

ആത്മീയമായും ശാരീരികമായും മാനസികമായും തളരുമ്പോൾ അവിടുത്തെ കയ്യിൽ നിന്നുള്ള എന്റെ പിടി വിട്ടു പോയേക്കുമെന്ന് ഞാൻ ഭയന്നേക്കാം, എന്നാൽ അവിടുന്നെന്നെ കരങ്ങളിൽ എടുത്തു മാറോടു ചേർത്തുപിടിച്ചിരിക്കുന്നു എന്ന വസ്തുത ആത്മാവിൽ മനസിലാകുമ്പോൾ എന്റെ ചെറുകരങ്ങൾ കുറച്ചു നേരത്തേക്ക് ദുർബലമായാലും അവിടുത്തെ ശക്തമായ കരത്താൽ എന്നെ താങ്ങുമെന്ന ഉറപ്പ് നൽകും.

എന്റെ ആത്മാവിന്റെ ശക്തി തീർന്നു പോകുമെന്ന ഘട്ടം വന്നാലും സർവ ശക്തനായ പരിശുദ്ധാത്മാവാണ് എന്റെ സഹായകൻ എന്ന് ഞാനോർക്കും.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. “
(1 യോഹന്നാന്‍ 3 : 1)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment