ഇതായിരിക്കട്ടെ നമ്മുടെ എപ്പോഴുമുള്ള ചിന്ത…

ദിവ്യകാരുണ്യം വഴി സംജാതമാകുന്ന ഒന്നാകലിലൂടെ ഉളവാകുന്ന ആത്മാവും ഈശോയുമായുള്ള സ്നേഹം ആഴത്തിലുള്ള പരസ്പരമുള്ള പൂർണമായ തുറന്നുകാട്ടലിലേയ്ക്കും പങ്കു വയ്ക്കലിലേയ്ക്കും നയിക്കുന്നു.

ശിശു സഹജമായ അവസ്ഥയുടെ പൂർണതയിലേയ്ക്ക് ഉയർത്തപ്പെടുന്ന ആത്മാവ് താൻ വേറിട്ട ഒരു സൃഷ്ടി ആണെന്നതിലുപരിയായി ഈശോയുടെ തന്നെ ആത്മാവിന്റെയും ശരീരത്തിന്റെയും ഭാഗമാണെന്നും അതേ സമയം ഈശോ തന്റെ ഉള്ളിൽ വസിക്കുന്നുവെന്നുമുള്ള ഒരു ആന്തരിക അറിവിനാൽ നിറയുന്നു.

അമ്മയുടെ ഉദരത്തിൽ വസിക്കുന്ന ഒരു ശിശുവിൽ ശിശുത്വത്തിന്റെ ആരംഭവും സമ്പൂർണതയും ആഴവും ആനന്ദവും ഭയരാഹിത്യവും സമാധാനവും ആദ്യസ്നേഹവും വസിക്കുന്നു

മറുപിള്ള (Placenta)യിലൂടെ പൊക്കിൾക്കൊടി വഴി അമ്മയുടെ ദേഹത്തിൽ നിന്നുള്ള പോഷണങ്ങളും ശുദ്ധ രക്തവും കുഞ്ഞിന്റെ ദേഹത്തേയ്ക്ക് നിരന്തരം പ്രവഹിക്കുന്നതിനാൽ കുഞ്ഞിന്റെ ശരീരത്തിന്റെ നാനാഭാഗങ്ങളിലും അമ്മയുടെ രക്തം ചെന്നെത്തി അവിടെയെല്ലാം പോഷണമേകുന്നു, കുഞ്ഞിന്റെ ശരീരത്തിലെ മാലിന്യങ്ങളും അശുദ്ധരക്തവും മറുപിള്ള (placenta) വഴി അമ്മയുടെ രക്തപ്രവാഹത്തിലേയ്ക്ക് അത്ഭുതകരമായി വേർതിരിക്കപ്പെട്ടു മാറ്റപ്പെടുന്നു.

ഒരു സാധാരണ ശിശുവിന്റെ ജീവിതത്തിലെ ഗർഭപാത്രത്തിലെ ജീവിതത്തിന്റെ വിസ്മയനീയമായ വളർച്ചയുടെയും രൂപാന്തരീകരണത്തിന്റെയും ആദ്യനാളുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരങ്ങളിലെ സംയുക്തമായ എന്നാൽ പരസ്പരം വേർതിരിക്കപ്പെട്ടുമിരിക്കുന്ന അവസ്ഥയിലെ രക്തചംക്രമണം ശിശുവിന്റെ സുഗമമായ സ്വാഭാവികവളർച്ച സാധ്യമാക്കുന്നു.

അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുളിൽ കഴിഞ്ഞ് വളരുന്ന കുഞ്ഞിന് അമ്മയുടെ സ്വരം പരിചിതമാകുന്നു, അമ്മയുടെ സ്നേഹം അനുഭവവേദ്യമാകുന്നു.

ഒരു നാൾ അപരിചിതമായ ലോകത്തിലേയ്ക്ക് പുറത്ത് വരുന്ന കുഞ്ഞിന് ആദ്യആശ്രയം അമ്മയാണ്.

അമ്മയിലൂടെ കുഞ്ഞിന് വേണ്ടപ്പെട്ടവർ ആരൊക്കെയെന്നു അത് മനസിലാക്കുന്നു. അത് ലോകത്തെ കാണുന്നു. പ്രകൃതി ഭംഗി ആസ്വദിക്കുന്നു. അമ്മയുടെ ഭാഷ പഠിക്കുന്നു. അമ്മയുടെ ആഹാരരീതി സ്വന്തമാക്കുന്നു. അമ്മയുടെ വിശ്വാസത്തിന്റെ പൊരുൾ അറിഞ്ഞു വളരുന്നു. കുടുംബത്തിന്റെ ഭാഗമാകുന്നു. മകൻ/ മകൾ എന്ന സ്ഥാനം ലഭിച്ചു കുടുംബസ്വത്തിന്റെ അവകാശി ആകുന്നു.

മാമോദീസ വഴി വീണ്ടും ജനിക്കുന്ന ഒരു ആത്മാവിന് ആദ്യആശ്രയം ഈശോയാണ്. ഈശോ എന്ന നാമത്തിന്റെ മാധുര്യത്തിൽ ആത്മാവ് ആനന്ദഭരിതമാകുന്നു.

മാമോദീസ വഴി ഈശോ തന്റെ തിരുരക്തം വിലയായി കൊടുത്തു മുഴുവൻ പാപപരിഹാരവും ചെയ്തു പാപകടങ്ങൾ വീട്ടി നിത്യ മരണത്തിൽ നിന്നും പൂർണമായി സ്വതന്ത്രമാക്കിയ ആത്മാവ് സ്വമേധയാ വീണ്ടും പാപത്തിനെയും പിശാചിനെയും തള്ളിപ്പറഞ്ഞു ഈശോയുടേത് മാത്രമാണെന്ന് പ്രഖ്യാപിക്കുന്നു.

ശൈശവത്തിൽ തല തൊട്ടപ്പനും തലതൊട്ടമ്മയും ശിശുവിനു വേണ്ടി വിശ്വാസം പ്രഖ്യാപിക്കുന്നുവെങ്കിലും മാമോദീസ സ്വീകരിക്കുന്ന കുഞ്ഞിൽ ഈശോയുടെ മുഴുവൻ സ്നേഹവും വന്നു നിറഞ്ഞു അത് ഈശോയുടെ സ്വന്തമായി തീരുന്നു. ക്രൈസ്തവകുടുംബഅന്തരീക്ഷത്തിൽ അത് ലോകത്തിൽ വളരുന്നു എങ്കിലും യഥാർത്ഥത്തിൽ സ്വർഗീയ അന്തരീക്ഷത്തിൽ ആണ് അത് വളരുന്നത്.

ആ കുഞ്ഞ് ചെറുതെങ്കിലും ഈശോയ്ക്കുള്ളതിന്റെ ഒക്കെയും അവകാശി ആണ്. വാതിൽ ആയ ഈശോയിലൂടെ അതിനു എല്ലാ സ്വർഗീയ കാര്യങ്ങളിലും വിശ്വാസം വഴി പ്രവേശനമുണ്ട്

മാമോദീസ എന്ന സ്വർഗീയ മുദ്ര ഹൃദയത്തിൽ പേറിയ ഒരു കുഞ്ഞാത്മാവുമായി സ്നേഹത്തിന്റെ ഒരു സവിശേഷനിമിഷത്തിൽ
ദിവ്യകാരുണ്യത്തിലൂടെ ഈശോ ഒന്നാകുന്നു.ദിവ്യകാരുണ്യം ആദ്യം കൈക്കൊള്ളുന്ന നിമിഷങ്ങളിൽ ബാല്യത്തിന്റെ കൗതുകമുള്ള കണ്ണുകളോടെ ദിവ്യബലിയിൽ പങ്കെടുത്തു ഈശോയെ സ്വീകരിച്ചു വീട്ടിലേക്ക് മടങ്ങുന്ന കുഞ്ഞിന് താൻ പഠിച്ച കുറച്ചു കാര്യങ്ങൾ അല്ലാതെ ആത്മാവിന്റെ ആഴത്തിൽ ഈശോയെക്കുറിച്ച് ഉടനെ മനസിലാകണം എന്നില്ല.

എന്നാൽ ഓരോ ആത്മാക്കളും വ്യത്യസ്തരാണ്. ഓരോ ആത്മാക്കളെയും കുറിച്ചുള്ള ദൈവിക പദ്ധതി വ്യത്യസ്തമാണ്.

ആദ്യത്തെ വിശുദ്ധ കുർബാന സ്വീകരണത്തിൽ തന്നെ ആഴത്തിലുള്ള ആത്മീയ ആനന്ദത്തോടെ ഈശോയിൽ മരണമടഞ്ഞ ഇമൽഡ ലാംബർട്ടിനിയെ പോലെയുള്ള കുഞ്ഞാത്മാക്കൾ ഉണ്ട്.

സഹനത്തിന്റെ മദ്ധ്യത്തിലും എപ്പോഴും നല്ല ദൈവത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അയർലണ്ടിലെ കുഞ്ഞ് നെല്ലിയെ പോലെ ( Ellen Organ) ദിവ്യകാരുണ്യത്തെ അളവറ്റു സ്നേഹിച്ചവരും ഉണ്ട്. നെല്ലിയുടെ ജീവിതം കണ്ടാണ് വിശുദ്ധ പത്താം പിയൂസ് മാർപാപ്പ ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്ക് വിശുദ്ധ കുർബാന ഏഴു വയസിൽ സ്വീകരിക്കാം എന്നുള്ള കല്പന പുറപ്പെടുവിച്ചത്.

ഓരോ ആത്മാവിന്റെയും പൂർണത അത് സഹിക്കുന്ന കാര്യങ്ങളുടെയോ സ്നേഹപ്രവൃത്തികളുടെയോ കണക്ക് അനുസരിച്ചല്ല, നിസാരമെന്നു തോന്നുന്ന കാര്യങ്ങളിലും ദൈവഹിതം അന്വേഷിച്ചു അത് പൂർത്തിയാക്കുന്നതിലാണ്.

ഒരു പേന ഉടമസ്ഥന്റെ ഭാഷ എഴുതാൻ ഉള്ളതാണ്. എന്നിരുന്നാലും പേനയുടെ ഉടമസ്ഥൻ അതാതു സമയങ്ങളിൽ നിശ്ചയിക്കുന്ന കാര്യങ്ങൾ പേന കൊണ്ട് ചെയ്തു എന്ന് വന്നേക്കാം.ഉദാഹരണത്തിന് ചില സമയങ്ങളിൽ എഴുതിക്കഴിഞ്ഞു പേപ്പറുകൾ പറന്നുപോകാതെ അതിന്റെ മുകളിൽ വയ്ക്കാം. വായിച്ച പേജുകൾ മറിഞ്ഞു പോകാതെ പുസ്തകത്തിൽ അടയാളം വയ്ക്കാം. പേന ആർക്കെങ്കിലും സമ്മാനമായി നൽകാം.

ഇത് പോലെ ഓരോരോ ആത്മാക്കൾക്കും മാനവരാശിയെ കുറിച്ചുള്ള സമഗ്ര ദൈവികപദ്ധതിയിൽ ഓരോ തനതായ ദൈവിക ദൗത്യമുണ്ട്.

ഓരോ ദിവസവും നാം പറയുന്ന വാക്കുകൾക്കും ചെയ്യുന്ന പ്രവൃത്തികൾക്കും അതിലേക്ക് നയിക്കുന്ന ചിന്തകൾക്കും ആത്മാക്കളുടെ രക്ഷ എന്ന പ്രഥമ ദൗത്യത്തോളം പ്രാധാന്യമുണ്ട്. അത് ദൈവഹിതപ്രകാരം ആകണമെങ്കിൽ നാം എപ്പോഴും മനഃപൂർവം കൃപയുടെ കീഴിൽ ആയിരിക്കണം.

കൃപയുടെ കീഴിൽ ആയിരിക്കണമെങ്കിൽ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചെറിയ പാപങ്ങൾ പോലും തിരിച്ചറിഞ്ഞു ഈശോയെ വേദനിപ്പിച്ചു എന്ന രക്ഷാകരമായ ദുഃഖത്തോടെ അനുതപിച്ചു കൂടെ ജീവിക്കുന്ന ഒരു വ്യക്തിയോടെന്ന വണ്ണം ഹൃദയത്തിൽ നിന്നും ക്ഷമാപണം എളിമയോടെ കുമ്പസാരിച്ചു ഈശോയിൽ നിന്നും പാപമോചനം നേടി നന്ദിയോടെ ആയിരിക്കണം.

ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിച്ചു സ്നേഹത്തിൽ ആയിരിക്കണം.

ഈശോ ഉള്ളിൽ ഉണ്ടെന്ന അറിവിൽ ജീവിക്കണം.

എന്നാൽ നാം അതേ സമയം പൂർണമായും ഈശോയിൽ ആണ് താനും.

മാനുഷിക ബുദ്ധിയിൽ നിന്നും ഭൗമിക ജീവിതത്തിന്റെ ദിനങ്ങളിൽ മറയ്ക്കപ്പെട്ട സ്നേഹത്തിന്റെ പൂർണതയുടെ ഈ മഹാരഹസ്യം ആത്മാവിന്റെ ആഴങ്ങളിൽ ഓർമിപ്പിക്കുന്നതും കുറച്ചെങ്കിലും ദയവോടെ മനസിലാക്കിത്തരുന്നതും പരിശുദ്ധാത്മാവാണ്

ഒന്ന് ഹൃദയത്തിൽ ചെവിയോർത്താൽ പരിശുദ്ധാത്മാവ് ഈശോയെ കുറിച്ച് പറഞ്ഞു തരും.

ചില ആത്മാക്കൾ എങ്കിലും ആത്മീയ ശിശുത്വത്തിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ആത്മീയ ശിശുത്വമെന്നാൽ ഓരോരുത്തരെക്കുറിച്ചുമുള്ള തനതായ പദ്ധതി അനുസരിച്ചു അതിൽ തന്നെ പലതലങ്ങൾ ഉണ്ട്.

വിളിക്കുള്ളിലെ വിളി എന്നത് പോലെ…

അതിൽ ഒരു തലം നവജാതശിശുവിന്റേതു പോലുള്ള ആത്മീയതലമാണ്. ഈശോ എന്ന ദൈവമനുഷ്യനിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ സ്വന്തമായ അവസ്ഥ.

ഈശോയിലൂടെ പരിശുദ്ധ അമ്മയുടെ സ്വന്തമായ അവസ്ഥ

ഈശോയിലൂടെ പരിശുദ്ധാത്മാവിനെ കുറിച്ച് കേൾക്കുന്ന അവസ്ഥ, ഇതേ പരിശുദ്ധാത്മാവിലൂടെ ഈശോയെ കുറിച്ച് അറിയുന്ന, ഞാൻ എന്ന ആത്മാവ് പരിശുദ്ധാത്മാവിന്റെ ചിറകിന്റെ തണലിൽ പരിരക്ഷിക്കപ്പെടുന്ന അവസ്ഥ.

ഈശോയിലൂടെ ദൈവപിതാവിന്റെ ആദ്യസ്നേഹത്തെ കുറിച്ച് അറിയുന്ന അവസ്ഥ

ഈശോയിലൂടെ യൗസേപ്പിതാവിന്റെ സ്നേഹത്തെ കുറിച്ചും ഒരു മനുഷ്യനെന്ന നിലയിൽ ദൈവഹിതം നിറവേറ്റിയതിനെ കുറിച്ചും അറിയുന്ന അവസ്ഥ.

ഈശോയിലൂടെ നമ്മോടു മാലാഖാമാർക്കുള്ള സ്നേഹത്തെ കുറിച്ച് അറിയുന്ന അവസ്ഥ

ഈശോയിലൂടെ നമുക്കായി സൃഷ്ടിക്കപ്പെട്ട വിസ്മയനീയകരമായ പ്രപഞ്ചത്തിനെ കുറിച്ചും അതിലും അവർണനീയമായ സ്വർഗത്തെ കുറിച്ചും അറിയുന്ന അവസ്ഥ

ഈശോയുടെ കരുണയുള്ള കണ്ണുകളിലൂടെ അനുദിനജീവിതം നോക്കി കാണുന്ന അവസ്ഥ

ഒരു ദിവസം രാവിലെ ഉണർന്നെണീൽക്കുമ്പോൾ ഒരു നവ ജാതശിശുവിനെ അതിന്റെ അമ്മ കുളിപ്പിക്കും ഉടുപ്പിടുവിക്കും. പാല് കൊടുക്കും. ഉറക്കും. ബാക്കിയുള്ള സമയങ്ങളിൽ ആ കുഞ്ഞ് അമ്മയുടെ കരങ്ങളിൽ ഉണർന്നു കിടന്നു അമ്മയെ നോക്കും. 24 മണിക്കൂറും അമ്മയുടെ കണ്ണു ആ കുഞ്ഞിന്റെ മേൽ ഉണ്ട്. ആ കുഞ്ഞിനെ അമ്മ അത്‌ പോലെ സ്നേഹിക്കുന്നു. അതിനെ പൊന്നു പോലെ പരിപാലിക്കുന്നു.

എന്നാൽ തിരിച്ചെന്താണ് ആ കുഞ്ഞിന് കൊടുക്കാൻ കഴിയുക. അത് കാഴ്ച ഉറച്ചിട്ടില്ലെങ്കിലും അമ്മയെ ഇടയ്ക്ക് നോക്കും. അമ്മ എടുത്തു കഴിയുമ്പോൾ കരച്ചിൽ നിറുത്തും. അത്രയൊക്കെയേ അതിനു പറ്റുകയുള്ളൂ.

നമ്മുടെ സാധാരണ ജീവിതം എടുത്താൽ നാം എന്താണ് ചെയ്യുന്നത്!

രാവിലെ എഴുനേറ്റ് കുരിശ് വരച്ചു ദിവസം ആരംഭിക്കുന്നു. തിരക്കിട്ടു ഒരുങ്ങി ജോലിക്ക് പോകുന്നു. പോകുന്ന വഴിയിൽ സമ്മിശ്രമായ കാലാവസ്ഥയിലൂടെ കടന്നു പോകുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നു. സാധിക്കുന്ന ദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നു, വീട്ടിലെ തിരക്കുകളിൽ മുഴുകുന്നു, പ്രാർത്ഥിക്കുന്നു, ഉറങ്ങുന്നു

എന്നാൽ തലേദിവസം ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ച ഏതു വ്യക്തിയുടെയും തുടർന്നുള്ള 24 മണിക്കൂർ ജീവിതം വിശ്വാസത്തിന്റെ കണ്ണുകളിൽ കണ്ടാൽ എത്ര സുന്ദരമായിരിക്കും!

വൈകുന്നേരം ഇടവക ദൈവാലയത്തിൽ നിന്നും ദിവ്യബലിയിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ചു ഒരു നവവധുവിന്റെ ആത്മീയ മനോഹാരിതയിൽ ഈശോയെ/ പരിശുദ്ധ ത്രിത്വത്തെ ഹൃദയത്തിൽ വഹിച്ചു മാലാഖാമാരാലും പരിശുദ്ധ അമ്മയാലും യൗസേപ്പിതാവിനാലും അനുഗമിക്കപ്പെട്ടു എന്നും നടക്കുന്ന സാധാരണ വഴികളിലൂടെ തിരിച്ചു നടക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തോടെ പാടുന്ന ആത്മീയ ഗീതങ്ങൾക്ക് സകലമാലാഖാമാരുടെയും കുറവില്ലാത്ത സ്തുതികളെക്കാളും മാധുര്യം ഈശോയ്ക്ക് തോന്നും.

കാരണം ദിവ്യകാരുണ്യം സ്വീകരിച്ച ഒരു മനുഷ്യാത്മാവാണ് അവിടുത്തെ സ്നേഹത്തോടെ ഓർത്തു കൊണ്ടു ആരാധിക്കുന്നത്.

ആത്മാവിന് ദിവ്യകാരുണ്യം ഒരുക്കത്തോടെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നതൊഴികെ ഒരു യോഗ്യതയും ഇല്ലെങ്കിലും ഈശോ 100% ആത്മാവിന് സ്വന്തമായി കൂടെ നടക്കുന്ന അനുഭവം, അതോടൊപ്പം ഈശോയ്ക്ക് സ്വന്തമായതൊക്കെയും സ്വന്തമായി എന്നുള്ള ഉള്ളറിവ് ഇതൊക്കെയാണ് ദിവ്യകാരുണ്യ അനുഭവം.

അന്ന് വരെ തന്റെ മാത്രം സ്വന്തമായിരുന്ന, മാനുഷിക ഭവനമായിരുന്ന വീട്ടിലേക്ക് ദിവ്യകാരുണ്യം സ്വീകരിച്ച വ്യക്തി മടങ്ങിചെല്ലുമ്പോൾ അത് നസ്രത്തിലെ സ്വർഗീയ ഭവനമായി മാറുന്നു.

കാരണം ദിവ്യകാരുണ്യ സ്വീകരണത്തിൽ ഈശോയുടേത് നമ്മുടേത് ആകുന്നത് പോലെ നമുക്കുള്ളതെല്ലാം ഈശോയുടെയും സ്വന്തം ആകുന്നു.

വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ ആ വ്യക്തിയിലും ആ വ്യക്തി ആയിരിക്കുന്ന ആ ഭവനത്തിലും പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിന്റെ സിംഹാസനം കാണാം.

സ്വർഗീയ മഹത്വത്തിന്റെ പ്രകാശത്തിൽ ആയിരമായിരം മാലാഖാമാർ അണമുറിയാതെ പാടി ആരാധിക്കുന്നത് കാണാം

എന്നാൽ ദിവ്യകാരുണ്യം സ്വീകരിച്ച വ്യക്തി ഒരു നിമിഷം സ്നേഹത്തോടെ ഈശോയെ ഓർക്കുമ്പോൾ, ഈശോയെ എന്നൊന്ന് വിളിക്കുമ്പോൾ ആദ്യമായി ഒരു കുഞ്ഞ് സംസാരിക്കുന്നത് കേൾക്കുന്ന വിസ്മയത്തോടെ വലിയ വാത്സല്യത്തോടെ എല്ലാവരുടെയും ശ്രദ്ധ ആ വ്യക്തിയിലേയ്ക്ക് തിരിയുന്നു. ആ ഒരു കുഞ്ഞ് വിളിയിൽ പോലും ഈശോ സ്നേഹിക്കപ്പെടുന്നു. പരിശുദ്ധ ത്രിത്വം സ്നേഹിക്കപ്പെടുന്നു

വിശുദ്ധ കുർബാന സ്വീകരിച്ച വ്യക്തിയുടെ ഓരോ വ്യാപാരങ്ങളും ഭൂമിയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തി എന്നത് പോലെ കരുതപ്പെടുന്നു.

സ്വന്തം തീരുമാനം വഴി ഈശോയുടെ സ്വന്തമായ ആൾ എന്നുള്ള പരിഗണന

കാരണം പരിശുദ്ധ കുർബാന സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് ഒരു തിരഞ്ഞെടുപ്പാണ്.

നിത്യജീവൻ ഇപ്പോഴേ സ്വന്തമാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്.

എനിക്ക് Yes എന്നോ No എന്നോ പറയാം.

പരിശുദ്ധ അമ്മ എത്രയോ സ്നേഹത്തോടെയാണ് ദിവ്യകാരുണ്യ സ്വീകരണം വഴി ഈശോയെ സ്നേഹിച്ച ഒരു കുഞ്ഞാത്മാവിനെ നോക്കിക്കാണുന്നത്

നസ്രസിലെ ഭവനത്തിൽ എന്നത് പോലെ മാതാവും യൗസെപ്പിതാവും ആ വീട്ടിൽ വസിക്കും.

ഈശോയുടെ സ്ഥാനത്തു ദിവ്യകാരുണ്യം സ്വീകരിച്ച വ്യക്തി ആണ്.

ദിവ്യകാരുണ്യം സ്വീകരിച്ചു പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കുന്ന ഒരു വ്യക്തിയുടെ ആത്മീയ മനോഹാരിത!

ഇവയിലേക്ക്‌ എത്തിനോക്കാന്‍ ദൈവദൂതന്‍മാര്‍പോലും കൊതിക്കുന്നു.
1 പത്രോസ് 1 : 12

നസ്രസിലെ വീട്ടിൽ താമസിച്ചാൽ ഓരോ കുഞ്ഞ് കാര്യങ്ങളിലും ഈശോയും മാതാവും യൗസേപ്പിതാവും സഹായിക്കാൻ ഇടപെടുമല്ലോ!

ആത്മീയ ശിശുത്വത്തിന്റെ കണ്ണുകളിൽ ഈശോയോടുള്ള ലളിതമായ സ്നേഹത്തിനു പുതിയ മാനങ്ങളും അർത്ഥങ്ങളും കൈവരും

ആത്മീയ ശിശുത്വത്തിന്റെ കൃപ ലഭിച്ചാൽ ഈശോയോടുള്ള ആശ്രയത്വത്തിൽ തുറവി അനുഭവപ്പെടും

അതായത് ആത്മാവിന്റെ ഏതു അവസ്ഥയും വേദനയും മനസിന്റെ ഭാരങ്ങളും ഈശോയുടെ മുന്നിൽ തുറന്നു കാണിക്കാനും അതിനെ കുറിച്ച് ഈശോയോട് പറയാനും ബുദ്ധിമുട്ട് വരികയില്ല.

ആരെങ്കിലും പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചാൽ പ്രാർത്ഥിക്കാം എന്ന് പറയുന്നതിൽ സ്വയം ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല, കാരണം ആ പറയുന്ന നിമിഷം തന്നെ ഈശോ കേൾക്കുന്നു എന്നുള്ള കാര്യം ഉള്ളിൽ ബോധ്യപ്പെടും

ആത്മീയ ശിശുത്വത്തിന്റെ അവസ്ഥയിൽ ഹൃദയത്തിൽ വരുന്ന പ്രചോദനങ്ങൾ മനുഷ്യ ദൃഷ്ടിയിൽ ഭോഷത്തം എന്ന് തോന്നിയാലും അനുവർത്തിക്കുവാൻ മടി തോന്നുകയില്ല

ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തോട് താരതമ്യപ്പെടുത്തുമ്പോൾ ആത്മീയ ശിശുത്വത്തിന്റെ കൃപ ലഭിച്ചതോ അല്ലാത്തതോ ആയ ഒരു മനുഷ്യാത്മാവിന്റെ സ്‌നേഹം അതിൽ തന്നെ ഒന്നുമല്ല എന്ന് തോന്നുമെങ്കിലും വാസ്തവം നേരെ മറിച്ചാണ്.

ദിവ്യകാരുണ്യസ്വീകരണത്തിലൂടെ സ്നേഹത്തിൽ ബലവാനായ സ്നേഹം തന്നെയായ ഈശോയും സ്നേഹത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന ആത്മാവും തമ്മിൽ സ്നേഹത്തിന്റെ പേരിൽ മത്സരിച്ചാൽ ആര് ജയിക്കും!

ഉറപ്പായും കുഞ്ഞാത്മാവ് തന്നെ….

കരുത്തനായ അപ്പനും കുഞ്ഞ് മകനും തമ്മിൽ ബലം പിടിച്ചു മത്സരിക്കുമ്പോൾ അപ്പൻ തോറ്റു കൊടുക്കും പോലെ
ആർക്കാണ് കൂടുതൽ സ്നേഹം എന്നുള്ള വിഷയത്തിൽ മത്സരിക്കുമ്പോൾ നിനക്ക് തന്നെ എന്റെ കുഞ്ഞേ എന്ന് പറഞ്ഞു ഈശോ പുഞ്ചിരിക്കും

ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നത് തന്നെ ഒരു വലിയ സ്നേഹപ്രവൃത്തി ആണ്

ഒരമ്മ ഒത്തിരി സ്നേഹത്തോടെ പല തരം വിഭവങ്ങൾ പാകപ്പെടുത്തി വച്ചിട്ട് കുഞ്ഞിനെ കഴിക്കാൻ വിളിക്കുമ്പോൾ ആ കുഞ്ഞ് ഓടി വന്നു ഓരോ വിഭവവും ആസ്വദിച്ചു കഴിച്ചാൽ ആ അമ്മയ്ക്ക് എന്തൊരു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അനുഭവമായിരിക്കും ആ കുഞ്ഞ് അറിയാതെയാണെങ്കിലും സമ്മാനിക്കുക!

ഈശോ തന്റെ ജീവനും ജീവിതവും രക്തവും മാംസവും കൊണ്ടു സ്നേഹത്തിൽ ചാലിച്ചൊരുക്കിയ പരിശുദ്ധ കുർബാന ഉൾക്കൊള്ളുവാൻ ഓരോ മക്കളെയും വിളിക്കുമ്പോൾ വിളിക്കുമ്പോഴേ ഓടിച്ചെന്നു പരിശുദ്ധ കുർബാന എന്ന സ്വർഗീയ ഭോജ്യം ഉൾക്കൊള്ളുന്നത് ഈശോയ്ക്ക് എന്തൊരു സ്നേഹാനുഭവമാണ്!

പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞ ഒരു വ്യക്തിയോടൊപ്പം ഒരിക്കലും പിരിയാത്ത ഒരു കുഞ്ഞ് കൂട്ടുകാരനെ പോലെ ഈശോ നടക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കിയാൽതന്നെ ഹൃദയത്തിൽ എന്ത് മാത്രം സമാശ്വാസം ലഭിയ്ക്കും.

പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞു ഈശോയുടെ കാവലിൽ കിടന്നുറങ്ങുന്നത് എത്ര സമാധാനത്തോടെ ആയിരിക്കും!

ഈശോയുടെ കരങ്ങളിൽ ഒരു പുതിയ ദിവസത്തിലേയ്ക്ക് ഉണർന്നെണീൽക്കുന്നത് എത്രയോ ആശ്വാസപ്രദമാണ്!

വേഗം എണീറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഒരുങ്ങി വന്നു ജോലിക്ക് പോകാൻ റെഡി ആകുമ്പോഴേയ്ക്കും ഈശോയും ഒരുങ്ങി നിൽപുണ്ടാകും.

ദൈവത്തോടുള്ള സംഭാഷണം ആണ് പ്രാർത്ഥന.

അപ്പോൾ കൂടെയുള്ള ഈശോയോടുള്ള ഓരോ സംസാരവും പ്രാർത്ഥന തന്നെയല്ലേ?

നടക്കുന്ന ഓരോ കാലടിയിലും ഈശോയെ എന്ന് വിളിക്കുമ്പോൾ അത്രയും പ്രാവശ്യം എന്താ കുഞ്ഞേ എന്ന് ഈശോ മറുപടി പറയുകയില്ലേ!

പുല്ലിൻ തുമ്പിൽ തങ്ങി നിൽക്കുന്ന കുഞ്ഞ് മഞ്ഞിൻകണങ്ങളുടെ മനോഹാരിതയും അന്തരീക്ഷത്തിന്റെ കുളിർമയും പ്രഭാതത്തിലെ ഇരുളു മാറ്റുവാൻ കിഴക്കൻ പതിയെ ഉയർന്നു പൊങ്ങുന്ന സൂര്യൻ ചക്രവാളത്തിൽ
വരയ്ക്കുന്ന പ്രകാശചിത്രങ്ങളും കണ്ടു മുന്നോട്ട് നടക്കുമ്പോൾ കൂടെയുള്ള ഈശോയല്ലേ ഇതിന്റെ ഒക്കെ സൃഷ്ടാവ് എന്ന് മനസ്സിൽ വരും

കുഞ്ഞ് കണ്ണുകൾ തുറന്നു ഈശോയെ കണ്ടു ചെറുസ്വരത്തിൽ അവിടുത്തെ പാടിയാരാധിക്കുന്ന ചെറുകിളികളോടും ഇരു സമൂഹമായി വഴിയിൽ വണക്കത്തോടെ നിൽക്കുന്ന മാലാഖ ഗണങ്ങളോടും ചേർന്ന് ഈശോയെ പാടി ആരാധിക്കുവാൻ ഹൃദയത്തിൽ നിന്നും ഉയരുന്ന വാക്കുകളും ഈണങ്ങളും ധാരാളം…

നടന്നു പോകുമ്പോൾ കടന്നു പോകുന്ന ഓരോ വ്യക്തികളുടെയും കാവൽ മാലാഖാമാർ ഈശോയെ ആദരവോടെ വണങ്ങി കടന്നു പോകുന്നു.

