എല്ലാനേരവും ദൈവാലയത്തിൽ വസിക്കുവാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷവാനായേനേ…
ദിവ്യരക്ഷക സഭയിൽപ്പെട്ട ഒരു തുണ സഹോദരനും മാതാക്കളുടെയും ഗർഭിണകളായ അമ്മമാർ എന്നിവരുടെ പ്രത്യേക മധ്യസ്ഥനുമാണ് വിശുദ്ധ ജെറാഡ് മജെല്ല. പതിനെട്ടാം നൂറ്റാണ്ടിൽ ഇറ്റലിയിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.
വി.കുർബാനയോടുള്ള ഭക്തിയാൽ ജീവിതത്തെ ബലപ്പെടുത്തിയ ജെറാഡിൻ്റെ ജീവിതം എളിമ അനുസരണം എന്നിവയാൽ സമ്പന്നമായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിൻ്റെ ഭക്തി തൻ്റെ സ്വകാര്യ ആത്മീയതയിലും മറ്റുള്ളവരോടുള്ള ബന്ധത്തിലും പ്രകടമായിരുന്നു. ദിവ്യകാരുണ്യമായിരുന്നു അവൻ്റെ ആദ്ധ്യാത്മികതയുടെ ഹൃദയം. പരിശുദ്ധ കുർബാനയിലുള്ള ഈശോയുടെ സജീവ സാന്നിധ്യത്തിൽ ദൃഢമായി വിശ്വസിച്ചിരുന്ന ജെറാഡ് വി.കുർബാനയെ സ്നേഹത്തിൻ്റെ കൂദാശയായി അവതരിപ്പിച്ചിരുന്നു. ഈ സത്യം തിരിച്ചറിഞ്ഞ വിശുദ്ധൻ ഇപ്രകാരം പറയുന്നു: ” എല്ലാനേരവും ദൈവാലയത്തിൽ എനിക്കു വസിക്കുവാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷവാനായേനേ. പരിശുദ്ധ കുർബാനയിലെ ഈശോയോടൊപ്പം വസിക്കുക എത്ര മാധുര്യവും പ്രിയപ്പെട്ടതുമാണ്.”ദിവ്യകാരുണ്യ നാഥനുമായി നിരന്തരം ഐക്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭക്തൻ്റെ തീവ്രാഭിലാഷമാണ് ഈ വാക്കുകളിൽ നിഴലിച്ചു നിൽക്കുന്നത്. ആ ബന്ധത്തിൽ ദൈവകൃപയുടെയും ശ്വാശ്വത സമാധാനത്തിൻ്റെയും ഉറവിടം ജെറാഡ് കണ്ടെത്തിയിരുന്നു.
വി.കുർബാനയോടുള്ള ഭക്തി കേവലം ഒരു ഭക്താനുഷ്ഠാനം മാത്രമായി അദ്ദേഹം ഒതുക്കി നിർത്തിയില്ല, ആവശ്യക്കാരിലേക്കു സഹായഹസ്തങ്ങൾ നീട്ടാൻ ദിവ്യകാരുണ്യം ജെറാഡിനെ പ്രചോദിപ്പിച്ചു. ജെറാഡിൻ്റെ ജീവചരിത്രകാരന്മാർ വിശുദ്ധകുർബാനയോടുള്ള ഭക്തിനിമിത്തം തന്നെസമീപിക്കുന്നവരിൽ സംഭവിച്ച നൂറുകണക്കിനു അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഗർഭണിയായ ഒരു സ്ത്രി പ്രാർത്ഥനാ സഹായവുമായി ജെറാഡ് മജെല്ലയെ സമീപിച്ചു. ഗർഭകാല അസ്വസ്ഥതകൾമൂലം കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് വൈദ്യന്മാർ വിധിയെഴുതിയ സംഭവമായിരുന്നു. ജെറാഡ് വിശുദ്ധകുർബാനയുടെ സന്നിധിയിൽ സ്ത്രിക്കും ഉദരത്തിൽ വളരുന്ന കുഞ്ഞിനും വേണ്ടി പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ ആ സ്ത്രീ പൂർണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ പ്രസവിച്ചു. ഈ സംഭവം ആത്മീയ ജീവൻ മാത്രമല്ല ദൗതീക ജീവനും നൽകാൻ കഴിയുന്ന വിശുദ്ധ കുർബാനയിലുള്ള ജെറാഡിൻ്റെ ദൃഢവിശ്വാസത്തെയാണ് വെളിവാക്കുന്നത്.
ക്രിസ്തുവിനുവേണ്ടി സഹിക്കാനും എളിമപ്പെടുവാനുമുള്ള അദ്ദേഹത്തിൻ്റെ സന്നദ്ധ വി. കുർബാനയിലുള്ള അദ്ദേഹത്തിൻ്റെ ചൈതന്യത്തിൽ അടിസ്ഥാനമിട്ടതാണ്. ഒരിക്കൽ ജെറാഡ് ഇപ്രകാരംപറഞ്ഞു” സ്വർഗ്ഗം കാണുവാനും ഭൂമിയിൽ വിശുദ്ധ കുർബാനയിലുള്ള ഈശോയോടൊത്തു വസിക്കാനും തമ്മിൽ ഒരു തിരഞ്ഞെടുപ്പുവന്നാൽ ഈശോയോടൊത്തു ഭൂമിയിൽ വസിക്കുക എന്നതായിരിക്കും ഞാൻ തിരഞ്ഞെടുക്കുക”
ഈ പ്രസ്താവന ദിവ്യകാരുണ്യത്തോടുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ ബഹുമാനത്തെ പ്രതിഫലിപ്പിക്കുന്നു, സ്വർഗ്ഗത്തിലെ സന്തോഷങ്ങളേക്കാൾ ഈശോയോടൊപ്പമുള്ള ഭൗമിക സാന്നിധ്യത്തിന് പോലും മുൻഗണന നൽകുന്നു. വിശുദ്ധ ജെറാർഡ് മജെല്ലയുടെ ജീവിതം ദിവ്യകാരുണ്യത്തിൻ്റെ പരിവർത്തന ശക്തിയുടെ തെളിവാണ്.
പരിശുദ്ധ കുർബാനയിൽ ഈശോയോടുള്ള അദ്ദേഹത്തിൻ്റെ അഗാധമായ ബഹുമാനവും സ്നേഹവും അനേകർക്ക്, പ്രത്യേകിച്ച് അമ്മമാർക്കും ഗർഭിണികൾക്കും ശാരീരികവും ആത്മീയവുമായ രോഗശാന്തി ആവശ്യമുള്ളവർക്കും പ്രചോദനം നൽകി. ജെറാഡിന്റെ വിശ്വാസവും മാതൃകകളും നമ്മുക്കും പ്രചോദനംനൽകട്ടെ
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment