ദിവ്യകാരുണ്യ വിചാരങ്ങൾ 39

വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ പ്രിയപ്പെട്ട ശിഷ്യനും അന്ത്യോക്യായിലെ രണ്ടാമത്തെ മെത്രാനുമായിരുന്ന വിശുദ്ധ ഇഗ്നേഷ്യസിൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17. ആദ്യനൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞരിൽ ഒരാളായ ഈ സഭാപിതാവ് വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ പഠിപ്പിക്കുന്നു. ഇക്കാരണത്താൽ വിശുദ്ധ കുർബാന, സഭയുടെ ഐക്യം, മെത്രാന്റെ സ്ഥാനം എന്നിങ്ങനെയുള്ള സഭ പ്രബോധനങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇഗ്നേഷ്യസ്.

ഇഗ്നേഷ്യസ് വിശുദ്ധ കുർബാനയെ വെറും ഒരു അനുഷ്ഠാനമായല്ല കരുതിയത് മറിച്ച് , അമൃത്യതയുടെ ഔഷധമായിട്ടും വിശ്വസികളെ മരണത്തിൽനിന്നു രക്ഷിക്കുന്ന മറുമരുന്നായിട്ടുമാണ് കണ്ടിരുന്നത്. (എഫേസൂസിലെ സഭയ്ക്കു നൽകിയ കത്തുകൾ, 20:2). വിശുദ്ധ കുർബാനയിൽ യേശു ക്രിസ്തുവിന്റെ ശരീരവും രക്തവും നിത്യജീവിതത്തിനുള്ള ആഹാരം വിശ്വാസികൾക്കു ലഭിക്കുന്നു എന്നു അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

റോമായിലെ സഭയ്ക്കുള്ള കത്തിൽ ഇഗ്നേഷ്യസ് ഇപ്രകാരം കുറിച്ചു: “ഞാൻ ദൈവത്തിന്റെ അപ്പം ആഗ്രഹിക്കുന്നു; അത് യേശുക്രിസ്തുവിന്റെ മാംസമാണ്, അവൻ ദാവീദിന്റെ സന്തതിയായിരുന്നു; കൂടാതെ പാനംചെയ്യാൻ ഞാൻ അവന്റെ രക്തം ആഗ്രഹിക്കുന്നു, ഇത് കളങ്കമില്ലാത്ത സ്നേഹമാണ്” (റോമാകാർക്കുള്ള കത്തുകൾ, 7:3). ഇതിലൂടെ അദ്ദേഹം വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തെ ഏറ്റുപറയുകയാണ് ചെയ്യുന്നത്. ഇഗ്നേഷ്യസ് വിശുദ്ധ കുർബാനയെ ഐക്യത്തിന്റെ പ്രതീകമായും വിശ്വസിച്ചിരുന്നു. സ്മിർണായിലെ സഭയ്ക്കുള്ള കത്തിൽ ശീശ്മയും പാഷണ്ഡതയും തടയാൻ അദ്ദേഹം മുന്നറിയിപ്പ് നൽകി. വി.കുർബാനയിൽ പങ്കാളിത്തം ഇല്ലാത്തവർ സഭയുടെ ഐക്യത്തിൽ നിന്ന് വേർപെടുന്നു എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. “വി.കുർബാനയിൽ പങ്കാളികൾ ആകുവാൻ ശ്രദ്ധിക്കുക, കാരണം ഒന്നാണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരം, ഒന്നാണ് അവന്റെ രക്തത്താൽ നമ്മളെ ഒരുമിപ്പിക്കുന്ന പാനീയം;” (സ്മിർനായിലെ സഭയ്ക്കുള്ള കത്തുകൾ, 8:2)

പാശ്ചാത്യ- പൗരസ്ത്യ സഭകൾ അവരുടെ ആരാധനക്രമ പാരമ്പര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിന് ഇഗ്നേഷ്യസിൻ്റെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പഠനങ്ങളും ദർശനങ്ങളും ഒത്തിരി സ്വാധീനിച്ചട്ടുണ്ട്.

മെത്രാൻമാരെ സഭയുടെ ഐക്യത്തിൻ്റെ അടയാളമായി കണ്ട അദ്ദേഹം വിശുദ്ധ കുർബാനയിൽ മെത്രാനോടൊപ്പം ഏക മനസ്സോടെ ബലിഅർപ്പിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്നു. മരണത്തിന്റെ ഭീഷണിക്കിടയിലും ഇഗ്നേഷ്യസിന്റെ വിശുദ്ധ കുർബാനയോടുള്ള ഭക്തി, ക്രൈസ്തവജീവിതത്തിൽ ഈ വിശുദ്ധ കൂദാശയോടു പുലർത്തേണ്ട പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment