💕ദിവ്യകാരുണ്യഈശോയുടെ ചാരെ ഉള്ള ആത്മചിന്തകൾ 💕
“അവിടുന്ന് എന്റെ സഹായമാണ്;
അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.
എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തു കൈ എന്നെ താങ്ങി നിര്‍ത്തുന്നു.”
(സങ്കീര്‍ത്തനങ്ങള്‍ 63 : 7-8)
ഓരോ പരിശുദ്ധ കുർബാനയും പുതിയ പ്രഭാതം പോലെ വ്യത്യസ്തവും ആ ദിവസത്തേയ്ക്കുള്ള ആത്മാവിന്റെ ആവശ്യങ്ങൾക്കായി വേണ്ട കൃപകളും ഈശോയുടെ തനതായ സ്നേഹ പൂർണതയും നിറഞ്ഞതാണ്
പങ്കെടുക്കുന്ന ഓരോ പരിശുദ്ധ കുർബാനയെയും പറ്റി എഴുതിത്തുടങ്ങിയാൽ പൂർത്തിയാക്കാൻ പറ്റാത്ത വിധം അത്രയധികം വിസ്മയനീയമായ ദൈവസ്നേഹവും അളവില്ലാത്ത ദൈവകാരുണ്യവും അനന്തമായ കൃപകളും ആണ് ഓരോ ദിവസത്തെ പരിശുദ്ധ കുർബാനയിലും ഉള്ളത്
മനുഷ്യജീവിതത്തിൽ പങ്കെടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ആഘോഷം ആണത്
എന്താണ് ഏറ്റവും വലിയ ആഗ്രഹം എന്ന് ചോദിച്ചാൽ ദൈവഹിതം എങ്കിൽ ഒരു പരിശുദ്ധ കുർബാനയിൽ കൂടി പങ്കെടുക്കാനും ഈശോയെ സ്വീകരിക്കാനും എനിക്ക് പറ്റിയിരുന്നെങ്കിൽ എന്നതിലേക്ക് നമ്മുടെ സർവ ആഗ്രഹങ്ങളും ചുരുങ്ങും വിധം പരിശുദ്ധ കുർബാനകേന്ദ്രീകൃതം ആകണം ഓരോ കത്തോലിക്കന്റെയും ജീവിതം
എന്നാൽ ഇത് പലപ്പോഴും ആഗ്രഹിക്കാൻ മാത്രമേ നമുക്ക് പറ്റുകയുള്ളൂ.
ഈശോ ഹൃദയത്തിലും ജീവിതത്തിലും ഒരു വ്യക്തിയായി തന്നെ കൂടെ എപ്പോഴും ഉണ്ടെങ്കിലും യാതൊന്നും ഭയപ്പെടുകയോ ഒരു കാര്യത്തിലും അമിതമായി വിഷമിക്കുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട കാര്യം ഇല്ലായിരുന്നിട്ടും മിക്ക സമയത്തും ഈശോ എന്ന ജീവനുള്ള സാന്നിധ്യത്തെ ഞാൻ മറന്നു പോകുന്നു. എന്നാൽ ഏതൊരു മനുഷ്യനെക്കാളും നമ്മെ അറിയുന്ന ഈശോയ്ക്ക് അറിയാം നമ്മുടെ ജീവിതത്തിലെ ഓരോരോ കാര്യങ്ങളും ജോലികളും പ്രശ്നങ്ങളും പ്രതിസന്ധികൾ എന്ന് നാം വിചാരിക്കുന്ന കാര്യങ്ങളും.
അവിടുന്ന് കണ്ടു കൊണ്ടിരിക്കുന്നു.
പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു നമ്മുടെ ജീവിതത്തിൽ ഓരോന്ന് ചെയ്യുമ്പോൾ ഈശോയ്ക്ക് പരിഭവമില്ല. അവിടുന്ന് ക്ഷമയോടെ സഹായിച്ചു കൊണ്ട് കൂടെയിരിക്കും.
എന്നാൽ ജോലിയും മറ്റും കഴിയുമ്പോൾ free ആകുമ്പോൾ അത്രയും നേരം സഹായിച്ച ഈശോയെ നോക്കി നന്ദി ഈശോയെ എന്ന് പറഞ്ഞു തുടങ്ങിയാൽ ഈശോയെ ഞാൻ പാടേ മറന്നു പോകാതെ ഇരിക്കും
ജോലിയിൽ ഓരോ പ്രവൃത്തിയും നാം ചെയ്യുമ്പോൾ അതെങ്ങനെ ഏറ്റവും effective ആയി ചെയ്യണമെന്ന് നേരത്തെ നാം plan ചെയ്യാറുണ്ട്.
എന്നാൽ ഓരോ പ്രവൃത്തിയും ക്രിസ്തു കേന്ദ്രീകൃതമായി ചെയ്യുന്നത് ജീവിതത്തിലെ ഓരോ പ്രവൃത്തിയും ചെറുതോ വലുതോ ചെയ്യും മുൻപേ ഈശോ കൂടെയുണ്ടല്ലോ എന്നുള്ള ആശ്വാസവും ഈശോ എന്ന നാമത്തിന്റെയും അവിടുത്തെ സാന്നിധ്യത്തിന്റെയും പ്രകാശത്തിൽ ആ പ്രവൃത്തിയെ പറ്റിയുള്ള പരിശുദ്ധാത്മാവിലുള്ള വിശകലനവും ആണ്.
അങ്ങനെ നോക്കുമ്പോൾ പാപത്തിന്റെ നേരിയ സ്പർശം പോലും ഏൽക്കാത്ത കൃപയുടെ ചെറുതും വലുതുമായ പ്രവൃത്തികൾ നമുക്ക് ദൈവപിതാവിന്റെ മഹത്വത്തിനായി ഓരോ ദിവസവും ചെയ്യുവാൻ പറ്റും.
ഈശോയിൽ വസിക്കുമ്പോൾ ഓരോ പ്രവൃത്തിയും ഏറ്റവും സ്നേഹപൂർവ്വം ചെയ്യാം
“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്‌ധിച്ചുള്ള ദൈവഹിതം.”
(1 തെസലോനിക്കാ 5 : 16-18)
ഓരോ പ്രവൃത്തിയും ഏറ്റവും ഫലമണിയുന്നത് ആ പ്രവൃത്തി ഈശോയുടെ സഹായത്താൽ ചെയ്തു കഴിഞ്ഞു അവിടുത്തേയ്ക്ക് നമുക്ക് അറിയാവുന്നത് പോലെ നന്ദി അർപ്പിക്കുമ്പോൾ ആണ്.
ഈശോ ഒരു കൂട്ടുകാരനാണ്.
നമ്മുടെ ഒരു കൂട്ടുകാരി നമ്മെ ഒരു ചെറിയ കാര്യത്തിന് സഹായിച്ചാൽ പോലും നാം നന്ദി പറയും.
എന്നാൽ ഈശോ നമ്മെ ഒരു സ്നേഹിതൻ എന്ന നിലയിൽ എത്ര മാത്രം സ്നേഹിക്കുന്നു.
അവിടുന്ന് എത്രയോ മടങ്ങിൽ നമ്മുടെ സ്നേഹത്തിനും നന്ദിയ്ക്കും അർഹനാണ്!
സാധാരണ പറയാറുണ്ട്….
അമ്മയുടെ ഭക്ഷണത്തിനു രുചി വരണമെങ്കിൽ അവരുടെ അടുത്ത് നിന്ന് പഠനത്തിനൊ മറ്റോ ഒന്ന് മാറി നിന്നു നോക്കണം എന്ന്…
ഹോസ്റ്റലിലും മറ്റും നിൽക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ ചിന്തകൾ കൊണ്ട് നമ്മുടെയും കണ്ണു നിറഞ്ഞിട്ടുണ്ട്.
എന്നും കൂടെയുള്ള പ്രിയപ്പെട്ടവർ നമുക്ക് കണ്ണുകൾക്ക് പലപ്പോഴും അദൃശ്യരാണ്, അവരുടെ അനുദിനപ്രവൃത്തികളും സംസാരവും ഒരു പക്ഷെ അതി പരിചയം കൊണ്ടും അതീവ സാധാരണത്വം കൊണ്ടും നാം പലപ്പോഴും കാണാറില്ല…
അവരുടെ നിരന്തര സാന്നിധ്യം…
അവരുടെ നിശബ്ദമായ സ്നേഹപ്രവൃത്തികൾ
അവർ നമുക്കായി ഒരുക്കുന്ന നമുക്കിഷ്‌ടമുള്ള ആഹാരം
അവർ നമുക്കായി തരുന്ന സുലഭമായ സമയം
അവർ നാമറിയാതെ നമുക്കായി ഉയർത്തുന്ന പ്രാർത്ഥനകൾ
നമ്മുടെ പ്രിയപ്പെട്ടവർ ജീവിതത്തിന്റെ ഭാഗം ജീവന്റെ ഭാഗം ആയത് കൊണ്ട് നാം അത്ര ശ്രദ്ധ കൊടുക്കാറില്ല പലപ്പോഴും.
എന്നാൽ നാം തികച്ചും അതിസാധാരണമായ ഈ സ്നേഹാന്തരീക്ഷത്തിൽ നിന്നും നാം കുറച്ചു സമയത്തേയ്ക്കെങ്കിലും മാറ്റപ്പെട്ടാൽ ഞൊടിയിടയിൽ നാം വ്യത്യാസം മനസിലാക്കിയില്ലെങ്കിലും കുറച്ചു ദിവസത്തിനുള്ളിൽ നാം പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിനായി ഹൃദയത്തിൽ ദാഹിച്ചു തുടങ്ങും.
താൻ ആയിരുന്ന പ്രിയപ്പെട്ട ഇടത്തിലെ ചെറുകാര്യങ്ങൾക്ക് പോലും വലിയ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് മനസിലാകും.
വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ഹോട്ടലിൽ കയറി ഓർഡർ ചെയ്യുന്ന ഓരോ ആഹാരത്തിനും വില കൊടുക്കണം, അപ്പോഴൊക്കെയാണ് അമ്മ നിർലോപം ആഹാരം വിളമ്പിയിരുന്നതിന്റെ കണക്ക് വയർ നിറയുവോളം എന്നായിരുന്നുവല്ലോ എന്നൊരു നൊമ്പരത്തോടെ ഓർക്കുന്നത്.
ഇത് പോലെ തന്നെയാണ് നാം ശ്വസിക്കുന്ന വായു…
ദൈവപിതാവ് ഒരുക്കിയ അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ സുലഭമായി കിട്ടുന്നത് കൊണ്ട് അതിനെ കുറിച്ച് ഭാരപ്പെടാതെ കൂടുതൽ ചിന്തിക്കാതെ നാം ഓരോ നിമിഷവും ശ്വസിക്കുന്നു.
ഒരു കടുത്ത ശ്വാസം മുട്ടലോ മറ്റോ വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഓക്സിജൻ കിട്ടുന്ന സാഹചര്യത്തിലാണ് സൗജന്യമായി ആയാസരഹിതമായി ശ്വസിച്ചിരുന്നതിന്റെ കാര്യം പോലും ഓർമ വരുന്നത്.
കോവിഡ് കാലത്തു ദൈവാലയങ്ങൾ അപ്രതീക്ഷിതമായി അടഞ്ഞപ്പോൾ പരിശുദ്ധ കുർബാന കിട്ടാതെ ആത്മാവ് ദാഹിച്ചും വിശന്നും വലഞ്ഞ നാളുകൾ എത്രയോ ഹൃദയഭേദകം ആയിരുന്നു.
ദൈവത്തിന്റെ വചനം മൂലം
സൃഷ്ടിക്കപ്പെട്ട നാം ലോകത്തിൽ ജീവിക്കുന്ന സമയമത്രയും അവിടുത്തെ സ്നേഹത്തിന്റെ വലയത്തിൽ ആയിരിക്കുന്നത് കൊണ്ട് സ്നേഹശൂന്യത എന്നതിന്റെ യഥാർത്ഥ അർത്ഥം നമുക്ക് മനസിലാകുന്നതെ ഇല്ല
ഇപ്പോഴും നാം സ്നേഹവാനായ ഈശോയുടെ കൂടെയാണ്.
അവിടുന്ന് നമ്മെ സ്നേഹിക്കുന്നു എന്നുള്ള ചിന്ത നമ്മുടെ ആത്മാവിനെ ഇടയ്ക്കിടെ പ്രകാശിപ്പിക്കുന്നുമുണ്ട്.
എന്നാലും അലസതയുടെ വഴുക്കലിൽ പെട്ട് പതിയെ നാം സ്നേഹരാഹിത്യത്തിലേയ്ക്ക്ചെറിയ ചെറിയ പാപത്തിലേയ്ക്ക് പതിക്കുമ്പോഴും നാം അത്ര ശ്രദ്ധിക്കുന്നില്ല എന്ന് തന്നെ പറയാം.
ഉദാസീനതയും ശ്രദ്ധകുറവും ഈശോയിൽ നിന്നും അകന്നു നിൽക്കുന്നതും ആത്മാവിൽ ഇരുളു പരത്തി ചിലപ്പോൾ ചെയ്യുന്നത് എന്താണെന്നു പോലും സ്വയം ഓർക്കാതെ മാരകപാപത്തിലേയ്ക്ക് വീണു പോയി എന്നും ആ മൃതമായ അവസ്ഥ നാമറിയുന്നത് പോലുമില്ല എന്നും വന്നേക്കാം.
എന്നാൽ ദയാലുവായ പരിശുദ്ധാത്മാവിന്റെ നിരന്തര സഹായവും മേൽനോട്ടവും ഓരോ മനുഷ്യരുടെ മേലും ഉള്ളതിനാലും അവിടുന്ന് നമ്മുടെ കാര്യത്തിൽ അതീവശ്രദ്ധാലുവായതു കൊണ്ടും അവിടുന്ന് നമ്മുടെ ആത്മാവിൽ സദയം ജ്ഞാനം നിറച്ചു കരുണയോടെ പാപബോധം നൽകുന്നത് കൊണ്ട് മാത്രം പാപത്തെയും പാപസാഹചര്യത്തെയും തിരിച്ചറിഞ്ഞു പൂർണമായും വെറുത്തുപേക്ഷിച്ചു എത്രയോ തവണ പ്രസാദവരത്തിന്റെ അലൗകികസ്നേഹപ്രഭയിലേയ്ക്ക് പരിശുദ്ധമായ കുമ്പസാരത്തിലൂടെ എത്രയോ തവണ നാം തിരികെ പ്രവേശിച്ചിരിക്കുന്നു!
വീണ്ടും ദൈവത്തിന്റെ അനന്തമായ കരുണയാലും അവിടുത്തെ പിതാവിനടുത്ത സ്നേഹത്തിലും ആത്മാവിന്റെ വിവാഹവസ്ത്രമായ ജ്ഞാനസ്നാനവസ്ത്രം ഈശോയുടെ തിരുരക്തത്താൽ വീണ്ടും ദയവോടെ കഴുകി വെളുപ്പിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ ഈശോയുടെ നിരന്തരസ്നേഹം വളരെ സാധാരണമായ ഒരു പ്രവൃത്തി ആയതു കൊണ്ടും അത് അവിടുത്തെ സ്വഭാവം ആയതു കൊണ്ടും വിശ്വാസത്തിന്റെ കണ്ണു കൊണ്ടു ആത്മീയ കാര്യങ്ങൾ ശ്രദ്ധയോടെ കാണാത്തതു കൊണ്ടും ഈശോയുടെ സ്നേഹത്തിനു പലപ്പോഴും നമ്മുടെ മനസിൽ അത്ര വില തോന്നുകയില്ല.
പണ്ട് പറഞ്ഞു കേട്ടിട്ടുള്ള ഒരു കുഞ്ഞ് കഥയുണ്ട്.
നാട്ടിൽ പുറത്തുള്ള ഒരു ദരിദ്രകുടുംബത്തിൽ രണ്ടു മക്കൾ ഉണ്ടായിരുന്നു. മൂത്തതായി ഒരു പെൺകുട്ടിയും ഇളയത് ഒരു ആൺകുട്ടിയും.
ഒരിക്കൽ ആൺകുട്ടി ഒരു അപകടത്തിൽ പെട്ട് ധാരാളം രക്തം നഷ്ടമായി.
ഹോസ്പിറ്റലിൽ വച്ചു ഡോക്ടർ അത്യാവശ്യമായി രക്തം വേണമെന്ന് പറഞ്ഞു. അവിടെ ഉള്ള ബന്ധുക്കളുടെയും മറ്റും രക്തം പരിശോധിച്ചു എങ്കിലും അതൊന്നും മാച്ച് ആയിരുന്നില്ല.
വീട്ടിലായിരുന്ന പെൺകുട്ടിയെ ബന്ധുക്കൾ വിവരം അറിയിച്ചു കൂട്ടികൊണ്ട് വന്നു.
വലിയ അറിവോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന പെൺകുട്ടി ഡോക്ടർ പറഞ്ഞത് പ്രകാരം ബ്ലഡ് പരിശോധനയ്ക്ക് നൽകി.
അവളുടെ രക്തം മാച്ച് ആയിരുന്നു. തക്ക സമയത്ത് സഹോദരന് രക്തം നൽകാൻ ഡോക്ടറിനു സാധിച്ചത് കൊണ്ട് അവൻ അപകട നില തരണം ചെയ്തു.
എല്ലാവരും സന്തോഷിച്ചു..
എന്നാൽ പെൺകുട്ടി മാത്രം നിശബ്ദയായി ബെഡിൽ കിടക്കുന്നത് കണ്ടു ആരോ അവളോട് ഓക്കേ അല്ലേ എന്ന് ചോദിച്ചു
പതിയെ കണ്ണുകൾ തുറന്ന അവൾ ചോദിച്ചു, എനിക്ക് ഇനി എത്ര നേരം കൂടിക്കാണും
അന്ധാളിച്ചു പോയ ബന്ധുക്കൾ കുഞ്ഞേ നീ എന്താണ് പറയുന്നത് എന്ന് പെൺകുട്ടിയോട് ചോദിച്ചു
എന്റെ രക്തം അനുജന് കൊടുത്തത് കൊണ്ട് ഞാൻ മരിച്ചു പോകുമല്ലോ, എന്നാലും അവൻ ജീവിക്കുന്നതിൽ എനിക്ക് സന്തോഷമാണ് എന്ന് പറഞ്ഞു
അപ്പോഴാണ് ഉള്ളിൽ സ്വയം മരിക്കുമെന്നോർത്തിട്ടും സഹോദരന് വേണ്ടി രക്തം കൊടുക്കാൻ തയ്യാറായത് ആണെന്ന് അവർക്ക് മനസിലായത്.
അറിയാതെ അവരുടെ കണ്ണുകൾ നിറഞ്ഞു.
ഡോക്ടർ തന്നെ വന്നു അവളെ ആശ്വസിപ്പിച്ചു. വളരെ കുറച്ചു രക്തമേ എടുത്തിട്ടുള്ളൂ എന്നും അത് കൊണ്ട് അവൾക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലെന്നും വേണമെങ്കിൽ മൂന്നു മാസത്തിനു ശേഷം വീണ്ടും രക്തം ദാനം ചെയ്യാവുന്ന വിധത്തിൽ ശരീരം രക്തം ഉത്പാദിപ്പിച്ചു കൊള്ളും എന്നും പറഞ്ഞു മനസിലാക്കി.
കൊടുക്കുമ്പോൾ നമുക്കറിയാം…
അത് സമയം ആയാലും
അറിവുകൾ ആണെങ്കിലും
സമ്പത്ത് ആണെങ്കിലും
സാധനങ്ങൾ ആണെങ്കിലും
നാം എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാണ് കൊടുക്കുന്നതെന്നു കൊടുക്കുമ്പോൾ ആണ് മനസിലാകുന്നത്.
എന്നാൽ കിട്ടുമ്പോൾ അത് നമ്മൾ ഓർക്കാറില്ല.
മറ്റുള്ളവരുടെ സമയവും കഴിവുകളും ശ്രദ്ധയും സ്നേഹവും നമുക്കായി മാറ്റിവയ്ക്കുമ്പോൾ….
കിട്ടിക്കൊണ്ടേയിരിക്കുമ്പോൾ….
അത് നമ്മൾ കാണാറില്ല…
അതൊരു നാൾ നാമറിയാതെയിരിക്കുന്ന ഒരുനാൾ നിലയ്ക്കും വരെ.
Eg. മാതാപിതാക്കൾ, അധ്യാപകർ,സഹോദരങ്ങൾ, സ്നേഹിതർ.
നമുക്ക് കിട്ടിയിരിക്കുന്നതിൽ ഒക്കെയുടെയും പിറകിൽ ആരുടെയൊക്കെയോ കൊടുക്കലുകൾ ഉണ്ട്.
എന്നാൽ നമ്മുടെ ജീവിതത്തിനു പുറകിൽ ഉള്ളത് പാപപ്പരിഹാരാർത്ഥമുള്ള ഈശോയുടെ ജീവൻ കൊടുക്കലാണ്
ജീവൻ നൽകുന്ന പരിശുദ്ധ കുർബാനയായി എനിക്ക് സ്വയം നൽകാനായി ഈശോ ദൈവമെന്നുള്ള കാര്യം പരിഗണിക്കാതെ നിസാരയായ എനിക്ക് സമാനനായി മനുഷ്യനായി പിറന്നു. പാപമൊഴികെ എല്ലാക്കാര്യത്തിലും എന്നെപ്പോലെയായി. എന്നെ പോലെ ഈശോ ജീവിച്ചു, ചൂടും തണുപ്പും ക്ഷീണവും ദാഹവും വിശപ്പുമറിഞ്ഞു. എന്നെപ്പോലെ ഉറങ്ങി, വേദനിച്ചു, കരഞ്ഞു, ചിരിച്ചു. സന്തോഷിച്ചു.
ഒരു മനുഷ്യന് വേണ്ടി ഈശോ സൃഷ്ടിയുടെ നിസാരതയിലേയ്ക്ക് ഇറങ്ങി വരണമെങ്കിൽ അവിടുന്ന് എന്നെ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടാകണം.
നസ്രസിൽ ജീവിച്ച കാലത്തും പരസ്യ ജീവിതത്തിന്റെ കാലത്തും ഒക്കെ അവിടുന്ന് എന്നെ എത്രയോ തവണ ഓർത്തിട്ടുണ്ടാകണം.
ഓരോ വചനങ്ങൾ പറയുമ്പോഴും ഓരോ അത്ഭുതം പ്രവർത്തിക്കുമ്പോഴും അതെനിക്ക് വേണ്ടിയായിരുന്നു.
എനിക്കായി പരിശുദ്ധ കുർബാന സ്ഥാപിച്ച നിമിഷങ്ങളിൽ അവിടുത്തെ കണ്ണുകളിൽ സ്നേഹമായിരുന്നു.
എന്റെ സ്നേഹമില്ലായ്മയിലും ഉദാസീനതയിലും അവിടുന്ന് എന്റെ പാപങ്ങൾ ഏറ്റെടുത്ത സമയത്ത് ഗത് സമനിൽ ഏകാന്തതയിൽ ഉപേക്ഷിക്കപ്പെട്ടു.
ഓരോ കുമ്പസാരം കഴിയുന്ന സമയത്തും കുറച്ചു നേരമെങ്കിലും ഇരുന്നു അതിനെ കുറിച്ച് ധ്യാനിക്കാതെ ഈശോയിൽ നിന്നും സൗജന്യമായി കിട്ടിയ പാപമോചനത്തിന് നന്ദി പറയാതെ തിരക്കിട്ട ജീവിതത്തിലേക്ക് ഞാൻ മടങ്ങുമ്പോൾ ഞാൻ ഗത്സമനിൽ ചെയ്ത കാര്യങ്ങൾ ആവർത്തിക്കുകയല്ലേ!
എനിക്ക് പകരം എന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാൻ തയ്യാറായി പീലാത്തോസിന്റെ മുൻപിൽ ഏകനായി മൗനമായി നിന്ന ഈശോ…
അവിടുത്തെ ആളുകൾ തന്നെയാണ് അല്ല ഞാൻ തന്നെയാണ് അവിടുത്തെ കുറ്റം വിധിച്ചത്, തള്ളിപ്പറഞ്ഞത്.
എന്റെ ജീവിതത്തിന്റെ ഞെരുക്കങ്ങളിൽ, കഷ്ടപ്പാടുകളിൽ, നഷ്‌ടങ്ങളിൽ, തകർന്നു എന്ന് ഞാൻ കരുതുന്ന സ്വപ്നങ്ങളിൽ ഒക്കെ ഞാനറിയാതെ ഈശോയെ പഴിച്ചു പോയ നിമിഷങ്ങൾ…
എനിക്കും ഈശോയെ തള്ളിപ്പറഞ്ഞവർക്കും തമ്മിൽ എന്ത് വ്യത്യാസം!
ഗത്സമേൻ തോട്ടത്തിൽ നിന്നും ബന്ധിക്കപ്പെട്ട ഈശോ രാവിന്റെ ഇരുളിൽ മാനുഷികകഴിവിന്റെ പരിധിക്കപ്പുറം രഹസ്യവും പരസ്യവുമായി എത്രയോ സഹനങ്ങൾക്ക് വിധേയനായി!
മനുഷ്യന്റെ അവഹേളനങ്ങൾക്ക് പാത്രമായി!
എന്തിനു?
എന്റെ പാപത്തിന്റെയും മരണത്തിന്റെയും നിഴലിൽ നിന്നും ബന്ധനങ്ങളിൽ നിന്നും പൂർണമായി വിടുവിച്ചു എന്നെ സ്വർഗീയ പിതാവിന്റെ മകളായി അവിടുത്തെ സന്നിധിയിൽ ഒരിക്കൽ കൂടി മഹത്വത്തോടെ നിറുത്താൻ…
എന്റെ പാപങ്ങൾക്ക് പരിഹാരമായി ചമ്മട്ടിയടികളേറ്റു നിസ്സഹായനായി പുളയുമ്പോൾ ഉയർന്ന അവിടുത്തെ രോദനം എന്ത് കൊണ്ടു എന്റെ ഹൃദയം മറക്കുന്നു?
എന്റെ ഉദാസീനതയും ജാഗ്രതകുറവും ശരണക്കേടും ശ്രദ്ധകുറവും കൊണ്ടു എന്റെ അന്ത്യം ഈശോയിൽ /നിത്യ ജീവനിൽ അല്ല എങ്കിൽ നിത്യ മരണത്തിന്റെ ശൂന്യമായ താഴ്‌വരയിൽ നിത്യതയോളം സാത്താൻ എന്നെ അളവില്ലാത്ത വിധം പീഡിപ്പിക്കുകയില്ലേ!
എന്റെ ഇഷ്ടപ്രകാരം പാപത്തിൽ മുഴുകി ഇഷ്ടം പോലെ ജീവിച്ചിട്ട് സാത്താൻ പീഡയനുഭവിക്കുന്ന ഭീകരനരകത്തിൽ ഈശോ എന്ന് പോലും എനിക്ക് വിളിക്കാൻ പറ്റുകയില്ല.
എന്റെ ഈശോ!
അങ്ങിൽ ഞാൻ ശരണപ്പെടുന്നു….
ഈശോയുടെ പീഡാനുഭവ രംഗങ്ങളിലേയ്ക്ക് എന്റെ ആത്മാവിനെ പിന്നെയും തിരിക്കുമ്പോൾ മുറിവേറ്റ് തകർന്ന ആ രൂപം!