ദിവ്യകാരുണ്യ ഈശോ കൂടെ വസിക്കുന്ന ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ഒരിക്കലെങ്കിലും ഭാഗ്യം ലഭിച്ച ഓരോ ആത്മാവും എത്രയോ അനുഗ്രഹീതമാണ്!

നമ്മിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ കാര്യം നോക്കുക എന്നാൽ നമ്മുടെ സാഹചര്യങ്ങൾക്കനുസൃതമായി മറ്റുള്ളവരെ ഈശോയെ പോലെ കണ്ടു ഹൃദയത്തിൽ വരുന്ന പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കനുസൃതമായി അവർക്ക് സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും ചിന്തയിലൂടെയും ശുശ്രൂഷ ചെയ്യുക എന്നർത്ഥമെന്നു എനിക്ക് തോന്നി

പോകുന്ന വഴിയിൽ ദൈവഹിതപ്രകാരം കണ്ടുമുട്ടുന്നവർക്ക് ഒരു പുഞ്ചിരിയോടെ ഗുഡ് മോർണിംഗ് പറയുമ്പോൾ അവർ തിരിച്ചു പുഞ്ചിരിയോടെ ഗുഡ് മോർണിംഗ് പറയുന്നത് കാണുന്നത് മനോഹരമാണ്.

തിരികെ കിട്ടുന്ന പുഞ്ചിരി അവരുടെ ആത്മാവിൽ വസിക്കുന്ന ഈശോയുടെ പുഞ്ചിരിക്കു സമം

ഒരാളുടെ മുഖം വെറുപ്പ്‌ കൊണ്ടു കറുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അവരുടെ ഹൃദയത്തിൽ വിരിയുന്ന പുഞ്ചിരി ചുണ്ടിൽ വിരിയുന്നത്!

ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തിൽ വഹിക്കുന്ന ഒരാൾ നമ്മോട് ഗുഡ്മോർണിംഗ് പറയുമ്പോൾ അത് ഈശോ പറയുന്നത് പോലെ തോന്നാറുണ്ട്.

അപ്പോൾ ദിവ്യകാരുണ്യം വഴി ഈശോ ഹൃദയത്തിൽ വസിക്കുന്നത് അതിലും എത്രയോ നല്ലത്

ഈശോയോടൊത്തു നടക്കുമ്പോൾ, അവിടുത്തെ സൃഷ്ടികളെ കുറിച്ച് അത്ഭുതം കൂറുമ്പോൾ ഈശോ വെറുതെ പുഞ്ചിരിക്കും

എന്റെ കുഞ്ഞേ എനിക്ക് പ്രിയപ്പെട്ട സൃഷ്ടി മനുഷ്യരല്ലേ! എന്റെ ജീവൻ കൊടുത്തു നേടിയത് നിങ്ങളെ അല്ലേ എന്ന മട്ടിൽ

ഈശോയോടൊപ്പം നടക്കുമ്പോൾ മറ്റുള്ള ആളുകളെ കുറിച്ച് ചിന്തിച്ചു അവർക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുന്നത് പോലും ഹൃദയം വായിക്കുന്ന അവിടുത്തോടുള്ള ഒരു മൗനപ്രാർത്ഥനയാണ്.

ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യത്തിൽ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവർ കാണുന്നില്ലെങ്കിലും അവിടുന്ന് എല്ലാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്, ഉചിതമായ പരിഹാരങ്ങൾ ചെയ്യുകയും കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട്

ജോലിക്കിടയിലെ പ്രാഗത്ഭ്യത്തെക്കാളും അറിവിനെക്കാളും ഉപരിയായി പരിശുദ്ധാത്മാവ് നൽകുന്ന ജ്ഞാനത്തിൽ ഈശോയോടൊപ്പം ജോലിയുടെ മണിക്കൂറുകൾ കടന്നു പോകുമ്പോൾ ഈശോ തന്നെ ശുശ്രൂഷിക്കപ്പെടുന്നു

ഓരോ നിമിഷവും യഥാർത്ഥത്തിൽ നമ്മുടെ കൂടെ ജീവനോടെയുള്ള ഈശോ എന്ന വ്യക്തി ഇന്നും ഇന്നലെയും എന്നും ഒരാൾ തന്നെയാണ്

ലോകത്തിൽ മാതാപിതാക്കളെക്കാളും ജീവിതം പങ്കാളിയെക്കാളും മക്കളെക്കാളും കൂട്ടുകാരെക്കാളും നമ്മെ ജനിക്കും മുൻപേ മുതൽ സ്നേഹിച്ചതും ഇന്നും സ്നേഹിക്കുന്നതും സ്നേഹിക്കാൻ നിത്യതയോളം പോകുന്നതും ഈശോ തന്നെയാണ്

പരിശുദ്ധ കുർബാന ഉൾക്കൊണ്ട് ഈശോയോടൊത്തുള്ള ജീവിതം സ്വർഗത്തിൽ നിത്യമായുള്ള ജീവിതത്തിന്റെ മുന്നാസ്വാദനം അല്ലേ

ക്രൈസ്തവ ജീവിതത്തിന്റെ ഓരോ ദിനത്തിന്റെയും പരമ പ്രധാനമായ മണിക്കൂർ പരിശുദ്ധ കുർബാനയുടെ മണിക്കൂറിൽ ഏറ്റവും ഭക്തിയോടെയും ശ്രദ്ധയോടെയും സ്നേഹത്തോടെയും ദൈവമക്കൾക്കടുത്ത വലിയ സ്വാതന്ത്ര്യത്തോടെയും ഈശോയോടൊപ്പം പങ്കെടുത്തു അവിടുത്തോട് നിത്യതയോളം ഒന്നായി മാറുന്നതല്ലേ

ഒരു ദിവസത്തെ കാര്യമെടുത്താൽ തന്നെയും ഏറ്റവും കൂടുതൽ ആത്മാവിൽ സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതും ഈശോയുടെ അടുത്തും പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതിനു അനുസരിച്ചു ഈശോയുടെ കാര്യങ്ങളിലും ആയിരിക്കണം.