എനിക്കായി പൊടിയുന്ന തിരുവോസ്തി തന്നെയായ സ്നേഹരൂപം!
അവിടുത്തെ കുരിശ് മരണത്തിനു വിധിച്ചു പീലാത്തോസ് എന്ന മനുഷ്യൻ കൈ കഴുകി.
എങ്കിലും കുരിശ് മരണത്തിനു വിധിക്കപ്പെട്ടപ്പോൾ അങ്ങയുടെ ഹൃദയം സങ്കടം കൊണ്ട് പിളർന്നു കാണണം!
കഠിനമായ ഭാരമുള്ള കുരിശ് മരം ദയവില്ലാതെ അവിടുന്നതർഹിക്കുന്നു എന്ന വിധത്തിൽ തോളിൽ അടിച്ചേല്പിച്ചപ്പോൾ ഈശോയെ അങ്ങയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവണം.
അടിയേറ്റ് പിളർന്ന, രക്‌തമൊഴുകി തീരാറായ ആ ദുർബല ശരീരം അത്രയും ഭാരം എങ്ങനെ താങ്ങി!
അങ്ങേയ്ക്ക് എന്നോടുള്ള സ്നേഹം അങ്ങയെ നിർബന്ധിച്ചില്ലായിരുന്നു എങ്കിൽ ഈശോയെ മാനുഷികമായി അങ്ങേയ്ക്ക് അത് സാധ്യമാകുമായിരുന്നോ!
കാൽവരിയിലേയ്ക്ക് നടക്കുന്ന വഴി ഇരു വശങ്ങളിലും നിന്നു തന്നെ അധിക്ഷേപിക്കുന്ന ഇസ്രായേൽ മക്കളെ അവിടുന്ന് കാരുണ്യത്തോടെ നോക്കി, കാരണം പാപത്താൽ അവരുടെ കണ്ണടഞ്ഞിരുന്നു, ചെവികൾ ബധിരമായിരുന്നു, ഹൃദയം ശില പോലെയായിരുന്നു, ആത്മാവ് ഇരുണ്ടിരുന്നു.
അവരറിഞ്ഞിരുന്നില്ല അത് അവർ സ്നേഹത്തോടെ കാത്തിരുന്ന മിശിഹാ ആയിരുന്നു എന്ന്..
ഒരൊറ്റ നിമിഷം അവരുടെ കണ്ണുകൾ ഒന്ന് തുറക്കപ്പെട്ടിരുന്നു എങ്കിൽ…
ഹൃദയവ്യഥ മൂലം അവരുടെ ചങ്കു പൊട്ടിയേനെ…
ഭീതിയാൽ അവർ മരവിച്ചു പോയേനെ…
എന്നാൽ വീണ്ടും വീണ്ടും ചെയ്യുന്ന എന്റെ ചെറുതും വലുതുമായ പാപങ്ങളാൽ ഈശോയുടെ തോളിൽ കുരിശ് ഞാൻ വച്ചു കൊടുക്കുമ്പോൾ എനിക്കെന്തു ഒഴികഴിവ് പറയാനുണ്ട്?
ഒരു ചെറിയ പാപം പോലും ചെയ്തു ഈശോയെ വേദനിപ്പിക്കരുത് എന്നെനിക്കറിയാം
ദൈവവചനം എന്റെ കയ്യിൽ ഉണ്ട്, എനിക്കത് എപ്പോൾ വേണമെങ്കിലും വായിക്കാം
പരിശുദ്ധാത്മാവിന്റെ സഹായവും പരിശുദ്ധ അമ്മയുടെ മേൽനോട്ടവും പരിശുദ്ധ കത്തോലിക്കാ തിരുസഭയുടെ തണലും പ്രബോധനങ്ങളും എനിക്ക് കൂട്ടായി ഉണ്ട്..
വിശുദ്ധരുടെ ജീവിതപാഠങ്ങളും മാലാഖാമാരുടെ നിരന്തര സഹായവും എനിക്കായി ഉണ്ട്
എന്നിട്ടും ഉദാസീനതയിൽ ജീവിച്ചാൽ, ഈശോയെ വേദനിപ്പിച്ചാൽ എന്നെ പ്രതി അവിടുന്ന് വ്യഥ അനുഭവിക്കുകയില്ലേ!
സഹനത്തിന്റെ അത്യുന്നതിയിൽ, കാൽവരിയിൽ എത്തി, എന്റെ സഹനങ്ങളിൽ നിന്നും എന്നെ മാറ്റി അവിടുന്ന് സ്വന്തം കൈ ചേർത്ത് വയ്ക്കുമ്പോൾ ഈശോയെ അങ്ങയുടെ ഹൃദയത്തിൽ സ്നേഹമായിരുന്നു
എന്റെ ആത്മാവിലെ അവസാനത്തെ കറ ഒഴുകി ഇറങ്ങും വരെ ഈശോയെ അങ്ങെന്നെ ഹൃദയരക്തത്താൽ കഴുകി.
അത് വേദന ഇല്ലാതെ ആയിരുന്നില്ല, അങ്ങയുടെ പ്രാണൻ പറിഞ്ഞു പോകുന്ന വേദനയുടെ ആധിക്യത്തിൽ ആയിരുന്നു
പരിശുദ്ധ കുർബാനയുടെ അർപ്പണം കാൽവരിയിൽ പൂർത്തിയായപ്പോൾ അവിടുത്തെ ജീവൻ മൃതമായ എന്റെ ആത്മാവിലേയ്ക്ക് പകരപ്പെട്ടു, എന്റെ ഈശോയെ അങ്ങയുടെ ജീവൻ എന്നെ ജീവനിൽ ഉറപ്പിച്ചു നിറുത്തുന്നു.
അങ്ങയുടെ സ്നേഹം തന്ന സ്ഥാനം എന്നെ ദൈവത്തെ അപ്പാ എന്ന് വിളിക്കാൻ അറിവ് നൽകുന്നു
ഈശോയുടെ ചാരെ നിന്ന അമ്മ മറിയത്തെ ഈശോ എനിക്ക് അമ്മയായി തന്നത് അമ്മ എന്നെ സ്വീകരിച്ചത് ഒക്കെയും യഥാർത്ഥമായിരുന്നു
എന്നിട്ടും ശക്തി ക്ഷയിച്ചു സെഹിയോനിൽ പരിശുദ്ധ അമ്മയുടെ ചാരെ മറഞ്ഞിരുന്ന എന്നെ അന്നും ഇന്നും ശക്തിപ്പെടുത്തിയത് പരിശുദ്ധാത്മാവ് ആയിരുന്നു
പരിപൂർണ സ്നേഹത്തോടെ, ജീവൻ തന്നവൻ എന്ന അവകാശത്തോടെ ഈശോ എന്നെ ഓരോ പരിശുദ്ധ കുർബാനയിലും പങ്കെടുക്കാൻ വിളിക്കുമ്പോൾ പരിശുദ്ധ കുർബാന എനിക്ക് സർവ പ്രധാനമായി തോന്നാറുണ്ടോ?
കുർബാനയാകുവാൻ ഈശോ ഒത്തിരി വില കൊടുത്തു
കുർബാന ഉൾക്കൊള്ളാൻ ഞാൻ എത്രയോ നിസാരമായ വിലയാണ് കൊടുക്കേണ്ടത്?
കുമ്പസാരിച്ചു ഒരുങ്ങി സ്നേഹത്തോടെ സമയത്തിന് കുർബാനയ്ക്ക് പോകുക എന്നത് മാത്രം
മനുഷ്യ നിർമിതമായ സക്രാരിയിൽ നിന്നും ദൈവനിർമിതമായ തുടിക്കുന്ന മനുഷ്യ ഹൃദയത്തിൽ വാഴാൻ ഈശോ എന്ത് മാത്രം കൊതിക്കുന്നു!
ഈശോയെ വന്നാലും എന്നൊന്ന് പറയുകയെ വേണ്ടൂ
അവിടുന്ന് സ്നേഹത്തോടെ കൂടെ വസിക്കും
നിത്യതയോളം
ഇപ്പോൾ ഞാൻ എത്ര മാത്രം സ്നേഹവും പരിചയവും സ്വാതന്ത്ര്യവും ഈശോയോട് കാണിക്കുന്നുവോ നിത്യതയിൽ ഈശോയോട് അത്രയും അടുത്തു ആയിരിക്കും എന്ന് ഞാൻ ഓർക്കാറുണ്ട്.
“ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.
ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.
നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോള്‍ അവനോടു കൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.”
(കൊളോസോസ് 3 : 1-4)
പരിശുദ്ധ കുർബാന യോഗ്യതയോടെ ഉൾക്കൊണ്ടു പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കുമ്പോൾ നിത്യതയിലേയ്ക്ക് പ്രവേശിക്കുക എന്നത് എത്രയോ മനോഹരമാണ്
“കര്‍ത്താവായ യേശുക്രിസ്‌തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍.
അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ച വിശ്വാസത്തില്‍ ദൃഢത പ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്‌ഞതാപ്രകാശനത്തില്‍ മുഴുകുവിന്‍.”
(കൊളോസോസ് 2 : 6-7)
ആമേൻ
💕


Leave a comment