പരിശുദ്ധ കുർബാനയെ പറ്റി ഉള്ളിൽ ബോധ്യം കിട്ടുന്നത് ചെറിയ കാര്യമല്ല, പരിശുദ്ധ കുർബാന ഒരുക്കത്തോടെ സ്വീകരിക്കുന്നതും ചെറിയ കാര്യമല്ല. നമ്മുടെ ജീവൻ തന്നെയായ ഈശോയെ കുറിച്ച് നമ്മുടെ കൂട്ടുകാരോടും നാം കണ്ടു മുട്ടുന്നവരോടും അറിയാവുന്നതു പോലെ പങ്കു വയ്ക്കണം

മുഴുവൻ മനുഷ്യവർഗ്ഗത്തിനുമായി വിളമ്പിയ ഈ സ്വർഗീയ ഭക്ഷണം വളരെ കുറച്ചു പേര് മാത്രം ആസ്വദിക്കുന്നതും ജീവനിൽ ആയിരിക്കുന്നതും എത്രയോ സങ്കടകരമാണ്

ദിവ്യകാരുണ്യമായി ഈശോ മനുഷ്യ നിർമിതമായ സക്രാരികളിൽ മറഞ്ഞിരിക്കുമ്പോൾ അവിടുത്തേയ്ക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും!

അനേകം മനുഷ്യ മക്കൾ ജീവന്റെ അപ്പം ഒരിക്കൽ പോലും ലഭിക്കാതെ, ഒരിക്കൽ അത് രുചിച്ചറിഞ്ഞവർ പാപത്തിൽ അകപ്പെട്ടതിനാൽ ദിവ്യകാരുണ്യത്തിന്റെ രുചി മറന്നു ഇനി വരാനാകാത്ത വിധം അകന്നു മാറി മൃതപ്രായമായി നിൽക്കുമ്പോൾ ഈശോ എന്ത് മാത്രം സഹിക്കുന്നു

ചെറിയ കുഞ്ഞിന് പാലുകൊടുക്കാനാവാതെ മാറിൽ പാല് കെട്ടിക്കിടക്കുന്ന ഒരമ്മയെ പോലെ നിസ്സഹായമായി തന്റെ സ്നേഹം മുഴുവൻ ദിവ്യകാരുണ്യഹൃദയത്തിലൊളിപ്പിച്ചു ഈശോയെ മറന്നു പോയ മക്കളെ മൗനമായി കാത്തിരിക്കുന്ന ഈശോ

നാം ദിവ്യകാരുണ്യം സ്വീകരിച്ചു അറിയാവുന്നതു പോലെ ഈശോയെ സ്നേഹിക്കാൻ ശ്രമിക്കുന്നു എങ്കിലും അഗ്നി പർവതം പോലെ ജ്വലിച്ചെരിയുന്ന ഈശോയുടെ ഹൃദയത്തിലെ സ്നേഹാഗ്നിയെ ദൈവകൃപയാൽ ഉൾക്കൊണ്ടു ആശ്വസിപ്പിക്കാൻ നാം നോക്കുന്നു എങ്കിലും ഇനിയും എത്രയോ അധികമായി അവിടുന്ന് എല്ലാവരാലും സ്നേഹിക്കപ്പെടേണ്ടിയിരിക്കുന്നു

ഈശോ കൂടെ ഒരു വ്യക്തിയായി ഉണ്ട് എന്ന കാര്യം മറക്കാതെയിരിക്കാം.

ഓരോ കുഞ്ഞ് കാര്യത്തിനും ഈശോയോട് അഭിപ്രായം ചോദിക്കാം.

ചെറുതും വലുതുമായ എല്ലാത്തിനും കൂടെ കൂട്ടാം.

ഒരു ഷോപ്പിംഗിന് പോയാൽ സെലക്ട്‌ ചെയ്യാൻ ഈശോയോട് പറയാം.

നടക്കുന്ന വഴികളിൽ കാണുന്ന ഓരോരുത്തരെയും അനുഗ്രഹിക്കുവാൻ ഈശോയോട് ആവശ്യപ്പെടാം.

ഉദാഹരണത്തിന് ഇന്ന് വിശുദ്ധ കുർബാനയ്ക്ക് പോകും വഴി ഒരു പ്രായമുള്ള സ്ത്രീയെ കണ്ടു, അവരെ നോക്കി പുഞ്ചിരിച്ചു അവരുടെ പുഞ്ചിരി ഈശോയ്ക്കായി സ്വീകരിച്ചു മുന്നോട്ട് പോയപ്പോൾ രണ്ടു കൂട്ടുകാർ ക്രച്ചസ് ഉപയോഗിച്ച് നടക്കുന്ന മൂന്നാമതൊരുവനെ താങ്ങി കാറിലേയ്ക്ക് കൊണ്ട് പോകുന്നത് കണ്ടു. അവർക്കായി പ്രത്യേകിച്ച് ആ വ്യക്തിയുടെ കാലിന്റെ സൗഖ്യത്തിനായി ഈശോയോട് പ്രാർത്ഥിച്ചു.

പിന്നെ ബെഞ്ചിൽ ആരെയോ കാത്തിരിക്കുന്ന ഒരാളെ കണ്ടു. ആ വ്യക്തിയുടെ ആന്തരിക സമാധാനത്തിനായി പ്രാർത്ഥിച്ചു

ഒരു കുഞ്ഞുമായി വരുന്ന അമ്മയെ കണ്ടു. ആ അമ്മയ്ക്കും കുഞ്ഞിനും
ഏറ്റവും നന്നായി ഈ വർഷങ്ങൾ ക്രമീകരിക്കപ്പെടാനായി പ്രാർത്ഥിച്ചു.

രണ്ടു കൂട്ടുകാർ നിലത്തു ഒന്നിച്ചിരുന്നു ആരെയും ശ്രദ്ധിക്കാതെ സംസാരിക്കുന്നത് കണ്ടു, അത് കണ്ടപ്പോൾ ഈശോയുടെയും വിശുദ്ധ യോഹന്നാൻ സ്ലീഹയുടെയും സൗഹൃദമാണ് മനസിൽ വന്നത്. അവരുടെ സൗഹൃദം നിലനിൽക്കട്ടെ എന്ന് ഞാൻ മനസ്സിൽ ഓർത്തു.

കുറെയേറെ പേര് ഷോപ്പിംഗ് കഴിഞ്ഞു പുറത്തിറങ്ങി വരുന്നത് കണ്ടു. ഓരോരോ ആവശ്യങ്ങൾ ഉള്ളവർ.

അങ്ങനെ വിശുദ്ധ കുർബാനയിൽ കാഴ്ച സമർപ്പണത്തിന്റെ സമയത്തു എന്റെ ചെറുകാഴ്ചകളോടൊപ്പം ദിവ്യബലിയിൽ സമർപ്പിക്കാൻ എത്രയോ പേര്.

ഇത് കൂടാതെ എത്രയോ കാര്യങ്ങൾ ഈശോയോട് പറയാനുണ്ട് എന്ന് ഞാൻ ഓർത്തു.

ഇത് പോലെ ഒരു ശ്രോതാവിനെ എവിടെ കിട്ടാനാണ്?

പറയുന്ന ഓരോകാര്യത്തിനും കൃത്യമായ മറുപടിയും പരിഹാരവും ആശ്വാസവും വേറേ എവിടെ നിന്നും കിട്ടും!

പുറമെ നിശബ്ദമായി അകമേ ഹൃദയത്തിൽ അവിടുത്തോട് കൂടുതൽ സംസാരിക്കാം.

അത് പോലെ കുറച്ചു നേരമെങ്കിലും നിശബ്ദരായി ഈശോയ്ക്ക് പറയാനുള്ളത് കേൾക്കാനും കാതോർക്കാം

നിത്യതയിൽ ഈശോയോട് എങ്ങനെ പെരുമാറണമോ അത് പോലെ ഭൂമിയിൽ ആയിരിക്കുമ്പോഴും അവിടുത്തെ പക്കൽ പെരുമാറാം.

ആദ്യസ്നേഹവും സ്നേഹത്തിൽ ഒന്നാം സ്ഥാനവും ഈശോയ്ക്ക് നൽകാം.

ജീവിതത്തിലെ എല്ലാ കാര്യങ്ങളും തക്ക സമയത്തു ഈശോ നോക്കിനടത്തും എന്ന് ഹൃദയത്തിൽ ഉറപ്പോടെ അവിടുത്തെ പരിപാലനയ്ക്ക് നന്ദിപറഞ്ഞു ജീവിക്കാം.

ജീവിതത്തിന്റെ തിരക്കിൽ ചിലപ്പോഴൊക്കെ ഈശോയെ മറന്നു എന്ന് വരും.

സാരമില്ല…

ഓർക്കുന്ന നിമിഷം ഈശോയെ പൂർവാധികം സ്നേഹിക്കാം.

പെട്ടെന്നുണ്ടാകുന്ന ജീവിതത്തിലെ പ്രതിസന്ധികളിൽ പരിഭ്രമിച്ചു എന്ന് വന്നേക്കാം.

സാരമില്ല, ഓർക്കുമ്പോൾ ഈശോയോട് മനസ് തുറന്നു ഭയത്തിന്റെ കാരണം പറയുക, അവിടുന്ന് സഹായിക്കും.

ചിലപ്പോൾ ഈശോയെ ഓർക്കാതെ മറ്റുള്ളവരോട് സംസാരിച്ചു കൊണ്ടേയിരുന്നു എന്ന് വന്നേക്കാം.

സാരമില്ല,

ഓർക്കുന്ന നിമിഷം ഈശോയുടെ പക്കലേയ്ക്ക് ആന്തരികമായി ഓടിയെത്തുക.

നാം സ്നേഹിക്കുന്നവരെ ഒക്കെയും പറ്റി അവിടുത്തോട് സംസാരിക്കുക.

ഈശോയെ സ്നേഹിക്കാൻ പഠിപ്പിക്കാൻ പ്രിയപ്പെട്ട പരിശുദ്ധാത്മാവിനോട് പറയാം.

ഈശോയെ സ്നേഹിക്കും തോറും ഈശോയെ നൽകിയ പിതാവായ ദൈവം മഹത്വപ്പെടും

ഈശോയെ പ്രീതിപ്പെടുത്തുന്ന ലളിതമായ കാര്യങ്ങളെ കുറിച്ച് പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും മാലാഖാമാരോടും നമ്മുടെ സഹോദരരായ വിശുദ്ധരോടും ചോദിക്കാം

ഓരോ ദിവസവും മറക്കാതെ വിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുരക്തം ഉയർത്തുമ്പോൾ ശുദ്ധീകരണ സ്ഥലത്തിലെ സഹനാത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം.

ഈശോ നമ്മെ അറിയുന്നതിനാൽ നമ്മെ അവിടുന്ന് കൂടുതൽ സ്നേഹിക്കുന്നു.

ഈശോ നമ്മെ കൂടുതൽ സ്നേഹിച്ചതിനാൽ ഓരോ ദിവസവും അവിടുത്തെ നമ്മളും സ്നേഹിച്ചു കൊണ്ടേയിരിക്കണം.

ഈ നിമിഷം…

ഈ നിമിഷം ഞാൻ ഈശോയുടെയാണോ?

ഈശോയോടൊപ്പമാണോ?

പ്രസാദവരത്തിലാണോ?

ഇതായിരിക്കട്ടെ നമ്മുടെ എപ്പോഴുമുള്ള ചിന്ത…

ദിവ്യകാരുണ്യത്തിന്റെ നേരെയുള്ള സ്നേഹത്തിന്റെ നോട്ടങ്ങൾ പോലും ആത്മാവിലും സത്യത്തിലുമുള്ള ആരാധന ആയി പരിണമിക്കും വിധം പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഹൃദയത്തിൽ വസിക്കുന്ന ഈശോയോടുള്ള സ്നേഹത്തിൽ നാം പൂരിതരാകട്ടെ

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം :

എന്റെ യേശുവേ, അങ്ങു ഈ ദിവ്യ കൂദാശയിൽ സന്നിഹിതനാണെന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെക്കാൾ ഞാനങ്ങയെ സ്നേഹിക്കുകയും എന്റെ ആത്മാവിലങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യ കൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എന്റെ ഹൃദയത്തിലേയ്ക്ക് അങ്ങു എഴുന്നള്ളി വരേണമേ. അങ്ങു എന്നിൽ സന്നിഹിതനെന്നു വിശ്വസിച്ചു ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും എന്നെ അങ്ങയോടു പൂർണമായും ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ.

(ദിവസത്തിൽ പലപ്രാവശ്യം നമുക്ക് സ്നേഹപൂർവ്വം ഇങ്ങനെ ദിവ്യകാരുണ്യ ഈശോയെ അരൂപിയിൽ സ്വീകരിക്കാം )

ദിവ്യകാരുണ്യ സ്വീകരണ ശേഷം നമുക്കും പറയാം.

“അവന്റെ മൊഴികള്‍ അതിമധുരമാണ്‌; എല്ലാംകൊണ്ടും അഭികാമ്യനാണ്‌ അവന്‍ . ജറുസലെം പുത്രിമാരേ, ഇതാണ്‌ എന്റെ പ്രിയന്‍, ഇതാണ്‌ എന്റെ തോഴന്‍.”
(ഉത്തമഗീതം 5 : 16)

💕


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment